Breaking News

ആരോഗ്യദിന ചിന്തകള്‍ –  ഡോ. ഗാസ്പര്‍ സന്യാസി

ആരോഗ്യദിന ചിന്തകള്‍ –  ഡോ. ഗാസ്പര്‍ സന്യാസി
                ലോകാരോഗ്യദിനം കടന്നുപോയി. ആരോഗ്യമുള്ള ജനത്തെപ്പറ്റിയും ആരോഗ്യമുള്ള സമൂഹത്തെപ്പറ്റിയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടായി. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ സൂചികയെക്കുറിച്ചുള്ള ചര്‍ച്ചകളും മുറയ്ക്ക് നടന്നു. ശരീരവും മനസും വൈകാരിക-വൈചാരിക മണ്ഡലങ്ങളും പാരിസ്ഥിതിക സന്തുലനവും സാമുഹ്യാരോഗ്യമേഖലയും എല്ലാം കൂടിച്ചേര്‍ന്ന് നിര്‍വചിച്ചെടുക്കേണ്ട ആരോഗ്യത്തെപ്പറ്റിയുള്ള ഉത്കണ്ഠകളും പ്രതീക്ഷകളും പങ്കുവച്ച് ലോകാരോഗ്യദിനം ആചരിക്കപ്പെട്ടു.
                  രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന വിപരീത സമീപനത്തോടെയുള്ള നിര്‍വചനങ്ങള്‍ ഇന്ന് അത്രയ്ക്ക് പ്രസക്തമല്ലാതായിരിക്കുന്നു. ആരോഗ്യമെന്നത് ജീവിതസമീപനവും ശൈലിയും നിലപാടുമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇത് ഉള്‍ക്കൊള്ളാനും മനസിലാക്കാനുമായിട്ടുണ്ട് എന്നതും ആശാവഹമാണ്. മണ്ണ്,  വെള്ളം, വായു, ഭക്ഷണം എന്നിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളോട് ചേര്‍ന്നുനിന്ന്  നടത്തുന്ന ആരോഗ്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിക്കപ്പെടേണ്ടതുതന്നെ.
                     ആരോഗ്യമേഖലയെപ്പറ്റിയും അതില്‍ നേടിയെടുത്ത മുന്നേറ്റത്തെപ്പറ്റിയും ഊറ്റം കൊള്ളുന്ന കേരളം ജീവിതശൈലിരോഗങ്ങളുടെയും, നാട്ടില്‍ നിന്ന് പിഴുതുമാറ്റിയെന്ന് ഉറപ്പാക്കിയിരുന്ന പല മാരകരോഗങ്ങളുടെയും തട്ടകമായി മാറുകയാണ്. നാല്‍പ്പത്തിനാല് നദികളുടെ നാടെന്നും ജല സമൃദ്ധിയുടെയും പച്ചപ്പിന്റേതുമായ ദൈവത്തിന്റെ സ്വന്തം ഭൂമിയെന്നും അഹങ്കരിച്ചവരുടെ കേരളം ജനുവരി മാസം മുതലേ വറുതിയിലേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു. മഴമാസങ്ങള്‍ പഴയതുപോലെ തുള്ളിക്കൊരു കുടം പെയ്ത് ജലാശയങ്ങള്‍ നിറയ്ക്കുന്നില്ല. മലയിടിച്ചും കാട് വെട്ടിത്തെളിച്ചും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും ചതുപ്പുകള്‍ കരയാക്കിയും നേടിയ നേട്ടങ്ങള്‍ നേട്ടങ്ങളല്ലെന്നും, അവയെല്ലാം നാടിനെ വാസയോഗ്യമല്ലാത്തവിധം ഊഷരമാക്കിത്തുടങ്ങിയെന്നുമുള്ള തിരിച്ചറിവുകള്‍ പലയിടത്തും സമരങ്ങളായി രൂപപ്പെടുന്നുണ്ട്. ശുദ്ധജല ദൗര്‍ലഭ്യം കേരളം പോലൊരു സംസ്ഥാനത്തിന് ഭുഷണമല്ല. ടാങ്കറുകളില്‍ കൊണ്ടുവരുന്ന വെള്ളം കുടിക്കാന്‍ മാത്രം ശുദ്ധമല്ലായെന്ന വാര്‍ത്തകള്‍ കേരളത്തിനു  തൊണ്ടവരണ്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
                  കുടിവെള്ളക്ഷാമം നേരിടുന്ന എത്രയെത്ര ഗ്രാമങ്ങള്‍ ഈ നാട്ടിലുണ്ട്! ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും പോലെ ഈ നാട്ടിലെ അമ്മമാരും പെണ്‍കിടാങ്ങളും കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടി ഒഴിഞ്ഞ കുടങ്ങളുമായി പോകുന്ന കാഴ്ച പുതുമയുള്ളതല്ല. കൃത്യമായ ആസൂത്രണങ്ങൡല്ലാത്ത ജനപക്ഷമല്ലാത്ത വികസനമാതൃകകളാണോ ശുദ്ധജലലഭ്യതക്ക് തടസം നില്‍ക്കുന്നത് എന്ന ചോദ്യത്തിന് കൃത്യതയുള്ള ജനായത്ത വ്യക്തതയുള്ള ഉത്തരമാണ് വേണ്ടത്. ഇതേ നാട്ടില്‍ത്തന്നെ ധാര്‍മികനിരക്ഷരരെപ്പോലെ വെള്ളം ധൂര്‍ത്തടിക്കുകയും പാഴാക്കുകയും ചെയ്യുന്നവരും ഉണ്ട്. എല്ലാം കച്ചവടമായി മാറുന്ന കാലത്ത് കുപ്പിവെള്ളക്കച്ചവടവും വന്‍ ലാഭം കൊയ്തുകൊണ്ടിരിക്കുമ്പോള്‍ കുടിവെള്ളത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര മുന്‍ഗണന  കിട്ടാനുള്ള സാധ്യത കുറവാണ്.
                    മണ്ണിലും ചെളിയിലും വെള്ളത്തിലും ചവിട്ടാന്‍ മടികൂടിയ മലയാളി മുറ്റം നിറയെ ടൈല്‍സിട്ട് മണ്ണിലേക്ക് മഴവെള്ളം ഇറങ്ങാനുള്ള സാധ്യത ഇല്ലാതാക്കുന്നുണ്ട്. വൃത്തിയും ഭംഗിയുമെന്നാല്‍ മണ്ണും പച്ചയും നീക്കിക്കളയലാണെന്ന വങ്കത്തം സാക്ഷരകേരളത്തില്‍ വേരൂന്നിക്കഴിഞ്ഞു. മരങ്ങള്‍ വെട്ടിനിരത്തി കോണ്‍ക്രീറ്റ് വീടുകളില്‍ വെന്തുനീറിത്തുടങ്ങുമ്പോള്‍ എയര്‍കണ്ടീഷന്‍ യന്ത്രങ്ങളുടെ സഹായത്താല്‍ അന്തരീക്ഷത്തിന്റെ താപനില ഉയര്‍ത്തിക്കൊണ്ടിരിക്കാന്‍ മാത്രമുള്ള ഉപഭോഗസാക്ഷരതയും ഇക്കാലയളവില്‍ ഈ സമൂഹം ആര്‍ജിച്ചെടുത്തുകഴിഞ്ഞു. അടുക്കളയുടെ ആരോഗ്യശീലങ്ങള്‍ അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രവും അതിന്റെ ഫലങ്ങള്‍ പുറപ്പെടുവിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതശൈലീരോഗങ്ങള്‍ പിടിമുറുക്കുന്നതില്‍ ആഹാരശീലത്തില്‍ വന്ന മാറ്റങ്ങള്‍ തന്നെയല്ലേ പ്രധാനകാരണം? മാറിയ കാലം കൊണ്ടുവന്ന മാറ്റങ്ങളെ വിവേകത്തോടെ പ്രതിരോധിക്കാനുള്ള സാംസ്‌കാരിക ആര്‍ജവം വിദ്യാഭ്യാസത്തില്‍ നിന്ന് നേടാന്‍ ഈ സമൂഹത്തിനായില്ല.
                  സാമൂഹ്യജീവിതത്തിലെ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഏറ്റവും വലിയ അളവുകോലായി മാലിന്യം ഇല്ലാതാക്കുന്ന രീതി നോക്കിയാല്‍ മതിയാകും. അവരവര്‍ ഉണ്ടാക്കുന്ന മാലിന്യം പൊതുനിരത്തിലും ആളൊഴിഞ്ഞ ഇടങ്ങളിലും വലിച്ചെറിഞ്ഞ് ഉത്തരവാദിത്വം തീര്‍ക്കുന്നവര്‍ ആരോഗ്യശീലത്തിന്റെ ഏറ്റവും നല്ല ഉദാഹരണമേയല്ലല്ലോ. കേരളത്തിന്റെ പൊതുനിരത്തുകള്‍ക്കിരുവശവും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് സഞ്ചികളും മാലിന്യകൂമ്പാരവും സാമൂഹ്യബോധമില്ലാത്ത ജനതയുടെ സൂചനയായി മാറുന്നില്ലേ? മിഠായിക്കടലാസുപോലും പൊതുനിരത്തുകളിലേക്ക് വലിച്ചെറിയാതെ, അവരവരുടെ കീശയില്‍ സൂക്ഷിച്ച് മാലിന്യനിക്ഷേപപാത്രങ്ങളില്‍ക്കളയാന്‍ എന്ന് സന്നദ്ധമാകുന്നോ അന്നുമാത്രം ഒരു സമൂഹം സാമൂഹ്യാരോഗ്യത്തിന്റെ പടികടക്കും.
                മാനസികാരോഗ്യത്തിന്റെയും വൈകാരിക പക്വതയുടെയും കാര്യത്തില്‍ അത്രക്ക് ശുഭകരമായ നിലയിലാണോ നമ്മുടെ സമൂഹം? മദ്യാസക്തി ഏറിവരുന്നു. മയക്കുമരുന്നിന്റെ ഉപയോഗം കുട്ടികളില്‍ വരെ  പടര്‍ന്നുപിടിക്കുന്നു. ജീവിതസമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ പാളിപ്പോകുന്ന മനോനിലയുമായി ജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ഐക്യരാഷ്ട്രസംഘടന പുറത്തുവിട്ട സന്തോഷമുള്ള ജനതയുടെ പട്ടികയില്‍ ഇന്ത്യ എത്രയോ പിന്നിലാണെന്ന് നമ്മള്‍ കാണുകയാണ്.
                     അശുഭകരമായ കാര്യങ്ങള്‍ മാത്രം കാണുകയും നിരത്തുകയും ചെയ്യുന്നുവെന്ന് കരുതേണ്ട. മെച്ചപ്പെട്ടതും ആരോഗ്യപൂര്‍ണവുമായ സമൂഹമായി നിലനില്‍ക്കാനാവശ്യമായ അടിസ്ഥാനവിഭവങ്ങള്‍ ഈ നാടിനുണ്ട്. എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ചെറിയദൂരങ്ങള്‍ പോലും നടക്കാന്‍ മടിയുള്ളവര്‍ ‘നടക്കാന്‍ പോകാതെ’ പോകുന്നിടത്താണ് മനോഭാവങ്ങള്‍ മാറുന്നത്. ആരോഗ്യം ജീവിത മനോഭാവത്തിന്റെയും കാഴ്ചപ്പാടുകളുടെയും കാര്യമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക നമ്മള്‍.

Related Articles

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

നിരുത്തരവാദത്തിന്റെ രാഷ്ട്രീയക്കളികള്‍

ഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച പുഷ്പജ ടീച്ചര്‍ക്കുണ്ടായ ദുരനുഭവം വാര്‍ത്തയായി. ബിരുദ പഠനത്തിനായി കലാലയത്തിലെത്തിയ കൗമാരക്കാര്‍ തങ്ങളുടെ അദ്ധ്യാപികയ്ക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ചാണ് യാത്രയാക്കിയത്. വിദ്യാര്‍ത്ഥി

ഭാഷാ വൈവിധ്യത്തെ ആദരിക്കണം

‘ഹിന്ദി ദിവസ്’ ആഘോഷത്തിന്റെ ഭാഗമായി അമിത് ഷാ ചെയ്ത ട്വീറ്റും പിന്നീട് നടത്തിയ പ്രസംഗവും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈയിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*