ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെപൗരോഹിത്യസുവര്ണജൂബിലി ആഘോഷിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്റെ പൗരോഹിത്യസുവര്‍ണ ജൂബിലി കോട്ടപ്പുറം രൂപതയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന ആഘോഷത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ചാന്‍സലര്‍ റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന്, ജെസി ഇ. സി എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മറുപടി പ്രസംഗം നടത്തി.
ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ചാന്‍സലര്‍ റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന് എന്നിവര്‍ സഹകാര്‍മികരായി. ജീവനാദം മുന്‍ മാനേജിംഗ് എഡിറ്ററും എപ്പിസ്കോപ്പല്‍ വികാരിയുമായ ഫാ. റോക്കി റോബി കളത്തില്‍ വചനപ്രഘോഷണം നടത്തി.
ദയയുടെ ഭവനമാണ് ആര്‍ച്ച്ബിഷപ് കല്ലറക്കലെന്ന് ഫാ. റോക്കി റോബി കളത്തില്‍ പറഞ്ഞു. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന നോവലില്‍ മെത്രാന്റെ ഭവനത്തിന് ജീന്‍വാല്‍ജിന്‍ എന്ന മോഷ്ടാവ് നല്കുന്ന പേര് ദയയുടെ ഭവനമെന്നാണ്. മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കണമെന്നു പഠിപ്പിച്ച അസീസിയിലെ സ്നേഹഗായകന്റെ നാമം പേറുന്ന ആര്‍ച്ച്ബിഷപ് കല്ലറക്കലിന് ചേരുന്ന വിശേഷണമാണ് ദയയുടെ ഭവനം. അദ്ദേഹവും അദ്ദേഹത്തിന്റെ മെത്രാസനമന്ദിരവും ഏതു പാവപ്പെട്ടവനും ഏതുസമയത്തും കയറിചെല്ലാവുന്ന അഭയകേന്ദ്രമായിരുന്നു.
ദൈവത്തിനും മനുഷ്യനും വേണ്ടി എന്ന തന്റെ ആപ്തവാക്യം അദ്ദേഹത്തിന്റെ ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണ്. തിരക്കുകള്‍ക്കിടയിലും പരിചിതരോടും അപരിചിതരോടും കുശലം പറഞ്ഞും പുഞ്ചിരിച്ചും നടന്നു നീങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി അടുത്തറിയാവുന്ന എല്ലാവരെയും ആകര്‍ഷിച്ചിട്ടുണ്ട്. ആരെയും മാറ്റി നിര്‍ത്താതെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
1987 ഒക്ടോബര്‍ 4ന് കോട്ടപ്പുറം മെത്രാനായി അഭിഷിക്തനായതുമുതല് ഏറെ പ്രയാസങ്ങള്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തന്റെ ഇച്ഛാശക്തികൊണ്ടും പ്രാര്‍ത്ഥനാചൈതന്യം കൊണ്ടും അദ്ദേഹം മറികടന്നു. കോട്ടപ്പുറം രൂപതയ്ക്ക് ശക്തമായ അടിത്തറയിടാനും വളര്‍ച്ചയിലേക്ക് നയിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. കരുണ ചൊരിയുന്ന ഹൃദയവുമായി ഫ്രാന്‍സിസ് പാപ്പാ സഭയെ നയിക്കുമ്പോള്‍ അതേനാമം പേറുന്ന ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവും നമ്മെ ഓര്‍മിപ്പിക്കുന്നത് ദൈവത്തിന്റെ വലിയ കരുണതന്നെയാണ്. വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പാ പറഞ്ഞതുപോലെ മെത്രാന് എപ്പോഴും ഒരു പൊതുനീരുറവയാണ്. കാരുണ്യത്തിന്റെയും കനിവിന്റെയും നീരുറവയായി നീണ്ടകാലം ഇനിയും ദൈവജനത്തെ സേവിക്കാന്‍ ആയുസും ആരോഗ്യവും ദൈവം അദ്ദേഹത്തിന് നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കാമെന്നും ഫാ. റോക്കി റോബി കളത്തില്‍ പറഞ്ഞു.
Related
Related Articles
കാലാവസ്ഥ അടിയന്തരാവസ്ഥയും തലമുറകള്‍ക്കിടയിലെ നീതിയും
കടല്‍ പോലെ ഞങ്ങളുയരും എന്ന് ആര്‍ത്തിരമ്പിയാണ് ഏഴു ഭൂഖണ്ഡങ്ങളില്‍ 163 രാജ്യങ്ങളിലായി 2,500 കേന്ദ്രങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും ഉള്‍പ്പെടെ 60 ലക്ഷം സത്യഗ്രഹികള്‍ ഇക്കഴിഞ്ഞ
തീരജനതയുടെ സംരക്ഷണംസര്‍ക്കാരുകളുടെ ധാര്‍മികബാധ്യത -ഷാജി ജോര്‍ജ്
കൊച്ചി: 1991ല്‍ തീരനിയന്ത്രണ നിയമം രൂപപ്പെടുന്നതിനു മുമ്പ് തീരത്ത് വസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിയമസംവിധാനങ്ങളും ധാര്‍മികമായി ബാധ്യസ്ഥരാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്
മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം
മധുവിനെ തച്ചുകൊന്നതാണ്. അയാള്‍ക്ക് വിശന്നിരുന്നു. കാടിന്റെയുള്ളില് നിന്ന് വലിച്ചിഴച്ച്് കൈമാറുമ്പോള്‍ നമ്മള് കരുതി നീതി നടപ്പാക്കുകയാണെന്ന്. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന് നമ്മളെ ലോകം വിളിക്കുന്നു.