ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസ് ഒസിഡിയും ദൈവദാസപദവിയില്‍

ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസ് ഒസിഡിയും ദൈവദാസപദവിയില്‍

കൊല്ലം/തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗര്‍ ഒസിഡിയും തീക്ഷ്ണമതിയായ മിഷണറി മുതിയാവിള വല്ല്യച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഫാ. അദെയോദാത്തൂസ് ഒസിഡിയും ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ കൃതജ്ഞതാ ദിവ്യബലി ഒക്ടോബര്‍ 20ന് വൈകീട്ട് 4.30ന് കര്‍മലീത്താ മലബാര്‍ പ്രോവിന്‍സിന്റെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ കാര്‍മല്‍ഹില്‍ ആശ്രമദേവാലയത്തില്‍ അര്‍പ്പിക്കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30ന് പൊതുസമ്മേളനവും സ്‌നേഹവിരുന്നും. തിരുവനന്തപുരം അതിരൂപതയും കൊല്ലം, നെയ്യാറ്റിന്‍കര, കോട്ടാര്‍, പുനലൂര്‍, കുഴിതുറൈ രൂപതകളും നിഷ്പാദുക കര്‍മലീത്താ സമൂഹത്തിന്റെ മലബാര്‍ പ്രോവിന്‍സും സംയുക്തമായാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
മുതിയാവിള, അമ്പൂരി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് 19ന് വൈകുന്നേരം 6.30ന് സ്വീകരണം നല്‍കും. തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ സന്ധ്യാപ്രാര്‍ഥന നടത്തും.
കൊല്ലം രൂപതയുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസ് ഒസിഡിയും ദൈവദാസരായി ഉയര്‍ത്തപ്പെടുമ്പോള്‍ വിശുദ്ധപദവിയിലേക്കുള്ള പ്രയാണത്തില്‍ കേരളത്തില്‍ നിന്ന് രണ്ടു മഹത്‌വ്യക്തിത്വങ്ങള്‍ കൂടി. ഇതു സംബന്ധിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ ഇടയലേഖനം ദേവാലയങ്ങളില്‍ ദിവ്യബലിമധ്യേ വായിച്ചു. നാമകരണനടപടികളുടെ തുടക്കമാണിത്. ദൈവദാസന്‍, ധന്യന്‍, വാഴ്ത്തപ്പെട്ടവന്‍ എന്നീ ഘട്ടങ്ങള്‍ക്കു ശേഷമാണു വിശുദ്ധപദവി പ്രഖ്യാപനം.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഐന്‍സീഡനില്‍ 1864 ജനുവരി 31ന് ആയിരുന്നു ബിഷപ് അഡല്‍റിക് ബെന്‍സിഗറിന്റെ ജനനം. 1885 മേയ് 25ന് നിഷ്പാദുക കര്‍മലീത്താ സഭയില്‍ അംഗമായി വ്രതവാഗ്ദാനം നടത്തി. 1888 ഡിസംബര്‍ 22നു വൈദികപട്ടം സ്വീകരിച്ച അദ്ദേഹം 1890ല്‍ കേരളത്തിലെത്തി വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയില്‍ അധ്യാപകനായി. 1900 നവംബര്‍ 18ന് തെബെയുടെ സ്ഥാനിക മെത്രാനും അവിഭക്ത കൊല്ലം രൂപതയുടെ സഹായമെത്രാനുമായി നിയമിതനായി. 1905 ഓഗസ്റ്റ് 16ന് കൊല്ലം ബിഷപ്പായി പൂര്‍ണ ചുമതലയേറ്റു. കൊല്ലം രൂപതയുടെ ആധ്യാത്മിക വിദ്യാഭ്യാസ സാമ്പത്തിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കി രൂപതയെ ഇന്നു കാണുന്ന പ്രതാപത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ അദ്ദേഹം 67-ാം വയസ്സില്‍, 1931 ഓഗസ്റ്റ് 31ന് സ്ഥാനത്യാഗം ചെയ്തു. പിന്നീടാണ് ആന്റിനോയുടെ സ്ഥാനിക മെത്രാപ്പോലീത്ത എന്ന നിലയില്‍ ആര്‍ച്ച്ബിഷപ് പദവിയിലേക്ക് ഉയര്‍ത്തിയത്. 1942 ഓഗസ്റ്റ് 17ന് ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തിന്റെ 75-ാം ചരമ വാര്‍ഷികാചരണ വേളയിലാണ് ദൈവദാസ പദവി പ്രഖ്യാപനത്തിനുള്ള നടപടികള്‍ക്കു തുടക്കമായത്. കൊല്ലം രൂപതയുടെ മിക്കവാറും എല്ലാ ഇടവകകളിലും പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് ബിഷപ് ബെന്‍സിഗറിന്റെ കാലത്താണ്. പിയൂസ് പതിനൊന്നാം പാപ്പാ സിറോ മലങ്കര സഭയുടെ സാര്‍വത്രിക കത്തോലിക്കാ സഭയുമായുള്ള പുനരൈക്യത്തിന് തന്റെ പ്രതിനിധിയായി നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. അയിത്തം നിലനിന്നിരുന്ന കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അഭ്യര്‍ഥനപ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ ശുശ്രൂഷിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു കന്യാസ്ത്രീകളെ കൊണ്ടുവന്നത് ബിഷപ് ബെന്‍സിഗറാണ്.


Related Articles

ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം

എറണാകുളം: കളമശേരി ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിവിധ കമ്പനികള്‍ നടത്തിയ റിക്രൂട്ട്‌മെന്റിലൂടെ 78 ശതമാനം വിദ്യാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. പ്ലേസ്‌മെന്റില്‍

ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ഇഎസ്എസ്എസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം

ഇരുപ്പുറയ്ക്കട്ടെ: ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ വിചിന്തനം: ഇരുപ്പുറയ്ക്കട്ടെ (ലൂക്കാ 10:38-42) ഈശോ ശിഷ്യന്മാര്‍ക്കൊപ്പം യാത്ര നടത്തുകയാണ്. അതിനിടയില്‍ അവര്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുന്നു. അവിടെ മാര്‍ത്ത, മറിയം സഹോദരിമാരുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*