ആര്‍ച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ: ഗോവ രൂപത ചരിത്രത്തിലെ ആദ്യ കര്‍ദിനാള്‍

Print this article
Font size -16+
ഗോവയിലെ അള്ഡോണയില് ജനിച്ച അറുപത്തൊമ്പതുകാരനായ ആര്‍ച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ 1979 ഒക്ടോബര്‍ 28-ന് പൗരോഹിത്യം സ്വീകരിച്ചു. നാല്പതാം വയസ്സില്‍, 1993 ഡിസംബര്‍ 20-ന് ഗോവ-ദമന്‍ അതിരൂപതാ സഹായമെത്രാനായി നിയമിതനായി. 1994 ഏപ്രില്‍ 10-ന് മെത്രാനായി അഭിഷിക്തനായി. 2004 മാര്‍ച്ച് 21-നാണ് ഗോവ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റത്. രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയായ സിബിസിഐയുടെയും റോമന്‍ കത്തോലിക്കാ മെത്രാന് സമിതിയായ സിസിബിഐയുടെയും വൈസ് പ്രസിഡന്റായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2019 ജനുവരി മുതല്‍ സിസിബിഐ പ്രസിഡന്റാണ്. ഏഷ്യയിലെ കത്തോലിക്കാ മെത്രാന് സമിതികളുടെ ഫെഡറേഷനില്‍ വിദ്യാഭ്യാസത്തിനും വിശ്വാസപരിശീലനത്തിനുമായുള്ള കാര്യാലയത്തിന്റെ ചെയര്മാന് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പോര്‍ച്ചുഗീസ് പാദ്രുവാദോ രാജകീയ സംരക്ഷണത്തിന് കീഴില്‍ 1533 ജനുവരിയില്‍ സംസ്ഥാപിതമായ ഗോവ രൂപതയുടെ 489 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ സഭാഭരണപ്രവിശ്യയില് ഒരു കര്‍ദിനാള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഗോവ വംശജരായ അഞ്ചുപേര്‍ സാര്‍വത്രിക സഭയിലെ ഈ സമുന്നത പദത്തിലേക്ക് നേരത്തേ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പ്രഥമ കര്‍ദിനാള്‍ ബോംബെ ആര്‍ച്ച്ബിഷപ്പായിരുന്ന വലേറിയന്‍ ഗ്രേഷ്യസ് കറാച്ചിയിലാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ ഗോവയിലെ നവേലിമിലെ ഡ്രമാപുരിലായിരുന്നു.
പാക്കിസ്ഥാനിലെ പ്രഥമ കര്‍ദിനാള്‍ ജോസഫ് കൊര്ഡേരോ ഗോവയിലെ സാല്‍വദോര്‍ ദേ മുന്തോയില് നിന്നായിരുന്നു. നിയുക്ത കര്‍ദിനാള്‍ ഫെറാവോയുടെ ജന്മസ്ഥലമായ അള്ഡോണയില് ജനിച്ച ജോസഫ് കൂട്സ് കറാച്ചിയിലെ ആര്‍ച്ച്ബിഷപ്പും കര്‍ദിനാളുമാണ്. വത്തിക്കാന്‍ നയതന്ത്രജ്ഞനും ബോംബെ ആര്‍ച്ച്ബിഷപ്പും സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷനുമായിരുന്ന കര്‍ദിനാള്‍ ഐവന്‍ ഡയസ് മുംബൈയിലാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ ഗോവയിലെ വെല്സാവോയിലായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യ ഉപദേഷ്ടാക്കളായ ഏഴ് കര്‍ദിനാള്‍മാരുടെ സംഘത്തില്‍ അംഗമായ ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ കുടുംബം ഗോവയിലെ ഓര്ലിമില് നിന്നുവരുന്നതാണ്.
ഫ്രാന്‍സിസ് പാപ്പാ തന്റെ വാഴ്ചക്കാലത്തെ എട്ടാമത്തെ കണ്‍സിസ്റ്ററിയില്‍ സഭാ ഹയരാര്‍ക്കിയുടെ സമുന്നത ശ്രേണിയില്‍ കര്‍ദിനാളിന്റെ ചെമന്ന തൊപ്പി (സുക്കെറ്റോ) അണിയിക്കുന്ന 21 പേരില്‍ 16 പേര് 80 വയസ്സില്‍ താഴെയുള്ളവരാകയാല് അടുത്ത പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ അവര്‍ക്കു പങ്കെടുക്കാനാകും. ഓഗസ്റ്റ് 27-ന് കണ്‍സിസ്റ്ററിയില്‍ പുതിയ കര്‍ദിനാള്‍മാര്‍ സ്ഥാനമേറ്റു കഴിയുമ്പോള്‍, പാപ്പായെ തിരഞ്ഞെടുക്കാനുള്ള പ്രായപരിധിയിലുള്ള 132 കര്‍ദിനാള്‍മാരില്‍ 83 പേര് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചവരായിരിക്കും. പ്രധാന വിഷയങ്ങളില്‍ ഫ്രാന്‍സിസ് പാപ്പായുടെ നയം പിന്തുടരുന്ന ഒരാളാകും അടുത്ത പാപ്പായെന്നതിന്റെ ഒരു സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. പുതിയ കര്‍ദിനാള്‍മാരുടെ വരവോടെ അടുത്ത പാപ്പാ ഏഷ്യക്കാരനാകാനുള്ള സാധ്യത ഏറുകയാണെന്ന് ചില നിരീക്ഷകര്‍ പറയുന്നു. (ഏഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഇലക്റ്റര്‍മാരുടെ സംഖ്യ 20 ആകും). സിംഗപ്പൂര്‍, മംഗോളിയ, ഇന്ത്യ, ഈസ്റ്റ് തിമോര്‍ എന്നിവിടങ്ങളില്‍ നിന്ന് പുതിയ കര്‍ദിനാള്‍മാര്‍ എത്തുന്നതോടെ കര്‍ദിനാള്‍ ഇലക്റ്റര്മാരില് ഏഷ്യയുടെ പ്രാതിനിധ്യം വര്‍ധിക്കുകയാണ്. നൈജീരിയയിലെ ഏക്വാലോബിയ, ബ്രസീലിലെ മനൗസ്, ബ്രസീലിയ, ഘാനയിലെ വാ, പരാഗ്വെയില അസന്‍ഷിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പരമ്പരാഗതമായി യൂറോപ്പിലെയും അമേരിക്കയിലെയും വന്‍ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്കു പകരം വികസ്വര മേഖലകളില്‍ നിന്നാണ് ഫ്രാന്‍സിസ് പാപ്പാ പുതിയ കര്‍ദിനാള്‍മാരെ കണ്ടെത്തിയിരിക്കുന്നത്.
യൂറോപ്പില്‍ നിന്നുള്ള 107 കര്‍ദിനാള്‍മാരില്‍ 54 പേര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനാവുക. അമേരിക്കയില്‍ നിന്നുള്ള 60 കര്‍ദിനാള്‍മാരില്‍ 38 പേര് ഇലക്റ്ററല്‍ കോളജിലുണ്ടാകും. ആഫ്രിക്കയില്‍ നിന്നുള്ള 27 കര്‍ദിനാള്‍മാരില്‍ 17 പേരും, ഓഷ്യാനയില്‍ നിന്നുള്ള അഞ്ചു കര്‍ദിനാള്‍മാരില്‍ മൂന്നു പേരും പാപ്പാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള പ്രായപരിധിയിലുള്ളവരാണ്.
റോമന്‍ കൂരിയായില്‍ നിന്ന് ദൈവാരാധനയ്ക്കും വൈദികര്‍ക്കും വേണ്ടിയുള്ള ഡികാസ്റ്ററികളുടെ പ്രീഫെക്ടുമാരും വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന്റെ പ്രസിഡന്റും ഉള്‍പ്പെടെ മൂന്നു പേരെ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ ബ്രിട്ടനും സ്പെയിനിനും ദക്ഷിണ കൊറിയയ്ക്കുമാണ് പ്രാതിനിധ്യം ലഭിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള രണ്ടു രൂപതാ മേലധ്യക്ഷന്മാരില് മാര്‍സെയ്ലിലെ ആര്‍ച്ച്ബിഷപ് ജനിച്ചത് അള്‍ജിയേഴ്സിലാണ്. അമേരിക്കയിലെ കലിഫോര്‍ണിയ സാന്‍ ദിയേഗോയില് നിന്ന് ആദ്യമായി കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ബിഷപ് റോബര്‍ട്ട് മാക്എല്റോയ് പുരോഗമനവാദിയായാണ് അറിയപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്വവര്ഗലൈംഗികതയുടെയും കാര്യത്തില്‍ പരിശുദ്ധ പിതാവിന്റെ നിലപാടിനെ ശക്തമായി പിന്തുണയ്ക്കുന്ന യുഎസ് മെത്രാനാണ് മാക്എല്റോയ്. ഗര്‍ഭച്ഛിദ്ര നയത്തിന്റെ പേരില്‍ ചില രാഷ് ട്രീയ നേതാക്കള്‍ക്ക് ദിവ്യകാരുണ്യം നിഷേധിക്കുന്ന യാഥാസ്ഥിതിക സഭാമേലധ്യക്ഷന്മാരെ അദ്ദേഹം വിമര്‍ശിക്കുന്നു.
പുതിയ കര്‍ദിനാള്‍മാരില്‍ ഏറ്റവും പ്രായംകുറഞ്ഞത് മംഗോളിയയിലെ ഉലാന്ബത്തോര് അപ്പസ്തോലിക് പ്രീഫെക്ചറിലെ അപ്പസ്തോലിക് പ്രീഫെക്റ്റ് ഇറ്റലിക്കാരനായ ബിഷപ് ജോര്‍ജോ മരെംഗോയാണ്. കണ്സൊലാത്താ മിഷനറീസ് സമൂഹത്തിലെ അംഗമായ ബിഷപ് മരെംഗോ 2020 ഓഗസ്റ്റിലാണ് മെത്രാനായി അഭിഷിക്തനായത്. മംഗോളിയയില്‍ കത്തോലിക്കരുടെ എണ്ണം 1,500-ല്‍ താഴെയാണ്. എന്നാല്‍ ചൈനാ അതിര്‍ത്തിയിലുള്ള മംഗോളിയയിലെ കര്‍ദിനാളിന്റെ പ്രാധാന്യം ചൈനയുമായുള്ള വത്തിക്കാന്‍ ബന്ധത്തില്‍ പ്രതിഫലിക്കാന്‍ സാധ്യതയുള്ളതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണത്തിനു തൊട്ടുപിന്നാലെ, ഓഗസ്റ്റ് 29-30 തീയതികളിലായി ആഗോളതലത്തില്‍ കര്‍ദിനാള്‍മാരുടെ മറ്റൊരു കണ്‍സിസ്റ്ററി കൂടി ചേരുമെന്ന് ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ ഞായറാഴ്ച റെജീന ചേളി സന്ദേശത്തില്‍ അറിയിച്ചു. പ്രെദിക്കാത്തെ ഇവാഞ്ചേലിയും എന്ന പുതിയ വത്തിക്കാന്‍ ഭരണഘടനയെക്കുറിച്ച് ഈ വിശാല സമ്മേളനം ചര്‍ച്ച ചെയ്യും. അടുത്ത ഞായറാഴ്ച പെന്തക്കോസ്ത ദിനത്തില്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ വത്തിക്കാന്‍ കൂരിയാപരിഷ്കരണത്തിനായുള്ള പുതിയ അപ്പസ്തോലിക ഭരണഘടന.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കൊവിഡ് വാക്സിന് സകലര്‍ക്കും സംലഭ്യമാകണം -ഫ്രാന്‍സിസ് പാപ്പ
ജനനം പ്രതീക്ഷയുടെ ഉറവിടം ഈ മഹോത്സവത്തില്‍ സഭ ഏശയ്യാ പ്രവാചകന്റെ വാക്കുകളിലൂടെ പ്രഖ്യാപിക്കുന്ന സന്ദേശം എല്ലാവരിലേക്കുമെത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ”നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു
‘ഭൂമി നമ്മുടെ അമ്മ’ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം
വത്തിക്കാന്‍ സിറ്റി: നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന് ഭൂമിയോടും അതിലെ മനുഷ്യരോടും ജീവജാലങ്ങളോടുമുള്ള സമീപനത്തില്‍ ആഴമായ മറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകം ‘ഭൂമി നമ്മുടെ
തപസുകാലത്തിലൂടെ പെസഹാജാഗരണത്തിലേക്ക്
ക്രൈസ്തവ സ്വത്വത്തിന്റെ കാതല്‍ യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണത്. പെസഹാരഹസ്യത്തിന്
No comments
Write a comment
No Comments Yet!
You can be first to comment this post!