ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ഷീനിന്റെ പൂജ്യദേഹം ഇലിനോയിലേക്ക്

by admin | June 18, 2019 9:23 am

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ വചനപ്രഘോഷണത്തിന്റെ വിപ്ലവം സൃഷ്ടിച്ച ധന്യനായ ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാറ്റന്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ നിന്ന് അദ്ദേഹം നൂറു വര്‍ഷം മുന്‍പ് വൈദികപട്ടം സ്വീകരിച്ച ഇലിനോയിലെ സ്വന്തം രൂപതയായ പിയോറിയായിലേക്കു കൊണ്ടുപോകും.
വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികളുടെ പുരോഗതിക്ക് പൂജ്യദേഹം പിയോറിയയിലേക്കു കൊണ്ടുപോകണമെന്നു വാദിച്ച് ആര്‍ച്ച്ബിഷപ്പിന്റെ അനുജന്റെ പുത്രി ജൊവാന്‍ കണിങ്ഹാം ന്യൂയോര്‍ക്ക് അതിരൂപതയുമായി നടത്തിവന്ന നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ന്യൂയോര്‍ക്ക് സുപ്രീം കോടതി വിധിക്കെതിരെ ഇനി അപ്പീലൊന്നും അനുവദിക്കുകയില്ല എന്ന ന്യൂയോര്‍ക്ക് അപ്പീല്‍ കോടതിയുടെ അന്തിമ ഉത്തരവ് അനുസരിച്ച് ധന്യന്റെ ഭൗതികാവശിഷ്ടങ്ങള്‍ സെന്റ് പാട്രിക് കത്തീഡ്രലിലെ അള്‍ത്താരയ്ക്കു താഴെയുള്ള കബറിടത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ അതിരൂപത സമ്മതിച്ചത്. മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പ് എഴുതിയ വില്‍പത്രത്തില്‍ കത്തീഡ്രലില്‍ തന്നെ അടക്കം ചെയ്യണമെന്ന അന്ത്യാഭിലാഷം ആര്‍ച്ച്ബിഷപ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് അതിരൂപത വാദിച്ചിരുന്നത്. അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ജീവിച്ചിരിക്കുന്ന ഏക അവകാശി എന്ന നിലയിലാണ് ജൊവാന്‍ കണിങ്ഹാം പൂജ്യദേഹം ഇലിനോയിലെ പിയോറിയ സെന്റ് മേരീസ് കത്തീഡ്രലിലേക്കു കൊണ്ടുപോകാനുള്ള നിയമപോരാട്ടം നടത്തിയത്.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ആദ്യ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയുള്ള ഫുള്‍ട്ടന്‍ ഷീനിനെ 2012 ജൂണില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ധന്യനായി പ്രഖ്യാപിച്ചതാണ്. ഇലിനോയ് എല്‍ പാസോയില്‍ ജനിച്ച ഫുള്‍ട്ടന്‍ ഷീന്‍ 1919ല്‍ പിയോറിയ രൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു. 1951ല്‍ ന്യൂയോര്‍ക്ക് അതിരൂപതയില്‍ സഹായമെത്രാനായി അഭിഷിക്തനാവുകയും 1966ല്‍ റോച്ചസ്റ്റര്‍ ബിഷപ്പായി നിയമിതനാവുകയും ചെയ്തു. 1930 മുതല്‍ 1950 വരെ അദ്ദേഹം അവതരിപ്പിച്ചുവന്ന കാത്തലിക് അവര്‍ എന്ന റേഡിയോ പരിപാടിയും 1951 മുതല്‍ 57 വരെ നടത്തിവന്ന ലൈഫ് ഈസ് വര്‍ത്ത് ലിവിങ് എന്ന ടെലിവിഷന്‍ പരിപാടിയും അമേരിക്കക്കാരുടെ ഹൃദയം കവര്‍ന്നിരുന്നു.

Source URL: https://jeevanaadam.in/%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8/