ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയും കൂനമ്മാവും

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയും കൂനമ്മാവും

ചരിത്രത്തിന്റെ വഴിച്ചാലില്‍ എന്നും പ്രഭ ചൊരിഞ്ഞ് നില്‍ക്കുന്ന ഭാരതത്തിന്റെ മഹാമിഷണറി ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷികം കേരളമൊന്നാകെ ആചരിക്കുമ്പോള്‍, അദ്ദേഹം മലയാളത്തിന് നല്കിയ അതുല്യ സംഭാവനകള്‍ക്ക് കേരളം ഒന്നാകെ നന്ദിയര്‍പ്പിക്കുകയാണ്. 1833ല്‍ മലബാറിലെത്തിയ കാലം മുതല്‍ മലയാളത്തെ സ്‌നേഹിച്ച ആ വന്ദ്യപുരോഹിതന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലമായ കൂനമ്മാവ് എന്ന ഗ്രാമത്തിലൂന്നി അദ്ദേഹം കേരളസഭക്ക് നല്കിയ സംഭാവനകളുടെ രത്‌നച്ചുരുക്കമാണിവിടെ കുറിക്കുന്നത്.
1833 നവംബര്‍ 17ന് 26-ാം വയസില്‍ വരാപ്പുഴയിലെത്തിയ യുവമിഷണറി വരാപ്പുഴ ദൈവാലത്തിലെ അള്‍ത്താരയുടെ മുകള്‍ഭാഗം വിശുദ്ധരുടെ ചിത്രങ്ങളാല്‍ വര്‍ണാഭമാക്കിക്കൊണ്ട് തന്റെ കലാവാസന ലോകത്തിനു വെളിപ്പെടുത്തി പ്രവര്‍ത്തനമാരംഭിച്ചു. വിസ്തൃതമായ ഇടവകയുടെ വികാരിയായിരിക്കെ രണ്ട് മൈല്‍ വടക്കു പടിഞ്ഞാറുള്ള ഗ്രാമത്തിലെത്തി. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഒരു ആശാനുകീഴില്‍ കുറെ കുട്ടികള്‍ പഠിക്കുന്നു. ചരിത്രത്തിലിടം പിടിച്ച ആ ആശാന്റെ പേര് തണ്ണിക്കോട്ട് വറീത് സാല്‍വദോര്‍ എന്നാണ്. ക്രിസ്തീയവിശ്വാസത്തോടൊപ്പം അക്ഷരങ്ങളും പകര്‍ന്നുനല്കിയ കവികൂടിയായ ഈ ആശാന് 16 ‘പുത്തന്‍പണം’ ശമ്പളമായി ഏര്‍പ്പാടാക്കി കൂനമ്മാവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നാന്ദി കുറിച്ചു.
കൂനമ്മാവിലെ വിശ്വാസികളുടെ പ്രതിനിധികള്‍ തങ്ങളുടെ കൗദാശികകാര്യങ്ങള്‍ക്ക് ഇടവകപ്പള്ളിയായ വരാപ്പുഴയിലെത്താനുള്ള ബുദ്ധിമുട്ട് ബോധ്യപ്പെടുത്തി. അന്നത്തെ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന ഫ്രാന്‍സിസ് സേവ്യര്‍ പെഷറ്റോ പിതാവിന്റെ അനുമതിയോടെ 1837 ജൂലൈ 16ന് കര്‍മലമാതാവിന്റെ തിരുനാള്‍ദിനത്തില്‍ ചെറിയൊരു കപ്പേള നിര്‍മിക്കാന്‍ ആരംഭിച്ചു. സെപ്തംബര്‍ 8ന് മാതാവിന്റെ ജനനത്തിരുനാളില്‍ അത് ആശീര്‍വദിക്കപ്പെട്ടു. 1837 വര്‍ഷാരംഭത്തില്‍, കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിച്ച, കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ഫിലോനിനായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട ഏഷ്യയിലെ പ്രഥമ പള്ളിയായി ഇതുമാറി.
കൂനമ്മാവിനു ചുറ്റുമുള്ള പ്രദേശങ്ങളായ കോട്ടുവള്ളി, ചെറിയപ്പിള്ളി, വള്ളുവള്ളി, മാലോത്ത്, നീറിക്കോട്, കരിങ്ങാംതുരുത്ത്, കൊടുവഴങ്ങ, പാനായിക്കുളം, ചിറയം, കൊങ്ങോര്‍പ്പിള്ളി, ഒളനാട്, ചിറയ്ക്കകം, തിരുമുപ്പം, തേവര്‍കാട് കരകളിലെ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു ദൈവാലയം വേണമെന്ന് ബോധ്യപ്പെട്ട ഫാ. ബെര്‍ണര്‍ദീന്‍ പ്ലാന്‍ വരച്ച് നിര്‍മാണമാരംഭിക്കുകയും ചെയ്തു. വാസ്തുശില്പകലയിലും കണക്കുശാസ്ത്രത്തിലും വിദഗ്ദ്ധനായിരുന്ന ഫാ. ബെര്‍ണര്‍ദീന്‍, പള്ളിയോടൊപ്പം ആറു മുറികളോടുകൂടിയ വൈദികമന്ദിരത്തിന്റെയും പണി പൂര്‍ത്തിയാക്കി.
1844 സെപ്തംബര്‍ 15ന് ശില്പകലാമൂല്യമുള്ള ഈ ദൈവാലയം ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്കി. വളരെവേഗം പ്രശസ്തമായിത്തീര്‍ന്ന ഈ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടകപ്രവാഹമായതോടെ തീര്‍ത്ഥാടനകേന്ദ്രമെന്ന പദവിക്കൊപ്പം ഒന്‍പതാം പീയൂസ് പാപ്പാ ദണ്ഡവിമോചനങ്ങളും അനുവദിച്ചു. വിദൂരസ്ഥരായ തീര്‍ത്ഥാടകര്‍ക്ക് പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി താമസ സൗകര്യവുമൊരുക്കിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
കന്യാകുമാരി മുതല്‍ മംഗലാപുരത്തിന് വടക്കുവരെയുള്ള വരാപ്പുഴ വികാരിയാത്തിനെ മൂന്നു ഭാഗങ്ങളായി വിഭജിച്ചപ്പോള്‍ കൊല്ലം കേന്ദ്രീകരിച്ചുള്ള വികാരിയാത്തിന്റെ പ്രഥമ പ്രോ-വികാര്‍ അപ്പസ്‌തോലിക്കയായി മോണ്‍. ബെര്‍ണര്‍ദീനെ റോം നിയമിച്ചു. 1845 മെയ് 12ന് ചുമതലയേറ്റ അദ്ദേഹത്തിനെ 1847 ജനുവരി 26ന് മര്‍ട്ടീനി പിതാവിന്റെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനാക്കി. 1853ല്‍ മര്‍ട്ടീനി പിതാവിനെ റോം തിരികെ വിളിച്ചപ്പോള്‍ വികാരിയാത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു.
1831ല്‍ സുറിയാനിക്കാര്‍ക്കായി വരാപ്പുഴ വികാരിയാത്ത് മാന്നാനത്ത് തുടങ്ങിയ തപസുഭവനത്തിന് നിയതമായ നിയമങ്ങളും ഘടനയും സഭയുടെ ഔദ്യോഗിക അംഗീകാരവുമില്ലായിരുന്നു. ആ സഭയ്ക്ക് കര്‍മലീത്താസഭയുടെ നിയമങ്ങളും കാനോനിക അംഗീകാരവും 1855ല്‍ നല്കി. കൂടാതെ അവര്‍ക്കായി 4 ആശ്രമങ്ങള്‍കൂടി ബച്ചിനെല്ലിപിതാവ് പണിതുനല്കി. തന്റെ സമുദായത്തില്‍പ്പെട്ടവര്‍ക്കായി ഒരു സന്യാസസഭ സ്ഥാപിക്കാന്‍ ഉദ്യമിച്ച അദ്ദേഹം, വര്‍ഷങ്ങള്‍ക്കുമുമ്പ് കൂനമ്മാവില്‍ താന്‍ നിര്‍മിച്ച വൈദികമന്ദിരം ആശ്രമമാക്കിമാറ്റി. 1857 ജൂലൈ 16ന് തുടങ്ങിയ ഒരുക്കധ്യാനത്തിനൊടുവില്‍ ഒരു വൈദികനും രണ്ട് ക്ലേരിമാരുമായി 23-ാം തീയതി സഭ സമാരംഭിച്ചെങ്കിലും ക്ലേരിമാര്‍ക്ക് രോഗം പിടിപെട്ടതിനാല്‍ തുടരാനായില്ല. പിതാവ് മാന്നാനത്തുനിന്നു സന്യാസിമാരെ വരുത്തി. ഇവരോടൊപ്പം ലത്തീന്‍കാരും അംഗങ്ങളായി ചേര്‍ന്നു.
ഇവിടെ സന്യാസിയാകാന്‍ പഠനം തുഠങ്ങിയ ഒരു യുവഡോക്ടറുണ്ടായിരുന്നു. ഡോ. നിക്കോളാസ് വെറോവന്‍. അദ്ദേഹമാണ് കേരളസഭയിലാദ്യമായി കൂനമ്മാവിലെ കുടുസുമുറിയില്‍ ആതുരശുശ്രൂഷയാരംഭിച്ചത്. സ്‌കാളമരുന്നും നറുനീണ്ടിസത്തുമൊക്കെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ്. ലത്തീന്‍കാര്‍ക്കായി മഞ്ഞുമ്മലില്‍ ആശ്രമം തുടങ്ങിയപ്പോള്‍ ജീവിതകാലമത്രയും ഒരു സഹോദരനായി ജീവിച്ച അദ്ദേഹമാണ് മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രി സ്ഥാപിച്ചത്. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരൊക്കെ അദ്ദേഹത്തിന്റെ ചികിത്സ തേടിയവരില്‍പെടും.
1866 എന്ന വര്‍ഷം കൂനമ്മാവിനെ ലോകപ്രശസ്തമാക്കിയ വര്‍ഷമായിരുന്നു. ബച്ചിനെല്ലി പിതാവ് താന്‍ തുടങ്ങാനിരുന്ന പലതും തുടങ്ങിയ കൊല്ലമായിരുന്നു അത്. കേരളസഭയില്‍ ഇന്നും തുടരുന്ന പല സുകൃതങ്ങള്‍ക്കും ആദ്യവേദിയായത് കൂനമ്മാവായിരുന്നു.
ഇക്കാലത്ത് വിധവയായ ഒരമ്മയും മകളും ഇവിടെ പ്രാര്‍ത്ഥനാപുരസരം ജീവിച്ചിരുന്നു. ജീവിതകാലമത്രയും വിശുദ്ധിയോടെ ആയിരിക്കാനുള്ള വര്‍ഷങ്ങളായുള്ള അവരുടെ തീരുമാനത്തെ ബച്ചിനെല്ലി പിതാവ് അംഗീകരിക്കുകയും സ്ത്രീകള്‍ക്കായി ഒരു സന്യാസിനിസഭ തുടങ്ങുവാന്‍ അനുമതി നല്കുകയും ചെയ്തു. അമ്മയായ ഏലീശ്വയും മകള്‍ അന്നയും ഇവരോടൊപ്പം ഏലീശ്വയുടെ സഹോദരി ത്രേസ്യയും നാളുകള്‍നീണ്ട ഒരുക്കത്തിനൊടുവില്‍ 1866 ഫെബ്രുവരി 13ന്, പിതാവിന്റെ നിര്‍ദേശത്തില്‍ ലെയോപ്പോള്‍ഡ് അച്ചന്‍ പണിത മൂന്നുമുറി പനമ്പുമഠത്തില്‍ കാനോകികമായി സഭ തുടങ്ങി. തലേന്ന് ഫെബ്രുവരി 12ന് മദര്‍ ഏലീശ്വ, അന്ന, ത്രേസ്യ എന്നിവരെ അടിസ്ഥാനശിലകളാക്കി ഡോക്ക്യുമെന്തും ഇറക്‌സിയോനിസ് എന്ന ഡിക്രിയിലൂടെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ കര്‍മലീത്താമഠമായി കൂനമ്മാവിലെ പനമ്പുമഠം മാറി.
മഠം തുടങ്ങുന്നുവെന്നറിഞ്ഞപ്പോള്‍, അക്കാലത്ത് കൂനമ്മാവില്‍ താമസിച്ചിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസച്ചന്‍ വൈക്കത്തുകാരിയായ ഒരു വനിതയെ ചേര്‍ക്കാനായി കൊണ്ടുവരികയും 14-ാം തീയതി പിതാവിന്റെ അനുമതിയോടെ ലെയോപ്പോള്‍ഡ് അച്ചന്‍ ചേര്‍ക്കുകയും ചെയ്തു. പിന്നീട് കേട്ടറിഞ്ഞ് അനേകര്‍ വന്നു. ടിഒസിഡി എന്ന പേരില്‍ ലത്തീന്‍കാരാല്‍ തുടക്കമിട്ട സഭയില്‍ സുറിയാനിക്കാരും ചേര്‍ന്നതോടെ സഭ പടര്‍ന്നു പന്തലിച്ചു. റീത്ത് വിഭജനകാലത്ത് സിടിസി എന്നും സിഎംസി എന്നും രണ്ടായി പിരിഞ്ഞ് ഇവര്‍ ലോകം മുഴുവന്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നുപേരായിട്ട് ആരംഭിച്ചെങ്കിലും പുതിയവര്‍ വന്നതോടെ സ്ഥലമില്ലാതായി. ഒരു നിലക്കുള്ള തറക്കല്ലിട്ട് ലെയോപ്പോള്‍ഡ് അച്ചന്‍ പുതിയ മഠത്തിന്റെ പണി തുടങ്ങിയെങ്കിലും ദീര്‍ഘവീക്ഷണത്തോടെ ബഹുനിലക്കുള്ള തറ പണിയിപ്പിച്ച് ബെച്ചിനെല്ലി പിതാവ് വലിയ മഠമാക്കി. കേരളത്തിലാദ്യമായി പെണ്‍കുട്ടികള്‍ക്കായി ബോര്‍ഡിംഗ് ഹൗസും പെണ്‍പള്ളിക്കൂടവും പിന്നീട് ഓര്‍ഫനേജും ആരംഭിച്ചത് ഏലീശ്വാമ്മയുടെ ഈ മഠത്തിലാണ്.
1866 ഫെബ്രുവരി 15ന് മറ്റൊരു മഹദ് അനുഷ്ഠാനത്തിന് ഇവിടെ ആരംഭം കുറിച്ചു. ഇറ്റലിക്കാരനായ ബച്ചിനെല്ലിപിതാവ് കുഞ്ഞുനാള്‍ മുതല്‍ തന്റെ നാട്ടില്‍ കണ്ടുവളര്‍ന്ന ദിവ്യകാരുണ്യ ആരാധനയുടെ ഒരു രൂപമായ 40 മണിക്കൂര്‍ ആരാധന ഏഷ്യ വന്‍കരയില്‍ ആദ്യമായി കൂനമ്മാവില്‍ ആരംഭിച്ചു. വിസ്തൃതമായ ദൈവാലയത്തിനകത്ത് സ്ഥലം പോരാഞ്ഞിട്ട് വലിയ പന്തലുകളില്‍ നിന്നാണ് ആളുകള്‍ ആരാധനയില്‍ പങ്കെടുത്തിരുന്നത്. ഇന്നത്തെപ്പോലെ വെളിച്ചമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ആരാധന കഴിഞ്ഞ് അയല്‍നാടുകളില്‍നിന്നുവന്നിരുന്നവര്‍, ചൂട്ടുകൊണ്ടുള്ള പന്തങ്ങള്‍ തെളിച്ചാണ് നാലു ഭാഗത്തേക്കും പോയിരുന്നത്. 40 മണിക്കൂര്‍ ആരാധനയുടെ നടത്തിപ്പും ലെയോപ്പോള്‍ഡ് അച്ചനായിരുന്നു.
വരാപ്പുഴ വികാരിയാത്തില്‍ ആദ്യത്തെ പ്രസായ മാന്നാനം സെന്റ് ജോസഫ് പ്രസിനുശേഷം രണ്ടാമത്തെ പ്രസ് തുടങ്ങിയത് കൂനമ്മാവിലാണ്. ബച്ചിനെല്ലി പിതാവിന്റെ മരണശേഷം ഉടനെ സ്ഥാപിതമായ ഈ പ്രസില്‍നിന്നാണ് മലയാളത്തിലെ ആദ്യത്തെ കത്തോലിക്കാപത്രം ‘സത്യനാദകാഹളം’ പുറത്തിറങ്ങിയത്. പ്രാര്‍ത്ഥനാ പുസ്തകങ്ങളും ”കൂനമ്മാവുങ്കല്‍ മെത്രാപ്പോലീത്തായ്ക്കടുത്ത അച്ചുകൂടത്തില്‍നിന്ന്” എന്നു രേഖപ്പെടുത്തിയ ഇടയലേഖനങ്ങളും ഇവിടെ അച്ചടിച്ച് പുറത്തിറങ്ങിയിരുന്നു. അമലോത്ഭവമാതാ അച്ചുകൂടം എന്ന ഈ പ്രസ് വരാപ്പുഴയ്ക്കും പിന്നീട് ഐഎസ് പ്രസ് എന്ന പേരില്‍ എറണാകുളത്തേക്കും മാറ്റപ്പെട്ടു.
ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയെന്ന ശ്രേഷ്ഠാചാര്യന്‍ ദീര്‍ഘമായ യാത്രകളാല്‍ പരിക്ഷീണിതനായി. 1868 സെപ്തംബര്‍ 5ന് നാഥന്റെ പക്കലേക്ക് യാത്രയായി. പിറ്റേന്ന് വരാപ്പുഴയില്‍ അടക്കം ചെയ്തു. കൂനമ്മാവില്‍ തുടങ്ങിവച്ചവ കൂടാതെ അദ്ദേഹത്തെ അനശ്വരനാക്കുന്ന മറ്റു പലതും ഇന്നും കേരളസഭ തുടരുകയാണ്. നല്ല ഇടയന്മാരെ വാര്‍ത്തെടുക്കാനുള്ള പുത്തന്‍പള്ളിയിലെ സെമിനാരി, പള്ളികള്‍തോറും പള്ളിക്കൂടം, മേയ്മാസ വണക്കം, വിയ സാക്രെ (കുരിശിന്റെ വഴി), ദിവ്യകാരുണ്യ പ്രദക്ഷിണം, ഇടവക നവീകരണ ധ്യാനം, വൈദികരുടെ വാര്‍ഷിക ധ്യാനം, പിടിയരി പ്രസ്ഥാനം, നൂറ്റിക്കഞ്ച് പദ്ധതി, ദിവ്യബലി മദ്ധ്യേ മലയാളത്തില്‍ പ്രസംഗം, ജപമാല പ്രാര്‍ത്ഥനയുടെയും കൊന്ത, വെന്തിങ്ങ, കാശുരൂപം തുടങ്ങിയവയുടെയും പ്രചാരണം എന്നിവ ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി പിതാവിന്റെ പദ്ധതികളാണെന്ന് മലയാളത്തിലെ എല്ലാവരും അറിയണം.
ഒന്നര നൂറ്റാണ്ടുകള്‍ക്കുമുന്നേ അദ്ദേഹം തുടങ്ങിയ ഒന്നുപോലും നിലക്കാതെ ഇന്നും കേരളസഭയില്‍ തുടരുന്നുവെങ്കില്‍ അതിനു കാരണം അദ്ദേഹം ഒരു വിശുദ്ധനായതുകൊണ്ടാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മലബാറിലെത്തിയ അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ പൂര്‍ണത ഫലമണിയുന്നത്, അദ്ദേഹത്തിന്റെ പുണ്യം കാലത്തിന്റെ പൂര്‍ണതയില്‍ കത്തോലിക്കാസഭ അംഗീകരിച്ച് വിശുദ്ധപദവി ലഭിക്കുവാന്‍ ഇടവരുമ്പോഴാണ്.
സത്യത്തിന്റെ പ്രഭ ചൊരിയേണ്ട ചരിത്രത്തിനുമപ്പുറം അസത്യചരിത്രങ്ങള്‍ പുറപ്പെടുവിക്കുന്ന കറുത്ത കിരണങ്ങള്‍ പുതുതലമുറയെ അല്പകാലം വഴി തെറ്റിച്ചേക്കാമെങ്കിലും മുന്‍തലമുറ രേഖപ്പെടുത്തിവച്ചിട്ടുള്ള തേജസുള്ള രേഖകള്‍ ലോകത്തിനു മുന്നിലേക്കെത്തുന്ന കാലം വിദൂരത്തല്ല. വരൂ, നമുക്ക് വേരുള്ള ചരിത്രം രചിക്കാം, നേരുള്ള ചരിത്രം, യഥാര്‍ത്ഥചരിത്രം ലോകത്തിനു നല്കാം.


Related Articles

അണയാതെ സ്പ്രിംഗ്ലര്‍

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി ഐടി സെക്രട്ടറി എം.ശിവശങ്കര്‍. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് കൊവിഡ് വിവരശേഖരണത്തില്‍ സ്പ്രിംഗ്ലറിന്റെ സേവനം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തതെന്ന്

സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം

    സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമര നവംമ്പര്‍ 5 രാവിലെ 11ന്   മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ സീറ്റ് ഒഴിവ്.

കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ കേരള സര്‍ക്കാര്‍ പുതുതായി അനുവദിച്ച അഞ്ച് വര്‍ഷ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്(എയ്ഡഡ്) കോഴ്‌സിലും യുജിസി അനുവദിച്ച പുതിയ കോഴ്‌സുകളായ എം.വോക്ക് ലോജിസ്റ്റിക്‌സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*