ആറ്റില്‍ ചവിട്ടിത്താഴ്ത്താനോ ദളിതന്റെ പ്രണയവും ജീവനും

ജാതിരഹിത മനുഷ്യസാഹോദര്യത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെയും പുരോഗമനശക്തികളുടെ സ്വാധീനതയുടെയും പേരില്‍ ഊറ്റംകൊള്ളുന്ന ആധുനിക കേരളീയ സമൂഹത്തിന്റെ ജീര്‍ണതയും കാപട്യവും ദുര്‍ഗതിയും വെളിവാക്കുന്ന അതിദാരുണവും പൈശാചികവുമായ ക്രൂരകൃത്യമാണ് കോട്ടയത്തെ ദളിത വിഭാഗത്തില്‍പെട്ട ഇരുപത്തിമൂന്നുകാരനായ ലത്തീന്‍ കത്തോലിക്കാ യുവാവിന്റെ അരുംകൊല. സാമുദായിക ശ്രേണിയിലും സാമ്പത്തിക നിലയിലും മുന്നിട്ടുനില്ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രണയിക്കുകയും അവളുടെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം പരസ്യപ്പെടുത്തുകയും ചെയ്തു എന്നതിനാണ് കെവിന് ജോസഫ കൊല്ലപ്പെട്ടത്. ഭിന്നമതക്കാരായ മിശ്രവിവാഹിതരായ ദമ്പതികളുടെ മകളാണ് ഈ പ്രണയദുരന്തത്തില്‍ അവശേഷിക്കുന്ന ഇര. പൊള്ളയായ ജാത്യഭിമാനത്തിന്റെ പേരിലുള്ള ഈ കൊടുംപാതകത്തിന് കേരള പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു എന്നതാണ് ജാതിവെറിയുടെയും ദളിത പീഡനത്തിന്റെയും തീരാകളങ്കത്തെ ഏറെ നടുക്കം സൃഷ്ടിക്കുന്ന അഭിശാപമാക്കി മാറ്റുന്നത്. ദുരഭിമാനക്കൊല എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഹീനകൃത്യത്തില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കുറ്റവാളികളുടെ രാഷ്ട്രീയ ബന്ധങ്ങളുടെയും പണത്തിന്റെയും സ്വാധീനത്തെയും ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെയും സംബന്ധിച്ച വിവാദങ്ങളുടെ പുകമറയില്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിചാരി, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു വിജയത്തിന്റെ ‘അന്തിമമായ ജനവിധി’ ഉയര്‍ത്തികാട്ടി പ്രതിരോധം തീര്‍ക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് ഭരണത്തകര്‍ച്ചയുടെയും വ്യവസ്ഥിതിവിനാശത്തിന്റെയും ഭയാനക യാഥാര്‍ഥ്യങ്ങളില്‍ നിന്ന് എത്രനാള്‍ ഒളിച്ചോടാന്‍ കഴിയും?
പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നു കാറുകളിലായെത്തിയ 13 അംഗ അക്രമിസംഘം കെവിന് അഭയം തേടിയിരുന്ന മാന്നാനത്തെ ബന്ധുവിട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കെവിനെയും ബന്ധുവായ യുവാവിനെയും തട്ടിക്കൊണ്ടുപോയി എന്ന വിവരം തത്സമയം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ല എന്നത് കേവലമായ അനാസ്ഥയും നിഷ്ക്രിയത്വവുമായി കാണാനാവില്ല. നേരം പുലരും മുന്‍പേ കെവിന്റെ പിതാവും തുടര്‍ന്ന് താന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നെത്തിയ ബികോം വിദ്യാര്‍ഥിനിയായ പ്രതിശ്രുത വധുവും കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പറും മറ്റു തെളിവുകളും സഹിതം നേരിട്ട് പരാതിപ്പെട്ടിട്ടും അവര്‍ അനങ്ങിയില്ല. കോട്ടയത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട അകമ്പടിയുടെ തിരക്കു കഴിഞ്ഞിട്ട് കേസ് പരിഗണിക്കാം എന്ന നിലപാടിലായിരുന്നു സ്റ്റേഷന് അധികൃതര്‍. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കി പാതിരാത്രി വഴിയില്‍ കാത്തുകിടന്ന അക്രമിസംഘത്തെ പട്രോളിങ്ങിനിടെ കണ്ടതായി പറയുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറും സിവില്‍ പൊലീസ് ഓഫിസറായ ഡ്രൈവറും അവരില്‍ നിന്ന് 2,000 രൂപ കൈപ്പറ്റിയതായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തിന്റെ നീക്കങ്ങളെല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. കെവിന്റെ പിതാവും പെണ്‍കുട്ടിയും അക്രമിസംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടെത്തിയ ബന്ധുവായ യുവാവും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് മുറവിളി കൂട്ടിയിട്ടും 24 മണിക്കൂര്‍ കഴിഞ്ഞാണ് കേസെടുത്തത്. കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കൊല്ലം പുനലൂരിനടുത്ത് ചാലിയക്കര ആറ്റില്‍ കണ്ടെത്തി. മര്‍ദനമേറ്റ് അവശനായ കെവിന് ആറ്റില്‍ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നു. ദേഹത്ത് 15 ചതവുകളും ജനനേന്ദ്രിയത്തില്‍ ചവിട്ടേറ്റ പരിക്കുകളുമുണ്ടായിരുന്നു.
പൊലീസ് തക്കസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കെവിന്റെ ജീവന് രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മാന്നാനത്തു നിന്ന് തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ അക്രമിസംഘം ഏതാണ്ട് ആറു പൊലീസ് സ്റ്റേഷന് അതിര്‍ത്തികള്‍ താണ്ടിയിരുന്നു. യുവാവിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായിട്ടും പൊലീസ് ശൃംഖല ചലനമറ്റുകിടന്നു.
കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു മുന്‍പുതന്നെ കോട്ടയം പൊലീസ് സ്റ്റേഷനില്‍ കെവിനെയും പെണ്‍കുട്ടിയെയും വിളിച്ചുവരുത്തി പെണ്‍കുട്ടിയെ അവളുടെ പിതാവിനോടൊപ്പം വിടാന്‍ സമ്മര്‍ദംചെലുത്തിയിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി വിവാഹ രജിസ്ട്രേഷന്റെ രേഖകള്‍ കാണിച്ചിട്ടും സ്റ്റേഷന് ഓഫിസര്‍ അവളെ ഭീഷണിപ്പെടുത്തി പിതാവിനോടൊപ്പം പോകാന്‍ നിര്‍ബന്ധിച്ചു. പൊലീസുകാരുടെ മുന്പില് വച്ച് പിതാവ് അവളെ മര്‍ദിച്ചതായും പറയുന്നു. തട്ടിക്കൊണ്ടുപോകലിന്റെ മുഴുവന്‍ പശ്ചാത്തലവും വ്യക്തമായി അറിയാമായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കെവിന്റെ ജീവന് രക്ഷിക്കാന്‍ ഒരു നീക്കവും നടത്തിയില്ല എന്നത് ഗൂഢാലോചനയില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച് സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പ്രാദേശിക നേതാക്കളും സജീവപ്രവര്ത്തകരുമായവരാണ് കേസില്‍ ഏതാനും പ്രതികള്‍ എന്നത് രാഷ്ട്രീയ സ്വാധീനത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.
നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തി എന്നതിന് സബ് ഇന്‍സ്പെക്ടറെയും ഒരു എഎസ്ഐയെയും സിവില്‍ പൊലീസ് ഓഫിസറെയും സസ്പെന്‍ഡ് ചെയ്യുകയും ജില്ലാ പൊലീസ് മേധാവിയെ സ്ഥലംമാറ്റുകയും ചെയ്തു. പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നതിന് എഎസ്ഐയെയും ഡ്രൈവറെയും പിന്നീട് അറസ്റ്റു ചെയ്തു. കേസില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനും മടിക്കില്ല എന്ന സൂചനയാണ് അഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയത്.
പൊലീസിന്റെ കര്‍ത്തവ്യനിര്‍വഹണ ജാഗ്രതയില്‍ കൊടിയ പാളിച്ച പറ്റിയെന്ന് സമ്മതിച്ചുവെങ്കിലും, ആ ചെറുപ്പക്കാരന്റെ മരണം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നു എന്നു രോഷംകൊള്ളാനും മുഖ്യമന്ത്രി മുതിര്‍ന്നു. ആര്‍ക്കും കയറി കൊട്ടാന്‍ വഴിയില്‍ തൂക്കിയ ചെണ്ടയല്ല താന്‍ എന്ന് വിമര്‍ശകരെ താക്കീതു ചെയ്യാനും അദ്ദേഹം മടിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ എന്തെങ്കിലും പന്തികേടുണ്ടെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഇത്ര വിറളിപിടിക്കുന്നത് കരുത്തനായ ഭരണാധികാരിയുടെ ലക്ഷണമായി കരുതാനാവില്ല.
പ്രാദേശിക ഹര്‍ത്താലും നിയമസഭാ സ്തംഭനവും രാഷ്ട്രീയ പ്രതിഷേധപ്രകടനങ്ങളും ജനരോഷത്തിന്റെയും സമൂഹത്തിന്റെ ആകുലതയുടെയും പ്രതിഫലനമാണ്. പ്രണയത്തിന്റെ പേരില്‍ കെവിന് എന്ന ദളിത് ക്രൈസ്തവ യുവാവിന്റെ കൊലപാതകം പൗരന്റെ ജീവനും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഭരണകൂടത്തിന്റെ വീഴ്ച മാത്രമല്ല. പ്രബുദ്ധതയുടെയും പുരോഗമനത്തിന്റെയും സാംസ്കാരിക ഉല്‍ക്കര്‍ഷത്തിന്റെയും പരിഷ്കാരങ്ങളുടെയും നാട്യങ്ങള്‍ക്കു പിറകില്‍ മലയാളി സാമൂഹിക ജീവിതത്തിന്റെ ഉള്‍ത്തടങ്ങളില്‍ മൂടിപ്പൊതിഞ്ഞുവച്ചിരിക്കുന്ന ജാതിവിവേചനത്തിന്റെയും വംശവെറിയുടെയും ദുര്‍ഭൂതങ്ങളുടെ അഴിഞ്ഞാട്ടവും ഇവിടെ കാണാനാകും. പഴയ ജാതിവ്യവസ്ഥയുടെയും ജന്മിത്വത്തിന്റെയും ഉച്ചനീചത്വത്തിന്റെയും കെട്ടുപാടുകളില്‍ നിന്നും സ്ഥാപിതരൂപങ്ങളില് നിന്നും കേരള സമൂഹത്തിന് ഇനിയും മോചനമില്ലെന്നതാണ് പൊള്ളുന്ന പരമാര്‍ഥം. മലയാളിക്ക് ജാത്യാ ഉള്ളതാണ് കുലമാഹാന്മ്യ തോറ്റം. മാനവാന്തസും മനുഷ്യരുടെ തുല്യതയുമാണ് ജനാധിപത്യബോധത്തിന്റെ ഉള്‍ക്കാമ്പ്. ആഭിജാത്യത്തിന്റെയും ജാതിമഹിമയുടെയും പേരിലുള്ള അസഹിഷ്ണുതയും അസ്പൃശ്യതയും അത്യാചാരവും കേരളത്തിന്റെ അഭിമാനത്തെയാണ് കൊലചെയ്യുന്നത്. സ്വത്വരാഷ്ട്രീയത്തിനുമപ്പുറം മാനവികതയുടെയും ആധ്യാത്മികതയുടെയും മൂല്യങ്ങളിലൂന്നിയ സാമൂഹിക അപഗ്രഥനവും ബോധനവും ആത്മപരിശോധനയും വീണ്ടെടുപ്പിലേക്കുള്ള മാര്‍ഗം തെളിച്ചേക്കും.
Related
Related Articles
പ്രവാസികളെ കൊണ്ടുവരുന്നത് മുന്‍ഗണനാക്രമത്തില്‍: മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മുന്‍ഗണനാക്രമത്തിലായിരിക്കും കൊണ്ടുവരിക. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ലേബര്‍
ബില്ലി ഗ്രഹാം: ഒരു പ്രകാശവര്‍ഷത്തിന്റെ ഓര്മ
ബില്ലി ഗ്രഹാം എന്ന ലോകപ്രശസ്ത സുവിശേഷകന് കത്തോലിക്കനായിരുന്നില്ല. പക്ഷേ, ക്രിസ്തുവിനെ സ്നേഹിച്ച, ബൈബിളിനെ സ്നേഹിച്ച, വിശ്രമമില്ലാതെ ക്രിസ്തുവിനെ പ്രഘോഷിച്ച മഹാനായ സുവിശേഷ പ്രവര്‍ത്തകനായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:
ഫാ സ്റ്റാൻ സ്വാമിക്കെതിരെ മനുഷ്യാവകാശ ധ്വംസനം ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക് കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല .