Breaking News

ആലപ്പുഴയിലൂടെ നിശബ്ദനായി നടന്നുപോകുന്ന ഒരാള്‍

ആലപ്പുഴയിലൂടെ നിശബ്ദനായി നടന്നുപോകുന്ന ഒരാള്‍

ഒരു കഥയോ കവിതയോ അച്ചടിച്ചു വന്നാല്‍ പോലും സെലബ്രിറ്റിപട്ടം സ്വയം എടുത്തണിഞ്ഞ് ആഘോഷിക്കുന്നവരുടെ കാലത്തിലുടെയാണ് നാം കടന്നു പോകുന്നത്. ഒരു സിനിമയില്‍ ഒന്നു മുഖം കാണിച്ചാല്‍ മതി അയാള്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിത്വമാകും. അത്തരം ഒരു കാലഘട്ടത്തിലാണ്, വാര്‍ദ്ധക്യത്തിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് 80 വയസ് പിന്നിടുന്ന കാലത്തും താന്‍ സംവിധാനം ചെയ്ത പ്രണയസിനിമ ‘അന്തകുയില്‍ നീ താനാ’ തമിഴ്‌നാട്ടിലെ നിറഞ്ഞ സദസുകളില്‍ ഓടുന്നതിന് സാക്ഷിയാകുന്നതിന്റെ ജാഡകളില്ലാതെ ആള്‍ക്കൂട്ടത്തില്‍ അറിയപ്പെടാത്തവനോ, ശ്രദ്ധിക്കപ്പെടാത്തവനോ ആയിപോകുന്നതില്‍ പരിഭവമൊന്നുമില്ലാതെ സ്റ്റാന്‍ലി ജോസ്’ എന്ന ഈ ചെറിയ വലിയ മനുഷ്യന്‍ ആലപ്പുഴയുടെ നഗരവീഥികളിലുടെ നിശബ്ദനായി നടന്നുപോകുന്നത്. ‘അന്ത കുയില്‍ നീ താനാ’ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ആയ 2016ലെ ഡിസംബറില്‍ ആലപ്പുഴ തുമ്പോളി സ്വദേശിയായ സ്റ്റാന്‍ലി മാഷ് 81 വയസ് പൂര്‍ത്തിയാക്കി എന്നോര്‍ക്കുക.
ഇപ്പോള്‍ സ്റ്റാന്‍ലി മാഷിനെക്കുറിച്ച് ഇങ്ങനെ ഒരു കുറിപ്പ് എഴുതണം എന്നു തോന്നാന്‍ കാരണം പലപ്പോഴും ഈ വലിയ മനുഷ്യനെ മാധ്യമങ്ങള്‍ അവഗണിക്കുന്നതിന്റെ ധാര്‍മിക രോഷം കൊണ്ടാണ്. അജ്ഞത ആടയാഭരണമാക്കിയവരാണല്ലോ വൈജ്ഞാനികരായി ഇന്ന് നമ്മുടെ പത്ര, ദൃശ്യമാധ്യമങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ആലപ്പുഴ രൂപതാദേശത്തിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തെ നന്നായി അറിയുന്ന സ്റ്റാന്‍ലിമാഷിനെ പോലുള്ള ഒരാളെ ഒഴിവാക്കിയാണ് ആലപ്പുഴയുടെ കലാസാംസ്‌കാരത്തെ കുറിച്ച് അവര്‍ വാചാലരാകുന്നത്. സ്റ്റാന്‍ലി മാഷിന്റെ തെക്കേപാലയ്ക്കല്‍ തറവാടിന്റെ അകത്തളത്തില്‍ വിരിച്ച പായിലിരുന്ന് യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ഭാഗവതരെ പോലുള്ളവര്‍ ഹാര്‍മോണിയം വായിച്ച് പാട്ട് പാടിയിരുന്നതുപോലുള്ള പഴയ കഥകളൊന്നും ഇവര്‍ക്കറിയില്ലല്ലോ. കേരളീയ കലാസാംസ്‌കാരിക ചരിത്രത്തിന്റെ നാഴികക്കല്ലുകളും ആലപ്പുഴ രൂപതാംഗങ്ങളുമായ വി. എസ് ആന്‍ഡ്രൂസ്, വിമല്‍കുമാര്‍, ആലപ്പി വിന്‍സെന്റ് തുടങ്ങിയവരെയൊക്കെ ഒഴിവാക്കിയാണ് പലപ്പോഴും സാംസ്‌കാരിക ചരിത്രങ്ങള്‍ എഴുതുന്നതെന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെ. ഇനി സ്റ്റാന്‍ലി ജോസ് എന്ന സ്റ്റാന്‍ലിമാഷെക്കുറിച്ച് പറയാം.
ഞങ്ങള്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സ്റ്റാന്‍ലിമാഷ് എന്നാണ് വിളിക്കുക. ഒരു കലാകാരനെന്നതിനുപരി അങ്ങനെ വിളിക്കപ്പെടാന്‍ വേണ്ടും ആദരണീയനാണ് അദ്ദേഹം. മലയാളികളുടെ പ്രിയ സംവിധായകരായ ഫാസില്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ തുടങ്ങിയവര്‍ മുതല്‍ പുതിയ സംവിധാന നിരയിലെ ആലപ്പുഴക്കാരന്‍ പോള്‍സണ്‍ വരെ ഹരിശ്രീ കുറിച്ചത് സ്റ്റാന്‍ലി ജോസില്‍ നിന്നാണ്. ആദരണീയവും ഗുരുസ്ഥാനീയവുമായ വ്യക്തിത്വമായതുകൊണ്ടാണ് അദ്ദേഹം സാധാരണക്കാര്‍ക്കും സ്റ്റാന്‍ലിമാഷ് ആകുന്നത്.
മലയാള സിനിമാ ചരിത്രത്തിന്റെ അടയാളക്കല്ലുകളില്‍ ഒന്നാണ് കണ്ടക്കടവ് സ്വദേശിയായ അറയ്ക്കല്‍ തോമസ് എന്ന വിമല്‍കുമാര്‍. മലയാള സിനിമയ്ക്ക് ആദ്യ ദേശീയ ്അവാര്‍ഡ് നേടിക്കൊടുത്ത രാമു കാര്യാട്ടിന്റെ ഗുരു. രാമു കാര്യാട്ടിനെയും പി. ഭാസ്‌കരനെയും ശശികുമാറിനെയും സംവിധാനത്തിന്റെ ബാലപാഠം പഠിപ്പിച്ച അതേ വിമല്‍കുമാറിന്റെ അടുത്ത ശിഷ്യനായാണ് സ്റ്റാന്‍ലിമാഷ് സിനിമാരംഗത്തെത്തുന്നത്. പിന്നീട് കുഞ്ചാക്കോയുടെ ഉദയാ സറ്റുഡിയോയില്‍ ചീഫ് ടെക്‌നീഷ്യനായി വിമല്‍കുമാര്‍ ജോലി ചെയ്യുന്ന കാലത്തും സഹസംവിധായകനായി സ്റ്റാന്‍ലി മാഷ് ഉണ്ടായിരുന്നു. എന്നാല്‍, ഉദയായില്‍ ഒതുങ്ങുന്നതായിരുന്നില്ല സ്റ്റാന്‍ലി മാഷിന്റെ ചലച്ചിത്ര ജീവിതം. അറുപതുകളില്‍ മെറിലാന്‍ഡ് സ്റ്റുഡിയോ നിര്‍മിച്ച ഏഴോളം ചിത്രങ്ങളില്‍ സ്റ്റാന്‍ലി മാഷ് സഹസംവിധായകനായി ഉണ്ടായിരുന്നു.
അവിടെയും തീരുന്നില്ല മലയാള സിനിമയില്‍ സ്റ്റാന്‍ലി മാഷിന്റെ കൈയൊപ്പുകള്‍. എം. ടി വാസുദേവന്‍ നായരുടെ ‘ഓളവും തീരവും’ പി. എന്‍ മേനോന്‍ സംവിധാനം ചെയ്യുമ്പോള്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് സ്റ്റാന്‍ലിമാഷായിരുന്നു. മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രമായ ‘തച്ചോളിഅമ്പു’വില്‍ നവോദയ അപ്പച്ചന്റെ സഹസംവിധായകനായതും, മലയാളത്തിലെ ആദ്യ 70 എം. എം ചിത്രമായ പടയോട്ടം നവോദയയ്ക്കുവേണ്ടി അപ്പച്ചന്റെ പുത്രന്‍ ജിജോ സംവിധാനം ചെയുമ്പോള്‍ സംവിധാന മേല്‍നോട്ടം വഹിച്ചതും സ്റ്റാന്‍ലി മാഷ് തന്നെ. നവോദയ്ക്കുവേണ്ടി ഫാസില്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സംവിധാനം ചെയ്യുമ്പോള്‍ സുപ്രവൈസിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചതും സ്റ്റാന്‍ലിമാഷ് തന്നെ.
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയെ നായികയാക്കി സ്റ്റാന്‍ലി മാഷ് സംവിധാനം ചെയ്ത ‘വേഴാമ്പല്‍’ (1977) എന്ന ചിത്രത്തിലുടെയാണ് പിന്നീട് നായകസ്ഥാനത്തെത്തിയ രതീഷ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജഗതി ശ്രീകുമാറിന് ആദ്യമായി ഒരു പ്രധാന വേഷം ചെയ്യുവാന്‍ അവസരമുണ്ടായതും സ്റ്റാന്‍ലിമാഷിന്റെ ഈ ചിത്രമാണ്. സ്റ്റാന്‍ലിമാഷ് തന്നെ സംവിധാനം ചെയ്ത ‘അമ്മയും മക്കളും’ (1980) എന്ന ചിത്രത്തിലുടെയാണ് അദ്ദേഹത്തിന്റെ ഭാര്യ കനകം സ്‌റ്റെല്ല തിരക്കഥാ രചനയിലേക്ക് വരുന്നത്. എണ്‍പതാം വയസില്‍ സ്റ്റാന്‍ലിമാഷ് ‘അന്തകുയില്‍ നീ താനാ’ എന്ന തമിഴ് പ്രണയചിത്രത്തിന് ജന്മം നല്‍കുമ്പോള്‍ തിരക്കഥാകൃത്തായി കൂടെ നിന്നതും കനകം സ്‌റ്റെല്ല തന്നെ.
2016ല്‍ ഫെഫ്ക വിശിഷ്ടാംഗത്വം നല്‍കി സ്റ്റാന്‍ലിമാഷിനെ ആദരിച്ചിരുന്നു. സ്റ്റാന്‍ലിമാഷിന്റെ ‘അന്തകുയില്‍ നീ താനാ’ എന്ന ചിത്രത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം (2017) മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നമ്മുടെ പല മുഖ്യധാര പത്രങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും വിളിപ്പാട് മാത്രം അകലെ ആസ്ഥാനമുള്ള പ്രസിദ്ധീകരണങ്ങള്‍ സ്റ്റാന്‍ലിമാഷ് എന്ന ചലച്ചിതപ്രതിഭയെ അറിയാതെ പോകുന്നത് ബോധപൂര്‍വമാണ് എന്നു പറയാതെ വയ്യ. സിനിമ ഒരു പാഷനായി കണ്ട് ഈ രംഗത്തേക്ക് വന്ന സ്റ്റാന്‍ലി മാഷ് സെല്‍ഫ് പ്രൊമോഷനിലും ആര്‍ഭാട ആഘോഷങ്ങളിലും വ്യാപൃതനല്ല എന്നതും ഇതോടു ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
സ്റ്റാന്‍ലിമാഷിന്റെ ജീവിതം നമുക്കു തരുന്ന ഒരു സന്ദേശമുണ്ട്. കലാകാരന്റെ ജീവിതദൗത്യം ആവിഷ്‌കാരമാണ്, വ്യക്തിത്വത്തിന്റെ ആഘോഷമല്ല എന്നത്. മലയാളികള്‍ ഈ പ്രതിഭയെ തിരിച്ചറിയാതെയും ആദരിക്കാതെയും കടന്നുപോകരുതെന്ന് അഭ്യര്‍ത്ഥന.

മാര്‍ട്ടിന്‍ ഈരേശ്ശേരില്‍Related Articles

ജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍

വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ആലയത്തിന്റെ കാര്യസ്ഥനാണ് കപ്യാര്‍. ആദിമകാലത്ത് സഭയില്‍ സ്ഥിരം ഡീക്കന്മാര്‍ വഹിച്ചിരുന്ന പദവിയാണ് പള്ളിയിലെ പൂജാപാത്രങ്ങളും തിരുവസ്ത്രങ്ങളും സൈത്തും ആരാധനക്രമഗ്രന്ഥങ്ങളും സൂക്ഷിക്കുന്ന നിക്ഷേപാലയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്ന

ജനഹൃദയങ്ങളെ തൊട്ടറിയുന്ന ഇടയന്‍

കടല്‍ത്തിരകളെ തൊട്ടുനില്‍ക്കുന്ന ഓലമേഞ്ഞ വീട്ടില്‍ വളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ച്, ജീവിതഭാരങ്ങള്‍ക്കു നടുവില്‍ കണ്ണുമടച്ചു പ്രാര്‍ഥിക്കുന്ന അമ്മ പകര്‍ന്നുനല്‍കിയ ദൈവാനുഭവത്തെക്കുറിച്ച്, കടലെടുത്ത ജീവിതങ്ങളെയും തുറകളിലെ ഒടുങ്ങാത്ത വിലാപങ്ങളെയുംകുറിച്ച് ഹൃദയവ്യഥയോടെ എന്നും

അരങ്ങിന്റെ ജീവിതപാഠങ്ങള്‍

കാണികള്‍ക്കിടയില്‍ നിന്നുമുയരുന്ന ആരവങ്ങള്‍, പ്രതികരണങ്ങള്‍, നിശബ്ദതകള്‍. അരങ്ങില്‍ നിന്നും നോക്കുമ്പോഴത് ജീവിതത്തിന്റെ പരിച്ഛേദം. നാടകത്തട്ടിലെ ആ ജീവിതക്കാഴ്ചകളാണ് പൗളി വത്സനെന്ന കലാകാരിയെ വളര്‍ത്തി വലുതാക്കിയത്. പതിനൊന്നാം വയസിലാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*