ആലപ്പുഴ തിരുഹൃദയ സെമിനാരിക്ക് 150 വയസ്സ്

കേരളത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ താഴെത്തട്ടില്‍ അധികാര പങ്കാളിത്തം സംജാതമാക്കിയ ചരിത്ര സംഭവം കാല്‍നുറ്റാണ്ട് പൂര്‍ത്തിയായ വേളയിലാണ് ഒരുപറ്റം വിശ്വാസികള്‍ തങ്ങളുടെ മക്കള്‍ക്കായി പ്രതിബദ്ധതയോടെ ആലപ്പുഴ പട്ടണത്തില്‍ സ്വന്തംനിലയില്‍ പണിതുയര്‍ത്തിയ ഒരു മേജര്‍ സെമിനാരിയുടെ നൂറ്റമ്പതാം വാര്‍ഷികം ആഘോഷിക്കപ്പെടുന്നത്.
അതാതിടങ്ങളിലെ ആവശ്യകതയും സാധ്യതയും പരിഗണിച്ച് സഭാനേതൃത്വം തീരുമാനമെടുത്ത് സെമിനാരികള്‍ സ്ഥാപിച്ചു നടത്തുന്ന പതിവു സമ്പ്രദായത്തെ ആശ്രയിക്കാതെ സമുദായ നേതൃത്വം തങ്ങളുടെ അടിയന്തര അവശ്യം വിലയിരുത്തി സ്വന്തം പരിശ്രമത്തില്‍ സ്ഥാപിച്ച സെമിനാരിയുടെ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്. ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിലകൊള്ളുന്ന സെമിനാരിയുടെ ഹെരിട്ടേജ് ബില്‍ഡിംഗ് ലത്തീന്കാര്ക്കിടയിലെ അഞ്ഞൂറ്റിക്കാരുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ്.
ആലപ്പുഴ-കൊച്ചി തീരദേശങ്ങളിലെ വിശ്വാസികളില്‍ തീക്ഷ്ണമതികളായ അല്മായര് സംഘം ചേര്‍ന്ന് മുന്‍കൈയെടുത്ത് സെമിനാരിക്കായി ധനശേഖരം നടത്തി, അതുപയോഗിച്ച് പുരയിടം വാങ്ങി, കെട്ടിടം നിര്‍മ്മിച്ച്, അവ സഭാമേലധികാരികള്‍ക്ക് ദാനംചെയ്ത സംഭവം അത്യപൂര്‍വമായ ഒന്നാണ്. അല്മായ വിശ്വാസികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ സമാനതകളില്ലാത്ത ഈ ജനകീയ ഇടപെടല്‍ ചരിത്രത്തില്‍ ദീപ്തി പരത്തി നിലനില്ക്കും.
അപ്പസ്തോലിക കാലത്ത് ആരംഭിച്ച സുവിശേഷവല്‍ക്കരണ ദൗത്യം ആഗോള കത്തോലിക്ക സഭ നാളിതുവരെ തുടര്‍ന്നുവരികയാണ്. വേദപ്രചരണത്തിന് ആക്കം വര്‍ദ്ധിപ്പിച്ചത് ആദിമകാലം മുതല്‍ക്കെ സഭയില്‍ സുവിശേഷകര്‍ക്കും വൈദികര്‍ക്കും നല്കിവന്നിരുന്ന പരിശീലനങ്ങളാണ്. ദൗത്യവാഹകരെ പരിശീലിപ്പിച്ചിരുന്ന ഇടങ്ങളാണ് സെമിനാരികള്‍. പൂര്‍വകാലങ്ങളില്‍ ഭാരതത്തില്‍ ഇവ്വിധം പരിശീലനം നല്‍കിയിരുന്നത് പള്ളിമേടകളോടുചേര്ന്ന് പ്രവര്‍ത്തിച്ചിരുന്ന ‘മല്‍പ്പാനേറ്റുകള്‍’ ആയിരുന്നു. ഭാരതത്തില്‍ വിദേശ മിഷനറിമാരുടെ വരവോടെ സെമിനാരികള്‍ക്കായി മല്‍പ്പാനേറ്റുകള്‍ വഴിമാറി. മിഷനറിമാര്‍ ജ്ഞാനസ്നാനാര്ത്ഥികള്ക്കും പുരോഹിതര്‍ക്കും വേണ്ടിയാണ് പരിശീലന കേന്ദ്രങ്ങള്‍ തുറന്നത്. ഫ്രാന്‍സിസ്കന്‍ വൈദികരാണ് ആദ്യമായി 1522ല്‍ കൊച്ചിയില്‍ ഒരു സെമിനാരി ആരംഭിച്ചത്. ഇത് ഡിയോഗൊ ലോപ്പസ് ഗവര്‍ണര്‍ ആയിരുന്ന കാലത്താണ്. 1541ല്‍ കൊച്ചിയിലെ പ്രസിദ്ധ സെന്റ് പോള്‍സ് കോളജ് നിലവില്‍ വന്നു. 1581ല്‍ ഈശോസഭക്കാര്‍ വൈപ്പിക്കോട്ടയിലും 1682ല്‍ കര്‍മ്മലീത്തക്കാര്‍ വരാപ്പുഴയിലും സെമിനാരികള്‍ ആരംഭിച്ചു. എന്നാല്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതിബോധം സെമിനാരികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി ഭവിച്ചു. അക്കാലത്ത് കേരള കത്തോലിക്കര്‍ക്കിടയില്‍ ഉണ്ടായിരുന്ന സുറിയാനി-ലത്തീന്‍ വേര്‍തിരിവും ലത്തീന്‍കാരുടെ അവാന്തരവിഭാഗങ്ങള്ക്കിടയില് ഉണ്ടായിരുന്ന ഭിന്നതയും വൈദികവിദ്യാര്‍ത്ഥികളുടെ സെമിനാരി പ്രവേശനത്തെയും പരിശീലനത്തെയും ബാധിച്ചു.
ഇങ്ങനെ സെമിനാരികളുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവേചനത്തിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്ക് നല്കിയ പ്രബുദ്ധതയാര്‍ന്ന മറുപടിയാണ് 1870ലെ ആലപ്പുഴ തിരുഹൃദയ സെമിനാരിയുടെ സ്ഥാപനം.
ചരിത്രപശ്ചാത്തലം അല്മായ-പുരോഹിത സഹകരണ മുന്നേറ്റമാണ് തിരുഹൃദയ സെമിനാരി യാഥാര്‍ത്ഥ്യമാക്കിയത്. 1952ല്‍ നിലവില്‍ വന്ന ആലപ്പുഴ രൂപതയിലെ മുഖ്യധാരാ സമൂഹമാണ് ലത്തീന്‍ കത്തോലിക്കരിലെ ‘അഞ്ഞൂറ്റിക്കാര്‍.’ വംശീയ പാരമ്പര്യത്തിന്റെ വേരോട്ടമുള്ള ഇക്കൂട്ടര്‍ തീരദേശത്ത് വടക്ക് കൊടുങ്ങല്ലൂര്‍ മുതല്‍ തെക്ക് കാര്‍ത്തികപള്ളി വരെയുള്ള പ്രദേശങ്ങളിലായി ജീവിച്ചുവരുന്നു. കൊച്ചി രൂപതയുടെ ഭാഗമായി കഴിഞ്ഞിരുന്ന ഇവരെ രാജഭരണകാലത്ത് റവന്യൂ രേഖകളില്‍ നസ്രാണികളെന്നും ഇക്കാലത്ത് സര്‍ക്കാര്‍/കോടതി രേഖകളില്‍ ”അഞ്ഞൂറ്റിക്കാര്‍” എന്നും വിവക്ഷിക്കപ്പെടുന്നു. മലബാര്‍ സ്വതന്ത്രസഭയെന്നറിയപ്പെടുന്ന അഞ്ഞൂര്സഭയുടെ പൂര്‍വ്വികരുമായി ബന്ധപ്പെടുത്തിയുള്ള അക്കാദമിക ചര്‍ച്ചകള്‍ ഇക്കൂട്ടരെ സംബന്ധിച്ച് നടക്കുന്നുമുണ്ട്.
ഇന്നത്തെ ആലപ്പുഴ രൂപതാംഗങ്ങളുടെ പൂര്‍വ്വികര്‍ 1825നുശേഷം ഒരു പ്രതിസന്ധി നേരിട്ടു. തങ്ങളുടെ മക്കള്‍ക്ക് വരാപ്പുഴ സെമിനാരിയില്‍ ലഭിച്ചിരുന്ന പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. മലബാര്‍ വികര് അപ്പസ്തോലിക്ക ആയിരുന്ന ബിഷപ് മിലെസ് പെന്ഡര്ഗാസ്റ്റിന്റെ (1821 – 28) കാലത്ത് ആരംഭിച്ച വിവേചനപരമായ ഈ നീക്കം പിന്‍ഗാമിയായ ബിഷപ്പ് മൗറെലിയൂസ് സ്റ്റബിലീനിയുടെ കാലത്ത് (1828-1831) ശക്തമായ പിന്തുണ അഞ്ഞൂറ്റിക്കാര്ക്കുണ്ടായിരുന്
പ്രബുദ്ധതയുടെ ചുവടുവയ്പ്പ്
സെമിനാരി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിയെ മറികടക്കുവാനായി സമുദായ നേതാക്കള്‍ ജനാധിപത്യരീതിയില്‍ അതിനെ നേരിടാനാണ് തയ്യാറായത്. പ്രതിവിധി തേടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി 10 വൈദികരും നാലുവൈദികാര്ത്ഥികളും വ്യത്യസ്ത കുടുംബപേരുകള്‍ ഉള്ള 215 അല്മായരും ചേര്‍ന്ന് 1831 ഓഗസ്റ്റ് 31ന് അര്‍ത്തുങ്കലില്‍ നിന്നു റോമിലേക്ക് സെമിനാരി പ്രവേശനത്തില്‍ വന്നിട്ടുള്ള വിവേചനത്തിനു പരിഹാരം ഉണ്ടാകണമെന്നുള്ള അഭ്യര്‍ത്ഥനയുമായി നിവേദനം അയച്ചു. ബിഷപ് സ്റ്റബിലീനിയുടെ ശുപാര്‍ശയോടെ അയച്ച പ്രസ്തുത മെമ്മോറാണ്ടത്തിന്റെ അസ്സല് റോമിലെ ആര്‍കൈവ്സില്‍ നിന്നു കണ്ടെത്തി വിശദാംശങ്ങള്‍ ശേഖരിച്ച് പുറംലോകത്തിനു നല്‍കിയത് ചരിത്രകാരനായ ബിഷപ് മൈക്കിള്‍ ആറാട്ടുകുളമാണ്. നിവേദനത്തില്‍ ഒപ്പുവച്ചവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു പിച്ചളഫലകം നിവേദനത്തിന്റെ 175-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അര്‍ത്തുങ്കലെ ഹെരിട്ടേജ് ദേവാലയത്തില്‍ 2006ല്‍ സ്ഥാപിച്ചു. 175-ാം വാര്‍ഷികാഘോഷം അര്‍ത്തുങ്കല്‍ പാരിഷ്ഹാ ളില്‍ വച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ച ചരിത്രകാരന് എം.ജി.എസ്. നാരായണന് പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ”അന്ന് 215 സാധാരണക്കാരായ വിശ്വാസികളും കുറെ വൈദികരും ചേര്‍ന്ന് കൊടുത്ത നിവേദനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ മാത്രമല്ല, ക്രൈസ്തവ സമുദായത്തിന്റെ മാത്രമല്ല, കേരളസമൂഹത്തിന്റെ ആകമാന ചരിത്രത്തിലെ സര്‍ഗാത്മക കാല്‍വയ്പ്പാണ്. 175 വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍പ്പാപ്പയ്ക്ക് നിവേദനം അര്‍പ്പിച്ച ആളുകളുടെ ആത്മാക്കള്‍ തീര്‍ച്ചയായും ഇന്ന് ഈ സദസ്സില്‍ സന്നിഹിതരാണ്. അവര്‍ തങ്ങള്‍ക്ക് നീതി നിഷേധിച്ചവരെ കുറ്റപ്പെടുത്തുകയല്ല ചെയ്തത്. തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതി തിരിച്ചുകിട്ടുവാന്‍ വേണ്ടി പരമാധികാരിയായ മതാദ്ധ്യക്ഷന്‍ മാര്‍പ്പാപ്പയ്ക്ക് നിവേദനം കൊടുക്കുകയാണ് ചെയ്തത്. അതൊരു ജനാധിപത്യരീതിയാണ്…. തങ്ങളുടെ അവകാശം ഉറപ്പിക്കുവാന്‍ വേണ്ടി പരസ്യമായ രീതിയില്‍ വിനയാന്വിതമായി നടത്തിയ ആ നിവേദനം കേരളത്തിലെ ജനാധിപത്യജീവിതത്തിന്റെ മുന്നോട്ടുള്ള നക്ഷത്രശോഭയോടെ നിലകൊള്ളും. അതുകൊണ്ടുതന്നെ ഈ സമ്മേളനം സ്തുതര്‍ഹ്യമാണ്… ഇന്ന് ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ആ രേഖയെ ദൈവാലയ ചുവരില്‍ മാന്യമാംവിധം അഭിവന്ദ്യപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിക്കാന്‍ സാധിച്ചു എന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന് ഒരു തിലകക്കുറിയായി ഭവിക്കുന്നു. കാരണം ഈ കാല്‍വയ്പ്പ് ഇതുപോലുള്ള മറ്റു സമൂഹങ്ങള്‍ക്കും സാധ്യമാകണം”
നിവേദനത്തിന് അനുകൂലമായ പ്രതികരണം റോമില്‍നിന്നു ലഭിച്ചെങ്കിലും അതിന്മേല് നടപടിയെടുക്കേണ്ടവര്‍ നിഷ്ക്രിയരായതിനെ തുടര്‍ന്ന് ഖിന്നരായ സമുദായ പ്രമുഖരുടെ യോഗം കുലീനമായി പ്രതികരിക്കാനാണു തീരുമാനിച്ചത്. സമുദായത്തിന്റേതായി സ്വന്തമായൊരു മേജര്‍ സെമിനാരി സ്ഥാപിച്ചു നടത്തുക എന്നതായി ആ തീരുമാനം. തിരുമാനം എന്തുവിലകൊടുത്തും നടപ്പില്‍വരുത്തുക എന്ന നിശ്ചയദാര്‍ഢ്യവുമായി സമുദായനേതാക്കളും വൈദികരുമുള്പ്പെട്ട സംഘം ഇടവകകള്‍തോറും സഞ്ചരിക്കാന്‍ തയ്യാറായി. നിവേദനത്തില്‍ ഒപ്പുവച്ചവരുടെ അനന്തരതലമുറയിലെ യുവാക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍ ആവേശം വര്‍ദ്ധിക്കുകയാണുണ്ടായത്. പള്ളിപ്പുറം മുതല്‍ കാര്ത്തികപ്പള്ളിവരെയുള്ള 14 ഇടവകകളിലെ വീടുകള്‍ കയറിയിറങ്ങി കെട്ടുതെങ്ങ് ഏര്‍പ്പെടുത്തിയും, പിടിയരി ശേഖരിച്ചും, പണം കണ്ടെത്തിയുമുള്ള പിരിവ് ശൈലി സമുദായാംഗങ്ങളുടെ ഇടയില്‍ മനപ്പൊരുത്തം വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിച്ചു. പള്ളിപ്പുറം, വൈപ്പിന്‍, സൗദി, മാനാശ്ശേരി, കണ്ടക്കടവ്, ചെല്ലാനം, എഴുപുന്ന, മനക്കോടം, തങ്കി, അര്‍ത്തുങ്കല്‍, കാട്ടൂര്‍, തുമ്പോളി, വട്ടയാലുങ്കല്, കാര്‍ത്തികപ്പള്ളി എന്നീ ഇടവകകളെ ബന്ധിപ്പിച്ചു നടത്തിയ പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്താന്‍ ഒരു പതിറ്റാണ്ടു വേണ്ടിവന്നു.
സെമിനാരി തുറക്കുന്നു
സമുദായം ശേഖരിച്ച പണം ഉപയോഗിച്ച് ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് അഞ്ചേക്കറോളം വരുന്ന വിസ്തൃതമായ സ്ഥലം 1856ല്‍ വാങ്ങിച്ചു. ഫാ.പേതൃ കസ്മീരു ദ പ്രസന്തസം, ഫാ. പാവിളു ദ കൊംസെയ്സം അക്കിലസ്സ് തേറാത്ത് എന്നീ വൈദികരുടെയും, ജോസേദ അംപാര് ഫ്രെയ്ര എന്ന ശെമ്മാശ്ശന്റെയും, കരുമാഞ്ചേരി സെബാസ്ത്യാന് ദുമ്മിങ്ക, പൊള്ളയില് പ്രംസിസ്ക്കാ ജോര്‍ജ്, പനയ്ക്കല്‍ പുരയ്ക്കല്‍ സീമോന്‍ കൊച്ചുതൊമ്മി, മികേല്‍ സെബസ്ത്യാന്‍ എന്നിവരുടെയും നേതൃത്വത്തില്‍ സെമിനാരിക്കുവേണ്ടിയുള്ള ഇരുനില കെട്ടിടം 1867ല്‍ പൂര്‍ത്തിയാക്കി. 1868 മെയ് 7ന് സ്ഥലവും കെട്ടിടവും കൊച്ചി രൂപതയ്ക്ക് ഒരു സെമിനാരി പ്രവര്‍ത്തിക്കുന്നതിനായി ഗോവ മെത്രാപ്പോലീത്ത വഴി പോര്‍ച്ചുഗല്‍ രാജാവിന്റെ സംരക്ഷണാധികാരത്തിലേക്ക് ദാനാധാരമായി എഴുതി നല്കി. കാണിക്കയാധാരത്തില് ഫാ. കാസ്മീരു പ്രസന്തസ്സും ഫാ. അക്കില്ലസ്സ് തേറാത്തും അംപാര് ഫ്രെയ്രും ചേര്‍ന്നാണ് ഒപ്പുവച്ചിരിക്കുന്നത്. നാല് അല്മായ നേതാക്കള്‍ സാക്ഷികളായും പ്രമാണത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സ്ഥാപകരുടെ ആഗ്രഹപ്രകാരം സ്ഥലവും കെട്ടിടവും സ്വീകരിച്ചുകൊണ്ടുള്ള രാജകീയ ഡിക്രി 1867 ഒക്ടോബര്‍ 14ന് ലഭിച്ചു. 1870 ഒക്ടോബര്‍ 16ന് കൊച്ചി രൂപതയുടെ അന്നത്തെ വികാരിജനറലായിരുന്ന അന്തോണി യുവിസെന്ത് ലിസ്ബോവ ആശീര്‍വ്വദിച്ച് വൈദികവിദ്യാര്‍ത്ഥികള്‍
ക്കായി തുറന്നുകൊടുത്തു. സെമിനാരി ആശീര്‍വ്വാദം അറിയിച്ചുകൊണ്ടുള്ള ക്ഷണക്കത്തില്‍ അദ്ദേഹം തന്നെയാണ് ഒപ്പുവെച്ചത്. സെമിനാരി തുറന്ന ദിവസം തന്നെ 15 വൈദികവിദ്യാര്‍ത്ഥികള്‍ക്ക് സഭാവസ്ത്രം നല്കി. സെമിനാരിയുടെ അനുദിന ചെലവുകള്‍ക്കായി മാസംതോറും മുപ്പതു രൂപാ വീതം നല്കുവാന് വികാരി ജനറല്‍ സമീപത്തെ അഞ്ച് ഇടവകകളെ ചുമതലപ്പെടുത്തി. കാട്ടൂര്‍ പള്ളിമേടയോടനുബന്ധിച്ച് മല്‍പ്പാനേറ്റ് ചുമതല വഹിച്ചിരുന്ന ഫാ. പീറ്റര്‍ കസ്മീര്‍ പ്രസന്റേഷനാണ് സെമിനാരിയുടെ പ്രഥമ റെക്ടറായി ചുമതലയേറ്റത്.
1870 മുതല്‍ 1890 വരെ ഇതൊരു മേജര്‍ സെമിനാരിയായി പ്രവര്‍ത്തിച്ചു. രണ്ടു വര്‍ഷം ഫിലോസഫിയും നാലു വര്‍ഷം തിയോളജിയുമാണ് ഉണ്ടായിരുന്നത്. അദ്ധ്യാപകരുടെ അപര്യാപ്തതമൂലം 1890ല്‍ ഇതൊരു മൈനര്‍ സെമിനാരിയായി ചുരുങ്ങിയെങ്കിലും 1893 മുതല്‍ 1897 വരെയും 1912 മുതല്‍ 1929 വരെയും മേജര്‍ സെമിനാരിയായി പ്രവര്‍ത്തിച്ചുപോന്നു. 1929ല്‍ കേരള സഭയുടേതായി പുത്തന്‍പള്ളിയില്‍ ഒരു സെമിനാരി ആരംഭിച്ചതോടെ ആലപ്പുഴയിലെ തിരുഹൃദയ സെമിനാരി മൈനര്‍ സെമിനാരിയായി മാറി. 1900 മുതല്‍ 1969 വരെ ഈ സെമിനാരിയുടെ പ്രവര്‍ത്തനം ഈശോസഭാ വൈദികരുടെ നിയന്ത്രണത്തിലായിരുന്നു. 1969 മുതലാണ് സെമിനാരിയുടെ ചുമതല ആലപ്പുഴ രൂപത പൂര്‍ണമായി ഏറ്റെടുത്തത്. 1992ല്‍ സെമിനാരിയുടെ പ്രവര്‍ത്തനം ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിനു സമീപത്തുള്ള മന്ദിരത്തിലേക്ക് മാറ്റി.
അല്മായ കരുത്ത്
ആലപ്പുഴ രൂപതയുടെ പൂര്‍വ്വചരിതം അല്മായ കരുത്തിന്റേതാണ്. സമുദായ-സഭാത്മക വിഷയങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി, അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിട്ടുള്ള അനേകം പൂര്‍വ്വസൂരികളുടെ സ്മരണ ആവേശം പകരുന്നതാണ്. 1870ലെ സെമിനാരി സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ ധാരാളം പേരുണ്ട്. സെമിനാരി തുറക്കലിന്റെ ആഘോഷ റിപ്പോര്‍ട്ടില്‍ പേരെഴുതി ഒപ്പിട്ടിരിക്കുന്നവര് പലരാണ്. കരുമാഞ്ചേരില് വസ്ത്യന്‍ ഡൊമിനിങ്കോ, പൊള്ളയില് വസ്ത്യന്‍ പാപ്പി, ഈരേശ്ശേരില്‍ ഈവാന്‍ വസ്ത്യന്‍, വെള്ളാപ്പള്ളി ഫ്രാന്‍സിസ്ക്കോ മിഖേല്‍, കൊടിവീട്ടില്‍ അന്തോണി മത്തേസ്, പനയ്ക്കല്‍ പുരയ്ക്കല്‍ സൈമണ്‍ തൊമ്മി, പൊള്ളയില് ജോസേ ഫ്രാന്‍സിസ്ക്കോ, വലിയതയ്യില്‍ കൊച്ചുപേതൃ വസ്ത്യന്‍, കാക്കരിയില്‍ വസ്ത്യന്‍ ജുവാന്‍, ചാരങ്കാട്ട് വസ്ത്യന്‍ മീങ്കു, അറയ്ക്കല്‍ പെദ്രോപാപ്പി, കളപ്പുരയ്ക്കല്‍ ജുവാന്‍ അന്തോണി, കുരിശുങ്കല്‍ വസ്ത്യന്‍ പേതൃ, ആറാട്ടുകുളങ്ങര കുഞ്ഞവിര ലോനന്, ചാരങ്കാട്ടു മീങ്കു പേതൃ. 1831ല്‍ റോമിലേയ്ക്കയച്ച മെമ്മോറാണ്ടം, 1870ലെ സെമിനാരി സ്ഥാപനത്തിനായുള്ള പ്രവര്‍ത്തനം, സെമിനാരി സ്ഥാപനവും അതിന്റെ നടത്തിപ്പും, (സെമിനാരിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ നേതൃത്വം നല്‍കിയത് അഞ്ഞൂറ്റി പരിഷാ സംരക്ഷണ സമിതിയാണ്) 1880കളില്‍ കുരിശുങ്കല്‍ കാക്കൂ കാക്കൂ പ്രസിഡന്റായും പറെകാട്ടില് ബസ്ത്യോന് പേതൃ മുഖ്യ കാര്യാന്വേഷകനായും രൂപീകൃതമായ അഞ്ഞൂറ്റി പരിഷ സംരക്ഷണസമിതിയും അതിന്റെ പ്രവര്‍ത്തനവും, 1889ല്‍ അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ചു നടത്തിയ അഞ്ഞൂറ്റി പരിഷ സംരക്ഷണസമിതിയുടെ പഞ്ചദിന സമ്മേളനവും, നിശ്ചയദാര്‍ഢ്യത്തിന്റെ തീരുമാനങ്ങളും, 1898ലെ നസ്രാണി ഭൂഷണ സമാജരൂപീകരണം, 1950ല്‍ കത്തോലിക്ക കോണ്‍ഗ്രസ്സിലെ ഷെവലിയാര്‍ ഇ.പി. വര്‍ഗീസിന്റെ നേതൃത്വം, ആലപ്പുഴ രൂപതയ്ക്കു വേണ്ടിയുള്ള അല്മായ ഇടപെടല്‍ – ഇതെല്ലാം കരുത്താര്‍ജ്ജിച്ച ഒരു ജനതയുടെ പൂര്വ്വചരിത്രമാണ് വരച്ചിടുന്നത്. 1970ല്‍ നടന്ന സെമിനാരിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാന് ബിഷപ് മൈക്കിള്‍ ആറാട്ടുകുളം അരമനക്കച്ചേരിയില് നിന്നു പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ സെമിനാരി സ്ഥാപനത്തിന്റെ ചെറുചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊരുഭാഗം ഇങ്ങനെയാണ്. ”ഏകദേശം 240 വൈദികര്‍ അവരുടെ വൈദിക വിദ്യാഭ്യാസം ഈ സെമിനാരിയില്‍ ആരംഭിക്കുകയോ പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടുണ്ട്. പഴയ കൊച്ചി രൂപതയുടെ സെമിനാരിയായി തീരണമെന്ന് അതിന്റെ സ്ഥാപകരാല് ഉദ്ദേശിക്കപ്പെടുകയും, രൂപതയുടെ പുനഃസ്ഥാപനത്തിനുശേഷം അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തത് ഈ സെമിനാരിയില്‍ തന്നെയാണ്. കൊച്ചി, ആലപ്പുഴ രൂപതകളുടെ പ്രഥമ മെത്രാന്മാര് അവരുടെ വൈദികവിദ്യാഭ്യാസം ആരംഭിച്ചത് ഇവിടെയാണ്. തിരുഹൃദയ സെമിനാരിയുടെ സ്ഥാപകരായ വൈദികരുടെയും ജനങ്ങളുടെയും മതതീക്ഷ്ണതയും ത്യാഗവും നന്ദിപൂര്‍വ്വം അനുസ്മരിക്കുകയും അവരുടെ സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കുകയും കൂടുതല്‍ ഫലദായകമാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നത് നമുക്ക് മുന്‍തലമുറയോടുള്ള ഒരു കടമ മാത്രമല്ല, നമ്മുടെ ഒരാവശ്യവുമാണ്.”
Related
Related Articles
ശമ്പളം പിടിക്കുന്നതിന് കോടതി സ്റ്റേ
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ
കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍
കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര് എല്‍ സി സി വൈസ് പ്രസിഡന്റ്
ഹൃദയത്തിലെ നല്ല നിക്ഷേപം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ
ആണ്ടുവട്ടത്തിലെ എട്ടാം ഞായർ വിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന് തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു