ആലുവ സെൻ്റ് സേവ്യേഴ്സിന് കേന്ദ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഫൈവ് സ്റ്റാർ റാങ്കിംഗ് ദേശീയാംഗീകാരം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ദേശീയ ഇന്നവേഷൻ റാങ്കിങ്ങിൽ സെൻ്റ് സേവ്യേഴ്സിന് ഫൈവ് സ്റ്റാർ അംഗീകാരം. നൂതന ആശയ വികസനം, സംരംഭകത്വം, ബൗദ്ധിക സ്വത്തവകാശം എന്നീ ഘടകങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിൽ ഈ അംഗീകാരത്തിന് അർഹത നേടിയ ദേശീയ തലത്തിലെ 125 കോളേജുകളിൽ കേരളത്തിൽ നിന്നുള്ള ഏക ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് എന്ന പദവിയും സെൻ്റ് സേവ്യേഴ്സിന് സ്വന്തം . ഒക്ടോബർ 15-ന് ഇന്നവേഷൻ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
രമേശ് പൊക്രിയാൽ ആണ് റാങ്കുകൾ പ്രഖ്യാപിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളിൽ നൂതന ആശയങ്ങളെ വളർത്തിയെടുക്കുക, സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിലൂന്നി വിദ്യാർത്ഥിനികളിൽ സംരംഭകത്വം പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2019 ൽ ആണ് ആലുവ സെൻ്റ് സേവ്യേഴ്സിൽ ഇന്നവേഷൻ കൗൺസിൽ സ്ഥാപിതമായത്. കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. സിസ്റ്റർ ശാലിനി, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. സിസ്റ്റർ സ്റ്റെല്ല, കൺവീനർമാരായ ഡോ. രേവതി എസ്, ഷെറീന ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഇന്നവേഷൻ അംബാസിഡർ എന്ന പദവിക്ക് കലാലയത്തിലെ ഏഴ് അധ്യാപകരും നാല് വിദ്യാർത്ഥിനികളും അർഹരായി.
വിദ്യാർത്ഥികളിൽ പുതിയ ആശയങ്ങളെ വളർത്തി കൊണ്ടുവരുന്നതിനായി നടത്തിയ നിരവധി പരിപാടികൾ, സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന യുവസംരംഭർക്കായുള്ള ഹാക്കത്തോൺ ഇ.ഡി. കോൺക്ലേവിൽ കോളേജ് നേടിയ ഒന്നാം സ്ഥാനം, അറിയപ്പെടുന്ന സംരംഭകരുമായി നടത്തിയ സംവാദങ്ങൾ, ഇൻറലെക്ച്വൽ പ്രൊപ്പർട്ടി റൈറ്റുമായി ബന്ധപ്പെട്ടുള്ള സംരംഭങ്ങൾ എന്നിവയാണ് 100ൽ 94 .17 പോയിൻ്റുകളുമായി സെൻ്റ് സേവ്യേഴ്സിനെ അംഗീകാരത്തിന് അർഹരാക്കിയത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ പരിസ്ഥിതി സൗഹാർദ്ദം വളർത്തുന്ന പരിപാടികളും കോളേജ് ആസൂത്രണം ചെയ്ത് പോരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്നവേഷൻ കൗൺസിലും നൽകുന്ന നിർദ്ദേശങ്ങൾ പിൻതുടർന്ന് വരുന്ന കലാലയം ആശയപരമായും സാമൂഹികമായും സ്വയം പര്യാപ്തതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ ലക്ഷ്യം വെക്കുന്നുണ്ട്. അതിനുള്ള അംഗീകാരമാണ് ഈ ഫൈവ് സ്റ്റാർ റാങ്കിങ്ങ് എന്നത് അഭിമാനാർഹമാണ്.