ആള്‍ക്കൂട്ടത്തിന്റെ (അ)ന്യായവിധി

ആള്‍ക്കൂട്ടത്തിന്റെ (അ)ന്യായവിധി

രാഷ്‌ട്രീയ കൊലപാതകങ്ങളുടെ തട്ടകമെന്നറിയപ്പെടുന്ന കേരളത്തിലെ കണ്ണൂരില്‍ ഷുഹൈബ്‌ എന്ന യുവാവിനെ ഇറച്ചിവെട്ടിനുറുക്കുന്ന ലാഘവത്തോടെ കുറ്റവാളികള്‍ 54 തവണ വെട്ടി, ഒടുവില്‍ രക്തം വാര്‍ന്ന്‌ അയാള്‍ മരിച്ചു! കുറ്റവാളികളെ കണ്ടെത്തുന്നതിന്‌ സഹായിക്കുന്നതിനു പകരം പാര്‍ട്ടിക്കാര്‍ തമ്മില്‍ പരസ്‌പരം കടിച്ചുകീറാനും, വാക്‌പോരിനും, സംഘര്‍ഷത്തിനും ഹര്‍ത്താലിനുമൊക്കെ മുന്നിട്ടിറങ്ങി ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയുണ്ടായി. കുറ്റവാളികള്‍ (ഗുണ്ടാസംഘങ്ങള്‍) തങ്ങളുടെ വളക്കൂറുള്ള മണ്ണ്‌ കണ്ണൂരില്‍ കണ്ടെത്തിയതിനാലാവാം അവരുടെ ഒളിസങ്കേതങ്ങളില്‍ ബോംബുകളും മറ്റ്‌ മാരകായുധങ്ങളും സൂക്ഷിക്കുന്നതും ഒരു നിശ്ചിത കാലയളവില്‍ അവ ലക്ഷ്യസാധ്യത്തിനായി ഉപയോഗിക്കുന്നതും. ഇതെല്ലാം കണ്ടും കേട്ടും ചിലപ്പോള്‍ ആള്‍ക്കൂട്ടം അലമുറയിടുന്നതും സര്‍വസാധാരണം!

കുട്ടികളെപിടുത്തക്കാരനെന്ന വാര്‍ത്തപരന്നതിനെത്തുടര്‍ന്ന്‌ ആളെ പിടിച്ച്‌ ഉടുതുണിയുരിഞ്ഞ്‌ മര്‍ദ്ദിച്ചവശനാക്കുന്ന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചതും കഴിഞ്ഞയാഴ്‌ചയാണ്‌. അന്വേഷണാനന്തരം അയാള്‍ക്ക്‌ കുട്ടികളെ പിടുത്തവുമായൊരു ബന്ധവുമില്ലന്നറിഞ്ഞ്‌, ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ കണ്ടാലറിയാവുന്ന ഏതാനും പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. `ചെറായി ബീച്ചി’നടുത്തെ മദ്യനിരോധന സമരപ്പന്തലിലേക്ക്‌ പാഞ്ഞുകയറിയ പൊലീസ്‌, സ്‌ത്രീകളെയും സമരാനുകൂലികളെയും അടിച്ചോടിച്ചതും അറസ്റ്റു ചെയ്‌ത്‌ വണ്ടിയില്‍ കയറ്റിയതും വാര്‍ത്തയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ അസ്‌തിത്വം ചോദ്യം ചെയ്യപ്പെടേണ്ട മറ്റൊരു ദുരന്തവേദി കേരളത്തിന്റെ തീരദേശങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന്റെയും അതിനിരയായവരുടെ കുടുംബങ്ങളുടെ ദീനരോദനത്തിന്റെയും പശ്‌ചാത്തലത്തിലാണ്‌. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ പിന്നീട്‌ പരസ്‌പരം കുറ്റപ്പെടുത്തലിലേക്ക്‌ ഒഴിഞ്ഞുനീങ്ങുമ്പോള്‍ സ്വജീവന്‍ രക്ഷിക്കാനായി മഹാസാഗരത്തിലൊരു കച്ചിത്തുരുമ്പിനായി എത്രയോപേര്‍ ഒഴുകിത്തളരുകയായിരുന്നു; തിരിച്ചറിയാനാവാത്തവിധം വികൃതമായ മൃതശരീരങ്ങള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്ന ആള്‍ക്കൂട്ടത്തിന്റെ അലമുറ ദിഗന്ധങ്ങള്‍ ഏറ്റുവാങ്ങി. ഒരുകൂട്ടം ആളുകളുടെ ആവശ്യങ്ങളോട്‌ നേതാക്കളുടെ പ്രതികരണവും, ഒരുവന്റെ തെറ്റിനോട്‌ ജനക്കൂട്ടത്തിന്റെ പരസ്യപ്രകടനവും വ്യത്യസ്‌താനുഭവങ്ങള്‍ തന്നെയാണ്‌. അവരിലെ ന്യായാന്യായങ്ങളും ആപേക്ഷികമാണ്‌! എന്നാല്‍ എന്താണീ ആള്‍ക്കൂട്ടം?

ആള്‍ക്കൂട്ടം അസത്യമാണ്‌

ദൈവശാസ്‌ത്രജ്ഞനും അസ്‌തിത്വവാദിയുമായ സൊറന്‍ കീര്‍ക്കെഗോര്‍ തന്റെ കൃതിക്ക്‌ നല്‍കിയ തലക്കെട്ടാണ്‌-“ആള്‍ക്കൂട്ടം അസത്യമാണ്‌” (The Crowd is untruth). ധാര്‍മികബോധത്തിന്റെ കണ്ണാടിയില്‍ തെളിയുന്ന സാമൂഹ്യസദാചാരത്തിന്റെ ചിത്രം പലപ്പോഴും അസത്യമായി തെളിയുന്നു എന്ന സത്യമാണ്‌ ആള്‍ക്കൂട്ടത്തിനുള്ളത്‌ എന്നാണദ്ദേഹത്തിന്റെ വീക്ഷണം. ക്രിസ്‌തുവിന്റെ ക്രൂശീകരണം അധികാരികള്‍ക്ക്‌ എളുപ്പമുള്ളതാക്കിത്തീര്‍ക്കാന്‍ ജനക്കൂട്ടത്തിന്റെ അലമുറ ഉപയുക്തമായി എന്ന്‌ ചൂണ്ടിക്കാണിക്കാവുന്നതാണ്‌.

ഉത്തരേന്ത്യയിലെ ഗോവധവുമായി ബന്ധപ്പെട്ട്‌ നിയമം കയ്യിലെടുത്ത ആള്‍ക്കൂട്ടം എത്രയോപേരെയാണ്‌ കെട്ടിയിട്ട്‌ തല്ലിക്കൊന്നത്‌? മൃഗങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനപോലുമില്ലാതെ കൊല്ലപ്പെടുന്ന നിര്‍ദ്ദോഷികളുടെ ജീവന്‌ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഏതു ജനക്കൂട്ടത്തിനാകും? ആള്‍ക്കൂട്ടം അങ്ങിനെയാണ്‌. കാര്യമറിയാതെ കല്ലെടുക്കുന്നവനെ പിന്താങ്ങുന്ന “ചിന്തയില്ലാത്തവരുടെ ഒരു വെറും കൂട്ടം” കടന്നല്‍ക്കൂട്ടില്‍ കല്ലെറിഞ്ഞ്‌ കൈകൊട്ടിച്ചിരിക്കുന്നകുട്ടിയാണ്‌ ആള്‍ക്കൂട്ടം. കടന്നല്‍ക്കുത്തേറ്റു വീഴുന്നവരുടെ വേദന ആള്‍ക്കൂട്ടത്തിനുണ്ടാകുമോ? നമ്മുടെ ഏതൊരു സമരമുഖത്തേയ്‌ക്കും സംഘര്‍ഷത്തിന്റെ കല്ലെറിയുമ്പോള്‍ ഒരുപാട്‌ നിരപരാധികള്‍ വേദനിച്ച്‌ പുളയാറില്ലേ? ഒരു ഭ്രാന്തന്‍ വികാരത്തിനടിമയാണ്‌ പലപ്പോഴും ഈ ജനക്കൂട്ടം എന്തിന്റെയൊക്കെയോ അബദ്ധമായ അനുകരണാരാധന അവരെ മദോന്മത്തരാക്കുന്നു.
ജനമന:സാക്ഷിയുടെ നിസഹായതയും നിരുത്തരവാദിത്വവും ഏറ്റവും കൂടുതല്‍ പ്രകടമായ ചരിത്രസംഭവമാണ്‌ മനുഷ്യരക്ഷകനായ യേശുക്രിസ്‌തുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട വിചാരണയും (അ)ന്യായവിധിയും. ഒരുപക്ഷെ ലോകം കണ്ട ഏറ്റവും വലിയ ക്രൂരവിനോദം! അല്ലെങ്കില്‍ മനുഷ്യന്‍ തന്റെ മേല്‍ ക്ഷണിച്ചുവരുത്തിയ മഹാവിപത്ത്‌. ദൈവപുത്രനുമേല്‍
ചാര്‍ത്തിയ കള്ളസാക്ഷ്യത്തെ ആഘോഷമാക്കിത്തീര്‍ത്തതാണ്‌ ജനക്കൂട്ടത്തിന്റെ അസത്യം. സര്‍വചരാചരങ്ങളെയും വിധിക്കാനധികാരമുള്ളനെ, നീ ആരെയും വിധിക്കരുതെന്ന്‌ പഠിപ്പിച്ചവനെ വധിക്കണമെന്നാക്രോശിച്ചവിധി ജനക്കൂട്ടത്തിന്റേതായിരുന്നു. നിങ്ങളുടെ രാജാവിനെ എന്തു ചെയ്യണമെന്ന്‌ ചോദിച്ച പീലാത്തോസിനോട്‌ അവര്‍ വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക. പിലാത്തോസ്‌ ചോദിച്ചു: അവന്‍ എന്തു തിന്മ പ്രവര്‍ത്തിച്ചു? അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക (മര്‍ക്കോസ്‌ 15, 13-14). ആള്‍ക്കൂട്ടത്തിന്റെ ഈ അലമുറയില്‍ ഞെട്ടിത്തരിച്ച ഭരണാധികാരി യേശുവിനെ ക്രൂശിക്കാനേല്‍പ്പിച്ചു.

വിചാരണയ്‌ക്കു പിന്നിലെ നിഗുഢലക്ഷ്യം

ആള്‍ക്കൂട്ടത്തിന്റെ ആരവത്തിനിടയില്‍ എല്ലാ പ്രമാണിമാരും പുരോഹിതരും നിയമജ്ഞരുമടങ്ങുന്നവരുടേയും വിചാരണയ്‌ക്കിരയാകുന്നവന്‍ യഥാര്‍ത്ഥത്തില്‍ ആരെന്നറിവില്ലായ്‌മയാണ്‌ ആ `കൂട്ട’ത്തിന്റെ അസത്യം. അതിനാല്‍ തന്നെ ബദ്ധശത്രുക്കളായ മഹാപുരോഹിതന്മാരും ഫരിസേയരും ഒന്നുചേര്‍ന്ന്‌ ഒരു പൊതുശത്രുവിനെ വകവരുത്താനുള്ള ഗൂഢതന്ത്രം മെനയുന്നതാണെന്ന്‌ പാവം ജനക്കൂട്ടമറിഞ്ഞില്ല. ഒരുപക്ഷെ ജനക്കൂട്ടാധിപത്യത്തിന്റെ അജ്ഞത മുതലാക്കി അവരെ വഞ്ചിക്കാനും അധികാരികള്‍ക്കായി എന്നതുമാകാം. ആള്‍ക്കൂട്ട മന:ശാസ്‌ത്രമറിയുന്ന കുതന്ത്രങ്ങളുടെ മനുഷ്യര്‍ രാജ്യഭരണത്തിലുണ്ടെങ്കില്‍ ഏത്‌ അസത്യവും സത്യമാണെന്ന്‌ വരുത്തിത്തീര്‍ക്കാനാവും. `മഹാഭാരത’ത്തിലെ ഗാന്ധാര രാജാവ്‌ ശകുനിയെപ്പോലെ യേശുവിന്റെ വിചാരണയില്‍ കയ്യഫാസ്‌ സ്ഥാപിതതാല്‌പര്യത്തോടെ ഒരു കുതന്ത്രം മെനയുന്നുണ്ട്‌: ജനത്തിനുവേണ്ടി ഒരുവന്‍ മരിക്കുന്നത്‌ നല്ലതാണെന്ന തീരുമാനമാണത്‌ആലോചനാസംഘത്തിന്റെ ആശങ്കമാറ്റാനുള്ള ശക്തി ഈ വാക്കുകള്‍ക്കുണ്ടായിരുന്നു. തങ്ങള്‍ അധികാരികളോ പുരോഹിതരോ ആയിരിക്കണമെങ്കില്‍ അനുയായികളായ ജനമുണ്ടാകണം. അതിനാല്‍ അവര്‍ നശിക്കാതിരിക്കാനുള്ള ഏറ്റവും നല്ല ബലിവസ്‌തു യേശുവാണെന്നുറപ്പിക്കുന്നു. വിജാതിയര്‍ ദേവപ്രീതിക്കായി നരബലി കൊടുക്കുന്നതുപോലെയോ, നമ്മുടെ നാട്ടില്‍ പാര്‍ട്ടി ബലത്തിന്‌ ഇടയ്‌ക്കിടയ്‌ക്ക്‌ ഓരോ അനുയായികള്‍ രക്തസാക്ഷിയാകുന്നതുപോലെയോ, തങ്ങളുടെ അസ്‌തിത്വത്തിന്‌ കാരണമായ ജനനാശത്തിന്‌ തടയിടാന്‍ യേശു ഇല്ലാതാകേണ്ടിയിരിക്കുന്നു.

യേശു മത-രാഷ്‌ട്രീയതയെ വേര്‍തിരിച്ചവന്‍

യേശുവിന്റെ കാലത്ത്‌ രാഷ്ട്രീയവും മതവും കൈകോര്‍ത്തു നിന്നിരുന്ന യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ തന്റെ ശൈലി തികച്ചും വ്യത്യസ്‌തവും നൂതനവുമാണെന്ന്‌ യേശു പഠിപ്പിച്ചു. മിശിഹാരാജ്യം ഒരു രാഷ്‌ട്രീയ സംവിധാനമല്ല. ഈ സ്ഥിരീകരണം വഴി മത-രാഷ്‌ട്രീയബന്ധത്തിന്‌ ഉലച്ചില്‍ തട്ടി. “രാഷ്‌ട്രീയം വിശ്വാസത്തില്‍ നിന്നും, ദൈവജനം രാഷ്‌ട്രീയത്തില്‍ നിന്നും വേറിട്ടു നില്‍ക്കണമെന്നാണ്‌ യേശുവിന്റെ പ്രബോധനാന്ത:സത്ത” (ബനഡിക്‌ട്‌ പാപ്പ, നസ്രത്തിലെ യേശു, പേജ്‌ 287). നാനാമതസ്‌തരേയും ഉള്‍ക്കൊള്ളേണ്ട രാജ്യം ഒരു പ്രത്യേക മതത്തിന്റെ മാത്രം താല്‌പര്യത്തെ പരിപോഷിപ്പിക്കുന്നിടത്ത്‌ സംഘര്‍ഷവും ദുരിതവും ദുരന്തങ്ങളുമുണ്ടാകുന്നു. വിശ്വാസം ജീവിക്കുന്നതിനുള്ള അവകാശമുപയോഗിച്ച്‌ വ്യക്തി തന്റെ മതം തിരഞ്ഞെടുക്കുമ്പോള്‍ രാഷ്‌ട്രം അതിനെ ബഹുമാനിക്കേണ്ടതുണ്ട്‌. യേശു ഈ ലോകത്തുവച്ചു തന്നെ പറഞ്ഞുവല്ലോ “തന്റെ രാജ്യം ഐഹീകമല്ല” എന്ന്‌. ഈ ലോകത്തിന്റെ സര്‍വസമ്പത്തും അധികാരങ്ങളും കടന്നുപോകും; കവര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ തന്റെ പുതിയ രാജ്യം വിശ്വാസത്തിലധിഷ്‌ഠിതമാണ്‌. ദൈവാധിപത്യത്തിന്റെ ആ ലോകത്തിലേയ്‌ക്ക്‌ അവിടുന്ന്‌ നമ്മെ ക്ഷണിച്ചത്‌ ത്യാഗത്തിന്റെ കുരിശും വഹിച്ചുള്ള ജീവിതം വഴിയാണ്‌. അവിടുത്തേത്‌ സ്‌നേഹത്തിന്റെ മതമാണ്‌. മനുഷ്യനെ മനുഷ്യനായികണ്ട്‌ ശുശ്രൂഷിക്കാനുള്ള ആര്‍ദ്രതയുടെ ഹൃദയം സൂക്ഷിച്ചതാണ്‌ യേശുവിനെ മതപുരോഹിത-ഫരിസേയ ശത്രുവായി മുദ്രകുത്താന്‍ കാരണമായത്‌. അധികാരക്കൊതിയും സ്വാര്‍ത്ഥ താല്‌പര്യവും സംരക്ഷിക്കാന്‍ കൊലയും കൊള്ളിവയ്‌പും അക്രമവും അഴിച്ചുവിടുന്ന അധമശക്തികളെ ലജ്ജിപ്പിക്കുന്നവിധം യേശു ഏവരേയും സ്‌നേഹിച്ചു. ചിതറിക്കിടക്കുന്ന മക്കളെ ഒന്നിപ്പിക്കാന്‍ അവര്‍ക്കുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായി യേശു ഒരു വശത്ത്‌. മറുഭാഗത്താകട്ടെ ഒരു ജനത നശിക്കാതിരിക്കാന്‍ ഒരാളെ കൊല്ലാമെന്ന വാദവും! ഇവ ഒന്നുചേര്‍ന്നപ്പോള്‍ പ്രവചനത്തിന്റെ പൂര്‍ത്തികരണമായി. ദൈവഹിതം നടക്കാനുള്ള `നിഷമപാത’യിലേക്ക്‌ കുരിശുമായി യേശു നടന്നുനീങ്ങി. തന്റെ ജീവിതത്തിന്റെ ഏറ്റവും മഹത്തായ ഉള്ളടക്കം യേശു ഇവിടെ ദര്‍ശിക്കുന്നു-`എങ്കിലും’ പിതാവിന്റെ ഇഷ്‌ടം നിറവേറട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

ആട്ടിന്‍പറ്റത്തോടുള്ള ആര്‍ദ്രത

യേശുക്രിസ്‌തുവിലെ നായകന്‍ മറ്റുനേതാക്കളില്‍ നിന്ന്‌ വ്യത്യസ്‌തനായത്‌ അവന്‍ നഷ്‌ടപ്പെടുത്താതെ നോക്കിയവനും നഷ്‌ടപ്പെട്ടതിനെ കണ്ടെത്തിയവനുമാകയാലാണ്‌. ജനത്തിന്റെ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന നേതാക്കളുടെ പ്രവര്‍ത്തികള്‍ അനുകരിക്കരുതെന്ന താക്കീത്‌ യേശു ജനത്തിനു നല്‍കി. എന്നാല്‍ ജനം ഏതെല്ലാം രീതിയില്‍ അവനില്‍ നിന്നും അനുഗ്രഹം കൈപ്പറ്റിയിരിക്കുന്നു. രോഗസൗഖ്യം (കുഷ്‌ഠരോഗം, പിശാചുബാധ, പനി, തളര്‍വാതരോഗം, അന്ധത, സംസാരശേഷി, ശോഷിച്ച കൈ, അപസ്‌മാരം, രക്തസ്രാവം, ബധിരത തുടങ്ങി എല്ലാ രോഗങ്ങളും), അപ്പം വര്‍ദ്ധിപ്പിച്ച്‌ ജനത്തെ തൃപ്‌തരാക്കിയത്‌, മരിച്ചവരെ ഉയിര്‍പ്പിച്ചത്‌. ഇവയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ആയിരക്കണക്കിനാളുകള്‍ ഉണ്ടായിരിക്കെ, യേശുവിന്റെ വിചാരണയില്‍ അവിടുത്തെ പക്ഷംചേരാന്‍ ആരും ഉണ്ടായിരുന്നില്ല. അതോ അവിടെ കൂടിയിരുന്നവര്‍ മുഴുവന്‍ ബറാബാസിന്റെ അനുയായികളായിരുന്നോ? യേശുവിന്റെ അനുയായികള്‍ ഭയത്താലോടിയൊളിച്ചതാവാം. ശത്രുക്കളായിരുന്നിട്ടുകൂടി അവരുടെ തെറ്റിന്‌ പിതാവിനോട്‌ മാപ്പു ചോദിക്കുന്ന യേശു ആള്‍ക്കൂട്ടത്തിന്റെ അജ്ഞതയുടെ സ്വരത്തേയും ആര്‍ദ്രതയോടെ കാണുന്നു. ലോകം മുഴുന്‍ വെളിപ്പെടേണ്ട സത്യമാണ്‌ തന്നില്‍ ഇന്ന്‌ സംഭവിക്കേണ്ടതെന്ന ചിന്തയാല്‍ ആ മണിക്കൂറിനുവേണ്ടി കാത്തു. ഒടുവിലത്തെ രോദനവും രക്തം ചിന്തലും തന്റെ ആടുകള്‍ക്കുവേണ്ടിയാണെന്നോര്‍മിപ്പിച്ച്‌ അവന്‍ “എല്ലാ പൂര്‍ത്തിയാക്കി”. അവനോടൊപ്പം ഉണ്ടും ഉറങ്ങിയും അത്ഭുതപ്രവൃത്തികള്‍ കണ്ട്‌ അനുഭവിച്ചവരും, ദൈവരാജ്യം പ്രഘോഷിച്ച
വരുമായ തന്റെ ശിഷ്യന്മാര്‍ തന്നെ വിട്ട്‌ ആ ആള്‍ക്കൂട്ടത്തില്‍ ലയിക്കുന്നതും അവിടുന്നു കണ്ടു. ഞാന്‍ വഴിയും സത്യവും ജീവനുമാണെന്ന്‌ പഠിപ്പിച്ചിട്ടും അവര്‍ അസത്യത്തിന്റെ കൂട്ടുകാരും, കാവലാളന്മാരുമായി. തങ്ങളുടെ അനാഥത്വത്തില്‍ താനവരെ നോക്കിയ ആര്‍ദ്രതയുടെ അതേ കണ്ണുകള്‍ ഇപ്പോഴും യേശു സുക്ഷിക്കുന്നു. തന്നെ ക്രൂശിക്കാന്‍ അലറുന്നവരുടെ മുഖത്ത്‌ അപരിചിതത്വത്തിന്റെ കരിനിഴലുണ്ടായിരുന്നു. തന്നെ അറിയാത്തവരുടെയിടയിലേയ്‌ക്ക്‌ നീട്ടിയ സ്‌നേഹത്തിന്റെ അദൃശ്യകരം അവര്‍ക്ക്‌ സ്‌പര്‍ശിക്കാനായില്ല. അതിനാലവരില്‍ സൗഖ്യാനുഭവം കുറഞ്ഞു.

വിധിയാളന്മാരുടെ മേല്‍ക്കുപ്പായം

വാസ്‌തവത്തില്‍ യേശുവിന്റെ ഘാതകര്‍ ആരാണ്‌? യഹൂദരെന്ന്‌ യോഹന്നാന്‍ പറയുന്നുണ്ടെങ്കിലും വളരെ പ്രത്യേകമായി ദൈവാലയത്തിലെ ശ്രേഷ്‌ഠവര്‍ഗത്തെ അതു സൂചിപ്പിക്കുന്നുവെന്ന്‌ പ്രഗത്ഭ ദൈവശാസ്‌ത്രജ്ഞന്‍കൂടിയായ ബനഡിക്‌ട്‌ പാപ്പാ പറയുന്നു. മര്‍ക്കോസിനെ സംബന്ധിച്ച്‌ ആള്‍ക്കൂട്ടത്തത്തിന്‌ ഈ വിധിയില്‍ ഏറെ പ്രാധാന്യമുണ്ട്‌. ഒരുപക്ഷെ അവനെ ക്രൂശിക്കുക എന്ന ആള്‍ക്കൂട്ടത്തിന്റെ തീരുമാനമല്ലേ നിറവേറിയത്‌? യഹൂദരുടെ രാജാവിനെ യഹൂദര്‍ തന്നെ വധിക്കുവാനാവശ്യപ്പെടുക, ശിഷ്യഗണവും. ഒട്ടനവധി പ്രമുഖരും അതിലുള്‍പ്പെടുന്നു. എന്നാല്‍ പാപ്പാ ചുരുക്കിപ്പറയുന്നു: “അന്നത്തെ ദൈവാലയാധികാരികളും അന്നേദിവസം പെസഹായുടെ ആനൂകൂല്യത്തില്‍ ബറാബാസിനെ മോചിപ്പിക്കാനെത്തിയ അദ്ദേഹത്തിന്റെ അനുയായികളായ ആള്‍ക്കൂട്ടവുമാണ്‌ യേശുവിനെ വിധിച്ചത്‌” (ബനഡിക്‌ട്‌ പാപ്പ, നസ്രറത്തിലെ യേശു, 305), എങ്കിലും അവരോടുകൂടെ ചേര്‍ക്കപ്പെടേണ്ടവര്‍, മഹാപുരോഹിതരും, ജനപ്രമാണികളും, ന്യായാധിപസംഘവും, ഫരിസേയരും, നിയമജ്ഞരുമൊക്കെയുണ്ട്‌. പ്രത്യേകിച്ച്‌, അന്നാസ്‌, കയ്യാഫാസ്‌, പീലാത്തോസ്‌ തുടങ്ങിയവരും വിചാരണയുടെ മേല്‍ക്കുപ്പായമെടുത്തു ധരിച്ചു. ഉന്നയിക്കപ്പെടുന്ന കുറ്റം അവനില്‍ കാണാതിരുന്ന പീലാത്തോസിനോട്‌ പുരോഹിത പ്രമുഖരും സേവകരും വിളിച്ചു പറഞ്ഞു: “ അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക”. ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ മതനേതാക്കളിലേയ്‌ക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്ന വിധിവാചകം അവരുടെ ആന്തരേച്ഛയെ സൂചിപ്പിക്കുന്നു. അങ്ങിനെ യേശുവിന്റെ മരണം ഒരു കൂട്ടുത്തരവാദിത്വ പ്രക്രിയയാണ്‌.
നമ്മിലേക്ക്‌ നീളുന്ന വിധിവാചകം
അനീതിയും അക്രമവും കൊടികുത്തിവാഴുന്ന ഒരു സാമൂഹിക മത-രാഷ്‌ട്രീയ പശ്ചാത്തലത്തിലിരുന്ന്‌ വിചിന്തനം ചെയ്‌താല്‍ നാമും സങ്കീര്‍ത്തകരോടൊപ്പം പാടിപ്പോകും,“എന്റെ ദൈവമെ എന്തുകൊണ്ട്‌ അങ്ങ്‌ എന്നെ ഉപേക്ഷിച്ചു” (സങ്കീ 22,1) “എന്തുകൊണ്ട്‌ അകന്നു നില്‍ക്കുന്നു?” ഈ വിലാപകാവ്യം യേശുവിനു മുമ്പു തന്നെ ദൈവത്തിന്റെ മുന്നില്‍ ഇസ്രായേലിന്റെ `രോദ’നമായി ദാവീദ്‌ രാജാവ്‌ ഉഷസിലെ മാന്‍പേട രാഗത്തില്‍ പാടിയിട്ടുള്ളതാണ്‌. ദൈവം പോലും കൈവിട്ടു എന്നു തോന്നുമ്പോള്‍ പാടാവുന്ന ഹൃദയവേദന മുറ്റിനില്‍ക്കുന്ന ഈ പാട്ട്‌ യേശുനാഥനും കുരിശില്‍ ആവര്‍ത്തിച്ചു. ഒരുവന്റെ ജീവിതത്തില്‍ ദൈവമില്ലാതാവുമ്പോള്‍ തോന്നുന്ന ശൂന്യതയ്‌ക്കും ഒറ്റപ്പെടലിനും തീരാനൊമ്പരത്തിനും ഏകപരിഹാരം ഹൃദയം പൊട്ടിയുള്ള പ്രാര്‍ത്ഥനയാണ്‌ എന്ന്‌ യേശുനാഥന്‍ അന്ത്യവിനാഴികയില്‍ പഠിപ്പിക്കുന്നു. ദിഗന്തങ്ങള്‍ ഞടുങ്ങുമാറ്‌ ഒരു അലമുറയായി പരിണമിക്കുന്നിടത്ത്‌ ഒരുവന്റെ ജീവന്‍ ദൈവത്തിന്റെ കൈകളിലേയ്‌ക്ക്‌ സമര്‍പ്പിക്കുന്ന `പൂര്‍ത്തീകരണ’മാണ്‌. ഇന്നും നിന്ദാപരിഹാസങ്ങള്‍ തുടരുന്നു. ഏതു വിധത്തിലും, ഏതു സമയത്തും ഏതു വഴിക്കും അത്‌ ഒരുവനെത്തേടിയെത്തും. യേശു വേദനയുടെ നെല്ലിപ്പടിയില്‍ നിന്നാണ്‌ പ്രത്യാശയുടെ ഉന്നതിയിലേയ്‌ക്കുയര്‍ക്കുന്നത്‌. അന്ധകാരത്തിന്റെ ആഴക്കയത്തിലേയ്‌ക്കുകൊണ്ടുപോയ ക്രിസ്‌തുശിഷ്യന്റെ `ആത്മാവിന്റെ കാളരാത്രിയവസാനിക്കുന്നത്‌ കോഴികൂവുമ്പോഴെന്ന്‌’ ബനഡിക്‌ട്‌ പാപ്പാ മനോഹരമായി പറയുന്നിടത്ത്‌, ഗുരുവിനെ തള്ളിപ്പറഞ്ഞതിന്റെ തീവ്രനൊമ്പരത്താല്‍ പിടയുന്ന ഒരുവനെ പത്രോസില്‍ കാണാം. അവിശ്വസ്‌തതയുടെ കണ്ണുകളിലേയ്‌ക്ക്‌ തറഞ്ഞിറങ്ങിയ ആത്മനാഥന്റെ ഹൃദയഭേദകമായ നോട്ടം പത്രോസിനെ പുറത്തെത്തിച്ച്‌ മനം നൊന്തു കരയിപ്പിച്ചു. അത്രപോലും ആനുകൂല്യത്തിന്‌ കാത്തുനില്‍ക്കാതെ യൂദാസ്‌ ഹൃദയം പൊട്ടിമരിക്കുമെന്നായപ്പോള്‍ തന്നെത്തന്നെ കെട്ടിത്തൂക്കി.

ആള്‍ക്കൂട്ടത്തിന്റെ കമ്മട്ടങ്ങള്‍ക്കു മുന്നില്‍ തോറ്റുപോകുന്നവര്‍ പലപ്പോഴും, ജീവിതം മതിയാക്കാന്‍ ആത്മഹത്യ ഉപാധിയാക്കുന്നു. ജനം ഏറ്റെടുക്കുന്ന സദാചാരസംസ്‌കാരത്തില്‍ `അസത്യം’ മുഴച്ചു നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ പൊള്ളയായ ധാര്‍മികദൈവം ചാകുന്നില്ല. എങ്കില്‍, വിധി എപ്പോഴും അന്യായ വിധിയായിരിക്കും. ക്രിസ്‌തു വീണ്ടും വീണ്ടും കൊല്ലപ്പെടുക തന്നെ ചെയ്യും. എന്നാലത്‌ ദൈവഹിതമല്ല. ചരിത്രത്തില്‍ ഒരിക്കല്‍ പ്രവചനപൂര്‍ത്തീകരണം നടന്നുകഴിഞ്ഞു. അതിനാല്‍ ക്രിസ്‌തുവിന്റെ പ്രതിപുരുഷന്‍ ക്രൂശിക്കപ്പെടുമ്പോള്‍, അനുയായികള്‍ക്ക്‌ നിന്ദാപമാനമേല്‍ക്കുമ്പോള്‍ തന്റെ എളിയ സഹോദരനേല്‍ക്കുന്ന പീഡനങ്ങള്‍ തനിക്കു തന്നെയെന്ന്‌ യേശുനാഥന്‍ പറഞ്ഞതിന്റെ ആത്മീയദര്‍ശനത്തെയാണ്‌ നാമോര്‍ക്കേണ്ടത്‌. ക്രിസ്‌തുവിനെ അവഹേളിക്കാനായി വ്യക്തികളിലൂടെ സാത്താനൊരുക്കുന്ന തന്ത്രങ്ങള്‍ ക്രിസ്‌തു അനുയായികള്‍ക്കു മുന്നിലെ കെണിയാണെന്നു കണ്ടെത്താനുള്ള ഉണര്‍വ്‌ നോമ്പുകാലപ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദാനധര്‍മത്തിലും കണ്ടെത്തേണ്ടതാണ്‌. സര്‍വസമ്മതനായ ഒരു ഭരണകര്‍ത്താവുമില്ല. പരിപൂര്‍ണനായ ഒരു മതനേതാവോ, കുടുംബനാഥനോ, മഠാധിപനോ ഇല്ല. ജീവിത്തിന്റെ വിവിധ തുറകളിലുള്ളവര്‍, വിവിധ ഘട്ടങ്ങളില്‍ ക്രൂശിക്കപ്പെടുന്നെങ്കില്‍ അതിനു മുന്‍പേ അവര്‍ ഒരു വിചാരണ നേരിടുന്നു. ഒരുപക്ഷേ അതിന്റെ സിംഹഭാഗവും നമ്മുടെ ഹൃദയക്കോടതിയിലാണ്‌. അനുദിനം അവിടെ കുറ്റം ഏറ്റെടുത്ത്‌ വിധികാത്തുകിടക്കുമ്പോള്‍ ക്രിസ്‌തുവിന്റെ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ആഴമറിയാന്‍ മനസിനെ ശീലിപ്പിക്കുക. അപ്പോള്‍ നിങ്ങളിലെ മാനസാന്തരപുത്രന്‌ തെറ്റുചെയ്യാന്‍ കഴിയില്ല. മരുഭൂമിയുടെ ഏകാന്തതയില്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടെ ചിലവഴിച്ച യേശു നമ്മെ പ്രാര്‍ത്ഥനയുടെ വ്യക്തിയാകാനാഗ്രഹിക്കുന്നു. ദൈവാലയത്തില്‍ അതിന്റെ പരിശുദ്ധി കാക്കാനും സമൂഹജീവിത്തില്‍ പരസ്യപ്രഘോഷണമെന്നപോലെ ഉപവിപ്രവര്‍ത്തനത്തിന്റെ ആഘോഷ പൂര്‍ണമായ സാക്ഷ്യത്തിനും ഈശോ നമ്മെ ക്ഷണിക്കുന്നു. ഏകാന്തതയുടെയും വിശുദ്ധീകരണത്തിന്റെയും പ്രാര്‍ത്ഥന വഴി രൂപാന്തരീകരണത്തിനും, കുരിശുവഹിച്ച്‌, ഉന്നതമൂല്യങ്ങള്‍ക്കായി മരിച്ചുയര്‍ക്കാനും ഈശോ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടേണ്ട ജനം
എവിടെ സത്യമറിയാന്‍ അധികാരികള്‍ക്കാവുന്നില്ലയോ, അവിടെ ഒരു നിര്‍ദോഷി കൊല്ലപ്പെടുന്നു. യേശുവെന്ന പ്രപഞ്ചസത്യത്തെ മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചിട്ടും ആയിരം സൂര്യഗോളങ്ങള്‍ പോലെ അത്‌ ഉദിച്ചുയരുന്നു. അതിന്റെ പൊന്‍പ്രഭയേല്‍ക്കുന്ന ജനം അതിന്റെ വെളിച്ചത്തില്‍ കര്‍മങ്ങളെ ശുദ്ധീകരിച്ചിരുന്നെങ്കില്‍ ഒരിടത്തും നീതി നിഷേധിക്കപ്പെടില്ലായിരുന്നു.

– രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറില്ലായിരുന്നു.
– അമ്മപെങ്ങന്മാര്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും പീഡനമേല്‍ക്കില്ലായിരുന്നു.
– ചതിയും വഞ്ചനയും തട്ടിപ്പും വെട്ടിപ്പും കൊലയും കൊള്ളിവെപ്പും ഉണ്ടാകില്ലായിരുന്നു.
– ആത്മാവിനെ ഇത്തിരി പൊന്നിനോ മണ്ണിനോ പെണ്ണിനോ വില്‍ക്കില്ലായിരുന്നു.
– മനുഷ്യത്വരഹിതമായ വ്യാപാരങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കില്ലായിരുന്നു.
– ധൂര്‍ത്തിനും ലുബ്‌ധിനും ഇടം കൊടുക്കില്ലായിരുന്നു.
– മനുഷ്യന്റെ അവകാശത്തിനുമേല്‍ കോടാലി വയ്‌ക്കില്ലായിരുന്നു.

തികച്ചും ദൈവികമനുഷ്യരായി പരസ്‌പര സ്‌നേഹത്തിലും ശാന്തിയിലും ഐക്യത്തിലും കഴിയാനാണ്‌ ഇന്നും ജനം ആഗ്രഹിക്കുന്നത്‌. അത്തരം ആളുകള്‍ ഒരിക്കലും അസത്യത്തിന്റെ കൂട്ടാളികളാവില്ല. അവരുടെ വിധി ന്യായത്തിന്റെതായിരിക്കും. ജനം അവര്‍ക്കു പറ്റിയ കളങ്കത്തെ കഴുകിക്കളയാന്‍ അവരുടെ ന്യായവിധിയെ തിരുത്താന്‍ ശ്രമിക്കുന്നിടത്ത്‌ യഥാര്‍ത്ഥ `ഹോസാന’കളുയരും. സഹനദാസന്മാരോടൊത്ത്‌ കരയാനും, യഥാര്‍ത്ഥ ദൈവിക മനുഷ്യരോടൊത്ത്‌ ആത്മീയാനന്ദം നുകരാനും വിശ്വാസത്തില്‍ ജീവിച്ച്‌ വിശുദ്ധിയില്‍ വളര്‍ന്ന്‌ പുണ്യാത്മക്കളാകാനും ഈ നോമ്പുകാലം നമ്മെ അനുഗ്രഹിക്കട്ടെ. ആള്‍ക്കൂട്ടത്തില്‍ നിന്നുയര്‍ന്ന ആഘോഷം കേട്ട്‌ ഹൃദയത്തില്‍ കുത്തിയിറക്കിയ വ്യാകുലവാളുമായി അവര്‍ക്കിടയില്‍ പൊന്നുമകന്റെ ദയനീയ രൂപം കണ്ട്‌ അസ്‌തപ്രജ്ഞയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അത്ഭുതകരമായ സഹനശക്തി ജീവിതത്തിന്റെ നൊമ്പരവീഥികളില്‍ കൂട്ടിയിരിക്കും. ആത്മീയ പരിരക്ഷയ്‌ക്കായി ചെയ്യുന്ന ഓരോ പ്രവൃത്തിയും നിഷ്‌ഫലമാകില്ലെന്ന ഉറപ്പ്‌ നമുക്കുണ്ടെങ്കില്‍ കുരിശില്‍ സ്‌നേഹപ്പൂക്കള്‍ വിടര്‍ന്ന്‌ സൗരഭ്യം പരത്തും. നെഞ്ചോടു ചേര്‍ത്ത റോസപ്പൂക്കളുമായി പുഞ്ചിരിതൂകി നില്‍ക്കുന്ന സഹനപുത്രിയായിരുന്ന കൊച്ചു ത്രേസ്യ തന്റെ മാറിലേക്ക്‌ റോസാത്തണ്ടുകളുടെ മുള്ളുകള്‍ അമര്‍ത്തിയപ്പോള്‍, യേശുവിന്‌ ചാര്‍ത്തിയ മുള്‍ക്കിരീടത്തിന്റെ മധുരിമ നുണയാനായി. ഓരോ സഹനവും ആത്മാവിനെ നയിക്കാനുള്ള സുവര്‍ണ തന്തുവായിത്തീരട്ടെ.

വിധിക്കപ്പെടാതിരിക്കാന്‍ വിധിക്കാതിരിക്കാം. സത്യപ്രഭയില്‍ അസത്യത്തിന്റെ അന്ധകാരത്തെ അകറ്റി ഉത്ഥാനത്തിന്റെ പുലരിവെട്ടത്തിലേയ്‌ക്ക്‌ മിഴികള്‍ തുറക്കാം.

-ഫാ. യേശുദാസ്‌ ആശാരിപ്പറമ്പില്‍


Related Articles

ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്

മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം ന്യൂയോര്‍ക്ക്: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കുന്ന

രാഷ്ട്രീയ ബര്‍മൂഡാ ട്രയാംഗിളാകുമോ വയനാട്?

വെട്ടിലാകുക എന്ന ഭാഷാപ്രയോഗമുണ്ടല്ലോ. അമ്മാതിരിയൊന്ന് കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്റെ വയനാടന്‍ പ്രവേശത്തോടെ പല പാര്‍ട്ടികള്‍ക്കും സംഭവിക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. ”ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്നു

കേരളം തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര 

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ്-19 രോഗബാധ സംബന്ധിച്ച് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ കേരളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*