ആഴക്കടലും തീരവും തീറെഴുതാന്‍ ഇവരാര്?

ആഴക്കടലും തീരവും തീറെഴുതാന്‍ ഇവരാര്?

 

ആഴക്കടല്‍ മീന്‍പിടുത്ത മേഖലയില്‍ അമേരിക്കന്‍ നിക്ഷേപമിറക്കിയുള്ള സമുദ്രമന്ഥനത്തിന് മൂന്നു വര്‍ഷമായി കേരളത്തിലെ ഇടതുമുന്നണി കപ്പല്‍ത്തലയാളിയും കൂട്ടരും തന്ത്രപരമായി ഒത്താശചെയ്തുവന്ന സ്വപ്‌നയാനപദ്ധതിയുടെ കള്ളിവെളിച്ചത്തായതോടെ തീരദേശത്ത് വീണ്ടും രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. കേരളതീരത്തെ പരമ്പരാഗത മീന്‍പിടുത്തക്കാരടക്കം മത്സ്യമേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പത്തു ലക്ഷത്തിലേറെ വരുന്ന നിര്‍ധന ജനസമൂഹത്തെ മാത്രമല്ല, സമുദ്രവിഭവസമ്പത്തിനെയും കടലിന്റെ ആവാസവ്യവസ്ഥയെയും നാടിന്റെ സുസ്ഥിര വളര്‍ച്ചയെയും ഗുരുതരമായി ബാധിക്കുന്ന രാജ്യാന്തര ഇടപാടിന്റെ ധാരണാപത്രങ്ങളിലെ അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ”ഇനിയും മുന്നോട്ട്” എന്ന കോടികളുടെ വീമ്പടി പരസ്യങ്ങളുടെ പൊള്ളത്തരത്തെക്കാള്‍ കൊടിയ ”നിക്ഷേപവീശലിന്റെ” ആപല്‍സൂചനകളായാണ് തിരമറിയുന്നത്.

ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായുള്ള നൂതന സാങ്കേതികവിദ്യാവികസനത്തിന് എന്ന പേരില്‍ 5,324.49 കോടി രൂപയുടെ ഒരു പദ്ധതി. ആഴക്കടല്‍ മത്സ്യബന്ധനം, മത്സ്യസംസ്‌കരണം, ആഭ്യന്തര വിപണനം, കയറ്റുമതി എന്നിവയ്ക്കു പുറമെ മത്സ്യകൃഷി, ഫിഷിംഗ് ഹാര്‍ബര്‍ വികസനം തുടങ്ങി ഫിഷറീസ് മേഖല മൊത്തത്തില്‍ ”നിര്‍മിക്കുക, സ്വന്തമാക്കുക, കൈകാര്യം ചെയ്യുക, കൈമാറുക” (ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ – ബിഒഒടി) എന്ന വ്യവസ്ഥയില്‍ അടുത്ത 25 വര്‍ഷത്തേക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ അങ്കമാലിയിലെ ഉപകമ്പനി ഏറ്റെടുക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 അത്യാധുനിക ട്രോളറുകളും അഞ്ചു വന്‍കിട ഫാക്ടറികപ്പലുകളും നിര്‍മിക്കുന്നതിന് കേരള ഷിപ്പിംഗ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി (കെഎസ്ഐഎന്‍സി) 2,974 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്നു. ആഴക്കടല്‍ ഉരുക്കള്‍ക്ക് വന്നടുക്കാന്‍ പാകത്തില്‍ ഏഴു പുതിയ ഫിഷിംഗ് ഹാര്‍ബറുകള്‍ നിര്‍മിക്കുകയും സംസ്ഥാനത്ത് നിലവിലുള്ളവയില്‍ ഏഴെണ്ണം ഏറ്റെടുത്ത് വികസിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സംസ്ഥാനത്ത് മത്സ്യബന്ധന തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കന്‍ ഫുഡ് അഡ്മിനിസ്ട്രേഷന്റെയും സര്‍ട്ടിഫിക്കറ്റുള്ള മത്സ്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 മുതല്‍ നൂറു വരെ പ്രോസസിങ്, പാക്കേജിങ്, സ്റ്റോറേജ് യൂണിറ്റുകളും ഐസ് പ്ലാന്റുകളും ഡീസല്‍ പമ്പുകളും സ്ഥാപിക്കുന്നതിന് മൂന്നു മുതല്‍ അഞ്ച് ഏക്കര്‍ വീതം സ്ഥലം സര്‍ക്കാര്‍ അനുവദിക്കണം. ഇതിന്റെ ആദ്യപടിയായി ചേര്‍ത്തലയ്ക്കടുത്ത് പള്ളിപ്പുറത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഐസിഡിസിയുടെ മെഗാ ഫുഡ്പാര്‍ക്കില്‍ നാല് ഏക്കര്‍ ഭൂമി അപേക്ഷ നല്‍കി നാലാം മാസം യുഎസ്-അങ്കമാലി കമ്പനിക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കുന്നു. 200 റീട്ടെയില്‍ ഔട്ട്ലെറ്റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ് ശൃംഖലകളിലൂടെ ആഭ്യന്തര വിപണിയില്‍ മീന്‍ വില്‍ക്കുന്നതിനു പുറമെ അമേരിക്കയിലേക്ക് വന്‍തോതില്‍ സമുദ്രോത്പന്ന കയറ്റുമതിയും കമ്പനി നടത്തും. മത്സ്യമേഖലയില്‍ യാതൊരു പ്രവര്‍ത്തനപരിചയവുമില്ലാത്ത യുഎസ് കമ്പനി കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത് 48-ാം ദിവസം സംസ്ഥാന സര്‍ക്കാരിനുവേണ്ടി കെഎസ്ഐഡിസി ഒപ്പുവച്ച 5,000 കോടിയുടെ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ നിന്ന് പദ്ധതി നടത്തിപ്പിനായുള്ള ഉദ്ദേശ്യപത്രം മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിക്കാനായി വ്യവസായമന്ത്രിക്കു നിവേദനം സമര്‍പ്പിച്ച് സംഗതികള്‍ ത്വരിതഗതിയില്‍ നീങ്ങുമ്പോഴാണ് യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര നയിച്ചുവന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇഎംസിസി ഇന്റര്‍നാഷണല്‍ ഇടപാടിലെ നിഗൂഢ നീക്കങ്ങളുടെ നാള്‍വഴികള്‍ നാട്ടില്‍ പാട്ടാക്കുന്നത്.

ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് ഇഎംസിസി കമ്പനി പ്രതിനിധികളെ കണ്ടതിനും, തിരുവനന്തപുരത്ത് മന്ത്രിയുടെ കാര്യാലയത്തില്‍ കണ്‍സെപ്റ്റ് നോട്ടുമായി എത്തിയ കമ്പനിയുടെ മലയാളിയായ സ്ഥാപകനെയും അമേരിക്കക്കാരനായ സിഇഒയെയും മേഴ്സിക്കുട്ടി അമ്മ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു കൊണ്ടുപോയതിനും, യുഎസ് കമ്പനിയുടെ വിശ്വാസ്യത അന്വേഷിക്കാനായി ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചതിനും ചെന്നിത്തല തെളിവുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരുമ്പോഴും ഫിഷറീസ് മന്ത്രിയും വ്യവസായമന്ത്രിയും മുഖ്യമന്ത്രിയും വര്‍ധിത ധാര്‍മ്മികരോഷത്തോടെയും പരിഹാസത്തോടെയും പ്രതിപക്ഷനേതാവിന് മതിഭ്രമമാണെന്നും സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയാതെ ഏതെങ്കിലും ഐഎഎസുകാരന്‍ എന്തെങ്കിലും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെങ്കില്‍ അയാളെ വച്ചുപൊറുപ്പിക്കില്ലെന്നും മറ്റും വിശദീകരിച്ചുകൊണ്ടിരിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപം, കെഎസ്ഐഎന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പര്‍ച്ചേസ് ഓര്‍ഡര്‍ എന്ന മട്ടില്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പിആര്‍ഡി പരസ്യപ്രചാരണത്തില്‍ കൊട്ടിഘോഷിച്ച കെഎസ്ഐഎന്‍സിയുടെ 400 ആഴക്കടല്‍ ട്രോളര്‍ നിര്‍മ്മാണത്തിന്റെ ധാരണാപത്രത്തിന്റെയും വ്യവസായമന്ത്രിക്കു യുഎസ് കമ്പനി നല്‍കിയ നിവേദനത്തിന്റെയും ”രഹസ്യങ്ങള്‍” ചോര്‍ന്നതിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനാണ് സര്‍ക്കാരിനു തിടുക്കം.

ന്യൂയോര്‍ക്കിലെ മന്‍ഹാറ്റനിലെ ‘വെര്‍ച്വല്‍ വിലാസത്തില്‍’ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഒരു വിശ്വാസ്യതയുമില്ലെന്ന ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ റിപ്പോര്‍ട്ട് 2019 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതിനുശേഷവും ആ കമ്പനിയുമായി ധാരണാപത്രമുണ്ടാക്കിയത് എന്തിനെന്ന ചോദ്യവുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും രംഗത്തുവന്നിട്ടുണ്ട്.

”അമിത ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കോണ്ടിനെന്റല്‍ ഷെല്‍ഫ് മേഖലയില്‍ നിന്ന് നിലവിലെ മത്സ്യബന്ധന സമ്മര്‍ദ്ദം കോണ്ടിനെന്റല്‍ സ്ലോപ്പ് ദിശയിലേക്കു മാറ്റപ്പെടേണ്ടതിന് പുറംകടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും” എന്ന് 2019 ജനുവരിയില്‍ സംസ്ഥാന ഫിഷറീസ് നയത്തില്‍ എഴുതിച്ചേര്‍ത്തതുപോലും അമേരിക്കന്‍ കമ്പനിയുടെ രംഗപ്രവേശത്തിന് കളമൊരുക്കാനായിരുന്നോ എന്ന സംശയം ദൃഢപ്പെടുത്തുന്നതാണ് സാഹചര്യതെളിവുകള്‍. കേരളതീരത്തു നിന്ന് 22 കിലോമീറ്റര്‍ (12 നോട്ടിക്കല്‍ മൈല്‍) ദൂരപരിധിക്കു പുറത്ത് 360 കിലോമീറ്റര്‍ (200 നോട്ടിക്കല്‍ മൈല്‍) വരെയുള്ള ഇന്ത്യയുടെ തനതു സാമ്പത്തിക മേഖലയില്‍ വരുന്ന ആഴക്കടല്‍ മീന്‍പിടുത്തത്തിന് അനുമതിപത്രം നല്‍കേണ്ടത് കേന്ദ്ര ഗവണ്‍മെന്റാണ്. ഇന്ത്യയിലെ വമ്പന്‍ കോര്‍പറേറ്റുകളും വിദേശ മത്സ്യബന്ധനയാനങ്ങളും ചേര്‍ന്ന് നടത്തിവന്ന കടലരിച്ചുകോരലിനെതിരെ കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും യന്ത്രവത്കൃത ബോട്ടുകാരും നടത്തിയ അതിശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് 270 ആഴക്കടല്‍യാനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള ബി. മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ച് 2017ല്‍ മോദി സര്‍ക്കാര്‍ നീല വിപ്ലവത്തിന്റെ പുതിയ ദേശീയ ഫിഷറീസ് കരടുനയത്തിലേക്കു തിരിഞ്ഞത്.

മോദിയുടെ ചങ്ങാത്ത മുതലാളിത്ത നയത്തെക്കാള്‍ നെറികെട്ട ഇടപാടാണ് പിണറായി സര്‍ക്കാരിന്റെ ആഴക്കടല്‍ അടക്കംകൊല്ലി ധാരണാപത്രം. ഓഖി ചുഴലികൊടുങ്കാറ്റിനുശേഷം ഒഴിയാത്ത പ്രതികൂല കാലാവസ്ഥയും കടുത്ത വറുതിയും കൊവിഡ് ലോക്ഡൗണും ഇന്ധനവിലക്കയറ്റവും മൂലം കേരളത്തിലെ മത്സ്യമേഖല കൊടിയ പ്രതിസന്ധികള്‍ക്കു നടുവില്‍ അതിജീവനത്തിനായി പൊരുതുകയാണ്. ഇതിനിടെയാണ് വിദേശ നിക്ഷേപത്തിന്റെ പേരില്‍ അമേരിക്കന്‍ കടലാസു കമ്പനിക്ക് തീരദേശ ജനതയെയും തീരവും തീരക്കടലിലെയും ആഴക്കടലിലെയും മത്സ്യസമ്പത്തും തീറെഴുതാനുള്ള ഗൂഢതന്ത്രങ്ങള്‍. ദൂരവ്യാപകമായ ദുരന്തപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യാന്തര നിക്ഷേപത്തട്ടിപ്പുകള്‍ക്ക് തീരദേശവാസികളെ കരുവാക്കുന്ന എല്ലാ ധാരണാപത്രങ്ങളും ഉത്തരവുകളും ഉടന്‍ പിന്‍വലിച്ച് തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. മഹാമാരിയുടെ ദുരന്തമുഖത്ത് ഇനിയും ആര്‍ത്തലയ്ക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തിരത്തള്ളല്‍ കൂടുതല്‍ വിനാശകരമാകാതിരിക്കട്ടെ.

 

 

 


Related Articles

വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷം

അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിവസമായ ഡിസംബര്‍ 8-ാം തീയതി മുതല്‍ ആഗോളസഭയില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ വര്‍ഷാചരണം ആരംഭിച്ചിരിക്കുകയാണ്. 1870 ഡിസംബര്‍ 8-ാം തീയതിയാണ് ഒന്‍പതാം പീയൂസ് പാപ്പ തന്റെ

കൊറോണക്കാലത്തും കൊടികുത്തിവാഴുന്നു ജാതിവിവേചനം

ദളിതരായ ശുചീകരണ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളില്ല ന്യൂഡല്‍ഹി: കൊറോണവ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍, സാമൂഹ്യ അകലം, ഭക്ഷ്യക്ഷാമം എന്നിവയെക്കാള്‍ ഭയാനകമായി ഇന്ത്യയില്‍ ഇപ്പോഴും ജാതിവിവേചനം തുടരുന്നതായി റിപ്പോര്‍ട്ട്. അന്ധ്രാപ്രദേശിലെ വിജയവാഡയിലെ

ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികം ആചരിച്ചു

എറണാകുളം: ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന നേര്‍ച്ചസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍ പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധബലിക്ക് ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*