ആഴക്കടല്‍ മത്സ്യബന്ധനം എല്ലാ കരാറുകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം-കെആര്‍എല്‍സിസി

ആഴക്കടല്‍ മത്സ്യബന്ധനം എല്ലാ കരാറുകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം-കെആര്‍എല്‍സിസി

 

എറണാകുളം : കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല എന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും അതിജീവനത്തിനും വിഘാതമുണ്ടാക്കുന്ന നിരവധി നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നത് അവിചാരിതമെന്നോ ഉദ്യോഗസ്ഥരുടെ നയവ്യതിയാനമെന്നോ കരുതാനാവില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ട്രോളറുകളും മദര്‍ ഷിപ്പുകളും നിര്‍മ്മിക്കാനുള്ള കരാറില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത് ഉചിതമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണപദ്ധതി മുതല്‍ മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നവിധം നയവ്യതിയാനം പ്രകടമായിരുന്നു. കേരളത്തിന് നിയമനിര്‍മ്മാണ അവകാശമുള്ള 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള തീരക്കടലില്‍ യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളെ നിയന്ത്രിക്കുമെന്നും കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മാത്രം നല്കുകയും ഒരു വ്യക്തിക്ക് സ്വന്തമാക്കാവുന്ന ലൈസന്‍സിന്റെ എണ്ണം നിജപ്പെടുത്തുമെന്നുമാണ് മത്സ്യനയം വ്യക്തമാക്കുന്നത്(2.6). സര്‍ക്കാരിന്റെ നയങ്ങള്‍ മറികടക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം നല്കുന്ന സാഹചര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കണം. 12 നോട്ടിക്കല്‍ മൈലിനപ്പുറത്ത് 200 നോട്ടിക്കല്‍ മൈല്‍ വരെ അധികാരമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള ദേശീയ മത്സ്യനയവും അത്യന്തം അപകടകാരിയാണ.

ആഴക്കടല്‍ മത്സ്യബന്ധനത്തെ സംബന്ധിച്ചു 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. അയ്യപ്പന്‍ കമ്മറ്റി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ഫിഷറീസ് വകുപ്പ് 2014ല്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചിത കടല്‍ മേഖലകളില്‍ മത്സ്യബന്ധനത്തിന് ലറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ഒപി )നല്കി വരികയായിരുന്നു. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാല്‍ ഒരു ബദല്‍ സംവിധാനം നടപ്പിലാക്കി എല്‍ഒപി പദ്ധതി റദ്ദാക്കാനാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.

 

ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് അവരുടെ കഴിവും വൈദഗ്ദ്യവും മെച്ചപ്പെടുത്തുകയും നിലവിലുള്ള ആഴക്കടല്‍ മത്സ്യബന്ധനയാന ങ്ങളെ ആധുനീകരിക്കുകയും മത്സ്യതൊഴിലാളികള്‍ക്ക് സഹകരണ സംഘങ്ങള്‍/ സ്വയം സഹായ സംഘങ്ങള്‍ വഴി പുതിയ യാനങ്ങള്‍ നല്കുമെന്നുമായിരുന്നു നയത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇവയെല്ലാം പുതിയനയത്തില്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. തദ്ദേശീയരായ പരമ്പരാഗത തൊഴിലാളികള്‍ പിന്തള്ളപ്പെടുകയും ആഴക്കടല്‍ മത്സ്യബന്ധനത്തിലും സംസ്‌കരണത്തിലും സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം കടന്നുവന്നു. വിദേശത്തുനിന്നുള്ള സാങ്കേതികവിദ്യ പരിഗണിക്കല്‍, ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് യാനങ്ങളുടെ എണ്ണവും ശേഷിയും വികസിപ്പിക്കാന്‍ ഏകജാലക സംവിധാനം, സ്വകാര്യ നിക്ഷേപം, സ്വകാര്യ – പൊതു പങ്കാളിത്തം ഇവയൊക്കെ ദേശീയ മത്സ്യനയത്തിലെ പുതിയ നിര്‍ദ്ദേശങ്ങളാണ്.

വിദഗ്ദരായ ശാസ്ത്രജ്ഞരെ നിയോഗിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുകയും പിന്നീട് അവയൊക്കെ നിരാകരിച്ച് തങ്ങള്‍ക്ക് തോന്നുന്ന വിധം നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവഗൗരവമായി പരിഗണിക്കുകയും ചെയ്യണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.

ഫാ. തോമസ് തറയില്‍ (ജനറല്‍ സെക്രട്ടറി, കെആര്‍എല്‍സിസി), ജോസഫ് ജൂഡ് (ജനറല്‍ സെക്രട്ടറി, കടല്‍), ഫാ. ഷാജ്കുമാര്‍ (സെക്രട്ടറി, കെആര്‍എല്‍സിബിസി അല്മായകമ്മീഷന്‍), അഡ്വ. ഷെറി ജെ. തോമസ് (ജനറല്‍ സെക്രട്ടറി, കെഎല്‍സിഎ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles

ഹെലന രാജ്ഞി

യേശുവിനെ വിചാരണയ്ക്കായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി തുറന്നുകൊടുത്തിരുന്നു. 28 പടികളുള്ള ഈ പടിക്കെട്ട്

കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ​ത്ര​മാ​ത്രം വാ​ക്സി​ന്‍ കേ​ര​ള​ത്തി​നു ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ല. എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും.

കേരളം തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര 

കൊച്ചി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ്-19 രോഗബാധ സംബന്ധിച്ച് നിലവിലെ സ്ഥിതി തന്നെ തുടരുകയാണെങ്കില്‍ കേരളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*