ആശങ്കയില്ലാതെ ഉയരുന്ന പോളിംഗ്

ആശങ്കയില്ലാതെ ഉയരുന്ന പോളിംഗ്

കൊവിഡ് മഹാമാരിക്കാലത്തെ വോട്ടെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അസാമാന്യ ജാഗ്രതയോടെ ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട പൗരാവകാശമായ സമ്മതിദാനത്തിന്റെ മഹിമ എത്രത്തോളം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതിന്റെ ഉത്തമ നിദര്‍ശനമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അഞ്ചു തെക്കന്‍ ജില്ലകളിലെ കനത്ത പോളിംഗ്. രോഗപ്പകര്‍ച്ച ഭയന്ന് ഒന്‍പതു മാസത്തിലേറെയായി വീടുകളില്‍ സ്വയം അടച്ചിടലിനു വിധേയരാവയര്‍ ആശങ്കകളെല്ലാം മറികടന്ന്, മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ പുരട്ടിയും പോളിംഗ് ബൂത്തിനു മുമ്പില്‍ അകലം പാലിച്ചു നിരയില്‍ നിലകൊള്ളുന്നതും, കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ക്കായുള്ള അവസാന മണിക്കൂറില്‍ പി.പി.ഇ കിറ്റിന്റെ സുരക്ഷാകവചമെല്ലാമായി രോഗബാധിതരും ക്വാറന്റൈന്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും ദൃഢനിശ്ചയത്തോടെ വോട്ടുരേഖപ്പെടുത്തുന്നതും ജനാധിപത്യത്തിലെ അനന്യാനുഭവവും അത്യപൂര്‍വ ചരിത്രസാക്ഷ്യവുമാണ്.
രാജ്യത്തെ കൃഷിയിടങ്ങളും കാര്‍ഷിക വിപണിയും കോര്‍പറേറ്റ് വമ്പന്മാര്‍ക്കു തീറെഴുതുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ‘കമ്പനി രാജ്’ നിയമങ്ങള്‍ക്കെതിരെ രണ്ടാഴ്ചയായി രാജ്യതലസ്ഥാനം വളഞ്ഞ് സമാനതകളില്ലാത്ത ജനകീയ മുന്നേറ്റത്തിന്റെ സമരേതിഹാസം സൃഷ്ടിക്കുന്ന പതിനായിരകണക്കിന് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 24 രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരവധി ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ ദേശീയ തലത്തില്‍ ഭാരത് ഹര്‍ത്താല്‍ നടക്കുമ്പോഴാണ് കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷം നാട്ടിലെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ട ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്.
ദേശീയ രാഷ്ട്രീയത്തിലെ ആപത്കരമായ അവസ്ഥാവിശേഷവും, കൊവിഡ് ദുരിതത്തിനിടയിലും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും തുടരെ തുടരെ വിലകൂട്ടുന്നതിന്റെ ഫലമായി ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യവും മാത്രമല്ല, എല്ലാം ശരിയാക്കുമെന്നു വാഗ്ദാനം ചെയ്ത് നാലര വര്‍ഷം മുന്‍പ് അധികാരത്തിലേറിയ സംസ്ഥാനത്തെ ഇടതുമുന്നണി ഗവണ്‍മെന്റിനെതിരെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഉയര്‍ന്നുകേള്‍ക്കുന്ന അതീവ ഗുരുതരമായ അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിയുടെ കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കൊള്ളരുതായ്മകളുടെ തെളിവുകളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കുറ്റപത്രങ്ങളുമെല്ലാം കണ്ടും കേട്ടും വ്യാഖ്യാനിച്ചും വിലയിരുത്തിയും അഞ്ചു മാസത്തിനകം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ സുചിന്തിതമായ ഒരു തീരുമാനത്തിലെത്തും മുമ്പുള്ള ഒരു രാഷ്ട്രീയ ‘മുന്‍വിധിയുടെ’ ട്രയല്‍ റണ്ണും കൂടിയാവുകയാണ് ഈ വോട്ടെടുപ്പ്.
സംസ്ഥാനത്തെ 1,199 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 21,865 ജനപ്രതിനിധികള്‍ക്കായുള്ള തിരഞ്ഞെടുപ്പിന് മുക്കാല്‍ ലക്ഷത്തോളം സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സംഘടനാതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കെട്ടുറപ്പും ശക്തിയും വ്യവസ്ഥാപിത രീതിയിലുള്ള പ്രചാരണശേഷിയുമൊക്കെ വലിയൊരു ഘടകമാണെങ്കിലും സമൂഹത്തില്‍ ഏറ്റവും അടിത്തട്ടിലുള്ള വ്യക്തിബന്ധങ്ങളും വ്യക്തിവൈശിഷ്ട്യങ്ങളും, ജനസേവനതല്പരതയുടെയും പ്രാദേശിക പരിഗണനകളുടെയും ”അദൃശ്യവും തൊട്ടറിവാന്‍ കഴിയാത്തതുമായ” പാരമ്പര്യത്തിന്റെയും പേരിലുള്ള ഇഷ്ടാനിഷ്ടങ്ങളുമൊക്കെയാണ് ഈ ഇലക്ഷനില്‍ നിര്‍ണായകമാകുക.
യുവാക്കളും വനിതകളും ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ പൊതുപ്രവര്‍ത്തന മണ്ഡലത്തിലേക്ക് വലതുകാല്‍വച്ച് കയറുകയാണ്. എന്നിരുന്നാലും, സ്ഥാനാര്‍ഥികളില്‍ 30 വയസില്‍ താഴെയുള്ളവര്‍ 9.57 ശതമാനം മാത്രമാണെന്നും, 61.31 ശതമാനം പേര്‍ 40 വയസിനു മുകളിലുള്ളവരാണെന്നും ഒരു സര്‍വേയില്‍ കാണുകയുണ്ടായി. അടുത്ത അഞ്ചുവര്‍ഷമെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയത്തിനും തദ്ദേശഭരണനേതൃത്വത്തിനുമായി മാറ്റിവയ്ക്കാന്‍ കഴിയുന്ന, അതിനുള്ള അര്‍പ്പണബോധമുള്ള ചെറുപ്പക്കാരെത്രയുണ്ടാകും? റിബല്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ക്കിടയില്‍ സ്ത്രീകള്‍ മുന്നിലാണെന്നതു കൗതുകകരമാണ്.
ഡോക്ടറേറ്റും ബിരുദാനന്തരബിരുദവുമുള്ള കുറെപേര്‍ മത്സരരംഗത്തുണ്ടെങ്കിലും മൊത്തത്തില്‍ മൂന്നിലൊന്നിലേറെ സ്ഥാനാര്‍ഥികളും എസ്എസ്എല്‍സി കടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസയോഗ്യത തദ്ദേശഭരണത്തിന് അത്ര പ്രധാനപ്പെട്ടതാണോ എന്നു ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ വാര്‍ഡുതല ഗ്രാമസഭാ പദ്ധതിവിനിയോഗത്തിനപ്പുറം, വികസനവും ജനക്ഷേമവും പരിസ്ഥിതിയുമൊക്കെയായി ബന്ധപ്പെട്ട് ദേശീയതലത്തിലും രാജ്യാന്തര തലത്തിലും നടക്കുന്ന കാര്യങ്ങളും നയരൂപീകരണം അടക്കമുള്ള രാഷ്ട്രീയ, നിയമ വ്യവഹാരങ്ങളും, സംസ്ഥാനത്തെ ലജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി തലങ്ങളില്‍ നടക്കുന്ന പുതിയ സംഭവവികാസങ്ങളും സര്‍ക്കാര്‍ ഉത്തരവുകളുടെ പൊരുളും ഗ്രഹിക്കാനും വിശകലനം ചെയ്യാനും അവയെ പൊതുമണ്ഡലത്തില്‍ സുവ്യക്തമായി അവതരിപ്പിച്ച് സംവദിക്കാനുമുള്ള പ്രാപ്തി പ്രധാനപ്പെട്ട ഒരു ഘടകംതന്നെയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്മേലുള്ള വിലയിരുത്തലായി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കാണേണ്ടതില്ല എന്നു വാദിക്കാമെങ്കിലും, സാമൂഹിക നീതിയുടെയും അധികാര പങ്കാളിത്തത്തിന്റെയും ക്ഷേമപദ്ധതികളുടെയും കാര്യത്തില്‍ നമുക്കുവേണ്ടി ഈ ഭരണകൂടം എന്തുചെയ്തുവെന്ന് വസ്തുനിഷ്ഠമായി പരിശോധിച്ച് അതിന് ജനാധിപത്യരീതിയില്‍ മറുപടി പറയാനുള്ള അവസരം തന്നെയാണിത്.

ഓഖി ചുഴലിക്കാറ്റ്, പ്രളയം ഉള്‍പ്പെടെ തുടര്‍ച്ചയായുണ്ടായ പ്രകൃതിദുരന്തക്കെടുതികള്‍, ചെല്ലാനം ഉള്‍പ്പെടെ തീരദേശത്തെ വിഴുങ്ങുന്ന കടലേറ്റം, മൂന്നാര്‍ പെട്ടിമുടിയിലെ മണ്ണിടിച്ചില്‍, ഒടുവില്‍ കൊവിഡ് ലോക്ഡൗണ്‍ തുടങ്ങി സാധാരണ മനുഷ്യരുടെ ജീവിതമാകെ തകിടം മറിച്ച തീവ്രയാതനകളുടെയും കൊടിയ നഷ്ടങ്ങളുടെയും ദുരനുഭവങ്ങളില്‍ ആരൊക്കെ താങ്ങായി നിന്നു എന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ദുരിതാശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പുനരധിവാസത്തിന്റെയും നവകേരള നിര്‍മിതിയുടെയും പേരില്‍ പ്രവാസികളായ ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും ലോകരാഷ്ട്രങ്ങളില്‍ നിന്നും സമാഹരിച്ച പണം രാജ്യാന്തര കണ്‍സള്‍ട്ടന്‍സികള്‍ക്കും സ്വന്തം ഇഷ്ടക്കാരുടെ താല്പര്യങ്ങള്‍ക്കും സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താനുള്ള പരസ്യപ്രചാരണങ്ങള്‍ക്കും വേണ്ടി ആരെങ്കിലും വകമാറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനോട് പ്രതികരിക്കാന്‍ ബാലറ്റല്ലേ ഏറ്റവും ശക്തിയുള്ള ജനകീയ ആയുധം? മുന്നാക്ക സാമ്പത്തിക സംവരണത്തിന്റെ പേരില്‍ പ്ലസ് വണ്‍ തലം തൊട്ട് പ്രഫഷണല്‍, സാങ്കേതികപഠന, നിയമ വിദ്യാഭ്യാസമേഖലയില്‍ വരെയുള്ള പ്രവേശനത്തിനും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കുമായുള്ള ദലിതരുടെയും പിന്നാക്കവിഭാഗങ്ങളുടെയും സാമുദായിക സംവരണ ക്വാട്ടയില്‍ കൈകടത്തിയവരുടെ തനിനിറം കണ്ട് അതിനു ചുട്ട മറുപടി കൊടുക്കുന്നതില്‍ നിന്ന് പിന്നാക്കവിഭാഗങ്ങളെ ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് വിലക്കുന്നത്?
ഇനിയുള്ള രണ്ടു ഘട്ടങ്ങളില്‍ പോളിംഗ് നടപടികളുമായി ബന്ധപ്പെട്ട കൊവിഡ് മാര്‍ഗരേഖ കൂടുതല്‍ കര്‍ശനമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണവും വോട്ടെടുപ്പും മൂലം കൊവിഡ് വ്യാപന ഭീഷണി വര്‍ധിക്കുമെന്ന ആശങ്ക കുറെയൊക്കെ മാറിയിട്ടുണ്ട്. ബിഹാറുകാര്‍ക്ക് കൊവിഡ് കാലത്ത് സുരക്ഷിതമായി വോട്ടു ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ തീര്‍ച്ചയായും കേരളീയര്‍ക്ക് അതിലും മെച്ചപ്പെട്ട സുരക്ഷാ സംവിധാനത്തോടെ സമ്മതിദാനം നിര്‍വഹിക്കാന്‍ സാധിക്കേണ്ടതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യശക്തിയെന്നൊക്കെ അവകാശപ്പെടുന്ന അമേരിക്കയിലെ കൊവിഡ്കാല ഇലക്ഷന്‍ എത്രകണ്ട് അലങ്കോലമായെന്ന് അവരുടെ പ്രസിഡന്റ് ട്രംപ് തന്നെ വിലപിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊക്കെ എത്രയോ മഹത്തരമാണ് നമ്മുടെ ജനാധിപത്യത്തിലെ സമ്മതിദാനപ്രക്രിയ! പോളിംഗ് ശതമാനം ഉയരട്ടെ, ആരോഗ്യരക്ഷയും!

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വേണം ഒരു പുത്തന്‍ സ്ത്രീസംസ്‌കാരം

അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് 8 ലോകമെമ്പാടും ആചരിക്കപ്പെട്ടു. സ്ത്രീത്വത്തെ മഹത്വീകരിക്കാനും അവരുടെ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും തിരഞ്ഞെടുക്കപ്പെട്ട ഒരു ദിവസം. തലമുറകളിലൂടെ സമരംചെയ്ത് കൈവന്ന ലിംഗസമത്വം സ്ത്രീകളുടെ

കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്നു ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കെആർഎൽസിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം.

എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിംഗ് ആരംഭിച്ചു.

മാർച്ച് 25 ന് ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് ലാബിന്റെ അഭാവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കും ലോക്സഭാ സ്പീക്കർക്കും കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് ഐ സി എം ആർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*