ആശങ്കയുടെ വനിതാ മതില് കടന്ന് സിപിഎം

വനിതകള്‍ സംഘാടക പ്രതീക്ഷകളെ തെല്ലും നിരാശപ്പെടുത്തിയില്ല. മതിലിന് ആവോളം കല്ലും മണ്ണും വെള്ളവും അവര്‍ പകര്‍ന്നു. തിരിച്ചിങ്ങോട്ടും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായഹസ്തമുണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീണ്ട മതിലില്‍ 50 ലക്ഷത്തിലേറെ സ്ത്രീരത്നങ്ങള്‍ അണിനിരന്നുവെന്നാണ് ഔദ്യോഗിക കണക്ക്. കുറച്ചുലക്ഷങ്ങള്‍ കൂട്ടിപ്പറഞ്ഞിട്ടുണ്ടെങ്കില് പോലും മതിലിന്റെ വിജയത്തെ കുറച്ചുകാണാനാകില്ല.
വനിതാ മതിലിന്റെ വിജയത്തിന് ഏറ്റവും വലിയ പ്രചാരകരായിരുന്നത് കോണ്ഗ്രസുകാരായിരുന്നുവെന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. വെള്ളത്തില്‍ വരവരയ്ക്കല്, സര്ക്കാരുദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തല്‍(മറ്റവന്മാരുടെ ഭീഷണി കേട്ടാണ് പാവങ്ങള്‍ മതിലിന് ഇറങ്ങിത്തിരിച്ചത്), ഓഫീസുകള്‍ ഉപരോധിക്കല്‍ എന്നിങ്ങനെ തങ്ങളേക്കൊണ്ടാകുന്ന പബ്ലിസിറ്റിയെല്ലാം യുഡിഎഫുകാര്‍ നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓരോ ദിവസവും മതിലിനു വേണ്ടി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി. ടിയാന് പറയുന്ന കാര്യങ്ങള്‍ മതിലിന് എതിരായിരുന്നെങ്കിലും ഫലത്തില്‍ അനുകൂലമായി വന്നു. പണ്ട് ഒനിഡ ടിവിയുടെ പരസ്യമുണ്ടായിരുന്നതോര്ക്കുമല്ലോ! അസൂയമൂത്ത് ടിവി തല്ലിപ്പൊളിക്കുന്ന ഈ പരസ്യത്തിലൂടെയാണ് ഒനിഡക്കാര് വിപണി പിടിച്ചെടുത്തത്. ചെന്നിത്തലയ്ക്ക് എന്തേ ആരുമൊരു പുരസ്കാരം നല്‍കുന്നില്ലായെന്ന് മലയാളികള്‍ അത്ഭുതപ്പെട്ടുപോകും. സിപിഎം മനസുവെച്ച് അദ്ദേഹത്തെ ആദരിക്കേണ്ടതാണ്. പൊതുതിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന് രാഹുല്‍ ഗാന്ധി ഈ മാസം കേരളത്തിലെത്തുന്നുണ്ട്. അതോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങളിലേക്കു പ്രവേശിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ശബരിമലയില്‍ കാടിളക്കി മറ്റു രണ്ടുകൂട്ടരും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രവേശിച്ച കാര്യം പാവങ്ങള്‍ അറിഞ്ഞിട്ടില്ല.
സംഘ്പരിവാറുകാര്‍ മതിലുയര്‍ത്താന്‍ വന്ന സ്ത്രീകളെ വിരട്ടിയോടിക്കുന്ന തിരക്കിലായിരുന്നതിനാല്‍ പുതുവര്‍ഷത്തില്‍ ശബരിമലയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. കനകദുര്‍ഗയ്ക്കും ബിന്ദുവിനും അതു സുവര്‍ണാവസരവുമായി. യുവതികള്‍ അയ്യപ്പദര്‍ശനം നടത്തിയാല്‍ നട അടച്ച് ശുദ്ധികലശം നടത്തിയാല്‍ പരിഹാരമാകുമെങ്കില്‍ ഇത്രയും ബലംപിടുത്തം സംഘ്പരിവാറിനും സര്‍ക്കാരിനും വേണമായിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏതെങ്കിലും ദിവസം നിശ്ചയിച്ച് വനിതകളെ മലകയറ്റുക, എന്നിട്ട് കുറച്ചുനേരം നടയടച്ചിട്ട് ശുദ്ധികലശം നടത്തുക. അത്രയേ വേണ്ടൂ. നടപൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തിലെത്തിക്കാതിരുന്നാല് മതി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളികളെ മറികടക്കുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും സര്‍ക്കാരിന്റെ മുന്കയ്യിലായിരുന്നുവല്ലോ മതില് പണിതത്. മതില് പ്രഖ്യാപനം പെട്ടെന്ന് കഴിഞ്ഞെങ്കിലും തുടര്‍ന്നുണ്ടായ എതിര്‍പ്പുകള്‍ സിപിഎമ്മുകാരെ വിറപ്പിച്ചുവെന്നത് നേര്. കാരണം എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനാണ് സംഘാടക സമിതി ചെയര്മാന്. ചേകവന്റെ റിക്കാര്‍ഡ് അത്ര മികച്ചതല്ല. ആദ്യം സിപിഎമ്മിനോടൊപ്പം, പിന്നെ യുഡിഎഫിന്റെ ചാരെ, പിന്നെപ്പിന്നെ സംഘ്പരിവാര്‍ സംബന്ധം. മകന് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോഴും ബിജെപിയുമായുള്ള മധുവിധുവിന്റെ ലഹരിയിലുമാണ്. ഏതു നിമിഷവും ആലപ്പുഴക്കാരന് പാലം വലിച്ചേക്കുമെന്ന ആശങ്ക.
മതിലെഴുത്തില്‍ പ്രത്യക്ഷത്തില്‍ സിപിഎം ഇല്ലെന്നാണ് വയ്പ്. പക്ഷേ വിറകുവെട്ടിയതും വെള്ളം കോരിയതും പാര്‍ട്ടിയിലെ പിണറായി പക്ഷക്കാര്‍ തന്നെ. കാര്ന്നോര് ഇടയ്ക്ക് ഉറക്കമുണര്‍ന്ന് മതിലില്‍ മുറുക്കിത്തുപ്പിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. എന്തിനും ഏതിനും വിഎസ് എന്നു പറഞ്ഞിരുന്ന കാനം പോലും കാലുവാരി. മതിലില്‍ വിള്ളല്‍ വീണിരുന്നെങ്കില്‍ അത് സിപിഎമ്മിന്റെ പിടലിക്കാരുന്നാനേയെന്നതില് സംശയമൊന്നുമില്ല.
ശബരിമലയിലെ ആചാര സംരക്ഷണത്തിനെന്ന പേരില്‍ സംഘ്പരിവാരുകാര്‍ സ്ത്രീകളെ നിരത്തിലിറക്കിയപ്പോള്‍ സ്ത്രീകളെത്തന്നെ ഇറക്കി അതിനെ നേരിടാനുള്ള സിപിഎമ്മിന്റെ ശ്രമമായിരുന്നു വനിതാ മതില്. കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുന്ന പഴയ വിഷവൈദ്യം തന്നെ. (വനിതകള്‍ വിഷമാണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ലേഖകന്‍).
Related
Related Articles
കുറ്റവും ശിക്ഷയും
രാജസ്ഥാന് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ നടത്തിയ പ്രഭാഷണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പെട്ടെന്ന് നല്കപ്പെടുന്ന ഒന്നല്ല
കരിമണലിലെ കണ്ണീര്‍ച്ചാലുകളില്‍ കടല്‍കയറുമ്പോള്‍
ധാതുമണല്‍ ഖനനം മൂലം കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന പരിദേവനം കേട്ട് ഉള്ളുലഞ്ഞവരെയും പ്രത്യക്ഷത്തില്‍ യാതൊരു രാഷ്ട്രീയ പിന്തുണയുമില്ലാതെ 75 ദിവസത്തിലേറെയായി
ബിഷപ് ജെറോമിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ പ്രാരംഭ നടപടി തുടങ്ങി
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് ഡോ. ജെറോം ഫെര്‍ണാണ്ടസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി രൂപതാ എപ്പിസ്കോപ്പല്‍ വികാരി