ആഹാരമില്ലാത്തവര്‍ ഇവിടെയുണ്ട്

ആഹാരമില്ലാത്തവര്‍ ഇവിടെയുണ്ട്

ലോകഭക്ഷ്യദിനവും അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മ്മാര്‍ജന ദിനവും അടുത്തടുത്ത ദിവസങ്ങളിലാണ് ആചരിക്കപ്പെടുന്നത്. ഒക്‌ടോബര്‍ 16, 17 തീയതികളില്‍. ഈ കുറിപ്പെഴുതുമ്പോള്‍ വാര്‍ത്തകളുടെ രണ്ടു ശകലങ്ങള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്റെ ‘വായനമുറിയില്‍’ നിക്ഷേപിച്ച് പോകുന്നുണ്ട്. ഒന്നാമത്തേത് ആഗോളവിശപ്പ് സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്ന വാര്‍ത്തയാണ്. രണ്ടാമത്തേത് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ ഒരു ചോദ്യമാണ്. ‘നിങ്ങള്‍ രാഷ്ട്രത്തെ സസ്യഭോജികളുടെ സ്ഥലമായി മാത്രമാണോ വിഭാവനം ചെയ്യുന്നത്?’ വിശപ്പ് സാമൂഹ്യപ്രശ്‌നം കൂടിയാണെന്ന് ജസ്റ്റിസ് ലോക്കൂറിന്റെ ചോദ്യം വീണ്ടും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. പ്രത്യേകിച്ച് ഇന്ത്യയുടെ സമകാല രാഷ്ട്രീയ താല്പര്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ വിലയിരുത്തുമ്പോള്‍.
ആദ്യത്തെവാര്‍ത്ത ഒരു പഠനമാണ.് ജര്‍മനി ആസ്ഥാനമായുള്ള സ്വാതന്ത്രലാഭ രഹിത സംഘടനയായ ‘ആഗോള ദാരിദ്ര്യനിര്‍മ്മാര്‍ജന സഹായം’ (വേള്‍ഡ് ഹംഗര്‍ എയ്ഡ്) നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള കുഞ്ഞുങ്ങളില്‍ അഞ്ചിലൊരാള്‍-‘വേസ്റ്റഡ്’ എന്നത് ഒരു ടെക്‌നിക്കല്‍ പ്രയോഗമാണ്-ആളുടെ ഉയരത്തിനനുസരിച്ച് ഭാരമില്ലാത്ത അവസ്ഥ. പോഷകശോഷണത്തിന്റെ സ്ഥിതി എന്ന് അര്‍ത്ഥം. ഞെട്ടിക്കുന്നതാണ് ഈ വിവരം. ആഗോളതലത്തിലെ വിശപ്പിന്റെ സ്ഥിതിവിവരകണക്കുകളുമായി പുറത്തിറങ്ങുന്ന ഈ പഠനം പൊതുവെ ആധികാരികം എന്നു കരുതപ്പെടുന്നു. അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ തയ്യാറാക്കപ്പെടുന്ന ഈ പഠനത്തിന്റെ വെളിച്ചത്തിലാണ് ആഗോളതലത്തില്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍ക്കും ഭക്ഷ്യനയത്തിനും രൂപം കൊടുക്കുന്നത്. ഈ പഠനത്തില്‍ ഇടം പിടിച്ചിട്ടുള്ള 119 രാജ്യങ്ങളില്‍ 103-ാം സ്ഥാനമാണ് ഇന്ത്യയുടേത്. കഴിഞ്ഞവര്‍ഷത്തെ പഠനത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച റാങ്കിംഗില്‍ നിന്ന് മൂന്നുപടി താഴെയാണ് ഇക്കുറി നമ്മുടെ രാജ്യം. അഭിമാനിക്കാന്‍ തക്കവിധമുള്ളതല്ല പഠനത്തിലെ പല പരാമര്‍ശങ്ങളും. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ ഈ പഠനത്തിനെതിരെ മുഖം തിരിക്കാനാണ് സാധ്യത. ഒന്നുകില്‍ പഠനത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത്, അല്ലെങ്കില്‍ മൗനം കൊണ്ട് പ്രതിരോധം തീര്‍ത്ത്. മനോഭാവം രണ്ടിലേതായാലും യാഥാര്‍ഥ്യം അപ്രകാരം തന്നെ നിലനില്‍ക്കും.
ആഭ്യന്തരയുദ്ധം കൊണ്ട് താറുമാറായ ദക്ഷിണ സുഡാനാണ് റാങ്കില്‍ ഏറ്റവും പിന്നില്‍. ലോകജനസംഖ്യയില്‍ വലുപ്പംകൊണ്ട് രണ്ടാംസ്ഥാനമുള്ള രാജ്യത്തിന് അത്രയെളുപ്പത്തില്‍ വികസനപ്രക്രിയകള്‍ നടപ്പിലാക്കാനാകില്ല. എന്നിരിക്കിലും എല്ലാം ശുഭകരമെന്ന വ്യര്‍ഥാഭിമാനം വെടിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഇത്തരം പഠനങ്ങള്‍ സഹായിക്കും. മാത്രമല്ല, പഠിതാക്കള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള മറ്റു ചില സൂചികകളില്‍(വേസ്റ്റഡ് കാറ്റഗറി കൂടാതെ) ഇന്ത്യ പുരോഗതിയുടെ ചില അടയാളങ്ങള്‍ കാണിക്കുന്നതായി പറയുന്നുണ്ട്. ഉദാഹരണത്തിന് ശിശുമരണനിരക്ക് 2000ത്തില്‍ 9.2ശതമാനം ആയിരുന്നത് 2018 ആകുമ്പോഴേയ്ക്ക് 4.3 ശതമാനം ആയി കുറഞ്ഞിരിക്കുന്നു. ഫലപ്രദമായി നടത്തുന്ന കര്‍മപരിപാടികള്‍ക്ക് പ്രയോജനങ്ങള്‍ വ്യക്തമായും നല്കാനാകുമെന്നതിന്റെ തെളിവാണിത്. ലോകഭക്ഷ്യദിനാചരണത്തിന്റെയും ദാരിദ്ര്യനിര്‍മാര്‍ജന ദിനാചരണത്തിന്റെയും സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ കാര്‍ഷിക-ഭക്ഷ്യമേഖലകളുടെ സ്ഥിതിയെന്തെന്ന് ഗൗരവതരമായ സംവാദങ്ങള്‍ അനിവാര്യം തന്നെ. പ്രത്യേകിച്ച്, കര്‍ഷകര്‍ തങ്ങളുടെ ആശങ്കകളുമായി രാജ്യതലസ്ഥാനത്തേയ്ക്ക് രണ്ടാഴ്ച മുമ്പു നടത്തിയ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതും ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയസമീപനങ്ങളിലെ താല്പര്യക്കുറവ് പ്രകടമായി മാറുന്നത് ചര്‍ച്ചയാകുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇത്തരം സംവാദങ്ങള്‍ സമയോചിതമാകുന്നത് മേല്‍സൂചിപ്പിച്ച പഠനങ്ങളെ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുമ്പോഴാകും.
ഇന്ത്യയുടെ ദാരിദ്ര്യനിര്‍മാര്‍ജന യജ്ഞം വികസനപരിപാടികളുടെ ഭാഗമായി നടപ്പാക്കപ്പെടുന്നുണ്ട്. പ്രതിരോധരംഗത്ത് നമ്മള്‍ ചിലവഴിക്കുന്ന തുകയുടെ ചെറിയ ശതമാനം മാത്രമാണ് ദാരിദ്ര്യത്തിനെതിരായ കര്‍മപരിപാടികള്‍ക്ക് നല്കുന്നതെങ്കിലും അതുപോലും ഫലപ്രദമായി നടപ്പിലാക്കാനാകുന്നുണ്ടോ എന്ന ചോദ്യം ലോകഭക്ഷ്യദിനവും അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മാര്‍ജന ദിനവും ഈ രാഷ്ട്രത്തോടു ചോദിക്കുന്നുണ്ട്.
9046.17 കോടി രൂപയുടെ ദേശീയ പോഷകാഹാര പരിപാടി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. പോഷണ്‍ അഭിയാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കര്‍മപദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സംയോജിത ശിശുവികസന പരിപാടി, ഉച്ചഭക്ഷണ പദ്ധതി, മുന്‍ഗണനാ വിഭാഗത്തിന് ഊന്നല്‍കൊടുത്തുകൊണ്ടുള്ള പൊതുവിതരണ സമ്പ്രദായം എന്നിവയടക്കമുള്ള 20 പദ്ധതികളെ ഒരു കുടക്കീഴിലാക്കി പോഷണ്‍ അഭിയാന്‍ എന്ന പേരില്‍ നടപ്പിലാക്കുമ്പോള്‍ നിരവധി തടസങ്ങള്‍ അതില്‍ സംഭവിക്കുന്നുണ്ട്. സമഗ്രമായ മേല്‍നോട്ടം അസാധ്യമാകുന്നുണ്ട്. ഉച്ചഭക്ഷണപദ്ധതി പോലുള്ള പ്രധാനപ്പെട്ട സംരംഭങ്ങള്‍ സ്വകാര്യസംഘടനകളുടെ മേല്‍നോട്ടത്തില്‍ ആക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. വിവാദമായ നടപടിയുടെ ഗതിയെന്തായി എന്ന് ഇപ്പോള്‍ വാര്‍ത്തകളില്ല. രാജ്യത്തിന്റെ പ്രതിരോധമടക്കമുള്ള മേഖലകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യമേഖലകള്‍ക്ക് തുറന്നുകൊടുക്കുന്ന നിയോലിബറല്‍ സാമ്പത്തിക കാലത്ത് ഈ രാജ്യത്ത് വിശപ്പും ദാരിദ്ര്യവും കച്ചവടച്ചരക്കാക്കുന്നതില്‍ അത്ഭുതത്തിന് വകയില്ലല്ലോ. ദേശീയാരോഗ്യസര്‍വെ നല്കുന്ന റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ നിലയും അത്രയ്ക്ക് ശുഭോദര്‍ക്കമല്ല.
കേരളത്തിന്റെ ആദിവാസിമേഖലകളില്‍ പ്രത്യേകമായി കാണുന്ന പോഷകാഹാരക്കുറവിന്റെ പ്രശ്‌നം, സ്ത്രീകളിലും കുട്ടികളിലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഈ നാട്ടില്‍ ഒരിക്കലും വാര്‍ത്തയാകില്ല. സായന്തനങ്ങളില്‍ നമുക്ക് കൊറിക്കാന്‍ മഞ്ഞയും നീലയും കലര്‍ന്ന ചിലതൊക്കെ മതിയാകുമെന്ന് മാധ്യമമേലാളന്മാര്‍ നിശ്ചയിച്ചമട്ടാണ്. പിന്നെ കാണാനും ടെന്‍ഷനടിക്കാനും ചില സീരിയലുകളും. വെറുതെ പറയുന്നതല്ല, ഏതോ സീരിയലിലെ നായികയും നായകനും തമ്മില്‍ കൂടിച്ചേരുമോ എന്ന ആശങ്കയില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ആശുപത്രിയിലായ ഒരു വീട്ടമ്മയെ എനിക്കറിയാം. കാര്യങ്ങളൊക്കെ ഇങ്ങനെയുമുണ്ട് ഈ നാട്ടില്‍.
നമ്മുടെ പ്രവൃത്തി നമ്മുടെ ഭാവി-2030ഓടെ വിശപ്പുരഹിത ലോകം എന്ന ചിന്താവാക്യത്തോടെയാണ് ഈ വര്‍ഷം ലോകഭക്ഷ്യദിനം എത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെ വിശപ്പ് എന്ന സാമൂഹ്യപ്രശ്‌നത്തെ ദൂരീകരിക്കാന്‍ പരിശ്രമിക്കണമെന്ന് ഈദിനം ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്യുന്നു. ശുദ്ധജലവും പോഷകാഹാരവും ഭൂമിയിലെ ഓരോ വ്യക്തിക്കും എത്തിക്കാന്‍ രാഷ്ട്രങ്ങള്‍ക്കാകണം. ആഗോളസമ്പത്തിന്റെ ഭൂരിഭാഗവും കുറച്ചാളുകളുടെ കൈവശമൊതുങ്ങുന്ന കാലത്ത് ഈ സംരംഭത്തിന് തിരിച്ചടിയുണ്ടാകുമെന്നത് വാസ്തവം. പക്ഷേ, പിന്തിരിയാന്‍ ഭരണകൂടങ്ങള്‍ക്ക് അവകാശമില്ലല്ലോ. രാഷ്ട്രീയമായ ഇച്ഛാശക്തിയും നയസമീപനങ്ങളും കൊണ്ട് രാഷ്ട്രത്തിലെ പൗരസമൂഹത്തിന്റെ വിശപ്പ് എന്ന പ്രശ്‌നത്തെ സംബോധന ചെയ്യാന്‍ രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതാണ്. നാലാം വ്യവസായിക ഘട്ടമെന്ന് ലോകം പറയുന്ന വ്യവസായവിപ്ലവത്തിന്റെ വിവരസാങ്കേതികവിദ്യാകാലത്തോടൊപ്പം നീങ്ങാന്‍ ഞങ്ങളും തയ്യാര്‍ എന്ന് കഴിഞ്ഞയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്‍ഡസ്ട്രിയല്‍ റവല്യൂഷന്‍ അറ്റ് ഫോര്‍ എന്ന പരിപാടിയില്‍ വികസിത രാഷ്ട്രങ്ങളോടൊപ്പം വികസനത്തിന്റെ കൈകോര്‍ക്കാന്‍ ഇന്ത്യക്കുള്ള താല്‍പര്യത്തെക്കുറിച്ചാണ് നരേന്ദ്രമോദി സംസാരിച്ചത്. അതിന്റെ തലേ ആഴ്ചയിലാണ് കര്‍ഷകര്‍ റാലി ആയി തലസ്ഥാന നഗരിയിലെത്തിയത്. അവര്‍ തടയപ്പെട്ടു, സംഘര്‍ഷമുണ്ടായി. കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ധന തുടങ്ങിയ പൊടിക്കൈകള്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ട്രപ്പീസ് കളിച്ചു. സഹസ്രകോടിയിലധികം വരുന്ന കടബാധ്യതകള്‍ എഴുതിതള്ളി വമ്പന്‍വ്യവസായികളെ സഹായിക്കുന്ന സര്‍ക്കാര്‍ കാര്‍ഷികകടങ്ങളുടെ മേല്‍ മൗനം കാക്കാന്‍ പ്രതിജ്ഞാബദ്ധരായതുപോലെ തോന്നുന്നു.
അടിക്കടി ഉയരുന്ന പെട്രോള്‍-ഡീസല്‍ വിലയും കാര്‍ഷിക മേഖലയിലെ വിവിധാവശ്യങ്ങള്‍ക്കുള്ള സാമഗ്രികളുടെ-വളമടക്കമുള്ളവയുടെ വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങള്‍ക്ക് ചിലവിന് ആനുപാതികമായ വരവുണ്ടാകാത്തതും അപ്രവചനീയമായ കാലാവസ്ഥാ വ്യത്യയാനങ്ങളും എല്ലാം ചേര്‍ന്ന് രാഷ്ട്രത്തിന്റെ കാര്‍ഷികവ്യവസ്ഥ കൂപ്പുകുത്തുമ്പോള്‍ വിശപ്പെന്ന പ്രശ്‌നം അത്രവേഗത്തില്‍ ഇവിടെ നിന്ന് തുടച്ചുനീക്കാനാകില്ലെന്ന് ഭരണകൂടം തിരിച്ചറിയുന്നുണ്ട്.
വിശപ്പെന്ന അതിമാരകമായ പ്രശ്‌നത്തെ നീതിയുടെ പ്രശ്‌നമായി കാണേണ്ടതുണ്ട്. എന്റെ കൈവശമുള്ള ഭക്ഷണം വേറൊരാളുമായി പങ്കുവയ്ക്കുന്ന കാരുണ്യപ്രവര്‍ത്തിയില്‍ നിന്ന് നീതിപൂര്‍വകമായ സമ്പത്തുവിതരണത്തിന്റെ തലത്തിലേക്കു നീങ്ങാതെ ഭൂരിപക്ഷം വരുന്ന വിശക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാലപരിഹാരമുണ്ടാകില്ല. നൂറുപേരെ തീറ്റിപ്പോറ്റാന്‍ നിങ്ങള്‍ക്കാകുന്നില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും ആഹാരം നല്കാനാകുമെന്ന മദര്‍ തെരേസയുടെ വാക്യം പ്രസക്തം തന്നെ. അതേസമയം മനുഷ്യരുടെ അധ്വാനശേഷിയെ പോഷിപ്പിക്കുന്ന രാഷ്ട്രത്തിന്റെ ഘടനാപരമായ മാറ്റത്തിനായും പരിശ്രമിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളെയും വാര്‍ധക്യത്തിലെത്തിയവരെയും അധ്വാനത്തില്‍ പങ്കുചേരാന്‍ ശേഷിയില്ലാത്തവരെയും സമൂഹം കരുതണം. ഒപ്പം അധ്വാനശേഷിയുളളവര്‍ക്ക് തൊഴിലും പാര്‍പ്പിടവും ആഹാരവും ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. വികസനപ്രവര്‍ത്തനങ്ങളില്‍ പൊതുമേഖലയുടെ പങ്കാളിത്തം കുറഞ്ഞുവരികയും സ്വകാര്യസംരംഭകര്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യുമ്പോള്‍ അടിസ്ഥാനാവശ്യങ്ങള്‍ നേടാന്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ ഏറെ ക്ലേശിക്കേണ്ടിവരും. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ പിന്നെയും ദരിദ്രരുമാകുന്ന കാലത്ത് ആഹാരവും വെള്ളവും ശരിയായ അളവില്‍ ലഭിക്കാത്തവരുടെ എണ്ണം ഭീകരമാംവിധം വര്‍ധിക്കുന്നു. പട്ടിണി ഒരു യാഥാര്‍ഥ്യമാണ്. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ഒരു വിഭാഗം സമൃദ്ധിയില്‍ കഴിയുമ്പോള്‍ ഭൂരിപക്ഷം വരുന്ന ദരിദ്രര്‍ അടുത്തനേരത്തേക്ക് ഭക്ഷണത്തിനായി എന്തുചെയ്യുമെന്ന വേവലാതിയില്‍ കഴിയുന്ന നാട്ടില്‍ നീതിക്കുവേണ്ടിയുളള സ്വരം ഉയരേണ്ടതല്ലേ?
ഈ നാട്ടില്‍ പട്ടിണിയോ എന്ന് അത്ഭുതം നടിക്കുന്നവരുണ്ടാകാം. അതെ എന്നാണ് ഉത്തരം. കണ്ണടയ്ക്കുന്നതുകൊണ്ടുമാത്രം പകല്‍സത്യം ഇല്ലാതാകില്ലല്ലോ. കണ്ണുതുറന്നുനോക്കിയാല്‍ കാണാവുന്നത്രയ്ക്ക് അടുത്ത് പട്ടിണി എന്ന സത്യം നമുക്ക് കണ്ടെത്താനാകും. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാപദ്ധതിയും നടപ്പിലാക്കുന്ന നാട്ടില്‍ ദാരിദ്ര്യം ഒരു സത്യമാണ്. സന്നദ്ധസംഘടനകള്‍ ഒരു നേരത്തെ ആഹാരമെങ്കിലും തങ്ങളാല്‍ സാധിക്കും വിധം അര്‍ഹരായവര്‍ക്ക് എത്തിക്കുന്നുണ്ട്. എന്നിട്ടും ഘടനാപരമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഗുണപ്രദമായി നടത്താന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ടോയെന്ന് ഭക്ഷ്യദിനം ചോദിക്കുന്നു.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി കൈകള്‍ കോര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സാധിക്കട്ടെ.


Related Articles

ആരും കുമ്പസാരികരുത്: വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കെഎൽസിഎ മുഖ്യമന്ത്രിക്ക് പരാതി നൽകി

കുമ്പസാരം: വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെഎല്‍സിഎ എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന്

കുടിയേറ്റത്തിന് താത്കാലിക വിലക്കുമായി ട്രംപ്

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണ് തന്റെ നടപടിയെന്നും ട്രംപ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു.

അമ്മ മനസ് തങ്ക മനസ്:ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്

                      മാതൃത്വത്തിന്റെ മഹനീയ നാമമാണ് പരിശുദ്ധമറിയം. സകലതും സഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സ്‌നേഹമാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*