Breaking News
മുട്ടിലിഴയേണ്ടവരല്ല ആ ഉദ്യോഗാര്‍ത്ഥികള്‍
അര്‍ഹതപ്പെട്ട തൊഴിലവകാശത്തിനുവേണ്ടി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിവരുന്ന സഹനസമരം ശക്തമാവുകയാണ്. പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ശവമഞ്ചം ചുമന്നും
...0ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍
അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍
...0പെണ്‍വാഴ്ചയുടെ സുകൃതങ്ങള്‍
താരുണ്യവും ശ്രീത്വവും അധികാര രാഷ്ട്രീയത്തിന് സവിശേഷ മുഖശോഭയും ചാരുതയും ചാര്‍ത്തുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി കേരള തലസ്ഥാനനഗരിയില്‍ ഇരുപത്തിയൊന്നുകാരിയായ
...0പുതുവര്‍ഷ സമ്മാനമായി പ്രത്യാശയുടെ വാക്സിന്
മഹാമാരിയുടെ ഒരാണ്ടറുതിയില്, കൊടും ദുരിതങ്ങളുടെയും ഭയാശങ്കകളുടെയും വിമ്മിട്ടങ്ങളുടെയും ഇരുണ്ട കാലത്തില്‍ നിന്ന് പ്രത്യാശയിലേക്ക് ഒരു വഴിത്തിരിവിനായി കാത്തിരിക്കുമ്പോള്‍ ആശ്വാസത്തിന് ചില
...0ഇരുണ്ടകാലത്തെ പ്രത്യാശാനക്ഷത്രങ്ങള്‍
മഹാവ്യാധിയുടെ കൊടുംദുരിതങ്ങളുടെ ആണ്ടറുതിയില് പ്രത്യാശയുടെ നക്ഷത്രവെളിച്ചം കാത്തിരിക്കുന്നവരുടെ മനം കുളിര്‍പ്പിക്കുകയോ ഉള്ളം തൊടുകയോ ചെയ്യുന്ന ചില വരികളും വാര്‍ത്താശകലങ്ങളും സവിശേഷ മൂല്യമുള്ളവയാണ്.
...0നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കൊവിഡ് മഹാമാരിയുടെയും അതിശൈത്യത്തിന്റെയും ഭീഷണ സാഹചര്യത്തിലും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്ത പതിനായിരകണക്കിനു
...0
ആ കുരുന്നുപ്രാണന്റെ മിടിപ്പില്‍ ജീവമഹത്വത്തിന്റെ സങ്കീര്‍ത്തനം

വത്തിക്കാന്‍ സിറ്റി: പ്രാണനുതുല്യം സ്നേഹിക്കുന്ന മക്കളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിയമപോരാട്ടം തുടരുന്ന മാതാപിതാക്കളെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ‘സ്വര്‍ഗത്തിന്റെ രാജ്ഞി’ (റെജീന ചേലി) പ്രാര്‍ത്ഥനാ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം അനുസ്മരിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ കഴിയുന്ന ആല്‍ഫി ഇവാന്‍സ് എന്ന പിഞ്ചുകുഞ്ഞിനും ഫ്രാന്‍സിലെ റെസ് സെബസ്തോപോള് ആശുപത്രിയില്‍ നിഷ്ക്രിയ ദയാവധത്തിന് വിധിക്കപ്പെട്ട നാല്പത്തിരണ്ടുകാരനായ മുന്‍ സൈക്യാട്രിക് നഴ്സ് വിന്‍സന്റ് ലാംബെര്ട്ടിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത പാപ്പാ ‘അത്യന്തം വേദനാജനകവും അതീവ സങ്കീര്‍ണവുമായ ഈ അവസ്ഥയില്‍’ ജീവനോട് അങ്ങേയറ്റത്തെ ആദരവ് പ്രകടിപ്പിക്കണമെന്ന് ബന്ധപ്പെട്ടവരെ ഓര്‍മിപ്പിച്ചു.
ഇരുപത്തിമൂന്നു മാസം മാത്രം പ്രായമുള്ള ആല്‍ഫി ഇവാന്‍സിന്റെ തലച്ചോറ് ക്ഷയിച്ച് ഇല്ലാതാകുന്ന അവസ്ഥയാണ്. എന്‍സെഫലോ മയോപതിക് മൈറ്റോകോണ്ഡ്രിയല് ഡിഎന്‍എ ഡിപ്ലീഷന്‍ സിന്‍ഡ്രോം എന്നു വിശേഷിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ ശോഷണത്തിന് ഇടയാക്കുന്ന ദുര്‍ഗ്രഹവും ഗുരുതരവുമായ സ്ഥിതിവിശേഷം. ശരിയായ രോഗനിര്‍ണയം തന്നെ അസാധ്യമായിരിക്കെ പ്രത്യേക ചികിത്സ നിര്‍ദേശിക്കാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മാരകരോഗത്തില്‍ നിന്ന് വിമുക്തിയില്ലെന്നും ചികിത്സ തുടരുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ വിധിയെഴുതി. ജീവരക്ഷായന്ത്രത്തിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്നത് വ്യര്ഥമാണെന്നതിനാല് തീരാവ്യാധിയുടെ യാതനകളില്‍ നിന്നു കുഞ്ഞിനെ മോചിപ്പിക്കുന്നതിന് കൃത്രിമ ഉപാധികള്‍ പിന്‍വലിക്കാമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ ആല്‍ഫിയുടെ മാതാപിതാക്കളായ ടോം ഇവാന്‍സും (21) കെയ്റ്റ് ജെയിംസും (20) ശക്തമായി എതിര്‍ത്തു. തങ്ങളുടെ മകന്റെ ജീവന് രക്ഷിക്കുന്നതിന് ഹൈക്കോടതിയെയും അപ്പീല്‍ കോടതിയെയും സുപ്രീം കോടതിയെയും സ്ട്രോസ്ബര്‍ഗിലെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെയും അവര്‍ സമീപിച്ചെങ്കിലും നീതിപീഠങ്ങള്‍ വൈദ്യശാസ്ത്ര വിദഗ്ധരുടെ നിഗമനങ്ങളെ വിലയിരുത്തി ആല്‍ഫിയുടെ ജീവന് നിലനിര്‍ത്താനുള്ള കൃത്രിമ ഉപാധികള്‍ ഉപേക്ഷിക്കാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തെ പിന്താങ്ങുകയാണു ചെയ്തത്.
ഇതിനിടെ, റോമിലെ ബംബീനോ ജെസൂ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ആല്‍ഫിയെ മാറ്റാനുള്ള മാതാപിതാക്കളുടെ നീക്കം ലിവര്‍പൂള്‍ ആശുപത്രി അധികൃതര്‍ തടഞ്ഞു. ലിവര്‍പൂളില്‍ നിഷേധിക്കപ്പെട്ട ട്രക്കെസ്റ്റൊമിയും പിഇജി ഫീഡിംഗ് ട്യൂബും ഉള്‍പ്പെടെയുള്ള അതിനൂതന ചികിത്സ ആജീവനാന്തം സൗജന്യമായി നല്കാന് റോമിലെ ആശുപത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മിലാനിലെ കാര്‍ലൊ ബെസ്ത ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 300 സ്റ്റാഫിനെ ആല്‍ഫിയുടെ സേവനത്തിനു മാത്രമായി നിയോഗിക്കാമെന്ന് അറിയിച്ചു. ആല്‍ഫിയെ റോമിലേക്കു കൊണ്ടുപോകുന്നതിന് പ്രത്യേക എയര്‍ ആംബുലന്‍സ് ചാര്‍ട്ടര്‍ ചെയ്യുകയും പോളണ്ടുകാരനായ വിദഗ്ധ ഡോക്ടര്‍ സ്ഥലത്തെത്തുകയും ചെയ്തെങ്കിലും പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നിന്നു കുഞ്ഞിനെ പുറത്തേക്കു കൊണ്ടുപോകുന്നതു തടയാന്‍ അതിശക്തമായ സുരക്ഷാവലയം ഒരുക്കിയ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തൊട്ടാല്‍ കൈയേറ്റത്തിനു കേസെടുക്കുമെന്ന് ആല്‍ഫിയുടെ പിതാവിനു താക്കീതു നല്‍കുകയും ചെയ്തു.
മാതാപിതാക്കളുടെ താല്പര്യം പരിഗണിക്കാതെ ജീവരക്ഷായന്ത്രം വിഛേദിച്ച് ആല്‍ഫിയെ മരണത്തിലേക്കു നയിക്കുന്നതിന് സുവ്യക്തമായ നടപടിക്രമങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കെ, കുഞ്ഞിനെ റോമിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ആല്‍ഫിയുടെ മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയില്‍ എത്തി. ഇവാന്‍സ് ദമ്പതികള്‍ക്കു പിന്തുണയുമായി ആല്‍ഫി ആര്‍മി എന്ന പേരില്‍ നൂറുകണക്കിന് ആളുകള്‍ ലിവര്‍പൂള്‍ ആശുപത്രിക്കു മുന്‍വശത്ത് ഉപരോധം സൃഷ്ടിച്ചിരിക്കയാണ്.
മൂന്നു തവണയെങ്കിലും ജീവരക്ഷായന്ത്രത്തിന്റെ സഹായമില്ലാതെ ചുറുചുറുക്കോടെ കഴിഞ്ഞിട്ടുണ്ട് ആല്‍ഫി. ആല്‍ഫി ശരീരം ചലിപ്പിക്കും; നീണ്ടുനിവരും; കോട്ടുവായിടും, ഇക്കിളിയാക്കുമ്പോഴും വാത്സല്യത്തോടെ തഴുകുമ്പോഴും സ്വരം കേള്‍ക്കുമ്പോഴും അതിനോടു പ്രതികരിക്കും. ഇതൊക്കെ തെളിയിക്കുന്ന വീഡിയോയുമായാണ് ആല്‍ഫിയുടെ ജീവനുവേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ നല്കുന്ന കൂട്ടായ്മ രാജ്യാന്തര പ്രചാരണം നടത്തുന്നത്.
പ്രതീക്ഷയ്ക്കു വകയില്ലെങ്കില്‍ പോലും ‘യുക്തിഹീനമായ കടുംപിടുത്തം’ കാണിച്ച് ‘അത്യുഗ്ര മെഡിക്കല്‍ ഇടപെടലുകളിലൂടെ’ ഭാരിച്ച ചെലവില്‍ കൃത്രിമ ഉപാധികളോടെ ജീവന് നിലനിര്‍ത്തുന്നതിന് ധാര്‍മിക നീതീകരണമില്ല എന്ന നിഷ്ക്രിയ ദയാവധ തത്വം അംഗീകരിച്ച 2005ലെ നിയമവ്യവസ്ഥയാണ് ഫ്രാന്‍സില്‍ വിന്‍സന്റ് ലാംബെര്‍ട്ടിന്റെ കേസില്‍ ആശുപത്രിയും കോടതികളും ഗവണ്മെന്റും ഉയര്‍ത്തിക്കാട്ടിയത്. 2008ല്‍ കാര്‍ അപകടത്തില്‍ തലയ്ക്കു ഗുരുതരമായ ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട നിലയില്‍ റെസിലെ ആശുപത്രിയില്‍ 10 വര്‍ഷമായി കഴിയുന്ന വിന്‍സന്റിന് ആദ്യത്തെ അഞ്ചുവര്‍ഷം വിദഗ്ധ ചികിത്സ നല്കിയവര് തുടര്‍ചികിത്സകൊണ്ട് ഒരു ഫലവുമില്ലെന്ന് 2013ല്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സാവിധികള്‍ നിര്‍ത്തലാക്കി ജീവന് നിലനിര്‍ത്താനുള്ള പോഷണവും വെള്ളവും സംയുക്തമൂലകങ്ങളും മാത്രം മതിയെന്നായിരുന്നു മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം. വിന്‍സന്റിന്റെ ഭാര്യ റേച്ചലും എട്ടു സഹോദരങ്ങളില്‍ ആറുപേരും നിഷ്ക്രിയ ദയാവധം എന്ന നിര്‍ദേശത്തോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും വിന്‍സന്റിന്റെ മാതാപിതാക്കള്‍ അതിനെതിരെ അതിശക്തമായ ചെറുത്തുനില്പു തുടര്‍ന്നു. ജീവന് നിലനിര്‍ത്താനുള്ള സാധാരണ ഉപാധികള്‍ – ഭക്ഷണവും ജലവും – നിര്‍ത്തലാക്കാന്‍ 2013ല്‍ ആദ്യം ആശുപത്രി അധികൃതര്‍ തീരുമാനിച്ചപ്പോള്‍ വിന്‍സന്റിന്റെ മാതാപിതാക്കള്‍ അതിനെതിരെ നിയമനടപടികള്‍ തുടങ്ങിയതാണ്. 2015ല്‍ ഫ്രാന്‍സിലെ പരമോന്നത കോടതി ‘കൃത്രിമമായി ജീവന് നിലനിര്‍ത്തുന്നതിന് ആനുപാതികമല്ലാത്ത ചികിത്സാവിധിയെ ആശ്രയിക്കേണ്ടതില്ല’ എന്നു വിധിച്ചു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള യൂറോപ്യന്‍ കോടതിയുടെ ഗ്രാന്‍ഡ് ചേംബര്‍ അഞ്ചിനെതിരെ 12 വോട്ടുകള്‍ക്കാണ് നിഷ്ക്രിയ ദയാവധത്തിന് അംഗീകാരം നല്‍കിയത്. ജീവന് നിലനിര്‍ത്തുന്നതിന് ട്യൂബിലൂടെ ഉദരത്തിലേക്കു പോഷണവും ജലവും എത്തിക്കുന്നത് നിര്‍ത്തലാക്കി, ബോധം മറയുന്ന മുറയ്ക്ക് മരണം സംഭവിക്കട്ടെ എന്നാണ് കോടതിയുടെ തീര്‍പ്പ്.
എന്നാല്‍ വിന്‍സന്റിന് ചലനശേഷി നഷ്ടപ്പെട്ടു എന്നതൊഴിച്ചാല്‍ രോഗമൊന്നുമില്ലെന്നും ആസന്നമരണനല്ലെന്നും മാതാപിതാക്കള്‍ വാദിച്ചു. വിന്‍സന്റ് അബോധാവസ്ഥയിലല്ല. ശ്വാസോഛ്വാസത്തിനു തടസമില്ല; ആന്തരാവയവങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ ട്യൂബിലൂടെയാണ് ഉദരത്തിലേക്ക് പോഷണവും ജലവും എത്തിക്കുന്നത്. പ്രത്യേക ഫിസിയോതെറപി ചികിത്സാവിധികള്‍ നിര്‍ത്തലാക്കി സാധാരണ പരിചരണത്തിന്റെ ഭാഗമായി ആഹാരവും ജലവും മാത്രം നല്‍കിവരുന്നതിനിടെ നാലു തവണ അത് നിര്‍ത്തലാക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചു. എന്നാല്‍ വിന്‍സന്റിന്റെ മാതാപിതാക്കളും അവരെ പിന്തുണയ്ക്കുന്നവരും അതിനെതിരെ പൊരുതി.
വിന്‍സന്റിന്റെ ജീവന് നിലനിര്‍ത്തുന്ന സാധാരണ ഉപാധികള്‍ ഏപ്രില്‍ 19ന് പിന്‍വലിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ആശുപത്രി അധികാരികള്‍ വ്യക്തമാക്കിയത്. വിന്‍സന്റിന്റെ അമ്മ വിവിയാന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് എഴുതി: ‘എന്റെ മകന് മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. വിന്‍സന്റ് ലാംബെര്‍ട്ട് എന്നാണ് അവന്റെ പേര്. അവന് ഒരു പെണ്‍കുഞ്ഞുണ്ട്; അവന് ജീവനുണ്ട്, അവന് ഒരു കുറ്റവും ചെയ്തിട്ടില്ല. എങ്കിലും 2018 ഏപ്രില്‍ ഒന്‍പതിന് ഫ്രാന്‍സിലെ ഒരു ഡോക്ടര്‍ എന്നെ അറിയിച്ചു, പത്തു നാള്‍ക്കകം എന്റെ മകന്റെ മന്ദഗതിയിലുള്ള നീണ്ട യാതനയുടെ അന്ത്യം തുടങ്ങുമെന്ന്, അവന് വിശന്നു പൊരിഞ്ഞു മരിക്കുമെന്ന്. വിന്‍സന്റിന് ശാരീരിക പരിമിതികളുണ്ട്, എന്നാല്‍ അവന് ജീവനോടുകൂടിയ ബോധവാനാണ്. അവന് വേദന അനുഭവിക്കുന്നില്ല, അവന്റെ ജീവിതാന്ത്യവുമായിട്ടില്ല. 24 വിദഗ്ധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് വിന്‍സന്റിന്റേത് ‘യുക്തിരഹിതമായ കടുംപിടുത്തത്തിന്റെ’ അവസ്ഥയല്ലെന്ന്. ഉറ്റവരുടെ സാന്നിധ്യത്തില്‍ അവരുടെ സ്നേഹപ്രകടനങ്ങളോട് പ്രതികരിക്കാറുണ്ട് വിന്‍സന്റ്. ജീവച്ഛവമായ അവസ്ഥയിലല്ല അവന്. ഫ്രാന്‍സില്‍ ഇത്തരം അവസ്ഥയില്‍ കഴിയുന്ന 1,700 പേരുണ്ട്. അവര്‍ക്ക് വിന്സന്റിനു നല്കുന്നതുപോലുള്ള സാന്ത്വനശുശ്രൂഷയല്ല, വിദഗ്ധ ചികിത്സയാണ് ആവശ്യം.’
വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി വിന്‍സന്റിനെ ആശുപത്രി കിടക്കയില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു എന്ന ആരോപണം ആശുപത്രി അധികാരികള്‍ ഉന്നയിച്ചിരുന്നു. പരസ്യ വിവാദങ്ങള്‍ ഭയന്ന് ഏഴു വയസുള്ള മകളോടൊപ്പം വിന്‍സന്റിന്റെ ഭാര്യ റേച്ചല്‍ ഇപ്പോള്‍ ബെല്‍ജിയത്തിലാണ്.
‘ഗുരുതരമായ രോഗാവസ്ഥയില്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കായി ശുശ്രൂഷകരുടെ സഹായത്തില്‍ ആശ്രയിച്ച് ദീര്‍ഘകാലം ജീവനോടെ കഴിയുന്നവര്‍ക്കായി പ്രാര്‍ഥിക്കുക’ എന്നാണ് ഫ്രാന്‍സിസ് പാപ്പാ റെജീന ചേലി സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. മനുഷ്യവ്യക്തി എന്ന നിലയിലുള്ള ആദരവും രോഗാവസ്ഥയ്ക്ക് അനുസൃതമായി കുടുംബാംഗങ്ങളുടെയും ഡോക്ടര്‍മാരുടെയും ആരോഗ്യശുശ്രൂഷകരുടെയും യോജിച്ച തീരുമാനപ്രകാരമുള്ള പരിചരണവും ഓരോ രോഗിക്കും ലഭ്യമാകട്ടെ എന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ആല്‍ഫിയുടെ ക്ഷേമവും നന്മയും മുന്‍നിര്‍ത്തി ആല്‍ഫിയുടെ മാതാപിതാക്കളും ഇത്രയും കാലം ആ കുഞ്ഞിനെ പരിചരിച്ച ആശുപത്രി അധികാരികളും തമ്മില്‍ സംവാദവും സഹകരണവും ഉണ്ടാകണമെന്ന് പൊന്തിഫിക്കല്‍ ആക്കാദമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് വിന്‍സെന്‍സോ പഗ്ലിയ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. ‘ആല്‍ഫിയെ ഒരിക്കലും ഉപേക്ഷിക്കാനാവില്ല. ആല്‍ഫിയെ സ്നേഹിക്കണം, അവസാന നിമിഷം വരെ ആ കുഞ്ഞിനെയും അവന്റെ മാതാപിതാക്കളെയും സ്നേഹത്തോടെ അനുധാവനം ചെയ്യണം. ആല്‍ഫിയുടെ മാതാപിതാക്കളുടെ മനോവ്യഥ മനസിലാക്കി, ആ കുഞ്ഞിന്റെ നന്മയെ പ്രതി തീരുമാനമെടുക്കുകയാണു വേണ്ടത്; നിയമപരമായ തര്‍ക്കങ്ങള്‍ക്കല്ല പ്രാമുഖ്യം നല്‍കേണ്ടത്’-ആര്‍ച്ച്ബിഷപ് പഗ്ലിയ വ്യക്തമാക്കി.
Related
Related Articles
ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു
ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട്
വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്
മട്ടാഞ്ചേരി: വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്. മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് പള്ളി സ്ഥിതി ചെയ്യു ജീവമാത ഇടവക ദേവാലയത്തിലാണ് ദൈവപുത്രന്റെ വരവ് സൂചിപ്പിക്കുന്ന നക്ഷത്രം ഒരുക്കിയിരിക്കുന്നത്. 52 അടി
`ഇല്ലാ, ഗീബല്‍സ് മരിച്ചിട്ടില്ല; ജീവിക്കുന്നു, നേതാക്കളിലൂടെ”
2017 നവംബറില്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ ആകമാനം നിറഞ്ഞുനിന്ന വിവാദ വ്യക്തിയായിരുന്നു ഷൗര്യ ദേവല്‍. ഇദ്ദേഹം നിയന്ത്രിക്കുന്ന `ഇന്ത്യാ ഫൗണ്ടേഷന്’ എന്ന സ്ഥാപനവും അതിന്റെ പ്രവര്‍ത്തനവും ആയിരുന്നു വിവാദങ്ങളുടെ