ആ പങ്കില മാനഹാനിയില്‍ ഇനിയും ആറാടാനോ?

by admin | February 3, 2021 6:35 am

 

ചീഞ്ഞളിഞ്ഞ ലൈംഗികാപവാദങ്ങളുടെ പഴയൊരു മസാലക്കഥയില്‍ സിബിഐ അന്വേഷണമെന്ന കിടിലന്‍ ട്വിസ്റ്റുമായി വീണ്ടും ഒരു കലക്ക് കലക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണിക്കോ തോന്നുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ച് ഇനിയൊന്നും പറയാതിരിക്കുകയാണ് ഭേദം. ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കേരള പര്യടനവും ഗൃഹസന്ദര്‍ശനവുമൊക്കെയായി തിരഞ്ഞെടുപ്പുപ്രചാരണതന്ത്രങ്ങളോരോന്ന് ഇറക്കുന്ന കൂട്ടത്തില്‍ വീണ്ടും സോളാര്‍ കേസിലെ വിവാദ നായികയെ കളത്തിലിറക്കി തിരഞ്ഞെടുപ്പിലെ മുഖ്യപ്രതിയോഗിയെ ”ധാര്‍മിക പ്രതിസന്ധിയിലും ഊരാക്കുടുക്കിലും” ആക്കാന്‍ സിബിഐയെതന്നെ കൂട്ടുപിടിക്കുന്നതിലെ രാഷ്ട്രീയ ജീര്‍ണതയും ഇരട്ടത്താപ്പും വിവേചിച്ചറിയാന്‍ വലിയ പ്രത്യയശാസ്ത്ര വ്യാഖ്യാനമൊന്നും വേണ്ട.

രാജ്യദ്രോഹക്കുറ്റത്തോളമെത്തുന്ന സ്വര്‍ണക്കടത്ത്, റിവേഴ്‌സ് ഹവാല എന്ന ഡോളര്‍കടത്ത്, പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയായ ലൈഫ് മിഷനുവേണ്ടി ലഭിച്ച വിദേശധനസഹായത്തില്‍ നിന്ന് കോടികളുടെ കമ്മിഷന്‍ വീതംവച്ചത് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിനും നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖര്‍ക്കും പലതരത്തില്‍ ബന്ധമുള്ളതായി പറയുന്ന കേസുകള്‍ അന്വേഷിക്കാനെത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മാസങ്ങളായി ജനകീയ പ്രതിരോധകൂട്ടായ്മയും പ്രതിഷേധവും സംഘടിപ്പിക്കുകയും നിയമസഭാ പ്രമേയം പാസാക്കുകയും സിബിഐക്ക് വിശേഷിച്ച് സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാനുള്ള പൊതുഅനുമതി റദ്ദാക്കുകയും, ഭരണകക്ഷിക്ക് രാഷ്ട്രീയമായി ദോഷകരമാകുമെന്ന് ഉറപ്പുള്ള സുപ്രധാന കേസുകളില്‍ സിബിഐ അന്വേഷണം തടസപ്പെടുത്തുന്നതിന് പൊതുഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതിയില്‍ വരെ നിരന്തരം വ്യവഹാരത്തിനു പോവുകയും ചെയ്ത പിണറായി സര്‍ക്കാര്‍ പഴയൊരു ലൈംഗികപീഡനക്കേസ് പ്രത്യേക താല്പര്യമനുസരിച്ച് ഭാഗിച്ചെടുത്ത് അന്വേഷിക്കാന്‍ അടിയന്തരമായി സിബിഐയെ ഏല്പിക്കുന്നത് ”സ്വാഭാവിക നിയമനടപടി” എന്നു വിശേഷിപ്പിക്കുന്നത് ശുദ്ധ ഭോഷ്‌കാണ്.

സൗരോര്‍ജപദ്ധതി നിക്ഷേപത്തിന്റെ പേരില്‍ സംസ്ഥാനവ്യാപകമായി കോടികണക്കിനു രൂപയുടെ തട്ടിപ്പുനടത്തിയതിന് നൂറോളം കേസില്‍ പ്രതിയായ വിവാദ വനിത എട്ടുകൊല്ലം മുന്‍പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ ആറുപേര്‍ക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് ”കുറ്റമറ്റരീതിയില്‍ നടത്തിവന്ന അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍” കേസ് സിബിഐക്കു വിടണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കിയപ്പോള്‍ ”ലൈംഗികപീഡനക്കേസുകളില്‍ ഇരയുടെ താല്പര്യം സംരക്ഷിക്കുക എന്ന നിലപാട്ഉയര്‍ത്തിപ്പിടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് മറിച്ചൊന്നും ചെയ്യാനാകില്ല” എന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം വിശദീകരിക്കുന്നത്.

സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് യുഡിഎഫ് ഗവണ്‍മെന്റ് നിയോഗിച്ച ശിവരാജന്‍ കമ്മിഷന്റെ നാലു വാല്യങ്ങളിലായി 1,067 പേജ് വരുന്ന റിപ്പോര്‍ട്ട് 2017 സെപ്റ്റംബറില്‍ തന്റെ കൈയില്‍ കിട്ടിയപ്പോള്‍ ഒരു നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടക്കുന്നതിനിടെ ആ റിപ്പോര്‍ട്ടിലെ കാതലായ ശുപാര്‍ശകള്‍ മാറ്റിവച്ച് യുഡിഎഫിലെ ഒരുപറ്റം നേതാക്കള്‍ക്കെതിരെ വിവാദ സ്ത്രീ ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തിന്മേല്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. ജാമ്യമില്ലാ വകുപ്പ് ചുമത്തി 2018ല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ തെളിവെടുപ്പും മൊഴിയെടുക്കലുമൊക്കെ നടന്നുവെങ്കിലും ഇതുവരെ അറസ്റ്റൊന്നുമുണ്ടായില്ല. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സോളാര്‍ കേസിലെ പ്രതിയായ സ്ത്രീ എഴുതിയ കത്തും അതു സംബന്ധിച്ച പരാമര്‍ശങ്ങളും ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു വലിയ തിരിച്ചടിയായി. നിയമവശങ്ങള്‍ പരിശോധിച്ച സുപ്രീം കോടതി മുന്‍ ജഡ്ജിയും സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തുടര്‍നടപടികള്‍ക്ക് അനുകൂലമായിരുന്നില്ല. സോളാര്‍, ബാര്‍ കോഴ വിവാദങ്ങളുടെ പേരിലുണ്ടായ മാധ്യമവിചാരണകളില്‍ നിന്ന് രാഷ്ട്രീയ ധാര്‍മ്മിക ആവേശം ഉള്‍ക്കൊണ്ട് ”എല്ലാം ശരിയാക്കും” എന്ന് ഉദ്‌ഘോഷിച്ച് 2016-ല്‍ തകര്‍പ്പന്‍ ജനവിധി നേടി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞ നാലേമുക്കാല്‍ കൊല്ലത്തിനിടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു പെറ്റികേസില്‍ പോലും നീതി നടപ്പാക്കാന്‍ കഴിയാഞ്ഞതെന്തേ എന്ന ചോദ്യം അവശേഷിക്കുന്നു.

ത്രിതല പഞ്ചായത്ത് നഗരസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല എന്നു മാത്രമല്ല, മലയാളിയുടെ രാഷ്ട്രീയ പൊതുബോധത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തീവ്രമായ മത, വര്‍ഗീയ ധ്രുവീകരണത്തിന്റെ അതിശക്തമായ അടിയൊഴുക്കിന്റെ ആഘാതത്തില്‍ ഒട്ടൊന്നുലഞ്ഞുപോവുകയും ചെയ്ത യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഗൗരവതരമായ പുനര്‍വിചിന്തനത്തിനൊരുങ്ങുകയും, കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നേരിട്ട് ഇടപെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പത്തംഗ കെപിസിസി മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി വീണ്ടും അമരത്തു പ്രതിഷ്ഠിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ്, നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ എഴുപത്തേഴുകാരനായ ആ സമുന്നത നേതാവിനെ ഉന്നംവച്ച് ഇനിയും തെളിയിക്കപ്പെടാത്ത ബലാത്സംഗ ആരോപണത്തിന്റെ പേരില്‍ ഹീനമായ രാഷ്ട്രീയകുറ്റവിചാരണയ്ക്കായി സിബിഐയെ ആയുധമാക്കുന്നത്.

അടുത്തകാലത്ത് ഇടതുമുന്നണിയിലേക്കു ചേക്കേറിയ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതാവ് ജോസ് കെ. മാണിയുടെ പേരും ഈ ലൈംഗികപീഡനക്കേസിലുണ്ടെങ്കിലും സിബിഐക്കു വിട്ടുകൊടുക്കുന്ന കേസുകളില്‍ നിന്ന് ഇത് കൃത്യമായി ഒഴിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും ബിജെപിയുടെ 12 ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി മാറുകയും ചെയ്ത എ.പി അബ്ദുല്ലക്കുട്ടിയുടെ പേരും സിബിഐ അന്വേഷണത്തിനുവിട്ട പട്ടികയിലുണ്ട്. അബ്ദുല്ലകുട്ടിക്കെതിരെയുള്ള സിബിഐ അന്വേഷണത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ അനുകൂലിക്കുമോ എന്തോ!

സോളാര്‍ തട്ടിപ്പുകേസുകളില്‍ വിവിധ കോടതികളില്‍ നിന്നു പിടികിട്ടാപ്പുള്ളിയുടെ വാറന്റുള്ളതിനു പു
റമെ, അടുത്ത കാലത്ത് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥചമഞ്ഞ് സംസ്ഥാന ബിവറേജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവു നല്‍കി ചിലരില്‍ നിന്നു പണം തട്ടി എന്ന കേസിലും പ്രതിയായ വിവാദ വനിത പഴയ ലൈംഗികപീഡന കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരിട്ടു നല്‍കിയ പരാതി കൈപ്പറ്റി മൂന്നാം ദിവസം സംഭവം അസാധാരണ ഗസറ്റാവുകയാണ്. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി വിശ്വസനീയമല്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സോളാര്‍ കേസിലെ പ്രതിയായ വനിതയുടെ മൊഴി ഇത്രയ്ക്ക് വിശ്വാസ്യയോഗ്യമാകുന്നത് എങ്ങനെയാണ്?

മഹാപ്രളയാനന്തരം റീബില്‍ഡ് കേരള എന്ന പേരില്‍ സ്വരൂപിച്ച കോടികള്‍ തൊട്ട് കിഫ്ബിയുടെ പേരില്‍ വാങ്ങിക്കൂട്ടിയ കോടികളുടെ വായ്പകളെയും രാജ്യാന്തര കണ്‍സള്‍ട്ടന്‍സി ഇടപാടുകളെയും സംബന്ധിച്ച വിവാദങ്ങളില്‍ വരെ സുതാര്യമായ കണക്കും വിവരങ്ങളും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന ജനാധിപത്യവിരുദ്ധ സമീപനം മാത്രമല്ല, ലൈംഗികപീഡനത്തിന് ഇരയായെന്നു വര്‍ഷങ്ങളായി മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ മാനം പണയംവച്ചുകൊണ്ടുള്ള മ്ലേച്ഛമായ രാഷ്ട്രീയ മുതലെടുപ്പും എതിര്‍ക്കപ്പെടേണ്ടതാണ്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

Source URL: https://jeevanaadam.in/%e0%b4%86-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b9%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8/