ഇടയസങ്കീർത്തനത്തെ വക്രീകരിച്ച് ബെന്യാമിൻ; ഫാ മാർട്ടിൻ ആൻറണി എഴുതുന്നു

ഇടയസങ്കീർത്തനത്തെ വക്രീകരിച്ച് ബെന്യാമിൻ; ഫാ മാർട്ടിൻ ആൻറണി എഴുതുന്നു

 

മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച  ജാരസങ്കീർത്തനം എന്ന ബെന്യാമിൻ കവിതയെ നിരൂപണം ചെയ്യുകയാണ്  ഫാ മാർട്ടിൻ N ആന്റണി. പ്രണയത്തെയും വിശുദ്ധ  ബൈബിളിലെ “കർത്താവാണ് എൻറെ ഇടയൻ” എന്നു തുടങ്ങുന്ന സങ്കീർത്തനം  23 നെയും വികലമായി ചിത്രീകരിച്ചാണ് ബെന്യാമിൻറെ കവിത. ഫാ മാർട്ടിൻ ആൻറണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു

ഫാ മാർട്ടിൻ ആന്റണി

രണ്ടു പുസ്തകങ്ങളാണ് ഈയുള്ളവൻ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ വായിച്ചിട്ടുള്ളത്. ഒന്ന് ആടുജീവിതം, രണ്ട് മഞ്ഞവെയിൽ മരണങ്ങൾ. മരുഭൂമിയും കടലും പശ്ചാത്തലമാക്കിയ രണ്ടു നോവലുകൾ. ആഖ്യാനത്തിന്റെ സ്വഭാവവും പ്രമേയത്തിന്റെ പ്രത്യേകതകൾ കൊണ്ടും ഇഷ്ടപ്പെട്ട കൃതികൾ തന്നെയാണ് ഇവകൾ രണ്ടും. ബെന്യാമിൻ എന്ന കവിയുടെ കവിതകളൊന്നും ഞാൻ വായിച്ചിട്ടില്ല. ഏകദേശം ഒരു വർഷമായി മലയാളം പുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചിട്ടില്ല എന്നു പറയാം. അവസാനം വായിച്ച പുസ്തകം “സുഗന്ധി എന്ന ആണ്ടാൾ ദേവനായിക” ആണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് Hannah Arendt ന്റെ The Origins of Totalitarianism. അതിനിടയിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ജാരസങ്കീർത്തനം എന്ന കവിത കണ്ണിലുടക്കിയത്. നാല് ഖണ്ഡികയുള്ള ഒരു ഗദ്യകവിത. ആദ്യ ഖണ്ഡിക ജാരന്റെ കീർത്തനമാണ്. രണ്ടും മൂന്നും ഖണ്ഡികകൾ പ്രണയത്തെക്കുറിച്ചുള്ള നിഷേധാത്മകമായ വർണ്ണ പരിവർത്തനങ്ങളും. ഉദാഹരണത്തിന്:

“അസ്തമിച്ച സൂര്യനെ പോലെയാണ്/

അവസാനിച്ച പ്രണയം…”

“വീട്ടുവരാന്തയിൽ തൂക്കിയ/

മരിച്ചവരുടെ ഫോട്ടോ പോലെയാണ്/

ചില പ്രണയങ്ങൾ…”

അങ്ങനെ പോകുന്നു പ്രണയ വർണ്ണനകൾ.

അവസാനത്തെ ഖണ്ഡിക കൊള്ളാം. അതിൽ കാവ്യ തനിമയുണ്ട്. പ്രണയത്തിനുള്ളിലെ ജാരന്റെ വ്യക്തിത്വം നഷ്ടപ്പെടൽ എന്ന അവസ്ഥ സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്.

 

ഇനി ഈ കവിതയുടെ ഒന്നാമത്തെ ഖണ്ഡികയിലേക്ക് വരാം. “കർത്താവാണെന്റെ ഇടയൻ” എന്ന് തുടങ്ങുന്ന യഹൂദ കവിതയുടെ ഒരു പാരഡിയാണെന്ന് തോന്നുന്നു. അത് തുടങ്ങുന്നത് “പ്രണയം എന്റെ ഇടയനാകുന്നു/ എനിക്ക് പഞ്ഞമുണ്ടാകുകയില്ല” എന്ന് കുറിച്ചു കൊണ്ടാണ്. സങ്കീർത്തനം 23 എന്നറിയപ്പെടുന്ന, കർത്താവാണെന്റെ ഇടയൻ എന്നു തുടങ്ങുന്ന യഹൂദ കവിത മിസ്റ്റിക് കവിതകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഒരു കവിതയാണ്. റൂമിയുടെയും റാബിയായുടെയും മീരയുടെയും ആവിലായിലെ തെരേസയുടെയും കാവ്യശകലങ്ങളോടൊപ്പം ചേർത്തുവയ്ക്കവുന്ന ഒരു കവിത. ദൈവം സ്വത്വത്തിൽ ലഹരിയായി പടർന്നുകയറിയ ഒരു ഭക്തന്റെ നിഷ്കളങ്കതയും ആനന്ദവുമാണ് ആ കവിതയിലെ വരികളിലെ ഭാവം. ദൈവം എല്ലാമായി മാറിയ ഒരുവന്റെ ആഹ്ലാദപ്രകടനമാണത്.

 

ബെന്യാമിന്റെ ജാരസങ്കീർത്തനം എന്ന കവിതയുടെ ആദ്യ ഖണ്ഡികകളിൽ സങ്കീർത്തനം 23 ഒരു intertextual irony ആയി നിറഞ്ഞു നിൽക്കുന്നുണ്ട്. ദൈവീകാനുഭവത്തിന്റെ യോഗാത്മകതയെ കുറിക്കുന്ന സങ്കീർത്തനം 23 നെ ലൈംഗികാനുഭവത്തിന്റെ ഹർഷോന്മാദത്തിലേക്ക് പറിച്ചു നടുന്നതിൽ കവി വിജയിച്ചിട്ടുണ്ട്. പക്ഷേ സങ്കീർത്തനം 23 പകർന്നു നൽകുന്നതു പോലുള്ള ഒരു സകാരാത്മകമായ ആന്ദോളനം (positive vibration) ജാരസങ്കീർത്തനം പകർന്നു നൽകുന്നില്ല. വെളുപ്പിനെ കറുപ്പായി ചിത്രീകരിക്കുന്ന കവിത. പ്രണയമെന്ന അമൂല്യ സത്യത്തെ ജാരപാതകളിലൂടെ കൊണ്ടുപോയി രതിയും കാമവുമാണ് പ്രണയമെന്ന തീർപ്പിലെത്തുന്നു കവിഭാവന.

 

Intertextual irony എന്ന കാവ്യസങ്കേതത്തെ എത്രത്തോളം വൈകൃതമായ രീതിയിൽ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണീ ജാരസങ്കീർത്തനം എന്ന കവിത. ദ്വയാർത്ഥങ്ങൾ കുത്തി നിറച്ചിട്ടുള്ള ഒരു രചനയെ ദ്വയാർത്ഥ സാധ്യതകളെ കണ്ടെത്തി കൊണ്ടു വായിക്കാനുള്ള സ്വാതന്ത്ര്യം ഒരു വായനക്കാരനുള്ളതു കൊണ്ട് പറയട്ടെ സാത്താൻ ആരാധകർ ക്രൈസ്തവ പ്രതീകങ്ങളെയും വിശുദ്ധ ഗ്രന്ഥത്തേയും ക്രൈസ്തവ രചനകളെയും വക്രീകരിച്ച് ലൈംഗീക മാനങ്ങൾ പകരുന്ന പദങ്ങളും ഭാഷ്യങ്ങളും നൽകി അവരുടെ ഗൂഢാചാരങ്ങളിൽ ഉപയോഗിക്കുന്ന രഹസ്യ കീർത്തനങ്ങളുടേതു സമാനമാണീ കവിത. പ്രണയത്തിന്റെ മ്ലേച്ഛതയാണ് ജാരസങ്കീർത്തനത്തിന്റെ ഭാവം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രണയ കവിതകൾ എന്ന പേരിൽ വരുന്ന “ഞരമ്പു കവിതകളുടെയും” “കമ്പി കവിതകളുടെയും” “തേപ്പു കവിതകളുടെയും” നിലവാരം മാത്രമേ ഈ കവിതയുടെ tenor നും ഉള്ളു. പിന്നെ style ന്റെ കാര്യമാണെങ്കിൽ, അതു കോപ്പിയാണല്ലോ.

 

പണ്ടുകാലത്തെ രണ്ടു തരത്തിലുള്ള സമുദ്ര കച്ചവടക്കാരെ കുറിച്ച് Umberto Eco കവിതകളിലെ metaphors- നെ കുറിച്ച് പറയുമ്പോൾ പ്രതിപാദിക്കുന്നുണ്ട്. ഒന്ന് കടൽക്കൊള്ളക്കാരാണ്, രണ്ട് വ്യാപാരികൾ. രണ്ടു പേരും കച്ചവടക്കാരാണ്. വ്യാപാരികൾ അവരുടെ അധ്വാനത്തിന്റെ ഫലമാണ് കച്ചവടത്തിനു കൊണ്ടുവരുന്നത്. കടൽകൊള്ളക്കാരോ, മോഷണമുതലുകളും. കവിതകളിലെ metaphors- കൾ പല പ്രാവശ്യവും മോഷണമുതലുകളാകാറുണ്ട്. വിലയേറിയ സങ്കൽപ്പങ്ങളായിരിക്കും അവകൾ പകർന്നു നൽകുക. അപ്പോഴും അതിന്റെ നൈതികത, തനിമ അതൊന്നും ചോദിക്കരുത് (കടപ്പാട് Umberto Eco, “Pape, Satàn, Aleppe”, p. 364- 365). പറഞ്ഞു വരുന്നത് ഒരു കാര്യം മാത്രമാണ്. ജാരസങ്കീർത്തനം എന്ന കവിതയുടെ ആദ്യ ഖണ്ഡിക ഒരു കടൽ കൊള്ളക്കാരന്റെ കച്ചവടം മാത്രമാണ്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

പള്ളിപ്പുറത്തിന്റെ റോള്‍ദോന്‍

പോരാട്ട വീരന്മാരുടെ ചരിത്രവും കഥയും പേറുന്ന ‘കടല്‍വച്ചകര’-യുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ വാള്‍തലപ്പുകള്‍ ഉയരുന്ന സ്വരം കടല്‍കാക്കയുടെ ചിറകടിയായ് കാതുകളില്‍ നിറഞ്ഞു… സാമൂതിരിയുടെ ഒത്താശയോടെ, കോഴിക്കോട്ടെ പടയാളികള്‍ കൊടുങ്ങല്ലൂരിലെ

ആശങ്കയില്ലാതെ ഉയരുന്ന പോളിംഗ്

കൊവിഡ് മഹാമാരിക്കാലത്തെ വോട്ടെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അസാമാന്യ ജാഗ്രതയോടെ ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട പൗരാവകാശമായ സമ്മതിദാനത്തിന്റെ മഹിമ എത്രത്തോളം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതിന്റെ ഉത്തമ നിദര്‍ശനമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല

*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്‍പതുപേര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*