Breaking News

ഇതത്ര ചെറിയ പുഷ്പമല്ല

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ

ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈശോയോടുള്ള സ്‌നേഹത്തെപ്രതി ഒരു ദൈവവിളിപ്രളയംതന്നെ അവളുടെ ഉള്ളിലുണ്ടായിരുന്നു – യോദ്ധാവ്, വൈദികന്‍, അപ്പോസ്തലന്‍, വൈദ്യന്‍, രക്തസാക്ഷി എന്നിങ്ങനെ! ഈ ചിന്തകള്‍ ഒരു വ്യഥപോലെ ഹൃദയത്തെ മഥിക്കാന്‍ തുടങ്ങിയപ്പോള്‍ വി. പൗലോസിന്റെ ലേഖനങ്ങളില്‍ അതിനുള്ള ഉത്തരം കണ്ടെത്താന്‍ ചെറുപുഷ്പം ശ്രമിച്ചു. കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ തന്റെ അന്വേഷണത്തിനുള്ള മറുപടി ഉണ്ടെന്ന് അവള്‍ക്കു തോന്നി. സഭാംഗങ്ങള്‍ ഒരു ശരീരത്തിലെ പല അവയവങ്ങളെപ്പോലെയാണെന്ന തിരിച്ചറിവ് അവളെ ഏറെ ചിന്തിപ്പിച്ചു. സഭാഗാത്രത്തില്‍ താന്‍ ഏത് അവയവമാണെന്നു കണ്ടെത്തുന്നതാണ് തന്റെ ദൈവവിളിതിരിച്ചറിവ് എന്ന കൗതുകകരമായ ഉത്തരത്തിലേക്കാണ് ആ വായന അവളെ നയിച്ചത്. ”എല്ലാവര്‍ക്കും അപ്പസ്‌തോലനോ പ്രവാചകനോ പ്രബോധകനോ ആകാനാകില്ലെന്നും സഭ വ്യത്യസ്തരായ അംഗങ്ങള്‍ ചേര്‍ന്നതാണെന്നും കണ്ണിന് കൈയാകാന്‍ കഴിയില്ലെന്നും ഞാന്‍ വായിച്ചു. എനിക്കുമുന്നില്‍ വെളിപ്പെട്ട ആ ഉത്തരംകൊണ്ടും ഞാന്‍ സംതൃപ്തയാവുകയോ സമാധാനം കണ്ടെത്തുകയോ ചെയ്തില്ല”, ഒരാത്മാവിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന തന്റെ ആത്മകഥയില്‍ ചെറുപുഷ്പം കുറിക്കുന്നു. അവള്‍ വായന തുടര്‍ന്നു. ഒടുവില്‍, ‘പ്രോത്സാഹനജനകമായ വാക്യം’ എന്ന് അവള്‍തന്നെ വിശേഷിപ്പിച്ച 1കോറി 12,31 അവള്‍ക്ക് വലിയ പ്രതീക്ഷ നല്കി: ”എന്നാല്‍, ഉത്കൃഷ്ടമായ ദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം”.

തെരേസയുടെ പ്രിയപ്പെട്ടവന്‍ അവള്‍ക്കായി കരുതിവച്ച തിരിച്ചറിവിന്റെ അധ്യായമായിരുന്നു 1കോറി 13. സ്‌നേഹമാണ് സഭാംഗങ്ങളുടെ ഉത്തേജകഘടകമെന്നും സ്‌നേഹം കെട്ടുപോയാല്‍ അപ്പസ്‌തോലന്മാര്‍ സുവിശേഷപ്രഘോഷണം അവസാനിപ്പിക്കുമെന്നും രക്തസാക്ഷിത്വത്തിന് ആരും തയ്യാറാകില്ലെന്നും അവള്‍ക്കു ബോധ്യപ്പെട്ടു. ഉത്കൃഷ്ടദാനമായ സ്‌നേഹമാണ് തന്റെ ദൈവവിളിയെന്നും സഭാഗാത്രത്തില്‍ ഹൃദയത്തിലാണ് തന്റെ സ്ഥാനമെന്നും അവള്‍ തിരിച്ചറിഞ്ഞു. അത് വലിയ ആന്തരികസമാധാനത്തിലേക്ക് അവളെ നയിച്ചു. ”അപ്പോള്‍, എന്റെ ആത്മാവില്‍ അത്യധികമായ ആനന്ദത്താല്‍ ഏതാണ്ടൊരു എക്സ്റ്റസിയിലായിപ്പോയ ഞാന്‍ വിളിച്ചുപറഞ്ഞു: ഓ യേശുവേ, എന്റെ സ്‌നേഹമേ, ഒടുവില്‍ ഞാന്‍ എന്റെ ദൈവവിളി തിരിച്ചറിഞ്ഞു – എന്റെ വിളി സ്‌നേഹമാണ്! തീര്‍ച്ചയായും, സഭയില്‍ ഞാന്‍ എന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. എന്റെ ദൈവമേ, അങ്ങെനിക്ക് ആ സ്ഥലംതന്നെ തന്നു! എന്റെ അമ്മയായ സഭയുടെ ഹൃദയത്തില്‍ ഞാന്‍ സ്‌നേഹമായിരിക്കും. അങ്ങനെ, എന്റെ ആഗ്രഹം അതിന്റെ ദിശ കണ്ടെത്തുന്നതിനാല്‍ ഞാന്‍ എല്ലാം ആയിരിക്കും”. സ്‌നേഹമാകാനുള്ള തന്റെ ദൈവവിളി തന്നെ അപ്പസ്‌തോലനും രക്തസാക്ഷിയും വൈദികനും ഒക്കെയാക്കും എന്നാണ് അവളുടെ കണ്ടെത്തല്‍!

തെരേസയുടേത് അതിമോഹമോ?

കൊച്ചുത്രേസ്യയുടെ ഈ ‘ദൈവവിളി’ നിരൂപണാത്മകമായ ഒരു വായനയ്ക്കു വിധേയമാക്കിയാല്‍ ഏറെ ചോദ്യങ്ങളുയരാം. സ്‌നേഹിക്കുകയാണ് തന്റെ ദൈവവിളി എന്നല്ലേ അവള്‍ പറയേണ്ടിയിരുന്നത്? ‘സ്‌നേഹമായിരിക്കുക’ എന്ന പ്രയോഗം എത്രമാത്രം കൃത്യതയുള്ളതാണ്? ദൈവംമാത്രമല്ലേ സ്‌നേഹമായുള്ളത്? അങ്ങനെയെങ്കില്‍, ചെറുപുഷ്പത്തിന്റേത് അതിമോഹമല്ലേ? അത് പാഷണ്ഡതയുടെ വരമ്പിലൂടെയുള്ള നടപ്പല്ലേ?

ഇവിടെയാണ് കൊച്ചുത്രേസ്യ എന്ന മിസ്റ്റിക്കിന്റെ അനിതരസാധാരണമായ സ്വത്വം നാം തിരിച്ചറിയുന്നത്. ദൈവൈക്യത്തിന്റെ അഗാധതലങ്ങളെ സ്പര്‍ശിച്ചവളാണവള്‍! ആളിക്കൊണ്ടിരിക്കുന്ന തീയിലേക്ക് വച്ചുകൊടുക്കുന്ന വിറകിന്‍ കഷണം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിയാല്‍ ഗ്രസിക്കപ്പെട്ട് വിറകേത്, തീയേത് എന്നു വേര്‍തിരിക്കാനാകാത്തവിധമുള്ള ഏകീഭാവം കൈവരിക്കുമല്ലോ. സ്‌നഹംതന്നെയായ ദൈവത്തോട് ആത്മീയമായി ഏകീഭവിക്കലാണ് തന്റെ വിളിയെന്നാണ് അവള്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. ചുരുക്കത്തില്‍, ദൈവൈക്യമാണ് ആ വിശുദ്ധയുടെ ദൈവവിളി. ആ ഐക്യമാണ് അവളെ സഭയില്‍ സ്‌നേഹമാക്കിത്തീര്‍ക്കുന്നത്.

കൊച്ചുത്രേസ്യയില്‍ നാം കണ്ട സ്‌നേഹം അപാരമായിരുന്നു. ഈശോയുടെ ആ ചെറുപുഷ്പം ആത്മാക്കളോടുള്ള സ്‌നേഹത്താല്‍ ബലിവേദിയിലേക്കു പറിച്ചുനടപ്പെട്ടു! ആ ജീവന്‍തന്നെയും ഒരു ബലിയായിത്തീര്‍ന്നു. അവളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും സഭാഗാത്രത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയും അവള്‍ കാഴ്ചവച്ചു. അത് യഥാര്‍ത്ഥത്തില്‍, സ്‌നേഹത്തിന്റെ വ്യയംചെയ്യലായിരുന്നു – ദൈവൈക്യത്തില്‍നിന്ന് സ്വാഭാവികമായി ഉളവാകുന്ന സ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്ക്!

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
വി. കൊച്ചുത്രേസ്യ

Related Articles

കൊച്ചി രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കൊച്ചി രൂപതയിലെ ഇടവകകളിൽനിന്നും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക കൊച്ചി രൂപത മെത്രാൻ ഡോ ജോസഫ് കരിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഏൽപ്പിച്ചു. കൊച്ചി

കാലവർഷക്കെടുതി നേരിടാൻ എന്തു സഹായവും ചെയ്യാൻ സഭ തയ്യാറെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ കാലവർഷക്കെടുതി നേരിടുന്നതിന് ഇപ്പോൾതന്നെ സഭയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും പുനരധിവാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ തയ്യാറാണെന്ന്

സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം

    സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമര നവംമ്പര്‍ 5 രാവിലെ 11ന്   മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*