ഇനിയെന്നാണാവോ സ്വതന്ത്രമായി ഇടപഴകാനാവുക?

ഇനിയെന്നാണാവോ സ്വതന്ത്രമായി ഇടപഴകാനാവുക?

 

 

 

ഫാ. പയസ് പഴേരിക്കല്‍

എന്റെ കൊച്ചുയാത്രകളുടെ അനുഭവ വിവരണം ഏതാനും പേര്‍ക്ക് കൗതുകകരമായി അനുഭവപ്പെട്ടെന്ന് എഡിറ്റര്‍ പറഞ്ഞത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പിന്നെപ്പിന്നെ ലേശം വല്ലായ്മയാണ് എന്നിലുണര്‍ത്തിയത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇതൊരു അധികപ്പറ്റല്ലേയെന്നൊരു ശങ്ക. രണ്ടുമൂന്നു വര്‍ഷം തുടര്‍ച്ചയായി വരുന്ന പ്രകൃതിദുരന്തവും പകര്‍ച്ചവ്യാധിയും ഇതൊക്കെ ഇളംതലമുറയ്ക്ക് അന്യമാക്കുംവിധം തുടര്‍ക്കഥയാകുമെന്ന് ഒരു ഭയപ്പാട്.
ലോകത്തിലൊരു കോണിലുണ്ടായ വ്യാധി എത്ര വേഗത്തിലാണ് ലോകംമുഴുവന്‍ പടര്‍ന്നത്! അതില്‍ ഒട്ടും ഭയപ്പെടേണ്ടതില്ലായെന്നാണ് ഈ വിഷയത്തില്‍ അവഗാഹമുള്ളവര്‍ അഭിപ്രായപ്പെട്ടത്. 2019ല്‍ 440 കോടിയില്‍പ്പരം ആളുകളാണ് വിമാനമാര്‍ഗം രാജ്യാന്തര സന്ദര്‍ശനം നടത്തിയതത്രേ (ഇതില്‍ പകുതിയിലധകവും ഒന്നിലധികം തവണ നടത്തപ്പെട്ട സഞ്ചാരങ്ങളായിരിക്കാം).


ഇന്നിന്റെ അനുഭവം ഒരു കുഞ്ഞിന് പകര്‍ന്നുനല്‍കുന്നത് ‘അപരന്‍ എനിക്ക് നരകമാണ്’ എന്ന സാര്‍ത്രിയന്‍ വചനം അന്വര്‍ത്ഥമാക്കുന്ന മനോനിലയിലാണ് എന്നു പറഞ്ഞാല്‍ അത്യുക്തിയാകുമോ? ഒരു അപരിചിതനെ സംശയത്തോടെ കാണേണ്ട അവസ്ഥാന്തരം ഇടക്കാലത്ത് മതതീവ്രവാദവും വംശീയവിദ്വേഷവും ഇത്തരമൊരു വികാരം മനുഷ്യരില്‍ സംജാതമാക്കിയ പരിതഃസ്ഥിതിയിലാണ് പ്രകൃതിതന്നെ ഇങ്ങനെയൊരവസ്ഥ വരുത്തിയത്! ഏതായാലും 2020 വര്‍ഷത്തില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍മുറ്റത്ത് ഓടിക്കളിക്കുന്നതിനെക്കുറിച്ചുള്ള വിചാരമില്ലാതായിക്കഴിഞ്ഞു. ഇനി എന്നാണാവോ മനുഷ്യര്‍ക്ക് സ്വതന്ത്രമായി ഒന്നിടപഴകാന്‍ കഴിയുക?
ഏതായാലും പക്ഷിമൃഗാദികള്‍ മനുഷ്യരെ ഭയക്കാതെ സ്വതന്ത്രവിഹാരം നടത്തുന്നത് നാം തെല്ലൊരു അസൂയയോടെയാണ് നോക്കിക്കാണുന്നത്. വാഹനങ്ങളുടെയും മറ്റും അനിയന്ത്രിതമായ വര്‍ദ്ധനമൂലം വിഷലിപ്തമായിത്തീര്‍ന്ന അന്തരീക്ഷമിപ്പോള്‍ ശുദ്ധവായു ശ്വസിക്കാന്‍ തക്കവണ്ണം വിമലീകരിക്കപ്പെട്ടു എന്നു മാത്രമല്ല, ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും മറ്റുമുള്ള നിവാസികള്‍ക്ക് ഏറെ നാളുകളായി അപ്രാപ്യമായിരുന്ന ഹിമാലയ ഗിരിശൃംഗങ്ങള്‍ കാഴ്ചയില്‍ എത്തിപ്പെട്ടിരിക്കുന്നു. ഓസോണ്‍പാളികളിലുണ്ടായ വിടവുകള്‍ വരെ നികത്തപ്പെട്ടതായാണ് അറിവായത്.


കുഞ്ഞുങ്ങളുടെയും പ്രായമേറിയവരുടെയും സഞ്ചാരം തടസ്സപ്പെട്ടതും ഏറ്റവും പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിലും വിയോഗത്തിലും ഒന്ന് അടുത്തുനില്‍ക്കുവാന്‍ പോലുമാവാത്തത് ഏറെ ദുഃഖകരം തന്നെ. എന്നിരുന്നാലും, ‘ചെറുതാണ് സുന്ദരം’ എന്ന ഇ.എഫ്. ഷൂമാക്കറുടെ ദര്‍ശനം സാക്ഷാത്ക്കരിക്കുന്ന വിധത്തില്‍ വലിയ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമല്ല സമീപത്തുള്ള കൊച്ചുപീടികകളാണ് സുരക്ഷിതമെന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ വളപ്പില്‍ എന്തെങ്കിലുമൊക്കെ നട്ടുവളര്‍ത്തി അതിന്റെ ഫലമനുഭവിച്ചതിലുള്ള സംതൃപ്തിയും സന്തോഷവും നമുക്ക് സ്വന്തം. അപകടമരണങ്ങള്‍ ഏറെ കുറഞ്ഞതോടൊപ്പം ആശുപത്രിയെയും മരുന്നിനെയും ആശ്രയിക്കാതെ ആരോഗ്യം നിലനിര്‍ത്താനും (സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെങ്കിലും ലഘൂകരിച്ച ഭക്ഷണക്രമം അതിന് വലിയൊരളവ് ഉപകരിച്ചുവെന്നതാണ് വാസ്തവം) നമുക്കായി. ക്രമാതീതമായി വര്‍ദ്ധിച്ച ആത്മഹത്യകള്‍ക്ക് ഹേതുവായ കടക്കെണിയില്‍പ്പെടാതെ വിവാഹവും മറ്റ് ആഘോഷങ്ങളും നടത്താനും കഴിയുമെന്ന് നാം തെളിയിച്ചു.

എന്നാല്‍ ലോക്ഡൗണിന് അയവുവന്നതോടെ അന്തരീക്ഷം വീണ്ടും മലീമസമായിത്തീരുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു! പ്രകൃതി അത്യധികമായി ചൂഷണം ചെയ്യപ്പെട്ടതാണ് വലിയതോതിലുള്ള കാലാവസ്ഥാവ്യതിയാനത്തിനും തുടര്‍ച്ചയായി മാറുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണമെന്നത് ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത വസ്തുതയായി കഴിഞ്ഞിട്ടുണ്ട്. മൂന്നു കിലോമീറ്റര്‍ അകലെയുള്ള മലയിടിഞ്ഞുവീണിട്ടാണ് പെട്ടിമുടിയില്‍ എഴുപതോളം പേര്‍ മണ്ണില്‍ പുതഞ്ഞുപോയത്. ഇനിയും നമ്മുടെ പതിവുരീതികള്‍ തുടരാനാവില്ല എന്നതാണ് പരമാര്‍ത്ഥമെങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പുനര്‍നിര്‍മ്മാണ പരിപാടിയില്‍ പുതിയ കല്‍ക്കരി ഖനനത്തിനായിട്ടുള്ള തീരുമാനം  അതും സ്വകാര്യ ഏജന്‍സിയെ ഏല്പിക്കുമെന്നത് ഏറെ ഭയത്തോടെയാണ് കേട്ടറിഞ്ഞത്.


(മൂന്നുനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഒരു ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ വടക്കേ ഇന്ത്യയിലെ കല്‍ക്കരി ഖനനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനമുളവാക്കിയ അന്ധാളിപ്പ്. കൃഷിയിടമായിരുന്ന വലിയൊരു ഭൂപ്രദേശം മണ്ണുമാന്തിക്കീറി ചെളികെട്ടി ആകെ ഊഷരമായിത്തീര്‍ന്ന അവസ്ഥയിലായി. അവിടെനിന്ന് ആട്ടിയിറക്കപ്പെട്ട മനുഷ്യര്‍ അതിന്റെ ഓരങ്ങളില്‍ ഏറ്റവും ദയനീയമായ അവസ്ഥയില്‍ ഒരിറ്റു ദാഹജലത്തിനായി മൈലുകള്‍ താണ്ടുന്നതുമായ കാഴ്ച  ഇപ്പോഴും മനസ്സില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ല).  ഇതുപോലെ ജനവിരുദ്ധമായ കാര്യങ്ങളുള്ള സാമ്പത്തിക പദ്ധതി പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചപോലും നടത്താതെയാണ് നടപ്പാക്കുന്നത് എന്നുള്ളത് ഏറെ സംശയം ജനിപ്പിക്കുന്നതാണ്.


ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ട്, താമസിച്ചിരുന്ന ഇടങ്ങളില്‍നിന്ന് ആട്ടിയിറക്കപ്പെട്ട്, നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട പാവങ്ങള്‍ വിശപ്പും ദാഹവും മൂലം തളര്‍ന്ന് അവശരായി പാതയോരങ്ങളിലും റെയില്‍വേ ട്രാക്കുകളിലും പിടഞ്ഞുവീണ് മരിക്കുമ്പോള്‍ നിസ്സംഗതയോടെ കണ്ടുനിന്ന ഭരണകൂടം, ആയിരക്കണക്കിന് കോടികള്‍ ചെലവഴിച്ച് പാര്‍ലമെന്റ് മന്ദിരവും ആരാധനാലയവും നിലവിലുള്ള വലിയൊരു പ്രതിമയും പണിയാന്‍ കച്ചകെട്ടുകയാണ്. ഇത് ദരിദ്രജനങ്ങളോടുള്ള വെല്ലുവിളി എന്നതിനെക്കാള്‍ ഏറെ മഥിക്കുന്നത് ഈ നിര്‍മ്മാണങ്ങള്‍ക്കായി എത്ര കുന്നും മലയുമാണ് ഇടിച്ചുനിരത്തേണ്ടിവരുന്നത് എന്നതാണ്. ഒപ്പം ആ നിര്‍മ്മാണം സൃഷ്ടിക്കുന്ന നീരൊഴുക്കിന്റെ തടസ്സവും പ്രകൃതിക്കുമേല്‍ ഏല്പിക്കുന്ന ആഘാതത്തിന്റെ കാഠിന്യവും ഓര്‍ത്താണ്.
ഇത്തരുണത്തില്‍ ഇതേക്കുറിച്ച് അറിവും ബോധ്യവും ഉള്ളവര്‍ എന്തു ത്യാഗം സഹിച്ചും പൊതുജനങ്ങളെ പഠിപ്പിച്ച് ബോധവത്ക്കരിക്കേണ്ടത് നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമായിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന സഭ കൃത്യമായ നിലപാടെടുത്ത് ആത്മാര്‍ത്ഥത തെളിയിക്കേണ്ടതുണ്ട്. ഇതേക്കുറിച്ചുള്ള അജ്ഞതയോ അവഗണനയോ മൂലം നാം കോടികള്‍ മുടക്കി പണിതുകൂട്ടിയ നിര്‍മ്മാണങ്ങളെയോര്‍ത്ത് മാപ്പിരക്കുന്നതോടൊപ്പം മേലില്‍ നമ്മുടെ നിര്‍മ്മാണങ്ങള്‍ക്ക് കൃത്യമായ നിബന്ധനകള്‍ പ്രഖ്യാപിക്കുകയും വേണം. കുടിയേറ്റ മേഖലയില്‍ അതിലോല പ്രദേശ
മെന്ന് പ്രകൃതിശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് പിന്മാറാന്‍ ‘വിട്ടു കൊടുക്കുന്നതില്‍’ സവിശേഷ വൈമുഖ്യമുള്ള നാം ധൈര്യപ്പെടേണ്ടിയുമിരിക്കുന്നു.


Related Articles

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:-

കേരള തീരത്തു അതീവ ജാഗ്രതാ മുന്നറിയിപ്പ്

കേരള തീരത്തു 2.5 -3 മീറ്റർ ഉയരത്തിൽ ഉള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് . കൂറ്റൻ തിരമാലകൾ (കൊല്ലം ,ആലപ്പുഴ ,കൊച്ചി,പൊന്നാനി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്)എന്ന് ഈ തീരപ്രദേശങ്ങളിൽ 21/4/2018

കൊച്ചി രൂപത മതാധ്യാപക കണ്‍വെന്‍ഷന്‍ നടത്തി

കൊച്ചി: കൊച്ചി രൂപത മതബോധന അധ്യാപക കണ്‍വെന്‍ഷന്‍ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്റില്‍ നടന്നു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും, രൂപതാ തലത്തിലും, സംസ്ഥാനതലത്തിലും സ്‌കോളര്‍ഷിപ് ലഭിച്ചവരെയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*