Breaking News

ഇനി ഞാനുണര്‍ന്നിരിക്കാം, നീയുറങ്ങുക

ഇനി ഞാനുണര്‍ന്നിരിക്കാം, നീയുറങ്ങുക

No woman, no cry

No woman, no cry

Oh my little sister, don’t shed no tears

No woman, no cry….Bob Marley

           മഹാനായ സംഗീതജ്ഞന്‍ ബോബ് മാര്‍ലി അനേകം വേദികളെ പാടിയുണര്‍ത്തിയ വരികളാണിത്. 2018ല്‍ കശ്മീരില്‍ പവിത്രമായ ക്ഷേത്രസന്നിധിയില്‍ പിച്ചിച്ചീന്തപ്പെട്ട എട്ടുവയസുകാരിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കാലങ്ങള്‍ കടന്ന് ബോബ് മാര്‍ലിയുടെ വരികള്‍ ഹൃദയത്തെ വരിഞ്ഞുമുറുക്കുന്നു. ലോകത്തിലെ ഏറ്റവും മഹത്തായ പാരമ്പര്യമുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഭാരതം. ഇതിഹാസങ്ങളും വേദങ്ങളും ഉപനിഷത്തുകളും പിറവികൊണ്ട സാംസ്‌കാരിക ഭൂമി. ബുദ്ധന്റെയും തീര്‍ത്ഥങ്കരന്റെയും ജന്മസ്ഥലം, മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ നാട് അങ്ങനെ നീണ്ടുപോകുകയാണ് പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനത്തിന്റെയും പട്ടിക. പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഞെട്ടലോടെ അവിടെ നിന്ന്് ചിലതു കേള്‍ക്കുന്നു. ഇരകളെ പേരുചൊല്ലി വിളിക്കരുതെന്ന് ബഹുമാനപ്പെട്ട നീതിപീഠങ്ങള്‍ ശാസിച്ചുകൊണ്ടിരിക്കുമ്പോഴും ആ പേരുകള്‍ നമ്മെ വേട്ടയാടും. അതില്‍ അവസാനത്തേതും ഏറ്റവും ഹൃദയഭേദകവുമായിരുന്നു കശ്മീരി പെണ്‍കുട്ടിയുടേത്. പ്രതികള്‍ക്കു വേണ്ടി ദേശീയപതാകയുമേന്തി രാജ്യം ഭരിക്കുന്ന കക്ഷിയുടെയും നേരത്തെ ഭരിച്ചുകൊണ്ടിരുന്നവരുടെയും അനുയായികള്‍ തെരുവിലിറങ്ങി. നമ്മുടെ നാടിനെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടുപോയെന്ന് സോഷ്യല്‍മീഡിയയില്‍ ധാരാളം പേര്‍ വിലാപം തുടങ്ങിയത് അപ്പോഴായിരുന്നു.  
                പൈശാചിക കൃത്യം ദിവസങ്ങളോളം അരങ്ങേറിയ ഇടമായിരുന്നു ആ ആരാധനാലയം. അതിനു സമീപത്തു കൂടെ പിതാവ് തന്നെ അന്വേഷിച്ചു വേവലാതിയോടെ നടന്നുപോകുന്നതറിയാതെ മയക്കത്തിന്റെയും വേദനയുടെയും ആഴങ്ങളിലേക്ക് ഊൡയിട്ടുകൊണ്ടിരുന്നു കുരുന്നു ജീവന്‍. ഒരു ദൈവത്തിനും ആ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലേയെന്ന് ദൈവനിഷേധത്തോളം വരുന്ന കുറിപ്പുകളും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ എല്ലാം അവസാനിച്ചിട്ടില്ലെന്നു തന്നെയാണ് വരികള്‍ക്കിടയില്‍ സൂക്ഷ്മമായി വായിക്കുമ്പോള്‍ നാം മനസിലാക്കേണ്ടത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവം തേച്ചുമായിച്ചുകളയാന്‍ വലിയ ശ്രമങ്ങള്‍ നടന്നിരുന്നു. അതിനെ അതിജീവിച്ചതും കശ്മീരി പെണ്‍കുട്ടി നമ്മുടെ മനസാക്ഷിക്കു നേരെ വിരല്‍ചൂണ്ടാനും കാരണമായ ചിലരുണ്ട്. ജീവനു തന്നെ ഭീഷണി ഉയര്‍ന്നിട്ടും മുന്നോട്ടുവച്ച കാല്‍ അവര്‍ പിന്‍വലിച്ചില്ല. കശ്മീര്‍ സംഭവത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അറിയുമ്പോള്‍ തന്നെ നീതിയുടെയും നന്മയുടെയും കാവലാളായ അവരെക്കുറിച്ചും അറിഞ്ഞിരിക്കണം.
                ഇതാണ് തുടക്കം കശ്മീരിലെ ബഖര്‍വാല്‍ നാടോടി വിഭാഗത്തില്‍പ്പെടുന്ന മുസ്ലീം കുടുംബമാണ് പെണ്‍കുട്ടിയുടേത്. അവരുള്‍പ്പടെ 20 മുസ്ലീം കുടുംബങ്ങള്‍ ബ്രാഹ്മണര്‍ക്ക് സ്വാധീനമുള്ള രസാന പ്രദേശത്ത് സ്ഥലംവാങ്ങി വീടുവച്ച് താമസമാക്കാന്‍ തീരുമാനിച്ചതാണ് ഈ കുഞ്ഞിനോട് ഈ വിധത്തില്‍ ക്രൂരത കാണിക്കുവാനും ജീവനെടുക്കാനും വര്‍ഗീയവാദികളെ പ്രേരിപ്പിച്ചതിന്റെ അടിസ്ഥാന കാരണം. ഇത്തരം ഒരു ക്രൂരകൃത്യം ചെയ്താല്‍ ഈ കുടുംബങ്ങളെ ഭീതിയിലേക്ക് തള്ളിവിടാമെന്നും അതോടെ അവര്‍ ഇവിടം ഉപേക്ഷിച്ച് പൊയ്‌ക്കൊള്ളുമെന്നും അവര്‍ കണക്കുകൂട്ടി.
                       ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അറുപതുകാരന്‍ സഞ്ജി രാമാണ് തട്ടിക്കൊണ്ടുപോകലിനും കൊലയ്ക്കും നേതൃത്വം നല്‍കിയത്. സഞജിരാമിന്റെ മകന്‍, മരുമകന്‍, പ്രദേശത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായി. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ ഒളിപ്പിച്ച ഇവര്‍ ഒരാഴ്ചയോളം മയങ്ങാനുള്ള മരുന്ന് മാത്രമാണ് കുട്ടിക്ക് നല്‍കിയത്. ഭക്ഷണമില്ലാതെ മയക്കുമരുന്ന് മാത്രം കഴിച്ച് അവശ നിലയിലായ കുഞ്ഞിനെയാണ് പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതും കഴുത്ത് ഞെരിച്ചും കല്ലിനിടിച്ചും കൊലപ്പെടുത്തുന്നതും. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതി അന്വേഷിക്കുന്ന സംഘത്തില്‍ തട്ടിക്കൊണ്ടുപോകലും കൊലയും ആസൂത്രണം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.
മുസ്ലീം സമുദായം രാജ്യത്തിന്റെ ശത്രുക്കളാണെന്നും പാക്കിസ്ഥാന്റെ ഒറ്റുകാരാണെന്നും വ്യാപകമായ പ്രചാരണം നടന്നു. അതുകൊണ്ടു തന്നെ കുഞ്ഞിനെ വധിച്ചത് ന്യായീകരിക്കണമെന്നും അവര്‍ പൊതുജനങ്ങളെ ഉദ്‌ബോധിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇവളൊക്കെ വലുതായാല്‍ നമുക്കെതിരേ ബോംബെറിയുമെന്ന് സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത് ഒരു മലയാളി സംഘ്പ്രവര്‍ത്തകനാണല്ലോ. ശത്രുക്കളെ കൈകാര്യം ചെയ്യുന്നതു പോലെ ഈ സമുദായക്കാരെ കൊല്ലാക്കൊല ചെയ്യുകയും രാജ്യത്തു നിന്നും അവരെ ആട്ടിയോടിക്കുകയും വേണമെന്നും ആഹ്വാനങ്ങളുണ്ടായി. അത്തരം സേവനം ചെയ്യുന്ന പാവപ്പെട്ട ഹിന്ദുക്കളെ അറസ്റ്റ് ചെയ്യുന്നത് നീതികേടാണെന്നായിരുന്നു അവരുടെ പക്ഷം. പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ഉന്നതങ്ങളില്‍ നിന്നു തന്നെ ശ്രമങ്ങളുണ്ടായി. പ്രതികള്‍ക്കു വേണ്ടി സൗജന്യമായി കേസ് വാദിക്കാന്‍ തയ്യാറായി ഒരുപറ്റം അഭിഭാഷകര്‍ മുന്നോട്ടു വന്നു. കുറ്റാരോപണ വിധേയരായവര്‍ നിരപരാധികളല്ല, മറിച്ച് അവര്‍ ധീരമായൊരു കാര്യം ചെയ്തവരാണെന്ന ഉത്തമവിശ്വാസമാണ് ഇത്തരക്കാരെ ആ കുഞ്ഞിന്റെ രക്തത്തിനായി മുറവിളി കൂട്ടാന്‍ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍.
                         ജനുവരി പത്തിനാണ് കേട്ടാല്‍ വിശ്വസിക്കുവാന്‍ പ്രയാസമുള്ള ഈ നരഹത്യയുടെ ആദ്യനീക്കമുണ്ടായത്. ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ പെട്ടെന്ന് കണ്ടെത്താന്‍ തക്കവണ്ണം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മാധ്യമങ്ങളും സജീവമായി ഇടപെട്ടതോടെ അന്വേഷണം പ്രഖ്യാപിക്കാതെ തരമില്ലെന്നായി സര്‍ക്കാരിന്. പൊലീസ് അന്വേഷണം അട്ടിമറിക്കാനായി പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിരുന്നു സഞ്ജി രാം. ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെ കേന്ദ്രീകരിച്ച് മാത്രം അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ അത് അട്ടിമറിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ലോക്കല്‍ പൊലീസ് കേസ് എഴുതിതള്ളാന്‍ വരെ തയ്യാറായി. അതോടെ പ്രതിഷേധം ശക്തമായി. ഈ ഘട്ടത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ അഡ്വ. ദീപിക സിംഗ് രജാവത് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ കോടതി് ഉത്തരവായി. ക്രൈംബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. കൊടുംക്രൂരതയും അതിന്റെ ഉദ്ദേശ്യവും കശ്മീരിനു പുറത്തുള്ളവര്‍ അറിയുന്നത്് അതോടെയാണ്.
ആരാണ് യഥാര്‍ത്ഥ ഹിന്ദു?
ഭാരതം അതിവേഗം പൂര്‍ണ ഹൈന്ദവവല്‍കരണത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിശ്വഹിന്ദു പരിഷത് അടുത്തിടെ നടത്തിയ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നിഷ്പക്ഷര്‍ക്കും മറ്റു മതവിഭാഗങ്ങള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്ന ഇത്തരം തീരുമാനങ്ങളും നീക്കങ്ങളും നേരത്തെ തന്നെ സംഘ്പരിവാര്‍ സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതാണ്. പക്ഷേ അതെല്ലാം ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു. എല്‍. കെ അദ്വാനി നടത്തിയ രഥയാത്രയും അതിനെ തുടര്‍ന്ന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതും ഒളിവില്‍ നിന്നും പുറത്തുവരാന്‍ ഇത്തരം സംഘങ്ങളെ പ്രേരിപ്പിച്ചു. അതിന്റെ ഭാഗമായായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനം. ഭാരതം പൂര്‍ണമായും ഹിന്ദുക്കളുടേതായി മാറുമ്പോള്‍ ശേഷിക്കുന്നവര്‍ എന്തു ചെയ്യണം? പാക്കിസ്ഥാനിലേക്കും അമേരിക്കയിലേക്കും പോകാമെന്ന് സംഘ്പരിവാര്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും ഹിന്ദുക്കള്‍ താമസിക്കുന്ന ഭാഗത്ത് ഭൂമി വാങ്ങരുതെന്ന് മറ്റു സമുദായക്കാരോട് പരസ്യമായി മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതിനു തയ്യാറല്ലെങ്കില്‍ നിങ്ങളുടെ പെണ്‍മക്കളെ ഞങ്ങള്‍ ബലാത്സംഗം ചെയ്യും, ആണ്‍മക്കളെ കുത്തിക്കീറും. ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അതു സംബന്ധിച്ച പരസ്യപ്രഖ്യാപനം മാത്രമേ വരാനുള്ളു.
                             തങ്ങളുടെ പ്രദേശങ്ങളില്‍ താമസിക്കാന്‍ ഒരുങ്ങുന്ന ന്യൂനപക്ഷവിഭാഗങ്ങളെ പുറംതള്ളേണ്ടത് രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ ക്രിയയായി മാറണമെന്നതാണ് സംഘ്പരിവാരത്തിന്റെ ഉദ്ദേശ്യം. അത്തരമൊരു മാനസികാവസ്ഥയുള്ള വര്‍ഗീയവാദികളായി ഭൂരിപക്ഷ വിഭാഗങ്ങളെ മാറ്റാനായി നടത്തുന്ന പലവിധ പ്രചാരണങ്ങളുടെ ഫലം കൂടിയാണ് കത്വയില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഈ കൊടുംക്രൂരതയുടെ ഉത്തരവാദിത്തം അത് നടപ്പാക്കിയ ഏതാനും പേരിലോ കേസൊതുക്കിത്തീര്‍ക്കാന്‍ കൂട്ടുനിന്ന മറ്റുള്ളവരിലോ ഒതുങ്ങുന്നില്ല. ഇതൊന്നും ഒരു പ്രശ്‌നമേയല്ലെന്നു ചിരിച്ചുതള്ളുന്ന ബിജെപി ദേശീയധ്യക്ഷന്‍ അമിത് ഷായും മൗനം കൊണ്ട് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദിയും വിചാരണ ചെയ്യപ്പെടേണ്ടതല്ലേ? ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ആരോപണം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ട്. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുവാന്‍ കാരണമായ ഗോധ്ര സംഭവം പോലും ഭൂരിപക്ഷ വര്‍ഗീയവാദികള്‍ ആസൂത്രണം ചെയ്തതായിരുന്നുവെന്ന വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്.
                     ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലായി നടന്ന കൂട്ടക്കുരുതികളിലും ആക്രമണങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തവ തന്നെ വളരെ കുറവായിരുന്നു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇരകളുടെയും സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്താത്തവ വേറെ. മൊഴി രേഖപ്പെടുത്തിയ കേസുകളില്‍ പലതിലും അറസ്റ്റുകള്‍ ഉണ്ടായില്ല. ആരോപണ വിധേയരെ അറസ്റ്റ് ചെയ്ത കേസുകളില്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയില്ല. തെളിവുകള്‍ കോടതിയിലെത്തിയ കേസുകളില്‍ വിചാരണ സമയത്ത് ഇരകളും സാക്ഷികളും കോടതിയിലെത്തിയില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നീതിമാന്മാരും നിഷ്പക്ഷരുമായ ചില പൊലീസ് ഉദ്യോഗസ്ഥരുടെയും നിതാന്തപരിശ്രമഫലമായി അട്ടിമറികള്‍ മറികടന്ന് വിചാരണയിലേക്ക് കടന്ന അപൂര്‍വം കേസുകളില്‍ വാദിഭാഗം സമര്‍പ്പിക്കുന്ന തെളിവുകള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് രഹസ്യമായി എത്തിച്ച് കൊടുക്കുക പോലും ചെയ്തു. അന്ന് പുണ്യപുരുഷന്മാരുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാതെ പോയ സംവിധാനങ്ങള്‍ക്കു കൂടി ഉത്തരവാദിത്തമുണ്ട് ഇപ്പോള്‍ കശ്മീരിലെ കുഞ്ഞിന്റെ ജീവനെടുത്തതില്‍.
                           ഗുജറാത്തില്‍ പരസ്യമായിട്ടായിരുന്നില്ല ഈ അട്ടിമറികളെന്നു കാണാം. എല്ലാവര്‍ക്കും എല്ലാമറിയാമായിരുന്നുവെങ്കിലും എല്ലാത്തിനും ഒരു മറയുണ്ടായിരുന്നു. കഠ്‌വയിലെത്തുമ്പോള്‍ ഈ മറയെല്ലാം മാറിപ്പോയിരിക്കുന്നു. കേസ് അട്ടിമറിക്കാന്‍, ആരോപണ വിധേയരെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍, അറസ്റ്റില്‍ പ്രതിഷേധിച്ച് ദേശീയ പതാകയുമായി പ്രകടനം നടത്താന്‍ ഒക്കെ മറ കൂടാതെ രംഗത്തുവരാന്‍ പാകത്തിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു.
ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം ഹൈന്ദവ വര്‍ഗീയ കാലഘട്ടത്തെ രണ്ടായി തരംതിരിക്കുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിനു ശേഷം ഗജുറാത്തിലും ഹൈദരബാദിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബിഹാറിലും ഒറീസയിലും നിരവധി വര്‍ഗീയ ആക്രമണങ്ങളും കൂട്ടക്കൊലകളും നടന്നു. അതില്‍ പല കേസുകളും സിബിഐയും എന്‍ഐഎയുമാണ് അന്വേഷിച്ചത്. ഓരോ കേസുകളായി കോടതി മുറികളില്‍ നിന്ന് അവ വിടുതല്‍ നേടിക്കൊണ്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒരു നാടോടി പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ നീതി പ്രതീക്ഷിക്കുന്നത് കടന്നകയ്യായിരിക്കും.
അസ്മതമിക്കാത്ത പ്രതീക്ഷകള്‍
കുട്ടിയുടെ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷക ദീപിക സിംഗും ക്രൈംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേഷ്‌കുമാര്‍ ജല്ലയും ഉയര്‍ന്ന ഹൈന്ദവജാതിയില്‍ പെട്ടവര്‍. കശ്മീരില്‍ സംഘ്പരിവാര്‍ കുടിയിരുത്താന്‍ ശ്രമിക്കുന്ന പണ്ഡിറ്റുകളുടെ വിഭാഗത്തില്‍ പെട്ടയാളാണ് രമേഷ്‌കുമാര്‍ ജല്ല. ഇരുവരെയും അവരുടെ ഉദ്യമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങളുണ്ടായി. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് പ്രതികൂലമാകുമെന്ന് പ്രതികളും അവരെ പിന്തുണച്ചവരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദീപിക സിംഗിന് വര്‍ഗീയവാദികളില്‍ നിന്നു മാത്രമല്ല ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണിയുണ്ടായി. അസോസിയേഷന്‍ ഒറ്റക്കെട്ടായി ഈ അഭിഭാഷകകയ്‌ക്കെതിരെ രംഗത്തെത്തി. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും അജ്ഞാതര്‍ തുടര്‍ച്ചയായി ഫോണിലൂടെ അവരെ ഭീഷണിപ്പെടുത്തിക്കാണ്ടിരുന്നു. ബാര്‍ അസോസിയേഷന്‍ ഹാളിലെ കൂജയില്‍ നിന്ന് കുടിവെള്ളമെടുക്കാന്‍ പോലും മറ്റുള്ളവര്‍ അനുവദിച്ചില്ല. കേസ് ഫയല്‍ ചെയ്യുന്നത് തടയാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ടു. സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടു വന്നത് മലയാളി അഭിഭാഷകരായിരുന്നുവെന്ന് പ്രത്യേകം ഓര്‍ക്കണം.
രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിഷേധം ശക്തമായി. ആരോപണവിധേയരെ പിന്തുണച്ച് ദേശീയപതാകയുമേന്തി അവര്‍ പ്രകടനങ്ങള്‍ നടത്തി. അത്തരം പ്രകടനങ്ങള്‍ ആസൂത്രണം ചെയ്ത ഹിന്ദു ഏക്താമഞ്ചിന് നേതൃത്വവും പിന്തുണയുമായി കശ്മീരിലെ മെഹ്ബൂബ മുഫ്തി മന്ത്രിസഭയില്‍ അംഗങ്ങളായ ബിജെപി അംഗങ്ങള്‍ ചൗധരി ലാല്‍ സിംഗും, ചന്ദര്‍ പ്രകാശ് ഗംഗയുമുണ്ടായിരുന്നു. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നകേസിലെ ആരോപണവിധേയരെ പിന്തുണക്കാന്‍ മന്ത്രിമാര്‍ക്ക് യാതൊരു മടിയുമുണ്ടായില്ലെന്ന് സാരം. അവര്‍ നിഷ്പക്ഷരായി ജനങ്ങളെ സേവിക്കുമെന്നും നീതിയും ന്യായവും നടപ്പാക്കുമെന്നും എങ്ങനെ കരുതാനാകും?
നമ്മുടെ രാജ്യത്ത് കൂരിരുട്ട് വ്യാപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രതീക്ഷയുടെ ഒരുപൊട്ടു വെളിച്ചമുള്ളത് കാണാതിരുന്നു കൂടാ. ദീപികാ സിംഗും രമേഷ്‌കുമാര്‍ ജല്ലയും ആ ദീപശിഖയുടെ വാഹകരാണ്. ചരിത്രത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിച്ചാല്‍ മെസോപ്പൊട്ടേമിയന്‍ തീരങ്ങളിലും ജര്‍മനിയിലും ഇറ്റലിയിലും സോവിയറ്റ് യൂണിയനിലും മറ്റു പല വംശീയ, സ്വേച്ഛാധിപത്യ സര്‍പങ്ങള്‍ ഫണമുയര്‍ത്തിയാടിയ ഇടങ്ങളിലും ആ ഇത്തിരി വെളിച്ചങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. നരകയാതനകളിലൂടെ കടന്നുപോയ ജനതകള്‍ പിന്നീട് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് ചുവടുവയ്ക്കാന്‍ കാരണമായത് ജീവനുപേക്ഷിച്ചും അത്തരക്കാര്‍ നടത്തിയ ചെറുത്തുനില്‍പാണ്. നാം ചെയ്യേണ്ടത് അത്തരം ക്രൂരതകളിലേക്കും ഭരണസംവിധാനത്തിലേക്കും രാജ്യത്തെ കടന്നുചെല്ലാന്‍ അനുവദിക്കാതിരിക്കലാണ്.
വര്‍ഗീയ അജണ്ടകളെ കണ്ടില്ലെന്നു നടിച്ചും, അതു നമ്മളെ ബാധിക്കുന്നതല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയും നില്‍ക്കേണ്ട സമയമല്ലിത്. രാഷ്ട്രീയവും സാമൂഹികവുമായ ചെറുത്ത് നില്‍പ് അനിവാര്യമാണ്. കത്വയിലെ കുരുന്നിന്റെ ജീവന് നീതിയുടെ മാര്‍ഗത്തിലൂടെ മറുപടി നല്‍കുന്നതിലൂടെ തുടങ്ങട്ടെ ആ ചെറുത്തുനില്‍പ്്
ബിഎസ്

Related Articles

സഭാപിതാക്കന്മാര്‍

ആദ്യകാല െ്രെകസ്തവ സഭയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് പുതിയ നിയമത്തിലെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ്. സഭ എന്നതിനു ഗ്രീക്ക് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘എക്ലേസിയാസ്’

പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത

ഭക്ഷണം എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം

ലൂര്‍ദ് ആശുപത്രിയിലെ പരിശോധനാ മുറിയിലിരിക്കുമ്പോള്‍ എനിക്കേറ്റവും ദുഷ്‌കരമായി അനുഭവപ്പെട്ടിട്ടുള്ളത് ജീവിതചര്യകളില്‍ ഉണ്ടാകേണ്ട പുതിയ പരിവര്‍ത്തനങ്ങളെപ്പറ്റി സമുചിതമായരീതിയില്‍ രോഗികളെ പറഞ്ഞു മനസിലാക്കുക എന്നതാണ്. പ്രത്യേകിച്ച് മലയാളികളെ എന്തെങ്കിലും പറഞ്ഞ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*