ഇനി പിഎഫ്, ഇഎസ്‌ഐ ഇല്ലാത്ത കാലം

ഇനി പിഎഫ്, ഇഎസ്‌ഐ ഇല്ലാത്ത കാലം

തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് തൊഴില്‍ മന്ത്രാലയം പുതിയ നിയമത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. പ്രോവിഡന്റ് ഫണ്ട് നിയമം, ഇഎസ്‌ഐ നിയമം, ഗ്രാറ്റുവിറ്റി നിയമം, പ്രസവാനുകൂല്യനിയമം, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള സാമൂഹ്യസുരക്ഷാ നിയമം, തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരനിയമം, വിവിധ ക്ഷേമ സെസ്, ക്ഷേമനിധി നിയമങ്ങള്‍ തുടങ്ങി 15 തൊഴില്‍ നിയമങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ  സാമൂഹ്യസുരക്ഷക്ഷേമ കോഡ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. തൊഴിലാളികള്‍ക്ക് ഇന്നു ലഭിച്ചുകൊണ്ടിരിക്കുന്ന നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും കവരുന്ന നടപടിയാണിതെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. 

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും പുതിയ നിയമപ്രകാരം നിലവില്‍ വരുന്ന കേന്ദ്ര സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ ലയിപ്പിക്കും. നിലവിലുള്ള ആനുകൂല്യങ്ങള്‍ പലതും ഇതോടെ ഇല്ലാതാകുമെന്ന തൊഴിലാളികളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രം ശ്രമിക്കുന്നുമില്ല. കേന്ദ്ര ബോര്‍ഡ് വരുന്നതോടെ സംസ്ഥാനങ്ങളിലെ ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം ഇല്ലാതാകും. നിലവില്‍ തൊഴില്‍ വകുപ്പിനു കീഴില്‍ മാത്രം 16 തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ കേരളത്തിലുണ്ട്. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തിയാണ് ഈ ക്ഷേമനിധി ബോര്‍ഡുകളും മറ്റ് ക്ഷേമനിധി ബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നത്. പെന്‍ഷന്‍, ചികിത്സാനുകൂല്യം, അവധിക്കാലവേതനം, അവശതാ സഹായം തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനായി പിരിച്ചെടുക്കുന്ന തൊഴിലാളി-തൊഴിലുടമാ വിഹിതവും സെസും പുതിയ സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ നിക്ഷിപ്തമാകും. ഇതോടെ സംസ്ഥാനങ്ങളിലെ  ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടും. നാമമാത്രമായ അംശാദായം ഈടാക്കിയാണ് ഇന്ന് ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. പുതിയ നിയമപ്രകാരം അംശാദായം വലിയ തോതില്‍ വര്‍ദ്ധിക്കും. തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇല്ലാതാകുന്നിടത്തേക്കാണ് ഇത് ചെന്നെത്തുക. 

എല്ലാ സാമൂഹികക്ഷേമ പദ്ധതികളും ഒറ്റ കുടക്കീഴിലാക്കി അവയുടെ മേല്‍നോട്ടത്തിന് കേന്ദ്രതലത്തില്‍ തൊഴില്‍മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ബോര്‍ഡുകള്‍ രൂപവത്കരിക്കുമെന്നാണ് കരടില്‍ പറയുന്നത്. പിഎഫ്, ഇഎസ്‌ഐ, സംസ്ഥാനക്ഷേമ പദ്ധതികള്‍ തുടങ്ങിയവയെല്ലാം സംസ്ഥാന ബോര്‍ഡിന് കീഴിലാവും. ഇപിഎഫ്, ഇഎസ്‌ഐ എന്നീ കോര്‍പറേഷനുകളുടെ ഫണ്ട് ഓരോ സംസ്ഥാനത്തെയും തൊഴിലാളികളുടെ അംഗത്വം കണക്കാക്കി ആനുപാതികമായി വീതിച്ചുനല്‍കുമെന്നാണ് കരടില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഘടിത മേഖലയ്ക്കാണ് ഇപ്പോള്‍ ഈ രണ്ടാനുകൂല്യങ്ങളുമുള്ളത്. സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴില്‍ അസംഘടിത മേഖലയിലുള്ള എല്ലാ തൊഴിലാളികളെയും പാവപ്പെട്ടവരെയും പുതുതായി അംഗങ്ങളാക്കണം. 

നാലു വിഭാഗങ്ങളായി തിരിച്ചാണ് അസംഘടിത തൊഴിലാളികളെ പുതുതായി ചേര്‍ക്കുന്നത്. ഉയര്‍ന്ന ശമ്പളമുള്ളവരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ് ആദ്യത്തെ രണ്ടുതട്ടില്‍. വരുമാനം കുറഞ്ഞവരും ഏറ്റവും താഴേക്കിടയിലുള്ളവരുമാണ് മൂന്നും നാലും വിഭാഗക്കാര്‍. നാലാം തട്ടിലുള്ളവര്‍ ക്ഷേമാനുകൂല്യങ്ങള്‍ക്ക് വിഹിതമൊന്നും അടക്കേണ്ടതില്ല. സാമൂഹികസുരക്ഷാ ബോര്‍ഡിലേക്ക് സര്‍ക്കാര്‍ വിഹിതമൊന്നും ഉണ്ടാവില്ല. ഫലത്തില്‍ സംഘടിത മേഖലയിലെയും മറ്റും തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ടില്‍നിന്നാണ് ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കും ആനുകൂല്യം കൊടുക്കേണ്ടത്. ഫണ്ടില്‍നിന്നുതന്നെ ഇപ്രകാരം ‘ക്രോസ് സബ്‌സിഡി’ നല്‍കിയാല്‍ ക്രമേണ അതു ശോഷിക്കും. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ഭാവിയില്‍ കുറയുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യും.

പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലേക്ക് സര്‍ക്കാരിന്റെ വിഹിതവും ഉണ്ടാവില്ല. തൊഴിലുടമയുടെ വിഹിതം കുറയും.  സംസ്ഥാനക്ഷേമ ബോര്‍ഡിലേക്കുള്ള തൊഴിലാളിയുടെ വിഹിതം 12.5 ശതമാനമായിരിക്കും. തൊഴിലുടമയുടെ മൊത്തം വിഹിതം 17.5 ശതമാനവും. ഇപ്പോള്‍ വിവിധ ക്ഷേമ പദ്ധതികളിലേക്കായി തൊഴിലുടമകള്‍ 24 ശതമാനം മുതല്‍ 30 ശതമാനംവരെ അടക്കുന്നുണ്ട്. അതേസമയം തൊഴിലുടമയും സ്വയംതൊഴില്‍ ചെയ്യുന്നവരും ഭരണച്ചെലവായി മൊത്തം വിഹിതത്തിന്റെ അഞ്ചുശതമാനം വേറെ അടക്കേണ്ടി വരും. തൊഴിലാളിള്‍ക്ക് സൗകര്യമൊരുക്കാന്‍ പ്രത്യേക കേന്ദ്രങ്ങളുണ്ടാകും. അതിന് ‘ഇടപാട് നിരക്ക്’ നല്‍കണം. 

ഇഎസ്‌ഐ, ഇപിഎഫ് കോര്‍പറേഷനുകളിലെ എല്ലാ ജീവനക്കാരും സംസ്ഥാനങ്ങളുടെ കീഴിലാകും. സ്വാഭാവികമായും അവരുടെ സേവന വേതന വ്യവസ്ഥകളില്‍ അതുവഴി മാറ്റവും സംഭവിക്കും. ഓരോ സ്ഥാപനവും പ്രത്യേകമായി ഗ്രാറ്റുവിറ്റിനിധി രൂപവത്കരിക്കണം. ഈ നിധിയിലേക്ക് തൊഴിലുടമ അടയ്‌ക്കേണ്ട വിഹിതം തൊഴിലാളിയുടെ ശമ്പളത്തിന്റെ രണ്ടു ശതമാനമായിരിക്കണമെന്നാണ് പുതിയ കരടിലെ വ്യവസ്ഥ. നിലവില്‍ മുഴുവന്‍ ഗ്രാറ്റുവിറ്റിയിലേക്ക് തൊഴിലുടമ ഏതാണ്ട് 4.85 ശതമാനം വിഹിതമടയ്ക്കുന്നുണ്ട്. രണ്ടു ശതമാനം മാത്രം വിഹിതമടച്ചാല്‍ വിരമിക്കുന്ന സമയത്ത് അതിനു കണക്കായ ഗ്രാറ്റുവിറ്റി മാത്രമാവും ലഭിക്കുക. ക്ഷേമഫണ്ടുകള്‍ ശോഷിക്കും.

കോര്‍പറേറ്റുകള്‍ക്ക് വ്യവസായം സുഗമമായി നടത്തുന്നതിനും നിക്ഷേപം കൊണ്ടുവരുന്നതിനും ഉതകുന്ന വിധത്തില്‍ തൊഴില്‍നിയമങ്ങളില്‍ പരിഷ്‌കാരം വരുത്തുകയാണ് യഥാര്‍ത്ഥത്തില്‍ കേന്ദ്രം ചെയ്തിരിക്കുന്നത്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും അത് നടത്തികൊണ്ടുപോകാനും നിലവിലെ തൊഴില്‍ നിയമങ്ങള്‍ തടസമാണെന്ന പ്രചാരണം വന്‍ വ്യവസായികള്‍ ഏറെക്കാലമായി നടത്തിവരുന്നുണ്ട്. ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ കാര്‍ക്കശ്യമുള്ളതാണെന്നും നിക്ഷേപ സൗഹൃദ അന്തരീക്ഷം വളര്‍ത്താനും കൂടുതല്‍ വ്യവസായം രാജ്യത്ത് കൊണ്ടുവരാനും ഉതകുന്ന വിധത്തില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുമെന്നും പ്രധാനമന്ത്രി വിദേശരാജ്യ സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. ബിജെപിയെ അധികാരത്തിലേറ്റാന്‍ കോര്‍പറേറ്റുകള്‍ ഒഴുക്കിയ വിയര്‍പ്പിന് പ്രതിഫലം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

എന്‍ഡിഎ സര്‍ക്കാര്‍ അപ്രന്റീസ് നിയമഭേദഗതി ബില്ലും ഫാക്ടറി നിയമഭേദഗതി ബില്ലും ആഗസ്റ്റ് 9ന് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ നടപടി പെട്ടെന്ന് ഉണ്ടായതല്ല. രാജസ്ഥാനില്‍ ട്രേഡ് യൂണിയനുകളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് 1948ലെ ഫാക്ടറി നിയമം, 1970ലെ കരാര്‍ നിയമം, 1947ലെ വ്യവസായ തര്‍ക്ക നിയമം എന്നിവ പ്രതിലോമകരമായ വിധത്തില്‍ ഭേദഗതി ചെയ്തിരുന്നു. 

ഇവയില്‍ ഏറ്റവും തൊഴില്‍ വിരുദ്ധമായ തൊഴില്‍ ഭേദഗതി വ്യവസായ തര്‍ക്ക നിയമത്തില്‍ നടത്തിയ ഭേദഗതിയാണ്. ഇതനുസരിച്ച് 300 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനോ കമ്പനി ലേ ഓഫ് ചെയ്യുന്നതിനോ അടച്ചുപൂട്ടുന്നതിനോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. തൊഴിലാളി സംഘടനകളെ രജിസ്റ്റര്‍ ചെയ്യാനുള്ള തൊഴിലാളി പ്രാതിനിധ്യം 15 ശതമാനത്തില്‍ നിന്നും 30 ശതമാനമാക്കി. ഇത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലെ ജനാധിപത്യവല്‍ക്കരണം ഇല്ലാതാക്കുകയും ട്രേഡ് യൂണിയന്‍ കുത്തകവത്കരണത്തിനുമാണ് സഹായിക്കുക. പത്തു പേര്‍ പണിയെടുക്കുന്ന വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലും, 20 പേര്‍ പണിയെടുക്കുന്ന, വൈദ്യുതി ഉപയോഗിക്കാത്ത സ്ഥാപനത്തിലും ബാധകമായ ഫാക്ടറി നിയമവും ഭേദഗതി ചെയ്തു. ഇതിന്റെ പരിധി യഥാക്രമം ഇരുപതും നാല്പതുമായി ഉയര്‍ത്തി. ഓവര്‍ ടൈമിന്റെ പരിധി 100 മണിക്കൂറായി ഉയര്‍ത്തിയതോടെ എട്ടു മണിക്കൂര്‍ ജോലിയെന്നത് സ്വപനമായി മാറും. രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീ തൊഴിലാളികള്‍ക്കുള്ള നിരോധനം പുതിയ ഭേദഗതികളിലൂടെ പിന്‍വലിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ പരിശോധന പദ്ധതി പ്രകാരം ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇനി മുതല്‍ സ്വന്തം ഇഷ്ടപ്രകാരം തൊഴിലിടങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ല. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും പണിയെടുക്കുന്ന മഹാഭൂരിപക്ഷം തൊഴിലാളികള്‍ക്കും തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. പുതുതായി നടപ്പാക്കുന്ന തൊഴില്‍ നിയമഭേദഗതിക്ക് ‘ശ്രമമേവ ജയതേ’ എന്ന മുദ്രാവാക്യമാണ് മോദി നല്‍കിയിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന ഇന്ദിരാഗാന്ധിയുടെ കല്പന നേരിട്ടായിരുന്നെങ്കില്‍ അല്പം വളഞ്ഞ വഴിയാണ് മോദിക്ക് ഇഷ്ടം. ആര്‍ക്കും പ്രഥമദൃഷ്യാ ഇഷ്ടക്കേടുണ്ടാക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം


Related Articles

കോട്ടപ്പുറം രൂപതയില്‍ മാര്യേജ് ബ്യൂറോ

കോട്ടപ്പുറം: രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ കീഴില്‍ രൂപീകൃതമായ ആര്‍സി മാര്യേജ് ബ്യൂറോ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസിയുടെ കീഴിലുള്ള 12 രൂപതകളേയും ഉള്‍ക്കൊള്ളിച്ചാണ്

ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ

  KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന

2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചു

  എറണാകുളം: കത്തോലിക്കാസഭ ഗൃഹനാഥന്മാരുടെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ തന്നെ കുടുംബവര്‍ഷാചരണം കൂടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി)

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*