ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽ റോഡ് ഡിസംബർ 25ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയെ റെയില്‍ റോഡ് പാലമായ ബോഗിബീല്‍ വാജ്പേയുടെ ജന്മദിനമായ ഡിസംബർ 25ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 21 വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തിയായ പാലം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുക. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റര്‍ നീളമാണുള്ളത്. 4,857 കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 5,920 കോടി രൂപ ചെലവായി.
ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്.അരുണാചല്‍പ്രദേശില്‍നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര പത്തു മണിക്കൂറോളം ലഘൂകരിക്കാന്‍ ബോഗിബീല്‍ ഉപകാരപ്രദമാകും. ഇപ്പോള്‍ അരുണാചലില്‍ നിന്ന് അസമിലേക്ക് പോകാന്‍ 500 കിലോമീറ്റര്‍ ദൂരമാണെങ്കില്‍ ചൊവ്വാഴ്ചയോടെ 100 കിലോമീറ്ററായി ദൂരം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.