Breaking News

ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമ്പോള്‍

ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമ്പോള്‍

ഇന്ത്യയുടെ മതനിരപേക്ഷ സ്വരൂപത്തെ പൗരത്വ നിയമഭേദഗതിയിലൂടെ രായ്ക്കുരാമാനം പാര്‍ലമെന്റില്‍ മാറ്റിപ്പണിതവര്‍ക്കെതിരെ രാജ്യത്തെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും തെരുവുകളിലും യുവജനങ്ങളുടെയും ജനാധിപത്യവിശ്വാസികളുടെയും രോഷാഗ്നി ആളിപ്പടരുകയാണ്. ജനകീയപ്രക്ഷോഭങ്ങളെ രാജ്യദ്രോഹികളുടെ കലാപമായി ചിത്രീകരിക്കാനും ന്യൂനപക്ഷങ്ങളെ അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും കൊടിയ ഭയപ്പാടിലേക്കു തള്ളിവിടാനുമുള്ള പ്രതിരോധ പ്രത്യാക്രമണ പടപ്പുറപ്പാടിലാണ് കേന്ദ്ര ഭരണപക്ഷം.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം രാജ്യങ്ങളില്‍ മതപീഡനത്തിന് ഇരകളായി 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തുകയും അഞ്ചു വര്‍ഷമെങ്കിലും ഇവിടെ താമസിക്കുകയും ചെയ്ത ഹിന്ദു, സിക്ക്, ക്രൈസ്തവ, ബുദ്ധ, ജൈന, പാര്‍സി ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. പേരെടുത്തുപറയാതെതന്നെ മുസ്‌ലിം അഭയാര്‍ഥികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ പൗരത്വത്തിന് മതം മാനദണ്ഡമാകുന്നു എന്ന വൈരുധ്യം ഇന്ത്യന്‍ ഭരണഘടനയുടെ മൗലികപ്രമാണമായ സമത്വത്തെ നിരര്‍ഥകമാക്കുന്നു.
അഭയാര്‍ഥികളോടുള്ള ഇന്ത്യയുടെ മഹാകാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണയിടുന്നുണ്ട്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും പീഡിതരായ അഹമ്മദിയ, ഷിയ മുസ്‌ലിം വിഭാഗങ്ങളെയും, മ്യാന്‍മാറിലെ രോഹിംഗ്യകളെയും, അഫ്ഗാനിസ്ഥാനിലെ ഹസാരകളെയും, ശ്രീലങ്കയില്‍ നിന്നുള്ള തമിഴ്‌വംശജരായ ഹിന്ദുക്കളെയും മുസ്‌ലിംകളെയും, ഭൂട്ടാനിലും നേപ്പാളിലും പീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവരെയും ഇത്രയും ഉദാരതയോടെ ആശ്ലേഷിക്കാത്തതെന്ത് എന്നു ചോദിക്കുന്നവരൊക്കെ ജിന്നയുടെ അനന്തരാവകാശികളോ നഗര ഗറില്ലകളോ ആണെന്നാണ് മോദിയുടെയും കൂട്ടരുടെയും ആക്ഷേപം.
മുത്തലാഖ്, കശ്മീര്‍ എന്നിവയുടെ കാര്യത്തിലെന്നപോലെ മുസ്‌ലിംവിരുദ്ധത ഉദ്‌ഘോഷിക്കുന്ന ഹിന്ദുത്വ ദേശീയതയുടെ അപ്രതിഹതമായ രാഷ്ട്രീയ അധീശാധികാര ആവിഷ്‌കാരമാണ് ഒറ്റയടിക്കുള്ള പൗരത്വ നിയമത്തിന്റെ മാറ്റിയെഴുത്തും ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കുമെന്ന ഭീഷണിയും.
”ഹിന്ദുത്വ രാഷ്ട്രത്തിന് പൂര്‍ണമായി കീഴ്‌പ്പെട്ട് അവര്‍ക്ക് വേണമെങ്കില്‍ ഇവിടെ കഴിയാം, ഒന്നും അവകാശപ്പെടാതെ, പ്രത്യേക ആനുകൂല്യത്തിനോ ഒരു തരത്തിലുമുള്ള മുന്‍ഗണനയ്‌ക്കോ അര്‍ഹതയില്ലാതെ – പൗരത്വത്തിന്റെ അവകാശങ്ങള്‍ പോലുമില്ലാതെ” എന്ന് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലക് മാധവ് സദാശിവ് ഗോല്‍വാല്‍കര്‍ നിര്‍വചിച്ചതുപോലെ പൗരത്വശ്രേണിയില്‍ നിന്നു പുറംതള്ളപ്പെടുന്നവര്‍ക്കായി പ്രത്യേക തടങ്കല്‍പാളയങ്ങള്‍ ഒരുക്കികൊണ്ടാണ് കേന്ദ്രഭരണനേതൃത്വം മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും പൂര്‍വികരുടെ കുടികിടപ്പുരേഖകള്‍ പോയിട്ട് സ്വന്തം പേരെഴുതിയ ഒരു കടലാസുപോലും സ്വന്തമായില്ലാത്ത ദളിതരെയും ആദിവാസികളെയും മറ്റു ദരിദ്രകോടികളെയും മതാടിസ്ഥാനത്തിലുള്ള പൗരത്വ നിര്‍ണയത്തിലേക്കു വലിച്ചിഴയ്ക്കുന്നത്.
കോടികണക്കിനു ജനങ്ങള്‍ക്ക് ജീവരക്ഷയാകുന്ന നിയമനിര്‍മാണം എന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പുതന്നെ, 238 ഗോത്രങ്ങളുടെ വൈവിധ്യം, വംശീയത, അതിര്‍ത്തി കടന്നുള്ള പ്രയാണം, കുടിയേറ്റം, മതം, മാതൃഭാഷ, തനതു സംസ്‌കാരം എന്നീ സങ്കീര്‍ണസമസ്യകളുടെയും തീവ്രസ്വത്വസംഘട്ടനങ്ങളുടെയും രണഭൂമിയായ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു രാഷ്ട്രീയ, സാമുദായിക പ്രസ്ഥാനവും ആഹ്വാനം നല്‍കാതെതന്നെ വ്യാപകമായ പ്രതിഷേധപ്രകടനങ്ങള്‍ ഇരമ്പിയാര്‍ത്തുതുടങ്ങിയിരുന്നു. ബിജെപി നേരിട്ടും അട്ടിമറിയിലൂടെയും പ്രത്യയശാസ്ത്രമോ ധാര്‍മികതയോ ഒന്നും നോക്കാതെയുള്ള ബാന്ധവങ്ങളിലൂടെയും സഖ്യം ചേര്‍ന്നും ഭരിക്കുന്നതോ ഭരണം നിയന്ത്രിക്കുന്നതോ ആയ അസം, അരുണാചല്‍പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറം എന്നിവിടങ്ങളില്‍ ഭരണനേതൃത്വത്തെ ഞെട്ടിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ നേരിടാന്‍ സൈന്യത്തെ വിന്യസിക്കേണ്ടിവന്നു. ബന്ദും ഉപരോധവും അക്രമസംഭവങ്ങളും വെടിവയ്പും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലും പടരുന്നതിനിടെ, കര്‍ഫ്യുവും നിരോധനാജ്ഞയും ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റും ബ്രോഡ്ബാന്‍ഡ് ശൃംഖലകളും വിഛേദിക്കുകയും വാര്‍ത്താമാധ്യമങ്ങളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ ലക്ഷ്യമിട്ട് അസമില്‍ ബിജെപി ഏറെ പ്രതീക്ഷയോടെ തുടക്കമിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക സുപ്രീം കോടതിയുടെ ഇടപെടലോടെ കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തുവന്നപ്പോള്‍ 19.7 ലക്ഷം ആളുകള്‍ പൗരത്വമില്ലാത്തവരായി. 40 ലക്ഷത്തോളം ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആട്ടിപ്പായിക്കുമെന്നു പരസ്യപ്രഖ്യാപനം നടത്തിവന്ന ബിജെപിയെ ഞെട്ടിച്ചത്, പൗരത്വം തെളിയിക്കാനുള്ള തിരിച്ചറിയല്‍ രേഖയൊന്നുമില്ലാതെ അസമില്‍ വര്‍ഷങ്ങളായി കഴിഞ്ഞുവന്നവരില്‍ 12 ലക്ഷത്തിലേറെപ്പേര്‍ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളാണെന്ന സ്ഥിരീകരണമാണ്. വരുത്തന്മാരുടെ കടന്നാക്രമണത്തില്‍ നിന്ന് തങ്ങളുടെ ഭാഷയും തൊഴിലും സംസ്‌കാരവും വിഭവസ്രോതസുകളും സംരക്ഷിക്കാനായി അസമില്‍ 1979 മുതല്‍ 1985 വരെ കലാപം നയിച്ച ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും മറ്റും കേന്ദ്ര ഗവണ്‍മെന്റുമായി 1985 ഓഗസ്റ്റില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം 1971 മാര്‍ച്ച് 24 വരെയുള്ള കുടിയേറ്റക്കാരെ അംഗീകരിക്കാനായിരുന്നു ധാരണ. അനധികൃത കുടിയേറ്റക്കാര്‍ക്ക് 43 കൊല്ലം കൂടി നീട്ടിക്കൊടുത്ത് അസമില്‍ എന്‍ആര്‍സി പട്ടികയില്‍ നിന്നു പുറത്തായ മതുവാ മഹാസംഘ് എന്ന പിന്നാക്ക വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള ബംഗാളി ഹിന്ദുക്കള്‍ക്ക് ഒറ്റയടിക്ക് പൗരത്വം നല്‍കി അസമിലും പശ്ചിമ ബംഗാളിലും ബിജെപിയുടെ ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള തന്ത്രം മെനയുകയായിരുന്നു അമിത് ഷാ.
ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ പെടുന്ന അസം, മേഘാലയ, മിസോറം, ത്രിപുര എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ മേഖലകളെയും, 1873ലെ ബ്രിട്ടീഷുകാലത്തെ ബംഗാള്‍ ഈസ്‌റ്റേണ്‍ ഫ്രണ്ടിയര്‍ റഗുലേഷന്‍ പ്രകാരം പുറത്തുനിന്നുള്ളവരുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനമുള്ള അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം, മണിപ്പൂര്‍ എന്നിവയെയും പുതിയ പൗരത്വ നിയമത്തില്‍ നിന്ന് ഒഴിവാക്കിയെന്നും മേഘാലയയെ ഐഎല്‍പിയില്‍ ഉള്‍പ്പെടുത്താമെന്നും കേന്ദ്രം ഉറപ്പുനല്‍കി. എന്നാല്‍ അസം ഉടമ്പടി വ്യവസ്ഥകള്‍ അട്ടിമറിച്ച് ബ്രഹ്മപുത്ര തടത്തിലും അപ്പര്‍ അസമിലും വരെ ബംഗാളി അധിനിവേശത്തിനു വഴിതുറക്കുന്ന പുതിയ പൗരത്വ നിയമത്തിന്റെ പ്രത്യാഘാതം വടക്കുകിഴക്കന്‍ മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തി്. ത്രിപുരയിലെ ജനസംഖ്യയില്‍ 70 ശതമാനവും ബംഗ്ലാദേശുകാരാണെന്നോര്‍ക്കണം! അസമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത് തങ്ങളുടെ മൂന്നു മന്ത്രിമാരെ പിന്‍വലിക്കാനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിരിക്കയാണ്.
മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന, ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമവും എന്‍ആര്‍സിയും തന്റെ ജീവനുള്ള കാലത്തോളം ബംഗാളില്‍ നടപ്പാക്കുകയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. വ്യാപകമായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടയില്‍ മൂന്നു റെയില്‍വേ സ്റ്റേഷനുകള്‍ക്കും അഞ്ചു ട്രെയിനുകള്‍ക്കും 25 ബസുകള്‍ക്കുമാണ് ബംഗാളില്‍ ജനങ്ങള്‍ തീവച്ചത്. തുടര്‍ച്ചയായി മൂന്നു ദിവസം മമതാ ബാനര്‍ജി സംസ്ഥാനത്ത് സമാധാനറാലികള്‍ നയിച്ചു. കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവ പൗരത്വ നിയമം നടപ്പാക്കില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹി ജാമിയ മിലിയ ഇസ്‌ലാമിയ, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ദേവ്ബന്ദ് ദാറുല്‍ ഉലൂം, മദ്രാസ് യൂണിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ യുവജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചിലയിടങ്ങളില്‍ പൊലീസിന്റെയും ചില ബാഹ്യശക്തികളുടെയും ഇടപെടലുണ്ടായി. കലാപം നടത്തുന്നത് ആരാണെന്ന് വസ്ത്രം കണ്ടു തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വ്യംഗ്യോക്തിക്ക് മറുപടിയായി ഷര്‍ട്ടുകള്‍ ഊരിയെറിഞ്ഞാണ് യുവാക്കള്‍ റാലികള്‍ നയിച്ചത്.
രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയുടെയും ഭരണപരമായ വീഴ്ചകളുടെയും ദുരിതക്കാഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാവണം അടിയന്തര പ്രാധാന്യമൊന്നുമില്ലാത്ത അഭയാര്‍ഥി പ്രശ്‌നത്തിന്റെ പേരില്‍ ഹിന്ദുത്വ മേല്‍ക്കോയ്മയുടെ വൈകാരിക തരംഗം ഉണര്‍ത്താന്‍ ശ്രമം നടക്കുന്നത്. ഇത്രയും കോലാഹലത്തിന് ഇടയാക്കുന്ന ഈ നിയമഭേദഗതികൊണ്ട് യഥാര്‍ഥത്തില്‍ പ്രയോജനം ലഭിക്കുക 31,333 അഭയാര്‍ഥികള്‍ക്കാണെന്നാണ് 2016ല്‍ പൗരത്വ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കു വിട്ടപ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജയിന്‍ നല്‍കിയ മൊഴിയില്‍ നിന്നു വ്യക്തമാകുന്നത്. മതപീഡനത്തിന്റെ പേരില്‍ രാജ്യത്ത് ദീര്‍ഘകാല വിസയുമായി കഴിയുന്ന 25,447 ഹിന്ദുക്കള്‍ക്കും 5,807 സിക്കുകാര്‍ക്കും 55 ക്രൈസ്തവര്‍ക്കും രണ്ടു ബുദ്ധമതക്കാര്‍ക്കും രണ്ടു പാര്‍സികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നിയമാനുസൃതം അപേക്ഷ സമര്‍പ്പിച്ച 2,830 പാക് പൗരന്മാര്‍ക്കും 912 അഫ്ഗാനിസ്ഥാന്‍കാര്‍ക്കും 172 ബംഗ്ലാദേശികള്‍ക്കും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യ പൗരത്വം അനുവദിച്ചിട്ടുണ്ട്. 2014ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുണ്ടാക്കിയ അതിര്‍ത്തി നിര്‍ണയ കരാര്‍ പ്രകാരം ഇന്ത്യയുടെ ഭാഗമായ ബംഗ്ലാദേശിന്റെ 50 സങ്കേതങ്ങളിലെ 14,864 ബംഗ്ലാദേശി പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. 1964-2008 കാലഘട്ടത്തില്‍ 4.61 ലക്ഷം ഇന്ത്യന്‍ വംശജരായ ശ്രീലങ്കന്‍ തമിഴര്‍ക്ക് ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യ പൗരത്വം നല്‍കി. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ 95,000 ശ്രീലങ്കന്‍ അഭയാര്‍ഥികളുണ്ട്. 1962-78 കാലത്ത് ബര്‍മയില്‍ വ്യാപാരവും ബിസിനസും ദേശവത്കരിച്ചപ്പോള്‍ വസ്തുവകകള്‍ നഷ്ടപ്പെട്ട രണ്ടു ലക്ഷം ഇന്ത്യന്‍ വംശജര്‍ ബര്‍മയില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളായെത്തി. അവരെ ജാതിയും മതവും നോക്കാതെയാണ് ഇന്ത്യയില്‍ പുനരധിവസിപ്പിച്ചത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് ഏല്‍ക്കുന്ന ഓരോ ക്ഷതവും രാജ്യത്തെ ശിഥിലമാക്കും എന്ന തിരിച്ചറിവോടെ പൗരസമൂഹം ഉണരുകയാണ്. പൗരത്വത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനായി കേരളം ഒറ്റക്കെട്ടായി പൊരുതും എന്ന സന്ദേശമാണ് പ്രതിപക്ഷവും ഭരണമുന്നണിയും കൈകോര്‍ത്തുകൊണ്ടുള്ള സത്യഗ്രഹവും ക്യാമ്പസുകളിലെയും തെരുവിലെയും പ്രകടനങ്ങളും ബഹുജന മുന്നേറ്റങ്ങളും നല്‍കുന്നത്. ആര്‍എസ്എസ് വിചാരധാരയിലേക്കുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പൊളിച്ചെഴുത്തുകള്‍ തടയാന്‍ ഉന്നത നീതിപീഠങ്ങളുണ്ടെന്ന പ്രത്യാശയിലും ഉത്തിഷ്ഠമാന ജാഗ്രത അനുപേക്ഷണീയമാണ്.


Related Articles

മയ്യനാട്ട് ജോസഫ് എന്ന വിചാരശില്പി

അപൂര്‍ണ്ണതകള്‍ കൊഴിഞ്ഞുപോയ അറിവിന് പുതിയ തളിരുകള്‍ വരും. അറിവും അത് ഉല്പാദിപ്പിക്കുന്ന ചിന്തയും വ്യക്തികളേയും സമൂഹത്തേയും പുതിയ വഴികളില്‍ മുന്നേറാന്‍ പ്രേരിപ്പിക്കും. സമൂഹത്തിന് അറിവ് പകര്‍ന്ന് നവോത്ഥാനമാര്‍ഗത്തിന്

അലക്‌സാണ്ടര്‍ ആന്റണിക്ക്‌ തീരദേശത്തിന്റെ ആദരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന്‌ ഇത്തവണ ഐഎഎസ്‌ ലഭിച്ച ലേബര്‍ കമ്മീഷണര്‍ അലക്‌സാണ്ടര്‍ ആന്റണിക്ക്‌ തീരദേശ സമൂഹത്തിന്റെ ആദരം. ഒരു മത്സ്യത്തൊഴിലാളിയുടെ മകന്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*