ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ലേ?

ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ലേ?

 

പുകഞ്ഞുനീറി കരിന്തിരി കത്തുന്ന ജീവിതം കൊവിഡ് വാക്സിന്‍ കൊണ്ടുവന്ന പ്രത്യാശയുടെ തരിമ്പില്‍ നിന്ന് വീണ്ടും തെളിച്ചെടുക്കാമെന്ന മോഹവും അവര്‍ തല്ലിക്കെടുത്തുകയാണ്. മഹാമാരിക്കാലത്തെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ സകല നന്മകളെയും നിരര്‍ത്ഥകമാക്കുന്ന അതിക്രൂര ചൂഷണവും പാപ്പരത്തവുമാണ് രാജ്യത്തെ ഏറ്റവും വലിയ പരോക്ഷ നികുതിവരുമാനത്തിന്റെ പേരില്‍ ഇന്ധനവിപണിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ള. തൊഴിലും വരുമാനവും ജീവിതഭദ്രതയും അനിശ്ചിതത്വത്തിലായി, സാമ്പത്തികഞെരുക്കവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാമോ?

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ വ്യാപാരികളുടെ അഖിലേന്ത്യാ കോണ്‍ഫെഡറേഷനും ചരക്കുഗതാഗത മേഖലയിലെ പ്രധാന സംഘടനകളും ചേര്‍ന്ന് ഭാരത് ബന്ദും, കേരളത്തില്‍ ബിജെപി ബന്ധമുള്ള ഭാരതീയ മസ്ദൂര്‍ സംഘ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കും നടത്തിയിട്ടും പാചകവാതകത്തിന് വീണ്ടും വില കൂട്ടി ജനാധിപത്യസമൂഹത്തെ വെല്ലുവിളിക്കുകയാണ് മോദി ഭരണകൂടം. പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനയ്ക്കെതിരെയുള്ള ജനകീയ പ്രതിഷേധ പോരാട്ടങ്ങള്‍ക്ക് പൊതുതിരഞ്ഞെടുപ്പുവേളയിലും യാതൊരു രാഷ്ട്രീയ പ്രത്യാഘാതവും സൃഷ്ടിക്കാനാവില്ല എന്നു വന്നാല്‍ ഈ ജനായത്തവ്യവസ്ഥയ്ക്കും ജനവിധിക്കും എന്ത് അര്‍ത്ഥമാണുള്ളത്! തെക്കേ അമേരിക്കയിലും പശ്ചിമേഷ്യയിലും യൂറോപ്പിലും ഇന്ധനവിലക്കയറ്റത്തിനെതിരെ തെരുവിലിറങ്ങിയ സാധാരണക്കാര്‍ നയിച്ച ജനകീയ വിപ്ലവത്തില്‍ തകര്‍ന്നടിഞ്ഞ ഭരണകൂടങ്ങളുടെ പട്ടിക ഇവിടത്തെ രാഷ്ട്രീയ ഭരണനേതൃത്വവും ഓര്‍ക്കുന്നതു നല്ലതാണ്.

മഹാവ്യാധിയെ നേരിടാനുള്ള പ്രതിരോധ ഔഷധം ലഭ്യമായതോടെ ആഗോള തലത്തില്‍ എണ്ണ വിപണി കൊവിഡിനു മുമ്പത്തെ അവസ്ഥ വീണ്ടെടുക്കുമെന്നായപ്പോള്‍, രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ ദിനംപ്രതി ഇന്ധനവില പുതുക്കുന്ന എണ്ണക്കമ്പനികളുടെ ‘ഡൈനാമിക്’ നിരക്കുനിര്‍ണയ സമ്പ്രദായത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി കൂട്ടിക്കൊണ്ടിരിക്കയാണ്. അവശ്യസാധനങ്ങളടക്കമുള്ള ചരക്കുനീക്കത്തെയും റോഡ്-ജലഗതാഗതത്തെയും, മത്സ്യബന്ധനം, കൃഷി, ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ ജീവസന്ധാരണത്തിന്റെ സമസ്ത മേഖലകളെയും സാരമായി ബാധിക്കുന്ന ഇന്ധനവിലവര്‍ധനയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാനങ്ങള്‍ക്കോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന വാദം ഇനിയും വിലപ്പോവില്ല. അസംസ്‌കൃത എണ്ണയുടെ ആഗോള നിരക്കിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ അഭ്യന്തര ചില്ലറ വില്പന നിരക്ക് നിശ്ചയിക്കുന്നത് എന്ന ന്യായവും പച്ചക്കള്ളമാണെന്നു വ്യക്തമായിട്ടുണ്ട്.

പെട്രോളിനും ഡീസലിനും ലോകത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ഇന്ധനവിലയുടെ മൂന്നില്‍ രണ്ടുഭാഗത്തോളം വരും തീരുവ. സെന്‍ട്രല്‍ എക്സൈസ്, വില്പന നികുതി, വാറ്റ്, സര്‍ചാര്‍ജ്, സെസ്, പ്രത്യേക നികുതി എന്നിങ്ങനെ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഈടാക്കുന്നത് 60% നികുതി. കേന്ദ്ര വിഹിതം 37 ശതമാനമാണെങ്കില്‍, സംസ്ഥാനത്തിന് 23%. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് 32 രൂപ മാത്രമാണെങ്കിലും വിപണിയില്‍ നിരക്ക് നൂറാകുന്നത് അതിരുകടന്ന ചുങ്കം കൊണ്ടാണ്. ഇന്ധനവില ഉയരുമ്പോള്‍ എണ്ണക്കമ്പനികളെ പഴിക്കുന്നതിനു പകരം നികുതിയില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരോ ഒരുക്കമല്ല. പെട്രോള്‍, ഡീസല്‍ വില്പനയില്‍ 2021-22 വര്‍ഷത്തില്‍ കേരളത്തിന് 10,000 കോടി രൂപയുടെ നികുതിവരുമാനം കിട്ടും. ഓരോ ലിറ്റര്‍ പെട്രോളിനും
ഡീസലിനും ഒരു രൂപ വീതം റോഡ് ഡവലപ്മെന്റ് സെസ് എന്ന പേരില്‍ കിഫ്ബിക്ക് 650 – 700 കോടി രൂപ ലഭിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം നാലു ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. 2014-ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ എക്സൈസ് നികുതി ഒരു ലിറ്റര്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. ആറു വര്‍ഷം കൊണ്ട് അത് യഥാക്രമം 32.98 രൂപയും, 31.83 രൂപയുമായി.

കൊവിഡ് ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ എണ്ണവില ആഗോളവിപണിയില്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപയോക്താക്കള്‍ക്കു നല്‍കുന്നതിനു പകരം കേന്ദ്ര ഗവണ്‍മെന്റ് രണ്ടുവട്ടം എക്സൈസ് നികുതി വര്‍ധിപ്പിക്കുകയാണു ചെയ്തത്. 2020 ജനുവരിയില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 64.31 ഡോളറായിരുന്നപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ നിരക്ക് 75 രൂപയായിരുന്നു; 2021-ല്‍ ക്രൂഡ് ഓയില്‍ നിരക്ക് 54.79 ഡോളറായി കുറഞ്ഞിരിക്കെ ഇവിടെ പെട്രോള്‍ വില 84 രൂപയായി. രാജ്യത്തെ എണ്ണക്കമ്പനികള്‍ 2017-ല്‍ ദിനംപ്രതി വില പുതുക്കി തുടങ്ങിയതിനുശേഷം ആദ്യമായി ഇവിടെ ഒറ്റയടിക്ക് ഒരു ദിവസം പെട്രോള്‍ ലിറ്ററിന് 39 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയത് ഫെബ്രുവരി 20ന് ആണ്. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് 4.87 രൂപ കൂടി; ഡീസലിന് 5.24 രൂപയും. രാജ്യത്ത് ആദ്യമായി രാജസ്ഥാനില്‍ പെട്രോള്‍ വില നൂറു രൂപ കടക്കുകയും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നൂറിന്റെ വക്കിലെത്തുകയും ചെയ്തപ്പോള്‍ കൊച്ചിയില്‍ പെട്രോളിന് 91.44 രൂപയായി; ഡീസലിന് 85.90 രൂപയും. കേരളത്തിലെ കടലോരമേഖലയില്‍ ഡീസല്‍ വിലക്കയറ്റം മത്സ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുന്നു.

പാചകവാതകത്തിന് മൂന്നു മാസത്തിനിടെ കൂട്ടിയത് 225 രൂപയാണ്. ഫെബ്രുവരിയില്‍ മൂന്നു തവണയായി വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 100 രൂപ വില കൂട്ടിയിരുന്നു. മാര്‍ച്ച് ഒന്നിന് വീണ്ടും 25 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ എല്‍പിജി സിലിണ്ടറിന് നിരക്ക് 826 രൂപയായി. കഴിഞ്ഞ എട്ടു മാസത്തിലേറെയായി ബാങ്കു വഴിയുള്ള എല്‍പിജി സബ്സിഡി വിതരണവും നിലച്ചിരിക്കയാണ്. ഇതിനിടെ ആറു തവണ വില കൂട്ടി. ഹോട്ടലുകള്‍ ഉള്‍പ്പെടെ വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഫെബ്രുവരി ആദ്യം 191 രൂപ കൂട്ടിയതിനു പുറമെ പുതുതായി 96 രൂപ കൂടി വര്‍ധിപ്പിച്ചു. കൊച്ചിയില്‍ ഇതിന്റെ വില 1,604.50 രൂപയായി. വാണിജ്യ സിലിണ്ടറിന് നാലു മാസത്തിനിടെ വര്‍ധിച്ചത് 500 രൂപ. കൊവിഡ്കാലത്തെ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങളുടെ ആഘാതത്തില്‍ നിന്നു പതുക്കെ കരകയറുന്നതിനിടയിലുണ്ടായ എല്‍പിജി വിലവര്‍ധന ഹോട്ടലുകള്‍ക്കും ചെറുകിട പലഹാര യൂണിറ്റുകള്‍ക്കും മില്ലുകള്‍ക്കും കനത്ത പ്രഹരമാണ്.

എണ്ണവിപണിയെ ചരക്കുസേവന നികുതി (ജിഎസ്ടി) സംവിധാനത്തിലേക്കു കൊണ്ടുവന്നാല്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 52-53 രൂപയാക്കാനും ചരക്കുകടത്തുകൂലി പകുതികണ്ട് കുറയ്ക്കാനും കഴിയുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാര്‍ഷിക അടിസ്ഥാനവികസന സെസ്, റോഡ്-റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍ചാര്‍ജ് തുടങ്ങി കൊവിഡ് ദുരിതാശ്വാസ പാക്കേജ് വരെ ബജറ്റ് വിഹിതവര്‍ധനയില്‍ ഏറ്റവും വലിയ വരുമാനസ്രോതസായ ഇന്ധന നികുതി കൈവിട്ടുകളിക്കാന്‍ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ തീരെ താല്പര്യമില്ല. പാചകവാതക സബ്സിഡി നിര്‍ത്തലാക്കിയതുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം കേന്ദ്രത്തിന് ലാഭം 20,000 കോടി രൂപയാണ്. ഇതില്ലെങ്കില്‍ കൊവിഡ് ദുരിതാശ്വാസത്തിന് എന്തു ചെയ്യും? നിതി ആയോഗ് നിര്‍ദേശപ്രകാരം രാജ്യത്തെ 10 കോടി ജനങ്ങളുടെ സൗജന്യ ഭക്ഷ്യധാന്യ റേഷന്‍ നിര്‍ത്താലാക്കാനും കേന്ദ്രം ഒരുങ്ങുകയാണത്രെ. തിരഞ്ഞെടുപ്പു പ്രകടനപത്രികയെല്ലാം മാറ്റിവച്ച്, അരപ്പട്ടിണിക്കാരെ മുഴുപ്പട്ടിണിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ, സാധാരണക്കാരന്റെ അടിസ്ഥാന ജീവല്‍പ്രശ്നങ്ങള്‍ക്കായി പോരാടുന്നതിന് അണിചേരുകയാണ് വേണ്ടത്. എന്നിട്ടാവാം ആ വോട്ടെടുപ്പ്!

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വി ജോർജിന്റെ തിരുനാൾ ഭവനരഹിതർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ആഘോഷിച്ചു

ഇന്നലെ ഫ്രാൻസിസ് പാപ്പായുടെ സ്വർഗ്ഗിയ മധ്യസ്ഥനായ വി ജോർജ് ൻറെ തിരുനാളായിരുന്നു . അർജന്റ്റിനകാരനായ ആർച്ച്ബിഷപ് ജോർജ് മാരിയോ ബെർഗോളിയോ 2013 ലാണ് സാർവ്വത്രിക കാതോലിക്കാ സഭയുടെ പരമോന്നത

മൂല്യബോധന പരിപാടി ‘വൈകാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു

കൊച്ചി: കൊച്ചി രൂപതയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മതബോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നയിച്ച മതബോധന പരിപാടി ‘വൈ ക്യാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു. രൂപത വികാരി ജനറല്‍

മനുഷ്യരെ പിടിക്കുന്നവര്‍

പണ്ഡിതരെയും പണക്കാരെയുമല്ല യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത്; പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയായിരുന്നു. ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് യേശു അവരോടു പറഞ്ഞു. പ്രളയകാലത്ത് ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*