ഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്സിന് നന്മ
നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്മോഹന് സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്മെന്റിനെതിരെ ജനരോഷം ആളിപ്പടര്‍ത്താന്‍ ഇന്ധനവിലക്കയറ്റത്തിന്റെ നീറുന്ന പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് അതിരൂക്ഷമായ പരിഹാസവും രാഷ്ട്രീയ പോര്‍വിളിയുമായി പ്രചണ്ഡമായ തിരഞ്ഞെടുപ്പുപ്രചാരണം നയിച്ച മോദി ഇന്ന്, കൊവിഡ് മഹാമാരിക്കാലത്ത് ജീവിതഭാരം ഏറ്റം ദുസ്സഹമായി ജനങ്ങള്‍ ചക്രശ്വാസം വലിക്കുമ്പോള്‍, പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അടിക്കടി വിലകൂട്ടി ജനദ്രോഹത്തിന്റെയും ദുര്ന്നീതിയുടെയും അഭൂതപൂര്‍വ്വമായ ഇരുണ്ടരാഷ്ട്രീയ വിദൂഷകവേഷം തിമിര്‍ത്താടുകയാണ്. നൂറു കോടി ‘സൗജന്യ’ കൊവിഡ് പ്രതിരോധകുത്തിവയ്പ്പിന്റെ’ ഐതിഹാസിക നേട്ടത്തിലൂടെ’ രാജ്യരക്ഷകനായി സ്വയംവാഴ്ത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്ക് ഇന്ധനവിലയുടെ കാര്യത്തില്‍ സ്മൃതിഭംഗം ഉണ്ടാകുന്നതു മനസ്സിലാക്കാം. എന്നാല്‍ ജനങ്ങളുടെ ജീവിതത്തെ ഇത്രത്തോളം തീവ്രമായി ഞെരുക്കുന്ന പ്രശ്നത്തില്‍ രാജ്യത്തെ ജനാധിപത്യവ്യവസ്ഥയില്‍ പ്രധാന തിരുത്തല്ശക്തികളാകേണ്ട പ്രതിപക്ഷപാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രതികരണവും ഇടപെടലും എത്ര ദുര്‍ബലമാണ്!
മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നവംബറില്‍ 15 ദിവസം ദേശീയതലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടത്രേ. വില്ലേജ്, താലൂക്ക് തലത്തിലും നഗരങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്കൃത എണ്ണയുടെ രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തെ പെട്രോളിയം സംസ്കരണശാലകള്‍ക്ക് ആഭ്യന്തര വില്പന നിരക്ക് നിശ്ചയിക്കാനുള്ള അധികാരം വിട്ടുകൊടുക്കുന്നതിനു മുന്‍പ്, പെട്രോള്‍ ബങ്കുകളിലെ വിലനിയന്ത്രണത്തിന് കേന്ദ്ര സര്‍ക്കാര്‍ കനത്ത സബ്സിഡി നല്‍കിവന്ന കാലത്തുപോലും പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ധന വരുത്തേണ്ടിവന്നാല്‍ ജയില്നിറയ്ക്കലും ഭാരത്ബന്ദുമൊക്കെയായി പ്രക്ഷോഭത്തിനിറങ്ങിയിരുന്നവരുടെ സമരവീര്യമത്രയും ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധനനികുതിക്കൊള്ള നടത്തുന്ന മോദി ഭരണകൂടത്തിനു മുന്നില്‍ ചീറ്റിപ്പോകുന്നത് കൊവിഡ് നിയന്ത്രണങ്ങള്കൊണ്ടാണെന്ന് വിശ്വസിക്കുക പ്രയാസം.
കൊവിഡ് വ്യാപനത്തില്‍ ആഗോള സമ്പദ്വ്യവസ്ഥ അവതാളത്തിലായ സാഹചര്യത്തില്‍ കുത്തനെ ഇടിഞ്ഞ എണ്ണവിപണി മാന്ദ്യത്തില്‍ നിന്ന് ഉണരുമ്പോള്‍, ഓപെക് രാജ്യങ്ങള്‍ പ്രതിദിന എണ്ണ ഉത്പാദനം നാലു ലക്ഷം ബാരലില്‍ പിടിച്ചുനിര്‍ത്തി വിപണി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഫലമായി ക്രൂഡ് ഓയില്‍ നിരക്ക് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, 2020 മേയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 19 ഡോളറായി ഇടിഞ്ഞിരിക്കേ കൊവിഡ് ലോക്ഡൗണില്‍ പോലും അതിന്റെ ആനുകൂല്യം രാജ്യത്തെ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കാത്തവണ്ണം ഡീസലിന് കേന്ദ്ര എക്സൈസ് തീരുവ 18.83 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 31.83 രൂപയായും, പെട്രോളിന് 22.98 രൂപയില്‍ നിന്ന് 32.98 രൂപയായും കൂട്ടുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞയാഴ്ച ഇന്ത്യയ്ക്കു ബാധകമായ ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 85 ഡോളറിലെത്തിയപ്പോള്‍ തുടര്‍ച്ചയായി അഞ്ചുനാള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തി നൂറിന്റെ പരിധിയും കടന്ന് 110നു മുകളില്‍ കൊണ്ടുവന്നെത്തിച്ചു. കൊവിഡ് കാലത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധന ലിറ്ററിന് 36.33 രൂപയും, ഡീസലിന്റേത് 26.93 രൂപയും.
ഡീസലിന്റെ അടിസ്ഥാനവില ലിറ്ററിന് 39.90 രൂപയും, പെട്രോളിന് 37.29 രൂപയും ആണ്. ഇതിന്മേല് ചുമത്തുന്ന കേന്ദ്രനികുതി യഥാക്രമം 31.80 രൂപയും, 32.90 രൂപയുമാണ്. കേരളത്തിലെ മൂല്യവര്‍ധിത നികുതി 30.08 രൂപയും പ്രളയസെസ് 1.20 രൂപയും. കേന്ദ്രം പിരിക്കുന്ന അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയായ 1.40 രൂപയില്‍ നിന്ന് 41 ശതമാനമായ 57 പൈസ അടക്കം ജനസംഖ്യാനുപാതികമായി ഒരു പൈസ മാത്രമാണ് സംസ്ഥാനവിഹിതമായി ലഭിക്കുന്നതെന്ന് നമ്മുടെ ധനമന്ത്രി പറയുന്നു. പെട്രോള്‍ വിലയുടെ 54 ശതമാനവും ഡീസല്‍ വിലയുടെ 48 ശതമാനവും നികുതിയാണെന്നിരിക്കെ, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവന്നാല്‍ അടിസ്ഥാനവിലയുടെ 28% ഏകീകൃത നികുതി നിശ്ചയിച്ച് വില നേര്‍പകുതികണ്ട് കുറയ്ക്കാനാകും. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ജി.എസ്.ടി നിര്‍ദേശം പരിഗണിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ലഖ്നൗവില്‍ കഴിഞ്ഞ മാസം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ പെട്രോളിന് നികുതി 10.92 രൂപ മാത്രമാകും. അതില്‍ നിന്നു കേരളത്തിനു കിട്ടുന്ന വിഹിതം നേര്‍പകുതി, 5.46 രൂപ മാത്രമാകും. ഇപ്പോള്‍ 24 രൂപയാണ് കിട്ടുന്നത്. അതു കുറഞ്ഞുകാണാന്‍ ഇടതുമുന്നണി സര്‍ക്കാരിന് ഒട്ടും താല്പര്യമില്ല. അപ്പോള്‍ കേന്ദ്രത്തെ പഴിച്ചിട്ടെന്തുകാര്യം!
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) 2014 മാര്‍ച്ചില്‍ വില 420.50 രൂപയായിരുന്നു. ഇപ്പോള്‍ 906.50 രൂപയാണ്. കഴിഞ്ഞ ജനുവരി ഒന്നിനുശേഷം 205 രൂപയാണ് കൂടിയത്. വിലയുടെ 40% സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്തിരുന്നത് ഏറ്റവുമൊടുവില്‍ 20.64 ശതമാനമായി കുറഞ്ഞിരുന്നു. ലോക്ഡൗണ്‍ കാലത്ത് 2020 മേയില്‍ അതും നിര്‍ത്തലാക്കി. ഓഗസ്റ്റില്‍ സിലിണ്ടര്‍ നിരക്ക് 869.50 രൂപയായിരുന്നപ്പോള്‍ സംസ്ഥാനത്തെ 80.70 ലക്ഷം എല്‍പിജി ഗുണഭോക്താക്കള്‍ക്ക് സബ്സിഡി ഇനത്തില്‍ ലഭിക്കേണ്ടിയിരുന്നത് 179.90 രൂപ വീതമായിരുന്നു. സാമ്പത്തികശേഷിയുള്ളവര്‍ സബ്സിഡി ഉപേക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സംസ്ഥാനത്ത് നാലരലക്ഷം പേര് സബ്സിഡി ഉപേക്ഷിക്കുകയുണ്ടായി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഗ്യാസ് കണക്ഷന് എടുക്കാന്‍ സര്‍ക്കാര്‍ 1,600 രൂപയും ഗ്യാസ് അടുപ്പ് വാങ്ങാനും സിലിണ്ടറിനുമായി പലിശരഹിത വായ്പയും നല്കുന്ന പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതിയിലും സബ്സിഡി ആനുകൂല്യം കിട്ടാത്ത അവസ്ഥയുണ്ട്.
ഇന്ത്യ കൊവിഡ് മഹാമാരിയെ തുരത്തുകമാത്രമല്ല, 150 രാജ്യങ്ങളെ രോഗപ്രതിരോധത്തിനു വാക്സിന് നല്കി സഹായിക്കുകയും ചെയ്തുവെന്ന് കൊറോണവൈറസിന്റെ ഏറ്റവും മാരകമായ രണ്ടാം തരംഗത്തിനു മുന്‍പ്, 2021 ജനുവരിയില്‍ ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രഖ്യാപിച്ച നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍, 140 കോടി ജനങ്ങളുള്ള രാജ്യത്ത് 278 ദിവസം കൊണ്ട് 100 കോടി ഡോസ് വാക്സിന് ‘സൗജന്യമായി’ വിതരണം ചെയ്തതിന്റെ ആഘോഷത്തിലാണ്. വാക്സിന് അര്ഹതയുള്ളവരില് ഏതാണ്ട് 30 ശതമാനത്തിന് (29.10 കോടി പേര്‍ക്ക്) രണ്ടു ഡോസ് പൂര്‍ണമായും, 70.70 കോടി ആളുകള്‍ക്ക് ആദ്യ ഡോസും നല്‍കാനായതും, ഇതിന് ഉപയോഗിച്ച വാക്സിന് 98 ശതമാനവും രാജ്യത്തുതന്നെ ഉത്പാദിപ്പിച്ചുവെന്നതും വലിയ നേട്ടം തന്നെയാണ്. എന്നാല്‍ പൂര്‍ണമായും സൗജന്യമായിരുന്നു വാക്സിന് വിതരണം എന്ന പ്രധാനമന്ത്രിയുടെ അവകാശവാദം സ്വകാര്യ ആശുപത്രികളില്‍ പണം നല്കി വാക്സിനെടുത്തവര്‍ സമ്മതിച്ചുകൊടുക്കാന്‍ ഇടയില്ല. കഴിഞ്ഞ ജൂണ്‍ 21 മുതലാണ് എല്ലാവര്ക്കും സൗജന്യ വാക്സിന് എന്ന കേന്ദ്ര പ്രഖ്യാപനമുണ്ടായത്. അതിനു മുന്‍പ് 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് പണം നല്‍കിയാണ് കുത്തിവയ്പ് നടത്തിയത്. മേയ് ഒന്നു മുതല്‍ ജൂലൈ 15 വരെ ഏഴു ശതമാനം ആളുകള്‍ സ്വകാര്യ മേഖലയിലാണ് വാക്സിന് സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡിന് 780 രൂപയും, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് 1,410 രൂപയും റഷ്യയുടെ സ്പുട്നിക്-അഞ്ചിന് 1,145 രൂപയുമാണ് വില നിശ്ചയിച്ചത്. ആശുപത്രികള്‍ക്ക് 150 രൂപ സര്‍വീസ് ചാര്‍ജും ഇടക്കാലത്ത് നിര്‍ണയിക്കുകയുണ്ടായി. സ്വകാര്യമേഖലയില്‍ നല്കിയ വാക്സിന്റെ കണക്ക് ലഭ്യമല്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്.
ഇന്ധനനികുതി വരുമാനമാണ് നൂറു കോടി സൗജന്യ വാക്സിന് വിതരണത്തിനും, 90 കോടി ജനങ്ങള്‍ക്ക് കൊവിഡ്കാലത്ത് ഒരു വര്‍ഷം മുഴുവന്‍ മൂന്നുനേരം ആഹാരം നല്‍കാനും, എട്ടുകോടി വീട്ടമ്മമാര്‍ക്ക് ഉജ്വല സ്കീമില്‍ പാചകവാതകം നല്‍കാനും ഉപയോഗിച്ചതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിതന്നെ അവകാശപ്പെടുന്നുണ്ട്. വാക്സിനേഷനുവേണ്ടി കേന്ദ്ര ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപയെക്കുറിച്ചോ, ഇന്ത്യ ഗവണ്മെന്റിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ട് അല്ലാത്തതിനാല്‍ വിവരാവകാശ നിയമപ്രകാരം ഓഡിറ്റ് രേഖയൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം കോടതിയെ ബോധിപ്പിച്ചിട്ടുള്ള പിഎംകെയേര്സ് ഫണ്ടിലേക്ക് കൊവിഡ് അതിജീവനത്തിനു ലഭിച്ച കോടികളുടെ ദുരിതാശ്വാസനിധിയെക്കുറിച്ചോ ആരും ഒന്നും പറയുന്നില്ല. രാജ്യത്ത് കൊവിഡ് പ്രതിരോധകുത്തിവയ്പ്പിന് ചെലവായിട്ടുള്ളത് 67,193 കോടിയാണെങ്കില്‍, ഇന്ധനനികുതി പരിച്ചത് 25 ലക്ഷം കോടിയും കവിഞ്ഞിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പെട്രോള്‍ വില 200 രൂപയാകുമ്പോള്‍ ടൂവീലറില്‍ രണ്ടുപേര്‍ക്കു പകരം മൂന്നുപേര്‍ വരെയാകാമെന്ന വ്യവസ്ഥ സംസ്ഥാനത്തു നടപ്പാക്കാന്‍ പാര്‍ട്ടി ഗവണ്മെന്റിനോടു ശുപാര്‍ശ ചെയ്യുമെന്ന് അസമിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബഭേഷ് കാലിത ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതായി കേട്ടു. രാജ്യത്തെ ജനങ്ങളില്‍ 95 ശതമാനത്തിനും പെട്രോളിന്റെ ആവശ്യംതന്നെയില്ലല്ലോ എന്നാണ് യുപിയില്‍ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ അംഗമായ ഉപേന്ദ്ര തിവാരി പറഞ്ഞത്. പെട്രോള്‍ വിലക്കയറ്റത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ ‘ഭാഗിക മറവി’യെക്കാള്‍ ഒരുപടി മുന്നിലാണ് യോഗിയുടെയും കൂട്ടരുടെയും ഇന്ധനപ്രതിരോധനയം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
തീരവാസികളായത് അവരുടെ തീരാദുഃഖമോ ?
ചെല്ലാനം നിവാസികൾ പ്രതീക്ഷയർപ്പിച്ച് ഇരുന്ന ഒരു കാലമായിരുന്നു 2018 ഏപ്രിൽ മാസം. കാരണം കടൽഭിത്തി അതിനുള്ളിൽ സ്ഥാപിക്കുമെന്ന് ആയിരുന്നു അധികാരികൾ അറിയിച്ചിരുന്നത്. 8.6 കോടി രൂപ അതിനായി
വിധിവര്‍ഷം; വിചാരണയുടെയും
”രാജ്യസ്നേഹം എന്റെ ആത്മീയ അഭയമല്ല എന്റെ അഭയം മനുഷ്യവംശ മാണ്. ജീവിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിന് മുകളില്‍ ഉയര്‍ന്നു നില്ക്കാന് രാജ്യസ്നേഹത്തെ ഞാന്‍ അനുവദിക്കില്ല” ഇതെഴുതിയത് ദേശീയഗാനം രചിച്ച
നവോത്ഥാനം സമഗ്രമാകണം – സ്വാമി ബോധേന്ദ്ര തീര്‍ത്ഥ
എറണാകുളം: സമാധാനവും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ കെ.സി.ബി.സി. ഡയലോഗ് കമ്മീഷനും കൊച്ചിയിലെ ലയോള പീസ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച സെമിനാര്‍ സ്വാമി ബോധേന്ദ്ര തീര്‍ത്ഥ