Breaking News

ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം

ഇന്ന് വിഭൂതി ബുധന്‍.. ഒരു തിരിഞ്ഞുനോട്ടം

ഒരു തിരിഞ്ഞുനോട്ടം, ഒരു തിരിച്ചറിവ്, ഒരു തിരിച്ചുവരവ് തപസുകാലത്തിന്റെ അന്തസത്ത ഏറെക്കുറെ ഇങ്ങനെയാണെന്നു തോന്നുന്നു. പൂര്‍ണഹൃദയത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവ്. ആ തിരിച്ചുവരവിന് കാരണമാകുന്ന തിരിച്ചറിവ്, ആ തിരിച്ചറിവിലേക്കു നയിക്കുന്ന ഒരു തിരിഞ്ഞുനോട്ടം. ‘ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടും കൂടെ നിങ്ങള്‍ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍.’ (ജോയേല്‍ 2:12) തന്നില്‍നിന്നകന്നുപോയ മക്കളെ തിരികെ വിളിച്ചുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുന്ന ഒരു പിതാവ്. ബാഹ്യമായ ഒരു പ്രകടനമല്ല ആന്തരികമായ ഒരു പരിവര്‍ത്തനമാണ് ദൈവം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ജോയേല്‍ പ്രവാചകനിലൂടെ വീണ്ടും അവിടുന്ന് അരുള്‍ചെയ്യുന്നത് ‘നിങ്ങളുടെ വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത്’ എന്ന്, എന്തിന് എന്റെ ഹൃദയം കീറണം? അത്രയ്ക്കു വലിയ പാപമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ! പിന്നെ എന്തിന്? ദുഷ്ടരും ദുര്‍മാര്‍ഗ്ഗികളുമായ മനുഷ്യരെക്കുറിച്ചായിരിക്കും ആ വാക്കുകള്‍. എന്തായാലും അത് ഞാനല്ല. ഒരു സാധാരണ മനുഷ്യന്റെ ചിന്തകള്‍ ഇങ്ങനെയൊക്കെയാവാം. അത് ഞാനാണോയെന്ന് അറിയണമെങ്കില്‍ ഒന്ന് തിരിഞ്ഞുനോക്കണം. എവിടെ നിന്നാണ് ഞാന്‍ തുടങ്ങിയത്, കടന്നുപോയ വഴികള്‍, കണ്ടുമുട്ടിയ മുഖങ്ങള്‍, ആരൊക്കെയായിരുന്നു, അവര്‍ അവരെനിക്ക് ആരായിരുന്നു, അവര്‍ക്കു ഞാന്‍ ആരായിരുന്നു, അവരെന്തു പ്രതീക്ഷിച്ചു, ഞാനെന്തു നല്‍കി. ആരൊക്കെ എന്റെ കൂടെ നടന്നു ആരൊക്കെ എന്റെ കൈ പിടിച്ചു. ആരുടെയൊക്കെ കൈകള്‍ ഞാന്‍ തട്ടിമാറ്റി. എന്തൊക്കെ നന്മകള്‍ ദൈവം എന്റെ ജീവിതത്തില്‍ നല്‍കി. എന്തെല്ലാം കഴിവുകള്‍, നേട്ടങ്ങള്‍ ദൈവം എനിക്ക് നല്‍കി. ഈ കഴിവുകള്‍, നന്മകള്‍ കൊണ്ട് ഞാന്‍ എന്തുചെയ്തു. ആര്‍ക്ക് എന്നെകൊണ്ട് എന്ത് പ്രയോജനമുണ്ടായി. ഈ തിരിഞ്ഞുനോട്ടം വലിയൊരു തിരിച്ചറിവ് നല്‍കും. ഞാന്‍ കടന്നുപോന്ന വഴികളില്‍ ദൈന്യതയേറിയ ഒത്തിരി മുഖങ്ങള്‍. എന്റെ മാതാപിതാക്കള്‍ അവരെന്നെ സ്‌നേഹിച്ചു, എന്റെ സ്‌നേഹം കൊതിച്ചു. പക്ഷെ വേദനയും അവഗണനയുമാണ് ഞാന്‍ അവര്‍ക്ക് നല്‍കിയത്. ഭാര്യ, മക്കള്‍ എല്ലാവരും എന്റെ സ്‌നേഹം, എന്റെ സാമീപ്യം…എല്ലാം ആഗ്രഹിച്ചു. പക്ഷെ ഞാന്‍ സ്വാര്‍ത്ഥനായിരുന്നു. നിവൃത്തിയില്ലാതെ എന്റെ മുന്നില്‍ വന്നു കൈ നീട്ടിയ എത്ര പേരെ ഞാന്‍ പരിഹസിച്ചുവിട്ടിരിക്കുന്നു. രോഗിയുടെ വേദന ഞാന്‍ കണ്ടില്ലെന്നു നടിച്ചു. കരയുന്നവന്റെ കണ്ണീര്‍ ഞാന്‍ തുടച്ചില്ല. അധികമുണ്ടായിരുന്നിട്ടും വിശക്കുന്നവനുനല്‍കാതെ എന്റെ ഭക്ഷണം ഞാന്‍ പാഴാക്കി. സഹായം ചോദിച്ചുവന്നവന് ചേതമില്ലാത്ത ഉപകാരം പോലും ഞാന്‍ ചെയ്തില്ല. സത്യമെന്തെന്നറിഞ്ഞിട്ടും നിസ്സഹായനുവേണ്ടി ഞാന്‍ വാദിച്ചില്ല. നിരപരാധി ദ്രോഹിക്കപ്പെട്ടപ്പോള്‍ ഞാന്‍ വെറുതെ നോക്കിനിന്നു. ദൈവം എന്റെ ജീവിതത്തില്‍ ചൊരിഞ്ഞ അനുഗ്രഹമൊന്നും ഞാന്‍ മറ്റുള്ളവര്‍ക്കായി പങ്കുവച്ചില്ല. പാപത്തിന്റെ സുഖം എന്നെ മോഹിപ്പിച്ചു. ഞാന്‍ ആ മോഹത്തിന്റെ പിന്നാലെ പോയി. അരുതെന്നു പറഞ്ഞത് ഞാന്‍ ചെയ്തു. പാടില്ലെന്ന് പറഞ്ഞതു ഞാന്‍ സ്വന്തമാക്കി. ഹോ! എത്ര ഘോരമാണെന്റെ പാപങ്ങള്‍! തിരിച്ചറിഞ്ഞെങ്കില്‍ തിരിച്ചുവരൂ. ഹൃദയം കീറുന്ന വേദനയോടെ വിലപിച്ചുകൊണ്ട് തിരിച്ചുവരൂ. നിന്റെ പാപങ്ങള്‍ ഏറ്റു പറയൂ. ‘പിതാവേ അങ്ങേക്കും സ്വര്‍ഗ്ഗത്തിനുമെതിരായി. ‘ഓമനക്കുഞ്ഞിനായി നീട്ടിപ്പിടിച്ച കരങ്ങളുമായി നില്‍ക്കുന്ന അമ്മയെപ്പോലെ സ്വര്‍ഗസ്ഥനായ പിതാവ് നിനക്കായി കാത്തിരിക്കുന്നു. ക്ഷമയോടെ കാത്തിരിക്കുന്ന ദൈവം, ക്ഷമിക്കാനായി കാത്തിരിക്കുന്ന ദൈവം. ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമായ ഒരു ദൈവം. അവിടുത്തെ കരങ്ങളിലേക്ക് ഓടിയണയാം നഷ്ടപെട്ടതെല്ലാം വീണ്ടെടുക്കാം. വീണ്ടും അവിടുത്തെ മകനായി/മകളായി വളരാം. പിതാവ് കരുണയുള്ളവനായതുപോലെ നമുക്കും കരുണയുള്ളവരാകാം. പുത്രനായ ക്രിസ്തു ഉപവസിച്ചതുപോലെ, പ്രാര്‍ഥിച്ചതുപോലെ നമുക്കും ഉപവസിക്കാം, പ്രാര്‍ഥിക്കാം. ആ ഉപവാസവും പ്രാര്‍ഥനയും ജീവിതനന്മകളായി മറ്റുള്ളവരിലേക്ക് ചൊരിയാം. അങ്ങനെ ഈ തപസുകാലം അര്‍ത്ഥപൂര്‍ണ്ണമാകട്ടെ.


Tags assigned to this article:
ash wenesday

Related Articles

ഫാ. ജെയ്‌സണ്‍ വടശേരി ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്‍ സെക്രട്ടറി

എറണാകുളം: ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ (ഐസിഎംസി) സെക്രട്ടറിയായി ഫാ. ജെയ്‌സണ്‍ വടശേരി തിരഞ്ഞെടുക്കപ്പെട്ടു. റോമില്‍ സമാപിച്ച ഐസിഎംസിയുടെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

അസാധാരണനായ ഒരു സാധാരണക്കാരന്‍

”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും കര്‍ത്താവിന് സ്വീകാര്യമായ

മറഞ്ഞിരിക്കുന്ന നിധികള്‍

ഒരിക്കല്‍ ഒരു ടൂറിസ്റ്റ് കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു. സമുദ്രത്തിലെ ഓളവും, തീരത്തെ മണല്‍ത്തരികളും, കരയിലെ ഇളംകാറ്റില്‍ ചാഞ്ചാടുന്ന ചൂളമരങ്ങളും അയാളെ ഒത്തിരി ആകര്‍ഷിച്ചു. അപ്പോഴാണ് ആളൊഴിഞ്ഞ ഒരിടത്ത് ഒരു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*