Breaking News

ഇപ്പോഴാണ് തലവര തെളിഞ്ഞത്

ഇപ്പോഴാണ് തലവര തെളിഞ്ഞത്

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി.ശശിയുടെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയില്‍ മിന്നിമറിഞ്ഞ ഒരു തോണിക്കാരന്റെ മുഖം പിന്നീട് മലയാള സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയത് മറക്കാനാവില്ല. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍താരം എന്ന ബഹുമതിക്കര്‍ഹനായ ജയന്‍, താരപദവിയിലെത്തുംമുമ്പ് കൊച്ചുകൊച്ചു വേഷങ്ങളില്‍ ധാരാളമഭിനയിച്ചു. മിക്കവാറും നായകന്റെ ഇടിയേറ്റ് നെഞ്ചുകലങ്ങുന്ന വില്ലന്‍ വേഷങ്ങള്‍. ജയന്‍ കാലയവനികക്കുള്ളില്‍ മറയുംമുമ്പേയാണ് മറ്റൊരു വില്ലന്റെ അരങ്ങേറ്റമുണ്ടാകുന്നത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മോഹന്‍ലാലാണ് ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ഭീകരനായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വര്‍ഷങ്ങളോളം വില്ലന്‍ പ്രതിച്ഛായക്കുള്ളില്‍ അദ്ദേഹം തളച്ചിടപ്പെട്ടു. പക്ഷേ തിരിച്ചുവരവ് മുന്‍ഗാമിയേക്കാള്‍ കേമമായിരുന്നു.
ഇപ്പോഴത്തെ യുവനായകനിരയെ നോക്കൂ. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, നിവിന്‍പോളി, ജയസൂര്യ, ഫഹദ് ഫാസില്‍, ആസിഫ് അലി, ദുല്‍കര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം… എല്ലാവരും അരങ്ങിലെത്തിയത് നായകപരിവേഷവുമായി. അഭിനയിക്കാന്‍ ഈ പുതുതലമുറ ഒട്ടും മോശക്കാരല്ലെങ്കിലും നായകര്‍ക്ക് പിന്നീടെന്ത് പരീക്ഷണങ്ങളാകാമെന്നതില്‍ തട്ടിത്തടഞ്ഞ് നില്ക്കുന്നു അവരുടെ ഇപ്പോഴത്തെ സിനിമാലോകം. നിവിന്‍ പോളിയുടെ ‘മൂത്തോന്‍’പോലുള്ള സിനിമകള്‍ ഈ തിരിച്ചറിവില്‍ നിന്നാണ് പിറവിയെടുക്കുന്നത്.
പ്രേംനസീര്‍, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയവരെല്ലാം 70-80കളില്‍ താരപദവി അലങ്കരിച്ചിരുന്നവരാണ്. താരകിരീടങ്ങള്‍ അഭിനയജീവിതത്തില്‍ അവര്‍ക്കെന്നും വലിയ ഭാരമായിരുന്നുവെന്ന് അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസിലാകും. ഇത്തരം ഒന്നാംനിര താരങ്ങള്‍ കത്തിനില്ക്കുമ്പോള്‍ തന്നെയാണ് കഷണ്ടിതലയനായ ഭരത്‌ഗോപിയും സിനിമാഗ്ലാമറില്ലാത്ത നെടുമുടി വേണുവും ശ്രീനിവാസനുമെല്ലാം നിരവധി സിനിമകളില്‍ നായകന്മാരായതെന്ന് ഓര്‍ക്കുക. ഗോപിക്കും വേണുവിനും ശ്രീനിക്കും വേണ്ടി മാത്രമായി കഥകളും കഥാപാത്രങ്ങളുമൊരുങ്ങിയ ഒരു കാലഘട്ടം. അച്ചന്‍കുഞ്ഞിനെയും തിലകനെയും പോലുള്ള പരുക്കന്‍-വൃദ്ധര്‍ക്കുവേണ്ടി പോലും മലയാളസിനിമ നായകവേഷങ്ങളൊരുക്കിയിട്ടുണ്ട്.
ഇടവഴിയിലൂടെ കടന്ന് പൊതുവഴിയിലൂടെ നെഞ്ചുംവിരിച്ച് നടന്ന ഈ നായകനിരയിലേക്കാണ് ജോജുവും ഇന്ദ്രന്‍സും സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും വിനായകനും ചെമ്പന്‍ വിനോദുമെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്നത്. നായികമാരെ വളരെയൊന്നും ഇത്തരം പരിക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും ജോഷി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ ‘പൊറിഞ്ചു മറിയം ജോസി’ല്‍ ടൈറ്റില്‍ കഥാപാത്രത്തെ ജോജുവിനോടും ചെമ്പന്‍ വിനോദിനോടുമൊപ്പം അവതരിപ്പിച്ച് കൈയടി നേടിയ നൈല ഉഷ 15 വര്‍ഷമായി റേഡിയോ ജോക്കിയായി ജോലി നോക്കിവരുന്നു. അവതാരകയായും അവരെ ഇഷ്ടംപോലെ കണ്ടു. 2013 മുതല്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും നക്ഷത്രം മിന്നാന്‍ നേരമായത് 2019ലാണെന്നു മാത്രം. നൈലാ ഉഷയ്ക്ക് വീണ്ടും ഉഗ്രന്‍വേഷങ്ങള്‍ ലഭിക്കട്ടെ എന്നാശംസിക്കാനേ ഇപ്പോള്‍ കഴിയൂ.
മിമിക്‌സ് വേദികളില്‍ ഒരുപാട് കാലം അലഞ്ഞശേഷമാണ് സുരാജിന് സിനിമയിലേക്കുള്ള വഴിതെളിയുന്നത്. ചെറിയ ഹാസ്യവേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരാജ്, ജഗതി ശ്രീകുമാറിന്റെ ഗ്യാപിലാണ് പടര്‍ന്നുപന്തലിച്ചത്. അപ്പോഴും ഹാസ്യത്തിന്റെ പിടിവിട്ടിരുന്നില്ല. 2015ലാണ് സുരാജിന് മാറ്റത്തിന്റെ വഴി തുറന്നുകിട്ടിയത്. ഡോ. ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത് പലരെയും ഞെട്ടിക്കുക തന്നെ ചെയ്തു. ‘പക്ഷേ എനിക്ക് ദേശീയപുരസ്‌കാരം നേടിത്തന്ന ചിത്രം കണ്ടവരായി ആരുമുണ്ടായിരുന്നില്ല. അതിന്റെ വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല’-സുരാജ് പറയുന്നു. 2016ലാണ് നിവിന്‍പോളി നായകനായ ‘ആക്ഷന്‍ ഹീറോ ബിജുവില്‍’ ഒരു ചെറിയ വേഷത്തിലാണ് സുരാജ് അഭിനിയിച്ചത്. സുരാജിനെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ തന്നെ പതിവുപോലെ ചിരി തുടങ്ങിയ കാണികള്‍ രണ്ടു സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന സുരാജിന്റെ വേഷമവസാനിക്കുമ്പോള്‍ കണ്ണീരൊപ്പുകയായിരുന്നു. തിരിച്ചുവരവ് എന്നൊക്കെ പറയുന്നത് അതാണ്. തിരിച്ചുവരവല്ല, തിരിച്ചറിവാണതെന്ന് സുരാജ് തിരുത്തുന്നു: പേരറിയാത്തവരിലെയും, ആക്ഷന്‍ ഹീറോ ബിജുവിലെയും പോലുള്ള കഥാപാത്രങ്ങള്‍ നമുക്കുചുറ്റുമുള്ളവര്‍ തന്നെയാണ്. നിങ്ങളിവിടെ ചെയ്തുകൊണ്ടിരിക്കുന്ന വേഷങ്ങളില്‍ സംതൃപ്തനാണെങ്കില്‍ ഒരു കുഴപ്പവുമില്ല. അതില്‍ പരീക്ഷണങ്ങളില്ല, ജീവിതമില്ല. കാണികളെ ചിരിപ്പിക്കുക മാത്രമാണ് ദൗത്യം. ഒന്നിനുപിറകെ ഒന്നായി മുടങ്ങാതെ സിനിമയുണ്ടാകും. ജീവിതസുഖങ്ങളും പണവുമെല്ലാം കിട്ടുകയും ചെയ്യും. പക്ഷേ ഒരു ഘട്ടത്തില്‍ നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങുന്നു-ഇതാണോ അഭിനയം, അല്ലെങ്കില്‍ ഇതുമാത്രമാണോ അഭിനയം. മലയാളസിനിമ ഒരു വഴിത്തിരിവിലാണ്. പുതിയ ആശയങ്ങളും സാങ്കേതികമികവുമുള്ള ധാരാളം പേര്‍ ഈ രംഗത്തെത്തുന്നു. ‘കായംകുളം കൊച്ചുണ്ണി’യും ‘ലൂസിഫറും’ ‘മാമാങ്കവും’ പോലുള്ള വന്‍ സിനിമകള്‍ വരുമ്പോള്‍ തന്നെ നമുക്കുചുറ്റും ജീവിക്കുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമായി സിനിമകളുണ്ടാകുന്നു. ഞാനൊരു വളരെ എളിയ സാഹചര്യത്തില്‍ ജീവിച്ചുവളര്‍ന്നയാളാണ്. ആ കഥാപാത്രങ്ങളെ അതുകൊണ്ടുതന്നെ എളുപ്പം മനസിലാക്കാനാകും. അത്തരം ചിത്രങ്ങളില്‍ ഭാഗമാകാന്‍ കഴിയുകയെന്നാല്‍ ഭാഗ്യമാണ്. പക്ഷേ അവിടെ നമ്മുടെ കഴിവുകള്‍ മാറ്റുരയ്ക്കപ്പെടും. സുരാജ് സൂചിപ്പിച്ച പുതുതലമുറയിലൊരാളാണ് സൗബിന്‍ ഷാഹിര്‍.
സിദ്ദിഖിന്റെ ‘ക്രോണിക് ബാച്ചിലറി’ലൂടെ (2003) സംവിധാനസഹായിയായി അരങ്ങേറിയ സൗബിന്‍, ഫാസിലിന്റെയും റാഫി മെക്കാര്‍ട്ടിന്റെയും പി.സുകുമാറിന്റെയും രാജീവ് രവിയുടെയും അമല്‍ നീരദിന്റെയും സിനിമകളിലും സഹകരിച്ചു. ഫാസിലിന്റെ ‘കയ്യെത്തും ദൂരത്തി’ല്‍ (2002) ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിരുന്നെങ്കിലും കാമറയ്ക്കുമുന്നില്‍ കാര്യമായി എന്തെങ്കിലും, എന്നെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് പ്രതിക്ഷിച്ചിരുന്നില്ല. പത്തു വര്‍ഷത്തിനുശേഷം ‘അന്നയും റസൂലും’ എന്ന ചിത്രത്തില്‍ മറ്റൊരു വേഷം ലഭിച്ചു. 2015ല്‍ സൂപ്പര്‍ഹിറ്റായിരുന്ന അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമ’ത്തിലെ പിടി മാഷായി അഭിനയിച്ചതാണ് വഴിത്തിരിവായത്. ‘പറവ’യിലെയും ‘കമ്മട്ടിപ്പാട’ത്തിലെയും വില്ലന്‍, 2018ല്‍ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുക മാത്രമല്ല മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു. 2019ല്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ എത്ര വ്യത്യസ്തമായ വേഷമായിരുന്നു സൗബിന്‍ ചെയ്തത്! തുടര്‍ന്ന് ‘അമ്പിളി’യും ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും’.
രണ്ടു സിനിമകളിലൂടെ സൂപ്പര്‍താരപരിവേഷം ലഭിച്ച നടനാണ് ജോജു ജോസഫ്. 1995ല്‍ ‘മഴവില്‍ക്കൂടാരം’ എന്ന ചിത്രത്തില്‍ ചെറിയവേഷത്തില്‍ രംഗത്തെത്തി. ജോജുവിന്റെ എഴുപതാമത്തെ സിനിമയായിരുന്നു ‘ആക്ഷന്‍ ഹീറോ ബിജു’. പക്ഷേ ആ സിനിമയിലെ പൊലീസുകാരന്റെ കഥാപാത്രത്തിലും നാളത്തെ പ്രമുഖ നടനെ ദര്‍ശിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 2018ല്‍ എം.പത്മകുമാറിന്റെ ‘ജോസഫി’ലെ ടൈറ്റില്‍ റോളിലൂടെയാണ് ജോജു രംഗം കീഴടക്കിയത്. ജോജുവിന്റെ 84-ാമത്തെ സിനിമയായിരുന്നു അതെന്നറിയുക. ‘ജോസഫി’ലെ അഭിനയത്തിന് ദേശീയ പുരസ്‌കാര നിര്‍ണയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഒരു ഡസനോളം പുരസ്‌കാരങ്ങളും ‘ജോസഫി’ലെ പ്രകടനത്തിന് ലഭിച്ചിട്ടുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ലെ പൊറിഞ്ചു മുന്‍നിര നായകനടനായി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
വസ്ത്രാലങ്കാര രംഗത്തുനിന്നാണ് സുരേന്ദ്രന്‍ കൊച്ചുവേലുവെന്ന തയ്യല്‍ക്കാരന്‍ അഭിനയരംഗത്തെത്തുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ദൂരദര്‍ശന്‍ സീരിയലിലൂടെയായിരുന്നു ഇന്ദ്രന്‍സിന്റെ ദൃശ്യരംഗത്തെ അരങ്ങേറ്റം. 1985ല്‍ ‘സമ്മേളന’മെന്ന ആദ്യസിനിമ. പിന്നീട് 250ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യനടനായാണ് ഇന്ദ്രന്‍സ് തിളങ്ങിയത്. 2018ല്‍ ‘ആളൊരുക്കം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഇന്ദ്രന്‍സിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി. ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലൂടെ രണ്ടു അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ 2019ല്‍ നേടി. മികച്ച നടനുള്ള 2019ലെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരവും ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള അവാര്‍ഡും.
2010ല്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന സിനിമയിലൂടെയാണ് ചെമ്പന്‍ വിനോദ് ജോസിന്റെ അരങ്ങേറ്റം. ‘ആമേന്‍’, ‘ടമാര്‍ പഠാര്‍’, ‘സപ്തമശ്രീ തസ്‌കരാ’, ‘ഇയ്യോബിന്റെ പുസ്തകം’, ‘കോഹിന്നൂര്‍’, ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’, ‘കലി’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ഈമയൗ’വിലൂടെ മുന്‍നിരയിലെത്തി. ‘പൊറിഞ്ചു മറിയം ജോസും’ ‘ജല്ലിക്കട്ടും’ സ്ഥാനമുറപ്പിച്ചു.
കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന വിനായകന്‍ ഒരു നൃത്തസംഘത്തിലൂടെ കലാരംഗത്ത് വന്നു. തമ്പി കണ്ണന്താനത്തിന്റെ ‘മാന്ത്രിക’ത്തില്‍ (1995) ചെറിയ വേഷത്തില്‍ ആദ്യമായി അഭിനയിച്ചു. ‘ഒന്നാമന്‍’, ‘സ്റ്റോപ്പ് വയലന്‍സ്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കൊച്ചുകൊച്ചു വേഷങ്ങള്‍. 2007ല്‍ ‘ഛോട്ടാ മുംബൈ’യിലെയും ‘ബിഗ്ബി’യിലെയും കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വില്ലന്‍, ഹാസ്യകഥാപാത്രങ്ങളായിരുന്നു കൂടുതലും. 2016ലെ ‘കമ്മട്ടിപാട’മാണ് വിനായകനിലെ നടന്റെ കഴിവുകള്‍ വെള്ളിത്തിരയ്ക്ക് ദൃശ്യമാക്കിയത്. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഈ ചിത്രത്തിലൂടെ നേടി. 2018ല്‍ ‘ഈമയൗ’വിലെ അയ്യപ്പനെ അവിസ്മരണീയനാക്കി. 2019ല്‍ ‘തൊട്ടപ്പനും’ ‘പ്രണയമീനുകളുടെ കടലും’ പ്രധാനവേഷങ്ങളില്‍ തിളങ്ങുമെന്ന് തെളിയിച്ചു.
ചില സിനിമകളിലെ കൊച്ചുവേഷങ്ങളാണ് ഇവരുടെയെല്ലാം തലവര മാറ്റിവരച്ചതെന്ന് കാണാം. ദീര്‍ഘനാളായി അഭിനയരംഗത്തുണ്ടായിട്ടും സ്വന്തമായി മേല്‍വിലാസമില്ലാതെ ഫീല്‍ഡ് വിടേണ്ടിവരുമെന്ന ഒരു ഘട്ടത്തിലാണ് വിധി ഇവരുടെ തുണയ്‌ക്കെത്തുന്നതെന്നും കാണാം. പുതിയകാലത്ത് സിനിമ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍സംവിധായകനും സൂപ്പര്‍താരവും ചേര്‍ന്ന് കഥമുതല്‍ ഷൂട്ടിംഗ് വരെ നിശ്ചയിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്നെല്ലാം ടീം വര്‍ക്കാണ്. അതിന്റെ ഭാഗമായി വേണം മുന്നോട്ടുചലിക്കാന്‍. അപ്പോള്‍ താരങ്ങള്‍ ഭൂമിയിലേക്കിറങ്ങിവന്ന് സിനിമയുടെ പ്രമോഷന്‍ അടക്കുമുള്ള കാര്യങ്ങളില്‍ വ്യാപരിക്കേണ്ടിയും വരും.
തന്റെ കൂടെ വേദിപങ്കിടില്ലെന്ന സംവിധായകന്റെ വാശിയെ വരച്ചവരയില്‍ തളച്ച നടന്മാരുള്ള കാലമാണിത്. പ്രശ്‌നം തീര്‍ക്കാന്‍ നടന് തന്റെ അടുത്ത സിനിമയില്‍ ചാന്‍സ് കൊടുക്കാമെന്നുപറഞ്ഞ സംവിധായകനോട് പോടോ പുല്ലേ എന്നു പറയാനുള്ള തന്റേടവും നടനുണ്ടായി. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ശ്രീനിവാസന്‍ ഡയലോഗാണ് ഓര്‍മവരുന്നത്.


Related Articles

കോടതി സമക്ഷം സര്‍ക്കാര്‍

കൊച്ചി: കൊവിഡ്-19ന്റെ വിശകലനത്തിന് സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തര സാഹചര്യത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത്

തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കും : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ

ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് മുമ്പ് സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്നു

മുംബൈ: വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനം നടത്തുന്നതിനു മുമ്പായി ഓഹരി വിപണിയില്‍ ആശ്വാസനേട്ടം തുടരുന്നു. സെന്‍സെക്സ് 1000 പോയന്റ് ഉയര്‍ന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*