ഇരട്ടക്കുരുന്നുകള്‍ക്ക് രണ്ടാം ജന്മം

തലയോട്ടി വേര്‍പെടുത്തി വത്തിക്കാന്‍ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ
റോം: രണ്ടു വര്‍ഷമായി പരസ്പരം കാണാനാകാതെ തലയോട്ടിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന് പുറംതിരിഞ്ഞുകിടന്ന ഇരട്ടക്കുട്ടികളെ റോമിലെ ബംബീനോ ജേസു പീഡിയാട്രിക് ആശുപത്രിയില്‍ അത്യപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഇര്വീന, പ്രിഫീന എന്നീ ഇരട്ട സഹോദരിമാര്‍ രണ്ടാം ജന്മദിനത്തില് ആദ്യമായി പരസ്പരം മുഖാമുഖം കണ്ടു.
സെന്‍ട്രല്‍ ആഫ്രിക്കയിലെ എംബെയ്കി എന്ന ചെറുപട്ടണത്തില്‍ 2018 ജൂണ്‍ 29നു ജനിച്ച ഇരട്ടകളുടെ തലയോട്ടിയും മസ്തിഷ്കത്തിലെ രക്തധമനികളും ഒട്ടിച്ചേര്ന്നിരിക്കയായിരുന്നു. ടോട്ടല്‍ പോസ്റ്റീരിയര്‍ ക്രേനിയോപാഗസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥ ലോകത്ത് ഏതാണ്ട് 25 ലക്ഷം പ്രസവങ്ങളില്‍ ഒരു കേസില്‍ മാത്രം ഉണ്ടാകാവുന്നതാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ യൂറോപ്പില്‍ സമാനമായ രണ്ടു കേസുകളേ കണ്ടിട്ടുള്ളൂ. ഇറ്റലിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒട്ടിച്ചേര്‍ന്നിട്ടുള്ള ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തുന്നത്. ആവര്‍ത്തിക്കാനാവാത്ത അദ്ഭുതം എന്നാണ് ബംബീനോ ജേസുവിലെ പീഡിയാട്രിക് ന്യൂറോസര്‍ജറി മേധാവി കാര്‍ലോ മറാസ് ഈ ശസ്ത്രക്രിയയെ വിശേഷിപ്പിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പ 2015ല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ആ രാജ്യത്തെ തലസ്ഥാനനഗരമായ ബംഗുയിയില്‍ റോമിലെ ബംബീനോ ജേസു ആശുപത്രിയുടെ സഹകരണത്തോടെ ആരംഭിച്ച ആരംഭിച്ച ആശുപത്രിയില്‍ എത്തിയ ബംബീനോ ജേസു ഡയറക്ടര്‍ മരിയെല്ലാ എനോക്കിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇരട്ടകളെ ഇറ്റലിയിലേക്കു കൊണ്ടുവരാന്‍ തീരുമാനമായത്. 2018 സെപ്റ്റംബറില്‍ കുഞ്ഞുങ്ങളെ റോമിലെത്തിച്ചു.
വിദഗ്ധ പരിശോധനയില്‍ അവരുടെ ആരോഗ്യസ്ഥിതി നല്ലതാണെങ്കിലും ഒരു കുഞ്ഞിന്റെ ഹൃദയം രണ്ടുപേരുടെയും മസ്തിഷ്കം ഉള്‍പ്പെടെയുള്ള അവയവങ്ങളിലേക്കുള്ള രക്തമെത്തിക്കാന്‍ അമിതശ്രമം നടത്തുന്നതായി കണ്ടെത്തി. തലയോട്ടികള്‍ വേര്പെടുത്തുന്നതിനെക്കാള് വലിയ വെല്ലുവിളി കെട്ടുപിണഞ്ഞ മസ്തിഷ്ക രക്തധമനികളുടെ അതിസൂക്ഷ്മ ശൃംഖലകളെ വേര്‍തിരിക്കുന്നതായിരുന്നു.
രക്തക്കുഴലുകള്‍ ഉള്‍പ്പെടെ ഉരുകിച്ചേര്ന്നതുപോലുള്ള മസ്തിഷ്കം ഇരുവര്‍ക്കുമായി പങ്കുവച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുന്നതിനുള്ള ആദ്യത്തെ രണ്ടു ശസ്ത്രക്രിയകള്‍ 2019 മേയിലും ജൂലൈയിലുമായി നടത്തി. മാസങ്ങള്‍ നീണ്ട വിദഗ്ധ പരിശോധനകള്‍ക്കും വിലയിരുത്തലിനും ആസൂത്രണത്തിനും ശേഷമാണ് ജൂണ്‍ അഞ്ചിന് 30 സ്പെഷലിസ്റ്റുകള്‍ പങ്കെടുത്ത, 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇരട്ടകളെ വേര്‍പെടുത്തിയത്.
ന്യൂറോസര്ജന്മാര്, അനെസ്തെസിയോളജിസ്റ്റ്സ്, ന്യൂറോറേഡിയോളജിസ്റ്റ്സ്, പ്ലാസ്റ്റിക് സര്ജന്മാര്, എന്‍ജിനിയര്‍മാര്‍, ഫിസിയോതെറപ്പിസ്റ്റുകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സംഘം ഒരുമിച്ചുചേര്‍ന്നു നടത്തിയ ശസ്ത്രക്രിയയുടെ വിശദ വിവരങ്ങള്‍ ഈയാഴ്ചയാണ് ഡോ. കാര്‍ലോ മറാസും സംഘവും വെളിപ്പെടുത്തിയത്.
രണ്ടാം ജന്മദിനത്തില് തന്റെ കുഞ്ഞുങ്ങളെ ഇരുവശത്തുമായി കൈകളില്‍ മാറ്റിപ്പിടിച്ചിരിക്കാനായി.
കുറച്ചുകാലം തലയോട് സംരക്ഷിക്കാനായി രണ്ടുപേര്‍ക്കും പ്രത്യേക ഹെല്‍മറ്റ് ധരിക്കേണ്ടിവരും എന്നതൊഴിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇനി സാധാരണ കുട്ടികളെപോലെ ഓടിക്കളിച്ചു നടക്കാനാകുമെന്ന് ബംബീനോ ജേസു ആശുപത്രിയിലെ വിദഗ്ധ സംഘം പറഞ്ഞു.
ഇരട്ടകളുടെ ജ്ഞാനസ്നാനം ഫ്രാന്‍സിസ് പാപ്പ നിര്‍വഹിച്ചു കാണണമെന്നാണ് അമ്മ എര്മീന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.