ഇരട്ടമുഖമുള്ള പൊലീസ്

കേരള പൊലീസിന്റെ കാര്യക്ഷമതയെകുറിച്ച് ആര്‍ക്കും പരാതിയൊന്നുമില്ല. പക്ഷപാതരഹിതമായി കേസന്വേഷിക്കുന്ന കാര്യത്തിലും മിടുക്കരാണ് നമ്മുടെ നിയമപാലകര്‍. മുന്‍ ഐജി പി. സി അലക്സാണ്ടര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് രാജന് കേസാണ്. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പൊലീസ് ക്യാമ്പില്‍ വച്ച് രാജന് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഉരുട്ടിക്കൊന്ന കേസാണിത്. ദൃക്സാക്ഷികളൊന്നുമില്ലാതിരുന്ന കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടു. എഫ്ഐആര്‍ അത്രശക്തമായിരുന്നു. അടുത്തകാലത്തുണ്ടായ ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ, ജിഷ കൊലക്കേസുകള്‍, തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊന്ന കേസ്, നടിയെ ആക്രമിച്ച സംഭവം ഇതിലെല്ലാം കേരള പൊലീസിന്റെ കടുത്ത ജാഗ്രതയും അക്ഷീണ പ്രയത്നവും നമ്മള് കണ്ടറിഞ്ഞതാണ്. അന്വേഷണക്കാര്യത്തില്‍ സ്കോട്ലാന്ഡ് പൊലീസിനോടു പോലും കിടപിടിക്കുന്നവരാണ് കേരളപൊലീസ് എന്നു പറയുമ്പോള്‍ അതു ഭംഗിവാക്കു മാത്രമാകുന്നില്ല.
വരാപ്പുഴ പൊലീസ് സ്റ്റേഷനും, കളമശേരി പൊലീസ് സ്റ്റേഷനും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളു. വരാപ്പുഴ സ്റ്റേഷനിലാണ് ശ്രീജിത്ത് എന്ന യുവാവ് ക്രൂരമായ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. കളമശേരിയിലെ പെ#ാലീസുകാരാണ് രാത്രിയില്‍ തനിച്ച് റെയില്‍പാളത്തിലൂടെ നടന്നുപോകുകയായിരുന്ന കുഞ്ഞിനെ വിവരമറിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവിടെ പാഞ്ഞെത്തി രക്ഷിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചതും ട്രെയിനില്‍ അതുവഴി പോകുകയായിരുന്ന പൊലീസുകാരന് തന്നെ.
ഈ സമൂഹത്തിന്റെ തന്നെ ഭാഗമാണല്ലോ ഈ പൊലീസും. എറണാകുളം മറൈന്‍ഡ്രൈവില്‍ എത്രലക്ഷം രൂപ ചിലവഴിച്ചാണ് നടപ്പാതകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചത്. മാസങ്ങള്‍ കഴിയുന്നതിനു മുമ്പേ ഇരിപ്പിടങ്ങളെല്ലാം തകര്‍ത്തു. വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങളെല്ലാം ടൈല്‍പാകിയ നടപ്പാതയില്‍ ചിതറിക്കിടക്കുന്നതു കാണാം. മാലിന്യസംസ്കരണത്തിന് എത്ര കോടി രൂപയാണ് ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും മാലിന്യം റോഡുകളില്‍ വലിച്ചെറിയുന്ന ശീലം മലയാളി മാറ്റിയിട്ടുണ്ടോ? വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ തുപ്പുക, പൊതുനിരത്തിനരികില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുക തുടങ്ങിയതും മലയാളിശീലത്തിന്റെ ഭാഗം തന്നെ.
നമ്മുടെ പൊലീസിനുമുണ്ട് അത്തരം ചില ശീലങ്ങള്‍. അതിന്റെ ഭാഗമായാണ് വരാപ്പുഴയില്‍ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് കൊന്നത്. ചില കേസുകളിലെ പ്രതികളെ എത്ര ബുദ്ധിപൂര്‍വമാണ് പൊലീസ് വലയിലാക്കുന്നതെന്ന് അത്ഭുതപ്പെട്ടുപോകാറുണ്ട്. വരാപ്പുഴയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ പ്രതിയേ ആയിരുന്നില്ലെന്നാണ് പുതിയ വിവരം. പരാതി നല്‍കിയത് മറ്റൊരു ശ്രീജിത്തിന്റെ പേരിലാണ്. കിട്ടിയ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് മഫ്തിയില്‍ വന്ന പൊലീസ് പൊക്കി എന്നു മാത്രം. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കുന്നതിന്റെ ഭാഗമായാണോ ഒരു വീടാക്രമണ കേസിലെ പ്രതിയല്ലേ ഒന്നു സല്കരിച്ചുകളയാം എന്നു കരുതിയാണോ ഇയാളുടെ ആന്തരികാവയവങ്ങള്‍ പോലും തകര്‍ക്കുന്ന വിധത്തില്‍ മര്‍ദിച്ചതെന്ന് പിടിയില്ല.
കുറച്ചു ദിവസം മുമ്പ് തൊടുപുഴയില്‍ ഒരു ഗൃഹനാഥന് ആത്മഹത്യ ചെയ്തിരുന്നു. പുതുപ്പരിയാരം സ്വദേശി മാധവന്. അദ്ദേഹം ഓട്ടോറിക്ഷയാണെന്നു കരുതി ഒരു പൊലീസ് ജീപ്പിനു കൈകാണിച്ചു. ജീപ്പ് നിര്‍ത്തി ഇറങ്ങി വന്ന പൊലീസുകാര്‍ നിരത്തിലിട്ടു തന്നെ ആ പാവത്തിനെ കൈകാര്യം ചെയ്തു. അപമാനം താങ്ങാനാകാതെ വീട്ടിലെ കിടപ്പുമുറിയില്‍ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. പാലക്കാട് സ്കൂള്‍ കലോത്സവം കഴിഞ്ഞ് രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മൂത്രശങ്ക തോന്നി. മലയാളിശീലമനുസരിച്ച് അവര്‍ തൊട്ടടുത്തു കണ്ട മതിലിന്മേല് കാര്യം സാധിച്ചു. പക്ഷേ മതിലിന്റെ ഉടമസ്ഥര്‍ പെ#ാലീസുകാരായിരുന്നുവെന്ന സത്യം ആ പാവങ്ങളറിഞ്ഞില്ല. പെ#ാലീസ് സ്റ്റേഷന്റെ മതിലില്‍ മൂത്രമൊഴിച്ച കുറ്റത്തിന് കുട്ടികളാണെന്ന പരിഗണനപോലുമില്ലാതെ ഏമാന്മാര് അവരെ തല്ലിച്ചതച്ചു. ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തുന്ന സമയത്തു തന്നെ പാലക്കാട് എലപ്പുള്ളിയില്‍ പൊലീസിന്റെ ഭീഷണിയ തുടര്‍ന്ന് ഒരു യുവാവ് ആത്മഹത്യ ചെയ്തു. ഹെല്‍മെറ്റ് വേട്ടക്കിടയില്‍ തന്നെ എത്രയോ പേരുടെ ജീവനുകളാണ് പൊലീസ് പൊലിപ്പിച്ചുകളഞ്ഞത്.
ഉമ്മന്‍ചാണ്ടിയുടെ കാലത്തും പിണറായി വിജയന്റെ കാലത്തും ഈ പൊലീസ് കഥകള്‍ക്കു വലിയ മാറ്റമില്ല. കെ. കരുണാകരന്റെ പൊലീസ് രാജ് ഏറെ വിമര്‍ശിക്കപ്പെട്ട സമയമുണ്ടായിരുന്നു. പൊലീസിന്റെ ജനങ്ങളോടുള്ള ക്രൂരതകള്‍ അന്ന് നിത്യസംഭവമായിരുന്നു.
കരുണാകരന്റെ കാലത്തെയപേക്ഷിച്ച് ഇന്നത്തെ പൊലീസുകാര്‍ വിദ്യാസമ്പന്നരാണ്. പിഎസ്സി വഴിയാണ് നിയമനം. ഒന്നും രണ്ടും ബിരുദാനന്തര ബിരുദം പോക്കറ്റിലുള്ളവരാണ് സാധാരണ കോണ്‍സ്റ്റബിള്‍മാര്‍ പോലും. പക്ഷേ കാടത്തത്തിന്റെ കാര്യത്തില്‍ ഇതിനേക്കാള്‍ വലിയ ബിരുദങ്ങളാണ് ഇവര്‍ ഇപ്പോഴും വഹിക്കുന്നതെന്നു മാത്രം. പൊലീസ് സ്റ്റേഷനുകളുടെ പേരുകള്‍ പലതും ജനമൈത്രി എന്നായിട്ടുണ്ടെങ്കിലും ഒരു സാഹോദര്യവും സാധാരണക്കാരോട് ഇവര്‍ പ്രദര്‍ശിപ്പിക്കാറില്ല. പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി ചെല്ലാന്‍ നല്ല ചങ്കുറപ്പു വേണം. പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നാഴികയ്ക്കു നല്പതുവട്ടം പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമില്ല. പൊലീസിനെ നിരത്തിലിട്ടു തല്ലുകയും കല്ലെറിയുകയും ചെയ്യുന്ന ഒരു നാട്ടില്‍ നിന്ന് വന്നതുകൊണ്ടാണോ എന്നറിയില്ല ഇരട്ടചങ്കുള്ള ഈ ഭരണാധികാരിയെ പുല്ലുവില കല്പിക്കുന്നില്ല പൊലീസുകാര്‍. ഒരു ദിവസത്തെ പഠനം കൊണ്ട് തന്റെ കീഴിലുള്ളവരെല്ലാം മര്യാദരാമന്മാരാകുമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ സ്വപ്നവും എത്ര വിഢിത്തം നിറഞ്ഞതാണെന്ന് വരാപ്പുഴ സംഭവം അടിവരയിട്ടു തെളിയിക്കുന്നു.
Related
Related Articles
ശ്രദ്ധേയമായ ബഹുമതി നേടി കത്തോലിക്കാ വൈദീകന്
പാളയംകോട്ട: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള കത്തോലിക്ക വൈദികനായ ഫാ. ഇഗ്നാസിമുത്തു. 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും
ഭാരതത്തില്‍ കര്‍മലീത്താ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികാഘോഷം ഗോവയില്‍
നിഷ്പാദുക കര്‍മലീത്താ സമൂഹം ഇന്ത്യയില്‍ പ്രേഷിതശുശ്രൂഷയുടെ 400-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഓള്‍ഡ് ഗോവയില്‍ 1619ല്‍ ആരംഭിച്ച ആദ്യ നൊവിഷ്യേറ്റില്‍ അംഗങ്ങളായിരുന്ന സമൂഹത്തിലെ ആദ്യ രക്തസാക്ഷികളായ രണ്ട് വാഴ്ത്തപ്പെട്ടവരെ
കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020
തൃശൂര്‍: യുവജനങ്ങളുടെ കലാസാഹിത്യപരമായ കഴിവുകള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കെസിവൈഎം സംസ്ഥാന കലോത്സവം- ഉത്സവ് 2020 ഉദ്ഘാടനം