Breaking News

ഇറാന്‍ സംഘര്‍ഷം സംയമനത്തിന് പാപ്പായുടെ ആഹ്വാനം

ഇറാന്‍ സംഘര്‍ഷം സംയമനത്തിന് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ അല്‍ഖുദ്‌സ് സേനാവിഭാഗത്തിന്റെ തലവനും രാജ്യത്തെ സമുന്നത നേതാവുമായ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദ് വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിനെതുടര്‍ന്ന് സംജാതമായ സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിന് അയവുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും സംയമനത്തിന്റെയും സംവാദത്തിന്റെയും പാത സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ മധ്യാഹ്നപ്രാര്‍ഥനാവേളയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം നിലവിലുണ്ട്. യുദ്ധം കൊണ്ട് മരണവും വിനാശവുമേ ഉണ്ടാകൂ. സംവാദത്തിന്റെയും സംയമനത്തിന്റെയും തീക്ഷ്ണജ്വാലയാണ് ശത്രുതയുടെ കരിനിഴല്‍ അകറ്റാന്‍ ഏറെ ആവശ്യം – പാപ്പാ പറഞ്ഞു.
ഇറാനിലെ സ്ഥിതിഗതികള്‍ വത്തിക്കാന്‍ സൂക്ഷ്മമായി പിന്തുടരുകയാണെന്ന് ടെഹ്‌റാനിലെ അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയോ ബൊക്കാര്‍ദി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിലൂടെ അറിയിച്ചു.
ജനറല്‍ സുലൈമാനിയെയും ഇറാഖിലെ ഇറാന്‍ അനുകൂല ഷിയാ വിഭാഗത്തിന്റെ സൈനികത്തലവന്‍ അബു മഹ്ദി അല്‍മുഹന്ദിസിനെയും മിന്നലാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പുനല്‍കിയിരിക്കെ, അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങള്‍ പ്രത്യാക്രമണത്തിന് ഉന്നംവച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രെംപ് പ്രതികരിച്ചു. ഇറാനില്‍നിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ ഇറാന്‍ അതിര്‍ത്തിക്കുള്ളില്‍തന്നെ ആക്രമണം നടത്തുമെന്ന് യുഎസ് വിദേശകാര്യമന്ത്രി മൈക്ക് പോംപെയോ പറഞ്ഞു.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ അമേരിക്ക തീവ്രവാദി സംഘടനയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയില്‍ പല രാജ്യങ്ങളിലും അസ്ഥിരതയ്ക്കും സംഘര്‍ഷത്തിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിവന്ന സുലൈമാനി ഡല്‍ഹിയിലും ലണ്ടനിലുമുള്‍പ്പെടെ തീവ്രവാദി ആക്രമണത്തിന് ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും, താന്‍ സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ ഒരു യുദ്ധം തുടങ്ങുകയല്ല, യുദ്ധം അവസാനിപ്പിക്കുകയാണ് ചെ്തതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം ആണവ നിയന്ത്രണത്തിനായി അമേരിക്ക, ചൈന, റഷ്യ എന്നിവയും മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുമായി 2015ല്‍ ഉണ്ടാക്കിയ കരാറിലെ അന്തിമ ഉടമ്പടി ഉപേക്ഷിക്കാന്‍ ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ തീരുമാനിച്ചതായി ടെഹ്‌റാനില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിലെ രാജ്യാന്തര നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതില്ല എന്നാണ് ഇറാന്റെ തീരുമാനം.
രാജ്യത്തുനിന്ന് അമേരിക്കന്‍ സേനയെ പൂര്‍ണമായി പുറത്താക്കാനുള്ള ഇറാഖ് പാര്‍ലമെന്റിന്റെ പ്രമേയം ഇറാഖ് പ്രധാനമന്ത്രി അദെല്‍ അബ്ദുല്‍ മഹ്ദി അംഗീകരിക്കുമെന്നാണ് സൂചന. ഇതിനിടെ സിറിയയിലും ഇറാഖിലും വര്‍ഷങ്ങളായി ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ നടത്തിവന്ന സൈനികനടപടികളും പ്രാദേശിക സേനാപരിശീലനവും അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനകള്‍ തീരുമാനിച്ചിട്ടുണ്ട്.


Related Articles

ചെല്ലാനത്ത്ക്കാരൻ എഡ്ഗറിന് രാഷ്ട്രപതിയുടെ മറുപടി ലഭിച്ചു.

കൊച്ചി : ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു. കേരള ചീഫ് സെക്രട്ടറിയോട് പരാതിയിന്മേൽ

വൈപ്പിന്‍ ഫൊറോന അല്മായ നേതൃസംഗമം നടത്തി

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ ശക്തി വിളിച്ചോതി അവകാശ പ്രഖ്യാപന റാലിയുമായി വൈപ്പിന്‍ ഫൊറോന ലത്തീന്‍ അല്മായ നേതൃസംഗമം. മാര്‍ച്ച് 10ന് വൈകിട്ട് ആരംഭിച്ച റാലി ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍

ഇമാം ഉമര്‍ അഹമ്മദ് ഇല്ല്യാസി ബിഷപ് ഡോ. ജോസഫ് കരിയിലുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ജാതിമതചിന്തകള്‍ക്ക് അതീതമായി രാജ്യത്തിന്റെ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഇമാം മൗലാന ഉമര്‍ അഹമ്മദ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*