ഇളവുകളിലൂടെ തീരവാസികളുടെ കിടപ്പാടം അന്യാധീനപ്പെടരുത്

ഇളവുകളിലൂടെ തീരവാസികളുടെ  കിടപ്പാടം അന്യാധീനപ്പെടരുത്

കടല്‍ത്തീരത്തും കായലോരത്തും നിര്‍മാണനിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം തീരത്തു വസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റു ദുര്‍ബല വിഭാഗങ്ങളുടെയും വീടുപണിക്കുണ്ടായ സാങ്കേതിക തടസങ്ങള്‍ നീക്കുന്നു എന്നതിനാല്‍ പ്രത്യക്ഷത്തില്‍ ഏറെ ഗുണകരമായി വിലയിരുത്തപ്പെടാം. എങ്കിലും ഭരണകാലാവധി തീരാറായിരിക്കെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ച തീരമേഖലാ നിയന്ത്രണ നിയമങ്ങളിലെ ഉദാരമായ ഇളവുകള്‍ തീരദേശത്തെ ജനസമൂഹത്തിന്റെ ജീവല്‍പ്രശ്‌നങ്ങളെക്കാള്‍ ടൂറിസം മേഖലയ്ക്കും വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ക്കും വാണിജ്യ-വ്യവസായ താല്പര്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നത് ഓര്‍ക്കേണ്ടതുണ്ട്.
വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധി വിട്ട് നിര്‍മാണപ്രവര്‍ത്തനങ്ങളും 10 മീറ്റര്‍ മാറി താത്കാലിക നിര്‍മിതികളും അനുവദിച്ചുകൊണ്ടും ദ്വീപുകളില്‍ 50 മീറ്റര്‍ അല്ലെങ്കില്‍ 100 മീറ്റര്‍ വരെ വികസനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്ന മേഖലയുടെ പരിധി 20 മീറ്ററായി ചുരുക്കിയും പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കായുള്ള കേന്ദ്ര മന്ത്രാലയം 2018 ഏപ്രിലില്‍ ഇറക്കിയ തീര നിയന്ത്രണ മേഖല കരടു വിജ്ഞാപനത്തിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. ഇതുവരെ നിലവിലുണ്ടായിരുന്ന 2011ലെ തീരപരിപാലന നിയന്ത്രണ ചട്ടങ്ങളെ സംബന്ധിച്ച് കേരളവും കര്‍ണാടകയും മഹാരാഷ്ട്രയും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി ഡോ. ശൈലേഷ് നായിക് അധ്യക്ഷനായ കമ്മിറ്റി 2015ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് ഈ വൈകിയ വേളയില്‍ കേന്ദ്ര ഗവണ്‍മെന്റ് പുതിയ വിജ്ഞാപനം ഇറക്കുന്നത്.
കേരളത്തിലെ കടല്‍ത്തീരത്തിന്റെ നാലിലൊന്നും കായലോരത്തിന്റെ പകുതിയും പുതിയ വിജ്ഞാപനത്തിലൂടെ നിര്‍മാണനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നതു ശ്രദ്ധേയമാണ്. തീരമേഖലയിലും കായല്‍തുരുത്തുകളിലും മറ്റും പുതിയ പാര്‍പ്പിടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, നിലവിലുള്ള വീടുകളുടെ അറ്റകുറ്റപണിക്കുപോലും വര്‍ഷങ്ങളായി അനുമതി നിഷേധിക്കപ്പെട്ട സാധാരണക്കാരുടെ വേവലാതിക്ക് ഇതോടെ അറുതിവരും. ഭവനനിര്‍മാണ നിയന്ത്രണത്തിലെ ഇളവ് മൊത്തത്തില്‍ പത്തു ലക്ഷം തീരവാസികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്ക്.
നഗരമേഖലയിലെ തീരപ്രദേശത്ത് 1991 മുതല്‍ നിലവിലുണ്ടായിരുന്ന നിര്‍മാണനിരോധനം നീക്കി. ചതുരശ്ര കിലോമീറ്ററില്‍ 2,161 പേരില്‍ കൂടുതല്‍ താമസിക്കുന്ന പഞ്ചായത്തുകളില്‍ തീരത്തുനിന്ന് 50 മീറ്റര്‍ മാറി നിര്‍മാണത്തിന് തടസമില്ല. കേരളത്തിലെ തീരപ്രദേശത്തെ 246 ഗ്രാമപഞ്ചായത്തുകളില്‍ ജനസാന്ദ്രതയുടെ ഈ തോതുവച്ച് നോക്കിയാല്‍ 244 എണ്ണത്തില്‍ ഇളവ് ലഭ്യമാകും.
വികസിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സിആര്‍സെഡ്-രണ്ട്, താരതമ്യേന അവികസിത പ്രദേശമായ സിആര്‍സെഡ്-മൂന്ന് മേഖലകളില്‍ മാത്രമല്ല, പരിസ്ഥിതിലോലപ്രദേശമായ സിആര്‍സെഡ്-ഒന്ന് മേഖലയിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ ചട്ടങ്ങള്‍. പരിസ്ഥിതിലോല മേഖലയിലും കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിയിലും വികസന പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം; സിആര്‍സെഡ് രണ്ടും മൂന്നും മേഖലകളില്‍ ഇനി വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് നേരിട്ട് അനുമതി നല്‍കാനാകും.
ടൂറിസവുമായി ബന്ധപ്പെട്ട് ശുചിമുറി, വസ്ത്രംമാറാനുള്ള മുറി, കുടിനീരിനും പാനീയങ്ങള്‍ക്കുമുള്ള സൗകര്യം തുടങ്ങിയവയ്ക്കായി താത്കാലിക നിര്‍മിതികള്‍ ബീച്ചിലെ വികസനനിരോധിത മേഖലയിലും അനുവദിക്കും. വേലിയറ്റേ രേഖയുടെ 10 മീറ്റര്‍ മാറി ഇത്തരം നിര്‍മിതികളാകാം. സ്വകാര്യഭൂമിയിലെ കണ്ടല്‍ക്കാടുകളിലെ കരുതല്‍ മേഖല വ്യവസ്ഥയും നീക്കിയിട്ടുണ്ട്.
പൊതു ആവശ്യത്തിനായി ഭൂമി നികത്തിയെടുക്കല്‍, അടിസ്ഥാനസൗകര്യവികസനം, രാജ്യരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ 15 ഇനം വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുള്ള വേലിയേറ്റ മേഖലയില്‍ (സിആര്‍സെഡ്-ഒന്ന് ബി) അനുവദിക്കും. കണ്ടല്‍ക്കാട്, മണല്‍ത്തിട്ട, പവിഴപ്പുറ്റ് എന്നിവ അടക്കമുള്ള പരിസ്ഥിതിലോല പ്രദേശത്തും (സിആര്‍സെഡ്-ഒന്ന് എ) പൊതു ആവശ്യത്തിനും എക്കോ-ടൂറിസത്തിനും റോഡിനുമായി നിര്‍മാണപ്രവര്‍ത്തനം നടത്താനാകും. പൊതുആവശ്യം, എക്കോ ടൂറിസം എന്നിവയുടെ നിര്‍വചനത്തിലെ അവ്യക്തത മുതലാക്കി സിആര്‍സെഡ്-ഒന്ന് മേഖലയിലും അനിയന്ത്രിത രീതിയില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കാനിടയുണ്ടെന്നു സാരം. മാലിന്യസംസ്‌കരണ പ്ലാന്റുകളുടെ നിയന്ത്രണം നീക്കുന്നതിലൂടെ തീരക്കടലില്‍ കൂടുതലായി മാലിന്യങ്ങള്‍ പരക്കും.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരമ്പരാഗത ഉപജീവനമാര്‍ഗങ്ങളെ പാടെ അവഗണിക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് തീരദേശത്തെയും തീരദേശ ജനതയെയും സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര സംവിധാനത്തിന് വ്യവസ്ഥയില്ല. 2011 വിജ്ഞാപനത്തിലെ അപായ രേഖ അപ്രത്യക്ഷമായിരിക്കുന്നു. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് വേലിയറ്റം, തിരകള്‍, സമുദ്രജലനിരപ്പ്, തീരത്തിന്റെ രൂപമാറ്റം തുടങ്ങിയവ പരിഗണിച്ചുകൊണ്ട് അപായ രേഖ രേഖപ്പെടുത്തണമെന്ന് നേരത്തെ വ്യവസ്ഥ ചെയ്തിരുന്നു. പുതിയ വ്യവസായശാലകളുടെ സ്ഥാപനം, കരിമണലും ചുണ്ണാമ്പുകല്ലും മണ്ണും പാറയും ഖനനം ചെയ്യല്‍, കടലോരത്തെ മലയിടിച്ചുനിരത്തല്‍, വാണിജ്യപരമായ ആവശ്യങ്ങള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കുമായി ഭൂമിനികത്തിയെടുക്കല്‍ തുടങ്ങി 14 തരം വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാന നിയന്ത്രണരേഖയായി ഈ അപായ രേഖയെ കണക്കാക്കിയിരന്നു. പവിഴപ്പുറ്റുകള്‍, കണ്ടല്‍ക്കാട്, മണല്‍ത്തിട്ടകള്‍, കടലോര മണല്‍പ്പുറം, കടല്‍പ്പുല്ലിന്റെ തടങ്ങള്‍ തുടങ്ങിയവ പ്രകൃതിദുരന്തത്തില്‍ തീരത്തിനും തീരദേശവാസികള്‍ക്കും സുരക്ഷയും പ്രതിരോധവും തീര്‍ക്കുന്ന ഘടകങ്ങളാണ്. വേലിയേറ്റ രേഖയെ അടിസ്ഥാനമാക്കിയ നിയന്ത്രണത്തില്‍ സുനാമി, കടല്‍ക്ഷോഭം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭം ബാധിക്കാനിടയുള്ള പ്രദേശങ്ങളെ പരിഗണിക്കുന്നില്ല.
രാജ്യത്തെ 7,516 കിലോമീറ്റര്‍ തീരപ്രദേശത്തില്‍ 5,700 കിലോമീറ്റര്‍ ചുഴലിക്കാറ്റിനും സുനാമിക്കും സാധ്യതയുള്ളതാണെന്ന് സുസ്ഥിര തീരദേശ മാനേജ്‌മെന്റിനായുള്ള ദേശീയ കേന്ദ്രം നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. 2017 നവംബറില്‍ തമിഴ്‌നാട്, കേരള തീരത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റും പിന്നീടുണ്ടായ ഗജയും അതു സ്ഥിരീകരിക്കുകയാണു ചെയ്തത്. 2000 ആണ്ടിനുശേഷം ഇന്ത്യയ്ക്ക് എട്ട് ഭയാനക ചുഴലിക്കൊടുങ്കാറ്റുകളെ നേരിടേണ്ടിവന്നു.
തീരദേശ ജനതയുടെ ഉപജീവന സുരക്ഷയെക്കുറിച്ച് പുതിയ ചട്ടങ്ങളില്‍ വ്യക്തതയില്ല. 2011ലെ വിജ്ഞാപനത്തില്‍ മൂന്ന് മുഖ്യ ലക്ഷ്യങ്ങളില്‍ ആദ്യം എടുത്തുപറഞ്ഞത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെ കാര്യമാണ്. തീരദേശത്ത് വ്യവസായ സംരംഭങ്ങളുടെ നിയന്ത്രണം, തീരഭൂമിയിലെ പൊതുപ്രദേശം ഉപയോഗിക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന, തീരദേശവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നയരൂപീകരണത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യം തുടങ്ങി മത്സ്യത്തൊഴിലാളി സമൂഹത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുള്ള നയസമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. വ്യാവസായിക, വാണിജ്യ താല്പര്യങ്ങള്‍ക്കാണ് പ്രാധാന്യം. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ ചതിക്കുഴിയില്‍പെട്ട് തീരദേശവാസികള്‍ക്ക് തങ്ങളുടെ കിടപ്പാടങ്ങള്‍തന്നെ നഷ്ടപ്പെടാനിടയുണ്ട്. തലമുറകളായി വസിച്ചുവരുന്ന തങ്ങളുടെ ഭൂമിയില്‍ നിന്ന് അവര്‍ കുടിയിറക്കപ്പെടും; അവരുടെ ജീവിതസ്രോതസുകള്‍ നശിപ്പിക്കപ്പെടും. കടല്‍ത്തീരത്തെയും കായലോരങ്ങളിലെയും കൈയേറ്റങ്ങള്‍ക്ക് നിയമസാധുത ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല.
തീരദേശ ഹൈവേ, വിഴിഞ്ഞം തുറമുഖം, പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍, സാഗര്‍മാല തുടങ്ങി നിരവധി പദ്ധതികളുടെ ആഘാതം ഏറ്റുവാങ്ങേണ്ട ഇരകളുടെ മുന്‍നിരയില്‍ എന്നും തീരദേശ ജനതയുണ്ട്. കുടിയിറക്കവും പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നുള്ള പിഴുതെറിയലും സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥയുമാണ് അവര്‍ക്കു വിധിച്ചിട്ടുള്ളത്. തീരത്തെ വികസന പദ്ധതികളിലൂടെ കൂടുതല്‍ തൊഴിലവസരവും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രിയും മറ്റും ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ വന്‍കിട വാണിജ്യതാല്പര്യങ്ങള്‍ക്കു മുന്‍പില്‍ തീരമേഖലയിലെ പാവപ്പെട്ടവന്റെ നിലനില്പുതന്നെ ആപത്തിലാകുന്നു. ഇതിനെതിരെ തീരദേശവാസികളും കേരളത്തിലെ പൊതുസമൂഹവും വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.


Related Articles

ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍

അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള ഭടന്മാരുടെ നിയമനങ്ങളില്‍

ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം:  ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*