ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം: അവസാനിക്കാത്ത ചോരക്കളി

ഈ തര്‍ക്കം വളരെ പഴയതാണ്. അതിനെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് എപ്പോഴും പുതിയത്. വിശുദ്ധഗ്രന്ഥത്തിലെ പഴയനിയമ കാലത്തോളം നീളുന്ന പാരമ്പര്യം ജറൂസലേമിനുമേല്‍ അവകാശപ്പെടുന്ന യഹൂദരും കിഴക്കന്‍ ജറുസലേം തങ്ങളുടേതാണെന്ന് വാദിക്കുന്ന അറബ് മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടത്തിന് പുതിയ കാലഘട്ടത്തിന്റെ കാലഗണനയില്‍ പോലും ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓരോ പോരാട്ടവും തീരുമ്പോള്‍ മുറിവുകളുടെ ആഴം കൂടിവരുന്നു എന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത.
പലസ്തീന് പോരാളികളായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് ഇസ്രയേല്‍ രൂക്ഷമായി മറുപടി പറഞ്ഞതോടെ ബലി പെരുന്നാളില്‍ വീണ്ടും രക്തക്കറ പുരണ്ടു. ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ നിന്നാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. മുസ്ലീങ്ങള്‍ പുണ്യമാസമായി കരുതുന്ന റമദാന് മാസത്തിലെ അവസാന വെള്ളിയാഴ്ച്ച നൂറുകണക്കിന് പേര് ഇവിടെ എത്തിയിരുന്നു. ഇസ്ലാംമത വിശ്വാസികളും യഹൂദരും പുണ്യസ്ഥലമായി കരുതുന്ന അല്‍ അഖ്സയുടെ നിയന്ത്രണത്തിന്റെ പേരില്‍ ഇസ്രായേലും പലസ്തീനും തമ്മില്‍ കാലങ്ങളായി തര്‍ക്കം തുടരുന്നുണ്ട്. നിലവില്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാണ് ജറുസലേം. അല്‍ അഖ്സയില്‍ എത്തിയ ഇസ്ലാം വിശ്വാസികളും ഇസ്രായേല്‍ പൊലീസും തമ്മില്‍ ഉണ്ടായ ബലപ്രയോഗത്തിന് പിന്നാലെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. ഇതോടെ ജറുസലേം തെരുവുയുദ്ധക്കളമായി മാറുകയായിരുന്നു.
ഇസ്രായേല്‍ അധീനതയിലുള്ള ഷെയ്ഖ് ജാറ പ്രദേശത്ത് നിന്ന് കുടിയൊഴിക്കപ്പെട്ട പലസ്തീനികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ഉടനെ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തില്‍ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും പ്രകോപനങ്ങളും ഇരുഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ബെഞ്ചമിന്‍ നെതന്യാഹുവിന് നഷ്ടമായിരുന്നു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സഖ്യകക്ഷികളുടെ നിസഹകരണത്തെ തുടര്‍ന്ന് പ്രതിപക്ഷ സ്ഥാനത്തേക്ക് പോകുന്നതിന്റെ വക്കിലാണ് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഇതിനിടയ്ക്കാണ് നിലവിലെ സംഘര്‍ഷം എന്നത് ഇനിയുള്ള പ്രകോപനങ്ങള്‍ തടയുന്നതിനും വിലങ്ങായേക്കുമെന്നാണ് നിരീക്ഷിക്കുന്നത്.
അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേല്‍ പൊലീസ് നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് ഹമാസ് സൈനികര്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തിയത്. മെയ് 10ന് വൈകീട്ട് ഗാസയില്‍ നിന്ന് ഇസ്രായേല്‍ ലക്ഷ്യമാക്കി 200 റോക്കറ്റുകള്‍ ഹമാസ് തൊടുത്തു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇവയില്‍ മൂന്നിലൊന്ന് ഇസ്രായേലില്‍ എത്തിയില്ലെങ്കിലും ഇത്രയും ആയുധകരുതല് ഹമാസിനുണ്ടായിരുന്നുവെന്നത് ഇസ്രായേലിനെ ഞെട്ടിച്ചിട്ടുണ്ട്. ഹമാസിന്റെ ഈ ആക്രമണത്തിലാണ് മലയാളിയായ വനിത കൊല്ലപ്പെട്ടത്. പതിവുപോലെ ശക്തമായ രീതിയില്‍ തന്നെയാണ് ഇസ്രയേല്‍ ഹമാസിനു മറുപടി നല്‍കിയത്.
ഗാസയില്‍ 130 ഇടങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഹമാസ് ഫീല്‍ഡ് കമാണ്ടറുടെ വീട് ആക്രമണത്തില്‍ തകര്‍ത്തു. ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഹമാസ് സൈനികര്‍ പണിതിരുന്ന രണ്ട് ടണലുകള്‍ തകര്‍ത്തു. ടണലുകള്‍ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഇസ്രായേല്‍ പരീക്ഷിച്ചിരുന്നു. ഇത് വിജയകരമായി പരീക്ഷിക്കാനും കഴിഞ്ഞെന്ന് സൈനിക വക്താവ് വിശദീകരിച്ചു. 15 ഹമാസ് പോരാളികളെ വധിച്ചെന്നാണ് ഇസ്രായേലിന്റെ കണക്ക്.
വ്യോമാക്രമണത്തിലാണ് ഗാസയില്‍ അധികം പേര്‍ക്കും പരിക്കേറ്റതെന്ന് ഗാസയിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ ഒരേ കുടുംബത്തില്‍ നിന്നാണ് എന്നാണ് സ്ഥിരീകരണം. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബെയ്റ്റ് ഹനൂന്‍ എന്ന ഗാസയിലെ പട്ടണത്തിലാണ് സംഭവം.
സംഘര്‍ഷത്തിന്റെ വഴിത്താരകള്‍
ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനുമിടയിലുള്ള, എമ്പാടും ചോരപുരണ്ട ഒരു തുണ്ട് ഭൂമിക്കുവേണ്ടിയുള്ള ഈ പോരാട്ടമാരംഭിച്ചിട്ട് 100 വര്‍ഷത്തോളമായി. തങ്ങളുടെ ഭൂമിയില്‍ നിന്ന് പല കാരണങ്ങളാല്‍ നിഷ്കാസിതരായ യഹൂദര്‍ 1882 മുതല്‍ 1948 വരെ നീണ്ടു നിന്ന സംഘര്‍ഷഭരിതമായ കുടിയേറ്റത്തിലൂടെ നിര്ദ്ദിഷ്ടഭൂമിയില് സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചു. 1917ല്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ഈ പ്രദേശം ഭരിച്ചിരുന്ന ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം പരാജയപ്പെട്ടതോടെ പ്രദേശം ബ്രിട്ടീഷ് കോളനിയായി മാറുകയായിരുന്നു. യഹൂദര്‍ക്ക് ഈ മേഖല കേന്ദ്രീകൃതമായി സ്വതന്ത്രമായ ഒരു രാഷ്ട്രം വേണമെന്ന ചിന്ത പാശ്ചാത്യരാഷ്ട്രങ്ങളില്‍ ശക്തമാകാന്‍ തുടങ്ങിയത് ഇതോടെയാണ്. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ യഹൂദരെ ഉന്മൂലനം ചെയ്യാന്‍ ആരംഭിച്ചതോടെ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇസ്രായേല്‍ എന്ന ആശയത്തിന് പിന്തുണയേകി. 1948ല്‍ ബ്രിട്ടന് ഈ മേഖലയില്‍ നിന്നു പിന്മാറിയതോടെ യഹൂദര്‍ ഒരു സ്വതന്ത്ര ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിച്ചു. അതിനു മുമ്പുതന്നെ പലസ്തീനില്‍ ജൂതരാഷട്രം സ്ഥാപിക്കാനുള്ള തീരുമാനം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന അര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ 1917 നവംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരുന്നു. 1946ല്‍ ലോകത്താകമാനം ചിതറിക്കഴിഞ്ഞിരുന്ന ഒരു ലക്ഷം യഹൂദന്മാരെ പലസ്തീനില്‍ പ്രവേശിപ്പിക്കാനുള്ള ശുപാര്‍ശ യുഎസ് പ്രസിഡന്റ് ട്രുമാന് അംഗീകരിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ ഒരു യഹൂദരാഷ്ട്രം സൃഷ്ടിക്കുന്ന കാര്യത്തില്‍ തന്റെ പിന്തുണ അദ്ദേഹം തുറന്നുതന്നെ പ്രഖ്യാപിച്ചു. അബ്രഹാമിക് മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയ്ക്ക് മതപരമായ പ്രത്യേക പ്രാധാന്യമുള്ള ജറുസലേമിനെ ഒരു പ്രത്യേക അന്തര്‍ദ്ദേശീയ നഗരമായി അംഗീകരിക്കുകയും അന്തര്‍ദ്ദേശീയ നിയന്ത്രണത്തില്‍ ഒരു പ്രത്യേക അന്തര്‍ദ്ദേശീയ ഭരണസംവിധാനം ഏര്‍പ്പെടുത്തുവാനും തീരുമാനിക്കപ്പെട്ടു. അങ്ങനെ, ഇസ്രയേല്‍ രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ പലസ്തീന് വിഭജിക്കപ്പെട്ടു. 1947 നവംബര്‍ 29 ന് ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലി പലസ്തീന് വിഭജിക്കുവാനുള്ള തീരുമാനം അംഗീകരിച്ചു. പാലസ്തീനെ യഹൂദ രാഷ്ട്രവും അറബി രാഷ്ട്രവും എന്ന നിലയില്‍ രണ്ടായി വിഭജിക്കുക. മൊത്തം ഭൂഭാഗത്തിന്റെ 55 ശതമാനം യഹൂദര്‍ക്കും 45 ശതമാനം അറബികള്‍ക്കും. ജറുസലേമിനെ അന്താരാഷ്ട്ര മേഖലയാക്കുകയും വേണം എന്നതായിരുന്നു പ്രഖ്യാപനത്തിന്റെ കാതല്‍.
1948 മെയ് 14-ന് യഹൂദര്‍ക്കായി ഇസ്രയേല്‍ എന്ന രാജ്യം രൂപീകൃത്യമായി. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ഈ തീരുമാനം ജൂതര്‍ സ്വീകരിച്ചുവെങ്കിലും പലസ്തിനിയന്‍ അറബികള്‍ ഇത് അംഗീകരിക്കുവാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടുത്തന്നെ ഇതിനെതിരെ പോരാടാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് 1948-ലെ അറബ് ഇസ്രയേല്‍ യുദ്ധം നടന്നു. അറബിരാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍, ലെബനന്, ഇറാഖ്, എന്നിവര്‍ ചേര്‍ന്ന് 1948 മെയ് മാസത്തില്‍ ഇസ്രയേലിനെ ആക്രമിച്ചു. ജോര്‍ദ്ദാന്‍ സൈന്യം കിഴക്കന്‍ ജറുസലേം കീഴടക്കിയെങ്കിലും ശത്രുക്കളെ മുഴുവന്‍ പ്രതിരോധിച്ച് ഇസ്രയേല്‍ ചെറുത്തു നിന്നു. 1949-ല്‍ വെടിനിര്‍ത്തലുണ്ടായി. കരാര്‍വഴി ജറുസലേം രണ്ടായി പകുക്കപ്പെട്ടു. ആ അതിരിനെ ഗ്രീന്‍ലൈന്‍ എന്ന് വിശേഷിപ്പിക്കുന്നു. യുദ്ധഫലമായി ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറുള്ള പ്രദേശത്തിന്റെ 29 ശതമാനം ഇസ്രയേലിന് ലഭിച്ചു. യൂദിയായിലെ പര്‍വ്വത പ്രദേശങ്ങളും സമരിയായുമടങ്ങുന്ന വെസ്റ്റ് ബാങ്ക് പ്രദേശം ജോര്‍ദാനും കൈവശപ്പെടുത്തി. പ്രസിദ്ധമായ പഴയ നഗരമുള്‍പ്പെടെയുള്ള ഗാസാ മുനമ്പില്‍ ഈജിപ്ത് അവകാശം സ്ഥാപിച്ചു. നേരത്തെ യഹൂദരോടൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്ന അറബ് മുസ്ലീങ്ങളും ക്രൈസ്തവരും അതോടെ സ്വന്തം രാജ്യമില്ലാത്തവരായി തീര്‍ന്നു.
ഐക്യരാഷ്ട്രസഭ പ്രമേയം വഴി മുമ്പ് പലസ്തീന് അനുവദിക്കപ്പെട്ട ഭൂഭാഗത്തില്‍ നിന്ന് കൂടുതല്‍ സ്ഥലം ഇസ്രായേലും ഈജിപ്തും നേടിയെടുക്കുന്ന തരത്തില്‍ യുദ്ധാവസാനക്കരാറില് ഒപ്പിടപ്പെട്ടു. അറബ് രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ പോരാട്ടം തുടര്‍ന്നു. 1967ല്‍ ആറു ദിവസം മാത്രം നീണ്ടു നിന്ന മിന്നല്‍ യുദ്ധത്തിലൂടെ ഇസ്രായേല്‍ നിര്‍ണായക വിജയം നേടി. കിഴക്കന്‍ ജറുസലേം, വെസ്റ്റ്ബാങ്ക്, സിറിയയുടെ കൈവശമായിരുന്ന ഗോലാന്‍ കുന്നുകള്‍, ഗാസ, ഈജിപ്തിന്റെ സീനായ് മേഖലകള്‍ എന്നിവ ഇസ്രായേലിന്റെ അധീനതയിലായി. ജോര്‍ദാന്‍, സിറിയ, ലബനോണ്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലും ഗാസയിലും വെസ്റ്റ്ബാങ്കിലുമായിരുന്നു ഈ സമയത്ത് പലസ്തീന് അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. ഈ പ്രദേശങ്ങള്‍ ഇസ്രയേലിന്റെ കൈവശമായതോടെ അഭയാര്‍ത്ഥികള്‍ക്ക് ഗാസയിലേക്കും വെസ്റ്റ്ബാങ്കിലേക്കും മടങ്ങിവരാന്‍ കഴിയാതായി. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍വാങ്ങിയെങ്കിലും അവരുടെ സൈനികമേല്നോട്ടം അവിടെ തുടര്‍ന്നു. ആറു ലക്ഷത്തോളം യഹൂദരെ ഗാസയില്‍ ഇസ്രായേല്‍ കുടിയിരുത്തി. ജറുസലേം ചരിത്രപരമായി തങ്ങളുടേതാണെന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിച്ചത്. എന്നാല്‍ കിഴക്കന്‍ ജറുസലേം തങ്ങളുടേതാണെന്നും അതു വിട്ടുതരണമെന്നും പലസ്തീന് ആവശ്യപ്പെട്ടു. അമേരിക്കന്‍ പക്ഷത്തുള്ള രാഷ്ട്രങ്ങള്‍ ഇസ്രായേലിനെയും സോവിയറ്റ് യൂണിയന്റെ ചേരിയിലുള്ളവര്‍ പലസ്തീനെയും പിന്തുണച്ചു.
സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ പലസ്തീന് തീവ്രവാദസംഘടനയായ ഹമാസ് ആയുധമണിഞ്ഞു. ഹമാസിന്റെ വളര്‍ച്ച തങ്ങള്‍ക്കു ഭീഷണിയാകുമെന്ന് മനസിലാക്കിയ ഈജിപ്ത് തങ്ങളുടെ രാജ്യത്തുകൂടെ ആയുധം കടത്തുന്നതില്‍ നിന്ന് ഹമാസിനെ വിലക്കി. പലസ്തീനില്‍ താമസിച്ചിരുന്നവരെ ഇസ്രായേല്‍ സേനയും ഹമാസും ഒരു പോലെ പീഡിപ്പിച്ചിരുന്നതായാണ് വിവരം.
നയങ്ങളില്‍ മാറ്റം
ഈജിപ്ത്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയുമായി ഒത്തുതീര്‍പ്പിലെത്തിയതോടെ പലസ്തീന് രാഷ്ട്രവാദം അവര്‍ ഉപേക്ഷിച്ചു. അതോടെ അറബ് നേതൃത്വം പിളര്‍ന്നുമാറി. ഹമാസിനെ ആയുധം ധരിക്കാന്‍ പ്രേരിപ്പിച്ച സോവിയറ്റ് യൂണിയന് പിളരുകയും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ നാമാവശേഷമാകുകയും ചെയ്തതോടെ പലസ്തീന് പോരാട്ടങ്ങളുടെ വീര്യം നഷ്ടപ്പെട്ടു. ഗ്രൂപ്പ് പോരും പിളര്‍പ്പും പലസ്തീനിയന്‍ നേതൃത്വത്തെയും കുഴപ്പത്തിലാക്കി.
2008 നവംബറില്‍ പലസ്തീന് ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് റോക്കറ്റ് ആക്രമണം പുനരാരംഭിച്ചു. അത്യാധുനിക ആയുധശേഷിയുമുള്ള ഇസ്രായേല്‍ ശക്തമായ പ്രത്യാക്രമണം നടത്തി. 2008 ഡിസംബര്‍ 27 മുതല്‍ ഹമാസിനും മറ്റു സംഘടനകള്‍ക്കുമെതിരെ തുറന്ന യുദ്ധം ഇസ്രായേല്‍ പ്രഖ്യാപിച്ചു. ആകാശത്തില്‍ നിന്നുള്ള ആക്രമണങ്ങളും യുദ്ധക്കപ്പലില്‍ നിന്നുള്ള ബോംബാക്രമണങ്ങളും അപ്പാച്ചെ ഹെലികോപ്ടറിന്റെ ആക്രമണത്തെ പിന്‍പറ്റിയുള്ള വമ്പിച്ച കരയാക്രമണവും ഭൂമിക്കടിയിലെ സംവിധാനങ്ങളെ ലക്ഷ്യം വെക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ബോംബാക്രമണ ലക്ഷ്യങ്ങളെ കണ്ടെത്താനുള്ള ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനത്തിന്റെ ഉപയോഗവും ഇസ്രയേല്‍ ഈ യുദ്ധത്തില്‍ പരീക്ഷിച്ചു.
1995ല്‍ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് അനുകൂലമായി യുഎസ് കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നീക്കമാണ് അടുത്തിടെ പുനരവതരിപ്പിച്ചത്.
പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ച ആദ്യരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നെഹ്റുവിന്റെ കാലം മുതല്‍ പലസ്തീനുമായി ഊഷ്മളബന്ധം തുടര്‍ന്നുപോന്നു. പലസ്തീന് പ്രസിഡന്റ് യാസര്‍ അരാഫത്തുമായി ഇന്ത്യന്‍ നേതാക്കള്‍ വ്യക്തിപരമായ മികച്ച ബന്ധമാണ് കാത്തുസൂക്ഷിച്ചുപോന്നിരുന്നത്. ഇന്ത്യ അക്കാലത്ത് സോവിയറ്റ് ചേരിയിലായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനമായിരുന്നു കിഴക്കന്‍ ജറുസലേമെന്നും. ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നുമായിരു
എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിദേശനയങ്ങളില്‍ കാതലായ വ്യതിയാനം സംഭവിച്ചു. അമേരിക്കയോടും ഇസ്രയേലിനോടും സൗഹാര്‍ദ്ദപരമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. സൈനികസഖ്യങ്ങളും പ്രകടമായി തന്നെ ആരംഭിച്ചിട്ടുണ്ട്. ലോകത്ത് ഇസ്ലാമിക ഭീകരവാദം വലിയ തോതില്‍ ആരംഭിക്കുന്നതിന് പലസ്തീന് സംഘര്‍ഷം വഴിയൊരുക്കിയിട്ടുണ്ട്. ഐഎസ് പോലുള്ള ഭീകരസംഘടനകളും ബിന്‍ ലാദനെ പോലുള്ള ഭീകരരെയും വളര്‍ത്തിയതില്‍ പലസ്തീന് സംഘര്‍ഷം വഴിമരുന്നിട്ടു. പ്രശ്നം നയപരമായി പരിഹരിക്കേണ്ടതിനു പകരം ഇരുഭാഗത്തേയും ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുക വഴി ശീതയുദ്ധകാല ചേരികളിലുള്ളവര്‍ പലസ്തീന് പ്രശ്നം ആളിക്കത്തിച്ചു. ചേരികളില്‍ ഇപ്പോള്‍ പ്രകടമായ മാറ്റമുണ്ടെങ്കിലും ശാശ്വതമായി പ്രശ്നം പരിഹരിക്കാന്‍ ആരും മുന്‍ കയ്യെടുക്കുന്നില്ല.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം -ബിഷപ് ഡോ. ക്രിസ്തുദാസ് ആര്.
തിരുവനന്തപുരം: മത്സ്യമേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ് ആര്. കേരള മത്സ്യമേഖലാ വിദ്യാര്‍ഘി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നിയമസഭാ
കൊവിഡ് പ്രതിരോധത്തിന് കരുതലായി കാവുങ്കലില്‍ എട്ടു ഡോക്ടര്‍മാര്‍ കൂടി
ആലപ്പുഴ: മഹാമാരിയുടെകാലത്ത് കാവുങ്കല്‍ ഗ്രാമം എട്ടു ഡോക്ടര്‍മാരെകൂടി സംഭാവന ചെയ്തു. ‘ഡോക്ടര്‍മാരുടെ ഗ്രാമം’ എന്നറിയപ്പെടുന്ന കാവുങ്കലില്‍ ഇപ്പോള്‍ അമ്പതിലേറെ ഡോക്ടര്‍മാരുണ്ട്. കാവ്യ സുഭാഷ്, ഗോപീകൃഷ്ണന്, ആദര്‍ശ് അശോക്,
ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്കപ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ