ഇസ്രായേലിന്റെ പ്രഥമ രാജാവ്

ഇസ്രായേലിന്റെ പ്രഥമ രാജാവ്

ഈജിപ്തിന്റെ അടിമത്തത്വത്തില്‍ നിന്നും രക്ഷപ്പെട്ട് കാനാന്‍ ദേശത്തെത്തിയ ഇസ്രായേല്‍ ജനതയ്ക്ക് ഏറെകാലത്തോളം രാജാവുണ്ടായിരുന്നില്ല. യഹോവ തിരഞ്ഞെടുത്ത ന്യായാധിപന്മാരാണ് അവരെ നയിച്ചിരുന്നത്. എന്നാല്‍ മറ്റു ദേശക്കാരെ പോലെ തങ്ങള്‍ക്കും ഒരു രാജാവ് വേണമെന്ന് ഇസ്രായേല്‍ ജനത്തിനു തോന്നി. സാമുവലായിരുന്നു അക്കാലത്തെ ന്യായാധിപന്‍. സാമുവല്‍ നല്ലവനും ദൈവഭയമുള്ളവനുമായിരുന്നു. വൃദ്ധനായപ്പോള്‍ തന്റെ കാലശേഷം തന്റെ മക്കളെ പിന്‍ഗാമികളാക്കാമെന്ന് അദ്ദേഹം കരുതി. എന്നാല്‍ തങ്ങള്‍ക്ക് ന്യായാധിപന്മാരല്ല രാജാക്കന്മാരാണ് ഇനി വേണ്ടതെന്ന് ജനം ശഠിച്ചു പറഞ്ഞു. ബിസി 1050 കാലഘട്ടമായിരുന്നു അത്. ഫിലസ്ത്യര്‍ ഇസ്രായേലിന്റെ ശത്രുക്കളായിരുന്നു. ശക്തരായ ഫിലിസ്ത്യരുടെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ ഇസ്രായേലിന് കഴിഞ്ഞിരുന്നില്ല. വാഗ്ദാനപേടകം പോലും അവര്‍ പിടിച്ചെടുക്കുകയും ആയിരക്കണക്കിന് ഇസ്രായേല്യരെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ കാരുണ്യത്താല്‍ മാത്രമാണ് ഇസ്രായേല്‍ ശത്രുവിനെ അതിജീവിച്ചത്. തങ്ങളെ നയിക്കാന്‍ രാജാവ് വേണമെന്ന ജനത്തിന്റെ ആവശ്യം ഇത്തരമൊരു അരക്ഷിതാവസ്ഥയില്‍ നിന്നുമാണ് ഉടലെടുത്തത്.
സാമുവല്‍ ജനത്തിന്റെ ആവശ്യം ദൈവത്തെ അറിയിച്ചു. ജനത്തിന്റെ ആവശ്യം നിറവേറ്റാന്‍ ദൈവം സാമുവലിനോടു കല്പിച്ചു. എന്നാല്‍ രാജാക്കന്മാരുടെ ഭരണത്തെക്കുറിച്ച് അവര്‍ക്ക് സൂചന നല്കണമെന്നും ദൈവം ആവശ്യപ്പെട്ടു. അതനുസരിച്ച് രാജഭരണം വന്നാല്‍ എപ്രകാരം സാധാരണക്കാര്‍ ചൂഷണം ചെയ്യപ്പെടുമെന്ന് സാമുവല്‍ അവരെ അറിയിച്ചു. ”നിങ്ങള്‍ അവന്റെ അടിമകളായിരിക്കും. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല”(1 സാമുവല്‍ 8-18). സാമുവല്‍ പറഞ്ഞതൊന്നും ജനം കേട്ടില്ല. രാജാവിനെ വേണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ഇസ്രായേല്‍കാര്‍ക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്കാന്‍ ദൈവം സാമുവലിനോട് ആവശ്യപ്പെട്ടു. പിറ്റേന്ന് ഇതേസമയം രാജാവാകാന്‍ താന്‍ തെരഞ്ഞെടുത്തിരിക്കുന്നവനെ സാമുവലിന് കാണിച്ചുകൊടുക്കാമെന്നും ദൈവം പറഞ്ഞു.
ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായിരുന്നു ബഞ്ചമിന്‍ ഗോത്രം. ഗോത്രത്തിലെ കിഷ് എന്നയാളുടെ പുത്രനായിരുന്നു സാവൂള്‍. അസാമാന്യഉടല്‍ക്കെട്ടും സുന്ദരമായ വദനവുമുണ്ടായിരുന്നു സാവൂളിന്. ‘ അവനെക്കാള്‍ കോമളനായി ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു’ എന്നാണ് വിശുദ്ധഗ്രന്ഥത്തില്‍ സാവൂളിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
കിഷിന്റെ കാണാതെ പോയ കഴുതകളെ അന്വേഷിച്ച് സാവൂളും ഭൃത്യനും സൂഫിന്റെ ദേശത്തെത്തി. അവിടെ പ്രശസ്തനായ ഒരു ദീര്‍ഘദര്‍ശിയുണ്ടെന്ന് ഭൃത്യന്‍ സാവൂളിനോടു പറഞ്ഞു. കഴുതകളെ എവിടെ കണ്ടുകിട്ടുമെന്ന് അദ്ദേഹം പറഞ്ഞു തരുമെന്നും അറിയിച്ചു. പ്രതിഫലമായി തന്റെ കൈവശമുണ്ടായിരുന്ന വെള്ളി ദീര്‍ഘദര്‍ശിക്കു നല്കാമെന്നും ഭൃത്യന്‍ പറഞ്ഞു. പട്ടണവാതിക്കല്‍ കണ്ടുമുട്ടിയ ഒരാളോട് ദീര്‍ഘദര്‍ശിയെ കണ്ടോ എന്ന് അവര്‍ അന്വേഷിച്ചു. അത് സാമുവലായിരുന്നു. ദൈവം ഇസ്രായേല്‍ ജനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന രാജാവാണ് തന്റെ മുന്നില്‍ വന്നിരിക്കുന്നതെന്ന് സാമുവലിന് ബോധ്യമായി. അവന്‍ അവരോടു പറഞ്ഞു; ”കാണാതെ പോയ കഴുതകളെ കുറിച്ച് ആശങ്കാകുലരാകേണ്ട. അവ തിരികെ എത്തിക്കഴിഞ്ഞു. ഇസ്രായേലിലുള്ളതെല്ലാം നിനക്കും നിന്റെ പിതൃഭവനത്തിനും അവകാശപ്പെട്ടതാണ്.” സാമുവല്‍ പറഞ്ഞത് സാവൂളിന് ഉള്‍ക്കൊള്ളാനായില്ല. കാരണം ഏറ്റവും ചെറിയ ബഞ്ചമിന്‍ ഗോത്രത്തിലെ ഏറ്റവും എളിയ കുടുംബത്തില്‍ നിന്നുള്ളവനാണ് താനെന്ന് അവനു ബോധ്യമുണ്ടായിരുന്നു. സാമുവല്‍ മറുപടി ഒന്നും പറയാതെ അവരെ മലമുകളിലുള്ള ഭക്ഷണശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഏറ്റവും ഉന്നതരായ 30 പേരാണ് ഭക്ഷണശാലയിലുണ്ടായിരുന്നത്. അവിടെ സാവൂളിനെ പ്രമുഖസ്ഥാനത്തിരുത്തുകയും ഏറ്റവും നല്ല ഭക്ഷണം അവനു വിളമ്പുകയും ചെയ്തു. അവര്‍ പട്ടണത്തിലേക്കു മടങ്ങിചെന്ന് രാത്രി ഒരു വീട്ടില്‍ കഴിച്ചുകൂട്ടി.
പിറ്റേന്ന് രാവിലെ സാവൂളും ഭൃത്യനും യാത്രപുറപ്പെട്ടു. സാമുവലും അവരോടൊത്ത് നഗരാതിര്‍ത്തിയിലേക്കു നടന്നു. ഭൃത്യനോട് മുന്‍പേ നടക്കാന്‍ ആജ്ഞാപിച്ചിട്ട് സാമുവല്‍ കയ്യില്‍ കരുതിയിരുന്ന പാത്രത്തിലെ ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസില്‍ ഒഴിച്ചു. അവനെ ചുംബിച്ചുകൊണ്ടു ദൈവഹിതം സാവൂളിനെ അറിയിച്ചു.
സാവൂള്‍ തന്റെ ദേശത്തേക്ക് മടങ്ങിപോയി. സാമുവല്‍ എല്ലാ ഗോത്രക്കാരെയും മിസ്പായില്‍ ഒരുമിച്ചു വിളിച്ചു ചേര്‍ത്തു. സാവൂളിനെ കര്‍ത്താവ് രാജാവായി തെരഞ്ഞെടുത്തിരിക്കുന്ന വിവരം അറിയിച്ചു. അപ്പോള്‍ രാജാവ് നീണാള്‍ വാഴട്ടെ എന്ന് ജനം ആര്‍ത്തുവിളിച്ചു. രാജധര്‍മത്തെക്കുറിച്ച് ജനങ്ങളോട് സാമുവല്‍ വിശദീകരിച്ചു. ഇത്തരത്തിലാണ് ഇസ്രായേലിന്റെ പ്രഥമ രാജാവ് വാഴിക്കപ്പെട്ടത്. ന്യായാധിപന്മാരുടെ ഭരണകാലം ഇതോടെ അവസാനിക്കുകയും ചെയ്തു.


Tags assigned to this article:
sammuelsaulstory

Related Articles

ആലപ്പുഴ ഒറ്റമശേരി കടലിൽ നിൽപ്പുസമരം നടത്തി

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് ‘നിൽപ് സമരം’ നടത്തി. 19/6/19 രാവിലെ 11 മണിമുതൽ 12.30 വരെ ഒറ്റമശ്ശേരി കടലിലാണ്

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: പാരസ്പര്യത്തിന്റെ ദൈവം

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15) മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു

പൊതുരാഷ്ട്രീയത്തില്‍ ലത്തീന്‍ സമുദായത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു – എന്‍.കെ.പ്രേമചന്ദ്രന്‍ എംപി

കൊല്ലം: ഇന്ത്യയില്‍ പൊതുരാഷ്ട്രീയം പാര്‍ശ്വവത്കരിക്കപ്പെടുമ്പോള്‍ ഭരണഘടനയോട് കൂറും മാനുഷികമൂല്യങ്ങള്‍ക്ക് വിലയും കല്പിക്കുന്ന ലത്തീന്‍സമുദായത്തിന്റെ പ്രസക്തി പൊതുരംഗത്ത് വര്‍ധിക്കുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*