ഈര്‍ച്ചവാളിന്റെ ഇരകള്‍

ഈര്‍ച്ചവാളിന്റെ ഇരകള്‍

ശരത് വെണ്‍പാല

വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലെ ഒരു രംഗം, നായകന്റെ അമ്മയെ ജീവനോടെ ഈര്‍ച്ചവാളുകൊണ്ട് രണ്ടായി കീറുമ്പോള്‍ ചീറ്റിത്തെറിക്കുന്ന ചോരത്തുള്ളികള്‍ വില്ലനായ തീവ്രവാദി നേതാവിന്റെ മുഖത്തേക്ക് തെറിച്ചുവീഴുന്നതാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയുടെ, ഭയത്തിന്റെ ദൃശ്യങ്ങളെന്ന വില്ലന്റെ ഡയലോഗിന്റെ അകമ്പടിയോടെ ഈ ചിത്രം കാണുമ്പോള്‍ തീവ്രവാദമെന്ന ഈര്‍ച്ചവാളിന്റെ ഇരകളായി ലോകത്തെമ്പാടും അഭയാര്‍ഥികളായി അലയുന്ന മനുഷ്യരുടെ മുഖം മനസിലേക്ക് ഇരച്ചുവന്നു. യുക്രെയ്‌നില്‍ നിന്നു പലായനം ചെയ്യുന്ന സാധാരണ മനുഷ്യരുടെ സമീപകാല ദൃശ്യങ്ങളടക്കം മനസിന്റെ വിങ്ങലായി, നീറ്റലായി. ലോകമനഃസാക്ഷിയെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, പുനീത് ഇന്‍സാര്‍, പ്രകാശ് ബെല്‍വദി, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, അമാന്‍ ഇക്ബാല്‍, ഭാഷാ സുംബില്‍ തുടങ്ങിയവരുടെ അഭിനയ മികവ് കശ്മീര്‍ ഫയല്‍സിനെ വേറിട്ട ദൃശ്യവിരുന്നാക്കുന്നു.

കശ്മീരചരിതം
മഞ്ഞുകൊണ്ട് വരഞ്ഞ കവിതയാണ് കശ്മീര്‍. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും ചരിത്രഗാഥകളിലും പരാമര്‍ശിക്കപ്പെടുന്ന ഭൂമിയിലെ സ്വര്‍ഗം. കശിബ മുനിയുടെ തടാകം വറ്റിക്കല്‍ കഥയും പേരിന്റെ ഗ്രീക്ക് ബന്ധവും ഒരുകാലത്ത് ഈ സ്ഥലം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു എന്നുള്ള പുരാണങ്ങളൊക്കെ നിലവിലുണ്ട.് അതൊന്നും ഇപ്പോള്‍ ജനജീവിതത്തെ ബാധിക്കാത്തതിനാല്‍ അതു മാറ്റിവയ്ക്കാം. ഒരുകാലത്ത് ഹിന്ദുമതത്തിന്റെയും പിന്നീട് ബുദ്ധമതത്തിന്റെയും കേന്ദ്രമായിരുന്ന കശ്മീര്‍ എന്ന ചരിത്രത്തിലേയ്ക്കു വരാം. ഹിന്ദു മതത്തിനു തന്നെ ശൈവസിദ്ധാന്തപ്രബലമായിരുന്ന കശ്മീര്‍. പിന്നെ അശോക ചക്രവര്‍ത്തിയുടെ കാലത്ത് ബുദ്ധമതവും ഹിന്ദുമതവും ഒരുമിച്ച കശ്മീര്‍. പല രാജവംശങ്ങള്‍ മോഹിക്കുകയും ചിലപ്പോള്‍ കീഴടക്കുകയും ചെയ്ത കശ്മീര്‍. 13-ാം നൂറ്റാണ്ടു മുതല്‍ ഷാമീര്‍ തുടക്കംകുറിച്ച ഇസ്ലാം ഭരണകാലത്തെ കശ്മീര്‍. 15-ാം നൂറ്റാറ്റില്‍ മുഗള്‍ ഭരണത്തിന്‍ കീഴിലായ കശ്മീര്‍. അഫ്ഘാന്‍കാരന്‍ ടൊറാനി 1747 മുതല്‍ 1819 വരെ ഭരിച്ച കശ്മീര്‍. സിക്കുകാരന്‍ രഞ്ജിത്ത് സിംഗ് തുടങ്ങി 1846 വരെ സിക്ക് ഭരണത്തിലായിരുന്ന കശ്മീര്‍. ബ്രിട്ടണ്‍ സിക്കുകാരെ കീഴ്‌പ്പെടുത്തി കശ്മീര്‍ പിടിച്ചെടുത്തപ്പോള്‍ ലഹോര്‍ ഉടമ്പടിയോടുകൂടെ ഗുലാബ് സിംഗ് ബ്രിട്ടിഷുകാര്‍ക്ക് പ
ണം കൊടുത്തുവാങ്ങിയ കശ്മീര്‍. 1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ നേട്ടം വരെ ബ്രിട്ടന്റെ പ്രിന്‍സ്ലി എസ്റ്റേറ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതൊന്നായി നിലനിന്ന കശ്മീര്‍.

സ്വാതന്ത്ര്യാനന്തരം രാജാവായ ഹരിസിംഗ് കശ്മീരിനെ സ്വതന്ത്ര്യരാജ്യമാക്കാന്‍ മോഹിച്ച് ഇന്ത്യയോടൊപ്പം ചേരാന്‍ ആദ്യം വിസമ്മതിക്കുകയും പിന്നീട് ഭൂരിപക്ഷ ജനവിഭാഗമായ മുസ്ലിങ്ങളുടെ എതിര്‍പ്പിനെ ഭയന്ന് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യ കശ്മീരിനെ ഇന്ത്യയ്ക്കുള്ളിലേയ്ക്ക് പിടിച്ചുചേര്‍ക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പാക്കിസ്ഥാനൊപ്പം ചേരാന്‍ ആഗ്രഹിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പട്ടാളവും ഗോത്രവര്‍ഗവും പിടിച്ചടക്കിയ പട്ടണം ആസാദി കശ്മീര്‍ ആയതും, ചൈന പിടിച്ചെടുത്ത കശ്മീര്‍ ഭാഗം ചൈനയുടെ സ്വന്തമായി മാറുകയും ചെയ്തത് ചരിത്രം.

ആര്‍ട്ടിക്കിള്‍ 317
ഇന്ത്യയോടു ചേര്‍ന്നുവെങ്കിലും ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 317-ന്റെ ബലത്തില്‍ സ്വന്തമായി ഭരണഘടനയും പതാകയും, രാജ്യസുരക്ഷയും വിദേശനയവും ഒഴികെയുള്ള പരമാധികാരവും കശ്മിരിനുണ്ടായിരുന്നു. ഇന്ത്യക്കാരന് കശ്മീരില്‍ ഭൂമി വാങ്ങാനാവില്ല; കശ്മീരി പെണ്‍കുട്ടി കശ്മീരിയല്ലാത്തൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാല്‍ അവള്‍ക്ക് പിന്നെ കശ്മീരില്‍ സ്വത്തില്ല – അങ്ങനെയുള്ള പ്രത്യേക പരിഗണനകളെല്ലാം അനുഭവിക്കുമ്പോഴും ഒന്നുകില്‍ പാക്കിസ്ഥാന്‍ അല്ലെങ്കില്‍ സ്വയാധികാരമുള്ള കശ്മീര്‍ റിപ്പബ്ലിക് എന്ന് മുസ്ലിങ്ങളായ കശ്മീരികള്‍ ഉറച്ച് സ്വപ്‌നം കണ്ടു. അതിന്റെ ഫലമായി പാക്കിസ്ഥാന്റെയും ചൈനയുടെയും സഹായത്തോടെ മുസ്ലിം തീവ്രവാദം ശക്തിപ്രാപിച്ചു. ആസാദി മുദ്രാവാക്യവുമായി ജെഎന്‍യു പോലെയുള്ള ഇടതുപക്ഷ പാര്‍ട്ടിക്യാമ്പുകള്‍ ഇതിനെ സ്വാതന്ത്ര്യസമരമെന്നും പോരാട്ടമെന്നും വിളിച്ച് ആദര്‍ശ പരിവേഷം നല്കി. തോക്കിന്‍കുഴലിലൂടെ വിപ്ലവം കൊണ്ടുവരാന്‍ ശ്രമിച്ച തീവ്രവാദികള്‍ പാവപ്പെട്ടവരാണെന്നും അവരെ ബ്രാഹ്മണരായ പണ്ഡിറ്റുകള്‍ അടിച്ചമര്‍ത്തുന്നുവെന്നുമുള്ള വര്‍ഗസമര സിദ്ധാന്തങ്ങള്‍ പറഞ്ഞ് മാധ്യമങ്ങളെയും അവര്‍ കയ്യിലെടുത്തു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പ് ഇന്ത്യയുടെ ഭാവിയെപ്പറ്റി അഭിപ്രായം ആരാഞ്ഞ കമ്മീഷന്റെ മുന്‍പില്‍ ഇന്ത്യയെ പതിനാറു നാട്ടുരാജ്യമായി നിലനിര്‍ത്തണമെന്ന് എഴുതിക്കൊടുത്ത കമ്യൂണിസ്റ്റുകാരുടെ പിന്‍തലമുറ ഇത്രയെങ്കിലും ചെയ്യേണ്ടേ!

പാവങ്ങളായ കശ്മീരി മുസ്ലിങ്ങളുടെ കയ്യിലെ കലാഷ്‌നികോവ് തോക്കുകളും ഗ്രനേഡുകളും മഞ്ഞുപാളികള്‍ വകഞ്ഞുമാറ്റിവന്ന ജലദേവത നല്കിയതാവും! ജെകെഎല്‍എഫ് പോലെയുള്ള മുസ്ലിം തീവ്രവാദികളുടെയും പാക്കിസ്ഥാന്റെയും ചൈനയുടെയും ചിലപ്പോഴെങ്കിലും ഇന്ത്യന്‍ സൈനികരുടെയും ഇടയില്‍പെട്ടുപോയ സാധാരണക്കാരുടെ ജീവിതം ഭയം നിറഞ്ഞതായി. ഇന്ത്യയോടു ചേര്‍ന്നുനില്ക്കണമെന്നോ തീവ്രവാദം ആപത്താണെന്നോ പറഞ്ഞ മോഡറേറ്റ് മുസ്ലിങ്ങള്‍ പോലും കൊലചെയ്യപ്പെട്ടപ്പോള്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ സൗഹൃദ സംരക്ഷണത്തിലായിരുന്നു. അബ്ദുള്ളയെപ്പോലെ സെക്യുലരിസ്റ്റും ആദംഗവാദിയുമായി നിറംമാറുന്ന ഓന്തുകളെപ്പോലെ കശ്മീര്‍ ഭരിക്കുന്നവനും മാറിയപ്പോള്‍ ഇന്ത്യയെന്നാല്‍ അയല്‍രാജ്യം എന്നു ചിന്തിക്കുന്ന ഒരു തലമുറ അവിടെ രൂപം കൊണ്ടു.

പണ്ഡിറ്റ് ഉന്മൂലനവും പുറത്താക്കപ്പെടലും
1990-കളില്‍ കശ്മീര്‍ താഴ്‌വരയില്‍ സ്വതവേ സമ്പന്നരും ഭൂഉടമകളുമായ പണ്ഡിറ്റുകളെ തുരത്തുവാന്‍ മോസ്‌കുകളില്‍ നിന്നുണ്ടായ വിശുദ്ധ വിജ്ഞാപനത്തെത്തുടര്‍ന്ന് ആയിരക്കണക്കിനു പണ്ഡിറ്റുകള്‍ വംശഹത്യയ്ക്കിരയായി. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നെടുക്കപ്പെട്ടു. സ്ത്രീകളുടെ മാനം കവരപ്പെട്ടു. കുട്ടികളെ ആയുധം പിടിപ്പിച്ച് പാഞ്ഞടുക്കുന്ന സേനകള്‍ക്കെതിരെ പരിചയാക്കി നിര്‍ത്തി വിലപേശി. കയ്യില്‍ കിട്ടിയതും വാരിയെടുത്ത് പ്രാണരക്ഷാര്‍ഥം ഓടിപ്പോയവര്‍ പലയിടങ്ങളിലായി അഭയാര്‍ഥി ക്യാമ്പുകളില്‍ അന്തിയുറങ്ങി. ഈ ചരിത്രമാണ് കശ്മീര്‍ ഫയലുകള്‍ എന്ന ചിത്രം പറയാന്‍ ശ്രമിക്കുന്നത്.

ആഖ്യാനത്തിന്റെ നിറം
ആര്‍ട്ടിക്കിള്‍ 317 താമ്രപത്രം ഇല്ലായ്മ ചെയ്ത മോദിസര്‍ക്കാരിന്റെ ധീരതയെ പ്രശംസിക്കുന്നു. ഒരു ഇന്ത്യ ഒരു നിയമം ഒരു ഭരണഘടന ഒരേ തലവരയുള്ള പൗരന്മാര്‍ ഇതൊക്കെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ആവശ്യമാണ്. ഇതു സമ്മതിക്കുമ്പോഴും ഒരു രാജ്യത്തിന്റെ പൗരന്മാരെ രാഷ്ട്രം ആദരവോടെ കാണേണ്ടതുണ്ട് എന്ന അടിസ്ഥാനപാഠം പലപ്പോഴും മറന്നുപോകുന്നു. അഭിപ്രായങ്ങള്‍ പറയുന്നവരെ, വ്യത്യസ്തമായി ചിന്തിക്കുന്നവരെയൊക്കെ രാജ്യത്തിന്റെ ശത്രുക്കളെന്നും ദേശവിരുദ്ധരെന്നും മുദ്രകുത്തിയാല്‍ തീവ്രവാദികളും സര്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസം? മുകളില്‍ വിവരിച്ച ബൃഹദാഖ്യാനത്തിന് (metanarrative) പലപരിവേഷമുള്ള ബദല്‍വ്യാഖ്യാനങ്ങള്‍ (alternate narrative), സൂക്ഷ്മവ്യാഖ്യാനങ്ങള്‍ (micro narrative), ഉപാഖ്യാനങ്ങള്‍ (subnarrative) എന്നിവയുമുണ്ട്. സീ സ്റ്റുഡിയോ നിര്‍മിച്ച കശ്മീര്‍ ഫയലുകള്‍ എന്ന ചിത്രത്തിന് വരേണ്യവര്‍ഗത്തിന്റെ ആഖ്യാനശീലങ്ങള്‍ തന്നെയാണുള്ളത്. അതിതീവ്ര വലതുപക്ഷമല്ലെങ്കിലും തീവ്രമെന്നു വിശേഷിപ്പിക്കാവുന്ന മോദിഭക്തി, ഹിന്ദുത്വ ചായ്‌വ് ഇതൊക്കെ ഉണ്ടെന്നുള്ളത് സത്യംതന്നെ. കശ്മീരിലെ ഹിന്ദുക്കളെന്ന പണ്ഡിറ്റുകള്‍ മാത്രമാണ് കശ്മിര്‍ ഹിന്ദു എന്ന പണ്ഡിറ്റുകളെന്ന സമവാക്യം രൂപീകരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കൗശലം സിനിമയ്ക്കുണ്ട്. ഒപ്പം സിക്കുകാര്‍, വൈശ്യര്‍ തുടങ്ങിയവരെപ്പറ്റി ഒരു പരാമര്‍ശവുമില്ലാതെ പണ്ഡിറ്റുകളുടെ മാത്രം വ്യാഖ്യാനമായി ഇത് ചുരുങ്ങുന്നു. മനുവാദികളുടെ കാവി നിറം ഈ ആഖ്യാനത്തിന്റെ നിറമാണ്.

കശ്മീരും കേരളവും
സിനിമയില്‍ പരാമര്‍ശിക്കുന്നതുപോലെ കശ്മീരും കേരളവും സമാനമായി പങ്കിടുന്ന ചരിത്രവുമുണ്ട്. തിരുവിതാംകൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്ര്യരാജ്യമായി നില്ക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ നിര്‍ബന്ധിതരായി. കശ്മീര്‍ പോലെ എല്ലാത്തരം വിശ്വാസങ്ങളെയും ഉള്‍ക്കൊണ്ട സംസ്‌കാരമാണ് കേരളത്തിന്റേത്. തീവ്രവാദം എന്ന പദം കേരളത്തില്‍ അന്യംനിന്നു. എന്നാല്‍ കശ്മീര്‍ പോലെ തീവ്രവാദത്തിന്റെയും അതിനുള്ള ഫണ്ടിംഗ് നിലനിര്‍ത്താന്‍ വേണ്ടി മയക്കുമരുന്നും സ്വര്‍ണവും കടത്തുന്ന മാഫിയകളുടെയുമൊക്കെ വളക്കൂറുള്ള മണ്ണായി കേരളവും മാറിയിരിക്കുന്നു. ഹൈലി ഇന്‍ഫ്‌ളെയ്മബിള്‍ എന്നു വിളിക്കാവുന്ന ഒരന്തരീക്ഷം കേരളത്തിനുണ്ട്. അജണ്ടകള്‍ വച്ചുള്ള മാധ്യമപ്രവര്‍ത്തനം. ഇസ്ലാമിസ്റ്റു രാഷ്ട്രീയത്തിന്റെ കൊടിപിടിക്കുന്ന സര്‍ക്കാരുകള്‍. മോദിഭക്തരായ സംഘികള്‍. സിനിമയിലും സാഹിത്യത്തിലും എന്നു വേണ്ട സകലതിനും മതമളക്കാന്‍, മണത്തുപിടിക്കാന്‍ ഘ്രാണശക്തിയുള്ള നായ്ക്കളെപ്പോലെ സാംസ്‌കാരിക നായകര്‍, വീക്ഷകര്‍ അങ്ങനെ നീളുന്നു പട്ടിക. വെറും 30 വര്‍ഷത്തിനു മുന്‍പുമാത്രമാണ് ഇന്ത്യയില്‍ ഈ തീവ്രവാദത്തിന്റെ ഇരകളുണ്ടായതെന്നു പറയുമ്പോള്‍ കേരളത്തില്‍ ഇതു സംഭവിക്കുവാന്‍ എത്രനാള്‍ കൂടി കാക്കണം എന്നതാണ് ചോദ്യം.

സമര്‍പ്പണം
ഈര്‍ച്ചവാളുകള്‍ ഇരയെ കീറിമുറിക്കുന്ന ക്രൗരസ്വരവും ചീറ്റിത്തെറിക്കുന്ന ഇരകളുടെ ചോരത്തുള്ളികളുടെ നിറവും തീവ്രവാദത്തിന്റെ സ്വരമാണ്, നിറമാണ് ലോകത്തെവിടെയും. തീവ്രവാദമെന്ന ഈര്‍ച്ചവാള്‍ കീറിമുറിക്കുന്നത് പച്ചമനുഷ്യനെയാണ്, മനുഷ്യത്വത്തെയാണ്. ചരിത്രത്തിന്റെ ചിരാതുകളില്‍ കൊളുത്തിവച്ച വെളിച്ചത്തെയാണ്. അതു കീറിയ സംസ്‌കാരങ്ങളെയാണ്. മതപഠനത്തിന്റെ മറവില്‍ തീവ്രവാദത്തിന്റ ഈര്‍ച്ചവാളുകളെ രാകിമുര്‍ച്ചവയ്പ്പിക്കുന്നതിന്റെ സ്വരം കേള്‍ക്കുമ്പോഴും ഈന്തപ്പഴത്തിന്റെ കുരുക്കളില്‍ സ്വര്‍ണം തിരയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, സാംസ്‌കാരിക രംഗത്തെ നീലക്കുറുക്കന്മാര്‍ ഇവരെല്ലാം മൗനമാണ്. തീവ്രവാദമെന്ന ഇര്‍ച്ചവാളിനിരകളായി മരണമടഞ്ഞവര്‍ക്കും ഇനി മരിക്കാനിരിക്കുന്നവര്‍ക്കും ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
kshmir filessarath venpalasteafen chelakara

Related Articles

പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്‍ക്കും. ഒരായുഷ്‌ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്

മഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം

  വിശാലമായ ഇന്ത്യ മഹാരാജ്യത്ത് മുഴുവനായി ഒരേയളവില്‍ 40 ദിവസം അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊവിഡ്‌വ്യാപനം ഇത്രയൊക്കെ പിടിച്ചുനിര്‍ത്താനായതെന്ന് പ്രധാനമന്ത്രി സ്വയം ന്യായീകരിച്ചുകൊള്ളട്ടെ. പക്ഷേ രാജ്യത്തെ 134

വയോധികരെ ചികിത്സിക്കുമ്പോള്‍

മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*