ഈശോയുടെ സ്വന്തം അജ്‌ന: കാല്‍വരിയിലേക്കുള്ള അനുയാത്ര…

ഈശോയുടെ സ്വന്തം അജ്‌ന: കാല്‍വരിയിലേക്കുള്ള അനുയാത്ര…

മറുനാട്ടിലെ എന്റെ താമസക്കാലം, ഞാന്‍ പഠിക്കുന്ന വിഷയം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഒരു ആശുപത്രിയിലാണ് താമസം. അവിടെ എന്റെ മുറി ഐ.സി.യുവിനും എന്‍.ഐ.സി.യുവിനും ഒത്തനടുക്ക്! ഐ.സി.യുവില്‍ എന്നുംതന്നെ മരണം സംഭവിക്കുന്നു; എന്‍.ഐ.സി.യുവില്‍ എന്നുംതന്നെ ജനനം സംഭവിക്കുന്നു. ജനനത്തിനും മരണത്തിനും ഒത്ത നടുക്ക് പച്ചമനുഷ്യനായി ഞാന്‍! അനേകം മരണക്കാഴ്ചകള്‍ക്ക് സാക്ഷിയായിരുന്നു ഞാന്‍. അതില്‍ സ്വര്‍ഗീയമായ ധ്യാനാവസ്ഥ പ്രദാനം ചെയ്തൊരു മരണമുണ്ട്; ജോയല്‍ റൊക്കോമോറ എന്നൊരു ചൈനീസ് ഫിലിപ്പീനോ പയ്യന്റെ മരണം. നിയമവിദ്യാര്‍ഥിയായിരുന്നു. ഒരിക്കല്‍ കുഴഞ്ഞുവീണ അവന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. അവന്റെ ടെസ്റ്റുകളുടെ റിസള്‍ട്ട് വന്നു. ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന് അവന്റെ പേര് വെട്ടിമാറ്റപ്പെടുവാന്‍ ഏതാനും മാസങ്ങളേ ബാക്കിയുള്ളൂ എന്ന വിവരം അവനെ അറിയിക്കുവാന്‍ സുഹൃത്തായ എന്നോടുതന്നെ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

അതൊരു ക്രിസ്മസ് കാലമായിരുന്നു. മരങ്ങളെല്ലാം ഇലപൊഴിക്കുന്ന തണുത്തുറഞ്ഞ ആ ദിനങ്ങളിലൊന്നില്‍ എന്റെ മുറി അലങ്കരിക്കുന്ന ജോയലിനോട് അവന്റെ രോഗവിവരങ്ങള്‍, കടമെടുത്ത തണുത്ത ഭാവത്തോടെ, ഞാന്‍ പറയുന്നു!

കൊടുംതണുപ്പത്ത് പെട്ടെന്നൊരു ഉരുകിയൊലിക്കല്‍… ജോയല്‍ വിതുമ്പിക്കരയാന്‍ തുടങ്ങുന്നു.

അമ്മയെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ജീവിക്കാന്‍ ഒരവസരം കൂടി തരണമേയെന്ന് അവന്‍ കരഞ്ഞു പറയുകയാണ്! ആശ്വാസവാക്കുകള്‍ ഉള്ളിലുറഞ്ഞുപോയി. കൂടില്ലാത്ത പക്ഷിയെപ്പോലെ തണുത്ത് വിറങ്ങലിച്ചുനില്ക്കുന്ന അവന് കൂടാകാന്‍ എനിക്കു കഴിയുന്നില്ല.

”Jesus will take care of you!” എന്നുമാത്രം മൃദുവായി പറഞ്ഞു.

പിന്നീട് അവന്റെ വീട്ടില്‍ വൈകുന്നേരങ്ങളിലെ നിത്യസന്ദര്‍ശകനായി ഞാന്‍. അവന്റെ വീട്ടിലേക്കുള്ള വഴിയുടെ പേര് ഒരു കൗതുകത്തോടെ ഞാനോര്‍ക്കുന്നു. Everlasting Way!

നിത്യതയിലേക്കു ചെന്നുചേരുന്ന ജീവന്റെ വഴികളെക്കുറിച്ച് ജോയല്‍ ധ്യാനിക്കുവാന്‍ തുടങ്ങിയിരുന്നു. എല്ലാ വൈകുന്നേരവും ഞാനവനോടൊപ്പം പ്രാര്‍ഥിച്ചിരിക്കും. ബൈബിള്‍ ഭാഗങ്ങള്‍ വായിക്കും… 23-ാം സങ്കീര്‍ത്തനം വായിക്കുമ്പോള്‍ അവന്‍ കണ്ണടച്ചു പുഞ്ചിരിക്കും. ”ശരിയാണ്, കര്‍ത്താവാണ് എന്റെ ഇടയന്‍! എനിക്കൊന്നിനെക്കുറിച്ചും ഭയമില്ല” എന്ന് അവന്‍ ആവര്‍ത്തിച്ചുപറയും.

”You will never know how much God loves me” എന്നു തുടങ്ങുന്ന പാട്ട് അതിസുന്ദരമായി അവന്‍ പാടും.

അവന്‍ പുഞ്ചിരി വീണ്ടെടുത്തു. ആ പുഞ്ചിരി പിന്നെ അവന്റെ മുഖത്തുനിന്നും മാഞ്ഞിട്ടില്ല. അവന്റെ അന്ത്യദിവസം അവനെ ആശുപത്രിയിലെ ഐ.സി.യു.വിലേക്ക് വീട്ടില്‍നിന്നു വീണ്ടും കൊണ്ടുവന്നു. പാട്ടൊഴിഞ്ഞ പാട്ടുപെട്ടിപോലെയായി മാറിയ അവന്റെ സ്വരം പൂര്‍ണമായി പോയിരുന്നു. എന്നെ കാണണമെന്ന് അവനൊരു കുറിപ്പ് കൊടുത്തുവിട്ടു.

ഐ.സി.യുവിലെ മരണക്കിടക്കയിലും ഇലപൊഴിയാമരംപോലെ അവന്‍ കാണപ്പെട്ടു; ചില്ലകളില്‍ നക്ഷത്രവിളക്കുകള്‍ കത്തിനില്ക്കുന്നതുപോലെ അവന്‍ പതിവുപോലെ പുഞ്ചിരിച്ചു… പിന്നെ മെല്ലെ കയ്യുയര്‍ത്തി ഒരു Thumbs up സൈന്‍ കാണിച്ചു; വിശ്വാസത്തിന്റെ Thumbs up!

മുഖമൊന്നു ചരിച്ച് പതിയെ അവന്‍ കണ്ണടച്ചു; നിത്യമായ ഉറക്കം അവനാരംഭിക്കുകയായി. എനിക്ക് ഭയവും സങ്കടവും തോന്നിയില്ല. ദൈവത്തിന്റെ കൈയൊപ്പിട്ട, സ്വര്‍ഗത്തിന്റെ ക്ഷണക്കത്തുപോലെ ഒരാള്‍ മുന്നില്‍ കിടക്കുമ്പോള്‍ ഭയവും സങ്കടവും എങ്ങനെ വരാനാണ്! ദൈവത്തിന്റെ കയ്യൊപ്പിട്ട സ്വര്‍ഗത്തിന്റെ ക്ഷണക്കത്തുപോലെ ഒരാള്‍…

ജോയലിനെ ഇന്ന് ഓര്‍ക്കാന്‍ കാരണമുണ്ട്. അവസാന സമയങ്ങളില്‍ അജ്നയെ ശുശ്രൂഷിച്ച അമൃത ഹോസ്പിറ്റലിലെ ഡോ. അയ്യരുടെ ഒരു സാക്ഷ്യം ഞാനിന്നു കേട്ടു. അദ്ദേഹം പറയുന്നു, ”എന്റെ ഡിപ്പാര്‍ട്ടുമെന്റില്‍ ദിവസവും നൂറോളം രോഗികള്‍ വരും. ഇരുപതു വര്‍ഷങ്ങളായി ഞാനിങ്ങനെ ഓരോ ദിവസവും നൂറുകണക്കിനു രോഗികളെ കാണുന്നുണ്ട്. അതില്‍ ഏതാനും പേരെ മറക്കാനാവില്ല. അജ്നയെ എന്നും ഓര്‍ത്തുപോ
വും. കാരണം, അത്രയ്ക്ക് മായാത്ത മുദ്രയാണ് അവള്‍ എന്റെ ഹൃദയത്തില്‍ പതിച്ചിട്ടുള്ളത്. ഓരോതവണ അവളും അമ്മയും മറ്റും ആശുപത്രിയില്‍ വരുമ്പോള്‍ എന്റെ മനസ്സാണ് മിടിക്കുന്നത്. ഞാനവരോട് എന്തു പറയും, എങ്ങനെ ആശ്വസിപ്പിക്കും എന്നു ചിന്തിച്ച്ഞാന്‍ അസ്വസ്ഥനാകും! പക്ഷേ, അജ്നയും അമ്മയും സംസാരിച്ചുതുടങ്ങുമ്പോള്‍ അവരെന്നെ സമാധാനിപ്പിക്കാന്‍ തുടങ്ങും. അവളുടെ ദൈവവിശ്വാസം മൂലം അവളെ ഒന്നിനും കീഴ്പ്പെടുത്താനാവില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അവള്‍ക്കിത് എന്തിനു ദൈവം നല്കിയെന്ന് ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. പക്ഷേ, അവള്‍ക്കാ ചോദ്യം ഇല്ലായിരുന്നു. The way she faced Cancer was amazing! ഞാന്‍ ഇതുപോലൊരു ധൈര്യം ഇതിനുമുമ്പ് കണ്ടിട്ടുള്ളത് ജിഷ്ണു എന്ന യുവ സിനിമാതാരത്തിലാണ്. അവസാനദിവസംപോലും ‘Thumbs up’ കാണിച്ചു പുഞ്ചിരിയോടെ കടന്നുപോയ ഒരാളായിരുന്നു അവന്‍. അജ്നയാവട്ടെ ഒരക്ഷരം പറയാതെ ചുറ്റുമുള്ള എല്ലാവര്‍ക്കും ധൈര്യം തരും; ആശ്വാസം തരും!”

ശരിയാണ്; അജ്നയെ കീഴ്പ്പെടുത്താന്‍ ആര്‍ക്കും പറ്റുമായിരുന്നില്ല. കാരണം അവള്‍ ജീവിച്ചതുതന്നെ ഈശോയ്ക്കുവേണ്ടിയാണ്. കാന്‍സറാണെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ അജ്ന മാതാപിതാക്കളോടു പറഞ്ഞു, ”അത് ദൈവത്തിന്റെ പദ്ധതിയാണ്. എനിക്ക് വിഷമമൊന്നുമില്ല.”

ഏണസ്റ്റ് ഹെമിങ്ങ് വേയുടെ കഥാപാത്രം പറയുന്നതു പോലെ, ”You may kill me; but you cannot defeat me” എന്ന് അജ്ന കാന്‍സറിനോട് എത്രവട്ടം പറഞ്ഞുകാണണം! കാന്‍സറിനെ മാത്രമല്ല ആര്‍ക്കും ഒന്നിനും അവളെ കീഴ്പ്പെടുത്തുവാന്‍ പറ്റുമായിരുന്നില്ല. കാരണം അവള്‍ ജീവിച്ചത് തന്നെ ഈശോയ്ക്കു വേണ്ടിയാണല്ലോ!
കാന്‍സറാണെന്ന കാര്യം സ്ഥിരീകരിച്ചപ്പോള്‍ അജ്ന ഇന്‍സ്റ്റന്റ് ആയി മാതാപിതാക്കളോട് പറഞ്ഞു, ”നല്ലതല്ലാതെയൊന്നും ഈശോയെനിക്കു തരില്ല, ഈശോ അറിയാതെ ഒന്നും എന്റെ ജീവിതത്തില്‍ സംഭവിക്കുകയുമില്ല!”

പിന്നീട് അവള്‍ ആവര്‍ത്തിച്ചു പലരോടും പറഞ്ഞു, ”ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈശോയ്ക്കു സാക്ഷ്യം നല്കും; മരിക്കുകയാണെങ്കില്‍ ഞാന്‍ ഈശോയുടെ അടുക്കലിരുന്ന് ഈശോയെ സ്തുതിച്ചുകൊണ്ടിരിക്കും.” ജീവിതത്തിലും മരണത്തിലും അവള്‍ ഈശോയുടെ സ്വന്തം അജ്ന തന്നെയായിരുന്നു!

അവളുടെ ചേച്ചി അജ്മ പറഞ്ഞു, ”കുട്ടിക്കാലത്ത് ചോരകണ്ടാല്‍ തലകറങ്ങിവീഴുന്ന തൊട്ടാവാടിയായിരുന്നു അവള്‍. ആ ആളാണ് മുഖത്തിന്റെ പകുതി ഭാഗവും വ്രണം കൊണ്ടു മൂടിയപ്പോഴും ഒരു തളര്‍ച്ചയും പുറത്തുകാട്ടാതെ അവസാനം വരെ ഓടിനടന്നത്! എങ്ങനെ സഹിക്കുന്നു എന്നാരെങ്കിലും ചോദിച്ചാല്‍ അവളുടനെ ഉത്തരം പറയും, എന്റെ ബലം ഈശോയാണ്! അവളൊരിക്കലും കിടപ്പുരോഗിയായിരുന്നില്ല. അവസാന ദിവസങ്ങള്‍ വരെ അവള്‍ കിടന്നിട്ടുമില്ല. സര്‍ജറിക്കുവേണ്ടി കൊണ്ടുപോകുമ്പോഴും അവള്‍ ചിരിക്കുകയായിരുന്നു…!”

ഇന്ന് അമ്മ കണ്ണീരണിഞ്ഞ പുഞ്ചിരിയോടെ പറയുന്നു, ”യാതനാപര്‍വങ്ങള്‍ക്കിടയില്‍ അവള്‍ പാട്ടുകളെഴുതി, ഫോണിലൂടെ മധ്യസ്ഥപ്രാര്‍ഥനകള്‍ നടത്തി, പ്രാര്‍ഥനാകൂട്ടായ്മകളില്‍ ഒരു മുടക്കവുമില്ലാതെ പങ്കെടുത്തു…” ഗ്രീഷ്മയെന്ന സുഹൃത്ത് തന്റെ കല്യാണക്കുറിയുമായി അജ്നയുടെ വീട്ടില്‍ ചെന്ന്, എങ്ങനെ അവളെ അഭിമുഖീകരിക്കും എന്നറിയാതെ അടുത്തുചെന്ന് മടിച്ചുനില്ക്കുമ്പോള്‍ കൂട്ടുകാരിയുടെ തോളില്‍ കയ്യിട്ട് അജ്ന ആശ്വസിപ്പിക്കുന്നു, ”താന്‍ എന്തിനാടോ ഇങ്ങനെ വിഷമിക്കുന്നത്! ഈ അസുഖം എനിക്ക് ഈശോ തന്നതാണ്. എനിക്ക് അതില്‍ വിഷമം ഒന്നുമില്ല.”

മൂന്നു വര്‍ഷക്കാലമായി ട്യൂബിലൂടെ മാത്രമേ അവള്‍ക്കു ഭക്ഷണം കഴിക്കാനാവൂ എന്ന് പുറത്തൊരാളും അറിഞ്ഞിട്ടില്ല. ഒന്നും കഴിക്കാനാവാത്ത ഈ സ്ഥിതിയിലും അവള്‍ കേക്കും മധുരവിഭവങ്ങളും മറ്റുള്ളവര്‍ക്കായി ഉണ്ടാക്കിക്കൊടുത്തു. ചിരിച്ചും കരഞ്ഞും അവള്‍ ഈശോയുടെ ഓര്‍മയില്‍ അലിഞ്ഞിരുന്നതുകൊണ്ട് അവള്‍ അവളെ മറന്നു.

അജ്മ പറയുന്നു, ”അവള്‍ക്ക് അവളെക്കുറിച്ച് യാതൊരു ആവലാതിയും ഉണ്ടായിരുന്നില്ല. അവളുടെ ചിന്ത മുഴുവനും മറ്റുള്ളവരെക്കുറിച്ചായിരുന്നു. അവസാനഘട്ടങ്ങളില്‍ സംസാരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍പ്പോലും അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി മാധ്യസ്ഥ പ്രാര്‍ഥനകള്‍ ഓണ്‍ലൈനായി നടത്തി. വലിയൊരു മാസ്‌കുകൊണ്ട് മുഖം മുഴുവനും മറച്ചിരുന്നതിനാല്‍ അവളുടെ അവസ്ഥ പലരും അറിഞ്ഞുപോലുമില്ല. അവളുടെ വേദനയുടെ ആഴം പലര്‍ക്കും മനസ്സിലായുമില്ല.”

വിശുദ്ധനായൊരു സന്ന്യാസി മരണക്കിടക്കയില്‍ വേദനയില്‍ പിടഞ്ഞുകിടക്കുന്നു. ശിഷ്യരിലൊരാള്‍ സങ്കടത്തോടെ ചോദിച്ചു, ”അങ്ങ് എത്രമാത്രം സഹിക്കുന്നു?”
സന്ന്യാസി പുഞ്ചിരി വീണ്ടെടുത്തു ശിഷ്യനോടു പറഞ്ഞു, ”I have pain, but no suffering.” എനിക്കു വേദനയുണ്ട്. പക്ഷേ, അതിനെ നിങ്ങള്‍ സഹനമെന്നു വിളിക്കേണ്ട! വേദനയെയും ഞാന്‍ അനുഭവമായി ആസ്വദിക്കുകയാണ്! ആത്മീയതയുടെ കൊടുമുടിയില്‍ നില്ക്കുന്നൊരാള്‍ക്കേ അങ്ങനെ പറയാനാവൂ.

അജ്നയും നമ്മുടെ മുമ്പില്‍ വന്നുനില്ക്കുക മഹാദ്ഭുതം പോലെയാണ്. പാടാനാവുന്ന സമയംവരെ അവള്‍ പാടിയിരുന്ന പാട്ടുകളിലൊന്നിന്റെ വരികള്‍ അവളുടെ ജീവിതത്തിന്റെ ഉള്ളടക്കം തന്നെയായിരുന്നു,

”എന്‍ പ്രേമഗീതമാം
എന്നേശുനാഥാ നീ
എന്‍ ജീവനേക്കാളും നീ വലിയതാണെനിക്ക്!”

ജീവനേക്കാളും അജ്നയ്ക്കു വലുത് ഈശോ തന്നെയായിരുന്നു. അവള്‍ നടന്ന വഴികളൊക്കെ ഈശോയെ തേടിയുള്ള വഴികളായിരുന്നു. പാതിയില്ലാതായ മുഖത്തിനു മീതെ മാസ്‌കിട്ട് പള്ളിയില്‍ പോകുന്ന ഒരു പെണ്‍കുട്ടിയെ നിങ്ങളൊന്നു സങ്കല്പിച്ചുനോക്കുക. കയ്യില്‍ കൊന്തയും പിടിച്ച് പ്രാര്‍ഥനാജപങ്ങളോടെ ഓരോ ചുവടും പ്രദക്ഷിണമാക്കി നടന്നുപോകുന്ന ഒരാള്‍. തിരുവോസ്തിപോലും ഭക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലും അവള്‍ തിരുവോസ്തി ഭക്ത്യാദരവോടെ സ്വീകരിച്ച്, വ്രണമണിഞ്ഞ, വെറുമൊരു ദ്വാരമായി മാറിയ വായിലിട്ട്, പിന്നീട് കൂപ്പുകരങ്ങളോടെ വീട്ടിലേക്കു തിരികെ നടന്ന്, വീട്ടിലെത്തി, ആ തിരുവോസ്തി വെള്ളത്തിലലിയിച്ച് ട്യൂബിലൂടെ ഉള്‍ക്കൊള്ളുന്നൊരു രംഗം നിങ്ങള്‍ മനസ്സില്ലൊന്നു കണ്ടുനോക്കുക. ഒരുപക്ഷേ, കുഞ്ഞുന്നാളില്‍ ഇത്തരമൊരു ഭക്തിയുടെ ചെറിയൊരംശം നമ്മളിലുണ്ടായെന്നിരിക്കാം.

അജ്നയുടെ ഇഷ്ടപ്പെട്ട വിശുദ്ധരിലൊരാള്‍ ഇമല്‍ഡ ലാംബര്‍ത്തീനി ആയിരുന്നു. അദ്യകുര്‍ബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങളുടെ മധ്യസ്ഥയാണ്. നൂറുകണക്കിനാളുകള്‍ സാക്ഷിനില്ക്കേ ആ കുഞ്ഞിന്റെ നാവിലേക്ക് പറന്നിറങ്ങിയ തിരുവോസ്തി സ്വീകരിച്ചശേഷം ഒരു സമാധിയിലെന്നപോലെ കുനിഞ്ഞിരുന്ന് മരിച്ച പത്തുവയസ്സുകാരിയായിരുന്നു ഈ മാലാഖക്കുഞ്ഞ്.

മരിക്കുന്നേരവും ഈശോ! ഈശോ! എന്നാണ് അവള്‍ മന്ത്രിച്ചുകൊണ്ടിരുന്നത്. പള്ളികളിലെ സങ്കീര്‍ത്തികളില്‍ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്: ”Offer this mass, as if it’s your first mass, last mass and the only mass.” ആദ്യത്തേയും അവസാനത്തേയും ഏകവുമായ കുര്‍ബാനപോലെ ഈ കുര്‍ബാനയര്‍പ്പിക്കുക എന്നൊരു ഓര്‍മപ്പെടുത്തല്‍!

ഈ ഓര്‍മപ്പെടുത്തല്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിരുന്നു, അജ്ന. കുര്‍ബാന അവള്‍ക്ക് ജീവനായിരുന്നു. വൈറ്റില പള്ളിയില്‍ തിരുബാലസഖ്യത്തിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ ‘Little Lee’ എന്നൊരു ചൈ
നീസ് പെണ്‍കുട്ടിയുടെ ജീവിതകഥ അവള്‍ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞുകൊടുത്തു. ചൈനയില്‍ ബോക്സര്‍ വിപ്ലവം നടക്കുന്ന കാലം. കമ്യൂണിസ്റ്റ് ഭടന്മാര്‍ പല പള്ളികളും തകര്‍ത്തുകളഞ്ഞു. സക്രാരിയിലെ തിരുവോസ്തി താഴേക്ക് എറിഞ്ഞുകളഞ്ഞു. Lee എന്ന പെണ്‍കുട്ടി തകര്‍ക്കപ്പെട്ട അവളുടെ ഇടവക പള്ളിയില്‍ എല്ലാ ദിവസവും ആരുമറിയാതെ എത്തിച്ചേരും. മുപ്പത്തിരണ്ട് തിരുവോസ്തികള്‍ താഴെ ചിതറികിടപ്പുണ്ട്.

നിലത്ത് കുനിഞ്ഞിരുന്ന് അവള്‍ തിരുവോസ്തി ഉള്‍ക്കൊള്ളും. പിന്നെ മടങ്ങി പോവും. മുപ്പതു ദിവസങ്ങളിലും അവളെ ഭടന്മാര്‍ കണ്ടില്ല. പക്ഷേ, മുപ്പത്തിയൊന്നാം ദിവസം മുപ്പത്തിയൊന്നാം തിരുവോസ്തി സ്വീകരിക്കാനൊരുങ്ങുമ്പോള്‍ ഒരു ഭടന്‍ അവളെ കണ്ടു. അവള്‍ക്ക് മടങ്ങിപ്പോവാനുള്ള അനുവാദം അയാള്‍ കൊടുത്തതാണ്. പക്ഷേ, തിരുവോസ്തി സ്വീകരിക്കാതെ തിരികെ പോവില്ലെന്നു ശാഠ്യം പിടിച്ചു. ഈശോയെ സ്വീകരിക്കുന്നതിനിടയില്‍ അവളെ അയാള്‍ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. ലിറ്റില്‍ ലീയെ ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ ലോകത്തിനു മുഴുവന്‍ പരിചയപ്പെടുത്തികൊടുത്തു. ആ പെണ്‍കുഞ്ഞ് ദിവ്യകാരുണ്യഭക്തി ലോകം മുഴുവന്‍ പരക്കുന്നതിനു കാരണമാവുകയും ചെയ്തു.

കുര്‍ബാന കഴിയുമ്പോള്‍ അജ്ന ജീവിതത്തിന്റെ കുര്‍ബാന തുടങ്ങുകയായി. സാധാരണഗതിയില്‍ സ്വന്തം ശരീരത്തിന്റെ അനാകര്‍ഷകത്വം നമ്മെ അസ്വസ്ഥരാക്കും. വൈരൂപ്യം അപകര്‍ഷതാബോധം കൊണ്ടുവരും. പക്ഷേ, വീട്ടില്‍ വരുന്നവരുടെ മുമ്പില്‍ പാതിപോയ മുഖവുമായിട്ടിരിക്കാന്‍ അജ്നയ്ക്ക് നാണമോ സങ്കോചമോ ഉണ്ടായിരുന്നില്ല. പാതിമുഖത്തെ നരകകാഴ്ചകള്‍ മറുപാതി മുഖത്തെ സ്വര്‍ഗകാഴ്ചകളാല്‍ മാഞ്ഞുപോകും!

തേവര എസ്എച്ച് കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്ന അജിന്‍, അജ്നയുടെ അമ്മയെ ഒരിക്കല്‍ വിളിച്ച് അവര്‍ക്കുവേണ്ടി വിഗ് നല്കാന്‍ ഒരാള്‍ താല്പര്യപ്പെടുന്നുണ്ടെന്ന് അറിയിച്ചു. അജ്ന വിഗ് വേണ്ടെന്നുതന്നെ പറഞ്ഞു! കൊഴിഞ്ഞുപോകുന്ന ബാഹ്യസൗന്ദര്യങ്ങളിലും കടന്നുപോകുന്ന കടമെടുത്ത ബന്ധങ്ങളിലും അവള്‍ വിശ്വസിച്ചിരുന്നില്ല. ഈശോയോടൊത്ത് അകത്തിടങ്ങളിലെ ആനന്ദമനുഭവിച്ച അവള്‍ക്ക് പുറംകാഴ്ചകള്‍ ഒന്നുമല്ലായിരുന്നു!

അജ്നയ്ക്കു മുമ്പില്‍ നമ്മള്‍ ലജ്ജിച്ചു തലതാഴ്ത്തി നില്ക്കണം. കണ്ണുകളില്ലാത്ത ധാരാളം പേരുള്ള ഈ ലോകത്ത് കണ്ണടയെക്കുറിച്ച് പരാതി പറയുന്ന ആളാണ് ഞാന്‍. കാലുകളില്ലാത്ത ധാരാളം പേരുള്ള ഈ ലോകത്ത് ചെരുപ്പുകളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ് ഞാന്‍! ഞാന്‍ എന്നാണിനി നന്നാവുക…

മദര്‍ തെരേസയോടൊപ്പമുള്ള അനുഭവങ്ങളിലൊന്ന് വീണ്ടും ഓര്‍ക്കാതിരിക്കാനാകുന്നില്ല. മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഭ്രമിച്ച് ഒരു യൂറോപ്യന്‍ വനിത അമ്മയുടെ കോണ്‍വെന്റില്‍ ചേര്‍ന്നു. ആദ്യത്തെ തീക്ഷ്ണത പതുക്കെ കുറഞ്ഞുവന്നു. മെല്ലെമെല്ലെ പരിഭവങ്ങളാല്‍ ഘനീഭവിച്ച കരിമേഘം പോലെയായി അവര്‍ മാറി. ഏതുസമയവും സങ്കടപ്പെയ്ത്തും ദേഷ്യത്തിന്റെ മിന്നല്‍പ്പിണരുകളും! മദര്‍ തെരേസ ഒരുദിവസം അവരെ സമീപിച്ച് തിരുത്തുന്നത് എനിക്ക് നേര്‍കാഴ്ചയായി.

മൗനംപോലെ പതിഞ്ഞ് നേര്‍ത്ത സ്വരത്തില്‍ അമ്മ സംസാരിച്ചുതുടങ്ങി. ”There are so many people without eyes, ears, legs, hands…There are so many people without their mind working properly…” പിന്നെ ആ യുവതിയുടെ കണ്ണുകളില്‍ നോക്കി മദര്‍ പറയുന്നു, ”Look at you! You have eyes, ears, hands, legs and everything… that being the case, Sister Dorothy, you just don’t have the right to be unhappy!”

ശരിയല്ലേ! എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തവനെപ്പോലെ സങ്കടം കുടിച്ചിരിക്കാന്‍ എനിക്കെന്തവകാശം!
അജ്നയും എന്നോട് ചെവിയില്‍ മന്ത്രിക്കും, ”You just don’t have the right to be unhappy.” അജ്നയുടെ അപ്പന്‍ ഓര്‍ക്കുന്നു, ”അവസാനമായി അവള്‍ പള്ളിയില്‍ പോയന്ന് അവളുടെ കാഴ്ച മറഞ്ഞുപോയി. അവളുടെ ഓര്‍മ മങ്ങാന്‍ തുടങ്ങി. അവള്‍ സങ്കടത്തോടെ വീട്ടിലേക്ക് തിരികെവന്നു. അപ്പോഴും അവള്‍ക്ക് പരാതിയില്ലായിരുന്നു. സങ്കടം മുഴുവന്‍ അന്ന് ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് മാത്രമായിരുന്നു.”

വിടവാങ്ങാന്‍ സമയമായി എന്നവള്‍ക്കറിയാം. പരാതിപ്പെട്ടി തുറന്ന് കണ്ണുനീര്‍ വാരിയെറിയുവാന്‍ അവള്‍ക്കിനി നേരമില്ല. അവളെ കാണാനെത്തിയ പ്രിയസുഹൃത്ത് ജിത്തിനോടും കൂട്ടുകാരോടും അവള്‍ പറയുന്നു, ”എമ്മാവൂസ് കോഴ്സിന്റെ ടാസ്‌കുകള്‍ എനിക്കൊന്ന് പൂര്‍ത്തിയാക്കണം. എനിക്ക് ഓര്‍മ തെളിയുന്നില്ല. എന്നെ സഹായിക്കണം.”

ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ എന്താണെന്ന് എഴുതുവാനുള്ളതാണ് ടാസ്‌ക്! ശ്വാസമെടുക്കാനാകാതെ, നാവ് കീറി, ചുണ്ടുകള്‍ വീര്‍ത്ത് മുഖത്തിന്റെ പാതിയും വ്രണം വന്ന് മൂടിയ ആ നേരത്തും ദൈവം തന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവ്യക്തമായി എന്നാല്‍ വാചാലമായി അവള്‍ പറയുവാന്‍ തുടങ്ങി.

കനലില്‍ നിന്നുകൊണ്ട് ഒരാള്‍ ദൈവം തന്ന തണുപ്പിന് നന്ദിപറയുകയാണ്! ജിത്ത് ആ മുഖത്തുനോക്കി പറഞ്ഞുപോകുന്നു, ”You are the most beautiful woman, I ever met.” സുഹൃത്തേ, ഇന്നലെയുടെ സങ്കടവിചാരങ്ങളും നാളെയുടെ ആകുലവിചാരങ്ങളും വെറും തോന്നല്‍ മാത്രമാക്കി കരഞ്ഞ് നടക്കുന്നത് നിറുത്തുക. ”Stop complaining and start living” എന്ന് അജ്നയെ പോലുള്ളവര്‍ പറഞ്ഞുതരുന്നത് കേള്‍ക്കുക. ഇരുട്ടുമുറിയില്‍ നിന്ന് വെട്ടത്തിന്റെ കാഴ്ചകള്‍ കാണാന്‍ പുറത്തേക്കു വരിക.

ജീവിതത്തിന്റെ ഇലകളെല്ലാം പൊഴിഞ്ഞ് നഗ്‌നവൈരൂപ്യത്തില്‍ ഒഴിഞ്ഞ ചില്ലകളോടെ നില്ക്കുമ്പോഴും അജ്ന കൂട്ടുകാരോടു പറഞ്ഞു, ”ഞാന്‍ നട്ട ചെടികളെല്ലാം പൂവിടുന്നുണ്ട്. ഞാന്‍ ടാങ്കിലിട്ട ചെറുമീനുകളൊക്കെ നന്നായി വളരുന്നുണ്ട്. ദൈവം എത്ര നന്നായി എല്ലാം ചെയ്യുന്നു. ഇത്രയൊക്കെ പോരേ! ചങ്ങാതി, ഇത്രയൊക്കെ പോരേ പുഞ്ചിരിക്കുവാന്‍!”

പാടേ മറന്നുതുടങ്ങിയ ആ പഴയ പാട്ട് വീണ്ടും ഒന്ന് തൊട്ടുണര്‍ത്തി പാടിത്തുടങ്ങാം.”Cast your burden unto Jessu He cares for you…” ജിത്തിന് അജ്ന അയച്ച വോയ്‌സ് മെസ്സേജുകള്‍ ധ്യാനപൂര്‍വം കേള്‍ക്കുന്നത് ഒരു ഉയിര്‍ത്തെഴുനേല്പനുഭവത്തിന് നല്ലതാണ്. കാന്‍സറിനെക്കുറിച്ചും അതിന്റെ ഭീകരാവസ്ഥയെക്കുറിച്ചും അജ്ന നന്നായി പഠിച്ചിരുന്നു. ഒരു വോയ്സ് മെസ്സേജില്‍ അവള്‍ പറയുന്നു, ”എനിക്കിത് വളരെ ക്ലിയറായി അറിയാം.”

അവള്‍ അറിഞ്ഞ്, അറിഞ്ഞതിനെ ഈശോയോടൊത്ത് നേരിടുകയാണ്. രോഗത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചു വരെ വ്യക്തമായി പഠിച്ച് അവള്‍ മാതാപിതാക്കള്‍ക്കും പറഞ്ഞുകൊടുക്കുമായിരുന്നു. യുദ്ധത്തിന്റെ കൃത്യമായ സ്ട്രാറ്റജി ഒരുക്കി, ശത്രുവിന്റെ ഓരോ നീക്കവും മനസ്സിലാക്കി, വ്യക്തതയോടെ മുന്നേറുന്ന പോരാളിയെപ്പോലെയായിരുന്നു അവള്‍. പോരാളിയുടെ ബലം ഈശോ തന്നെ!

അര്‍ബുദമെന്ന ശത്രുവിനെ നീ എങ്ങനെ തരണം ചെയ്യുമെന്ന് ജിത്തിന്റെ ചോദ്യത്തിന് മറുപടിയായി തീര്‍ത്തും സുവ്യക്തമായ സ്വരത്തില്‍ അവള്‍ വോയ്സ് മെസ്സേജ് വിട്ടിരിക്കുന്നു, ”കര്‍ത്താവ് എന്തൊക്കെയോ ടെക്നിക് ഉപയോഗിക്കുന്നുണ്ട്. എന്നെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ഈശോ. വീട്ടിലിപ്പോള്‍ ആര്‍ക്കും ജോലിയില്ല. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലാതെ ഈശോ ഞങ്ങളെ നടത്തിക്കൊണ്ടേയിരിക്കുന്നു…”

ഹാര്‍വെസ്റ്റ് എന്ന ജീസസ് യൂത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ അല്പം മുടന്തിയാണ് അവള്‍ ചെല്ലുന്നത്. കാലെല്ലിന്റെ ഒരു ഭാഗമെടുത്ത് മുഖത്ത് പിടിപ്പിച്ചതുകൊണ്ടാണ് ആ മുടന്ത്. കുലുങ്ങിക്കുലുങ്ങി ചിരിച്ചുകൊണ്ട് വിരൂപമായി മാറിത്തുടങ്ങിയ മുഖത്തെക്കുറിച്ച് അവള്‍ തമാശ പറഞ്ഞത്രേ, ”എന്റെ ഫെയ്സ് മാറിയോ? ഞാനിപ്പോഴും സുന്ദരിയല്ലേ!” എന്നൊക്കെ അവള്‍ തമാശ രൂപത്തില്‍ ചോദിക്കുമ്പോള്‍ അവിടെയിരുന്ന എല്ലാവരും ഉള്ളില്‍ പറഞ്ഞുകാണണം, ”You are the most beautiful woman, we ever met.”

പഴയകാല ഇംഗ്ലീഷ് പാട്ട് അവിടെ എവിടെയെങ്കിലും മുഴങ്ങിയോ എന്നെനിക്കറിയില്ല,
”No complaints, All smiles
You are a wonder woman
I get wonder stuck.”
അജ്നയ്ക്ക് ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും പരാതിയില്ലായിരുന്നു. അവള്‍ എല്ലാവര്‍ക്കും തണലായിരുന്നു. തണലിനു പൊള്ളില്ലേ? പൊള്ളും. പക്ഷേ, ആ പൊള്ളല്‍ കനിയായും പൂക്കളായും വിരിഞ്ഞുവരും. അവളുടെ ബെസ്റ്റ് ഫ്രണ്ടായ ഈശോയോട് അവള്‍ പരാതി പറഞ്ഞിരുന്നു. പക്ഷേ അവ പ്രണയപരിഭവ പരാതികളായിരുന്നു.

”കാഴ്ച എടുക്കല്ലേ എന്നു പറഞ്ഞപ്പോള്‍ ഓര്‍മ കൂടി എടുത്തുകളഞ്ഞല്ലോ ഈശോയെ!” എന്ന മട്ടിലുള്ള കണ്ണീരണിഞ്ഞ പുഞ്ചിരിപ്പരാതികള്‍. ‘സ്വര്‍ഗത്തിന്റെ വേട്ടപ്പട്ടി’യില്‍ ഫ്രാന്‍സിസ് തോംസന്‍ ”മുറിപ്പെടുത്തി സുഖപ്പെടുത്തുന്ന” ദൈവത്തിന്റെ നിഗൂഢസ്നേഹത്തെക്കുറിച്ചാണ് എഴുതുന്നത്. അതില്‍ അതിസുന്ദരമായ ഒരു വരിയുണ്ട്.

”Naked I wait thy love’s uplifted stroke.”

uplifted stroke എന്ന പദത്തിന്റെ സൗന്ദര്യം ശ്രദ്ധിക്കുക! അജ്നയ്ക്ക് ദൈവത്തില്‍നിന്ന് സമ്മാനമായി ലഭിച്ചത് ഇതേ uplifted stroke അല്ലേ!

കവിതയുടെ അവസാനം, വീണുകിടക്കുന്ന വേട്ടമൃഗത്തിന്റെ കാതില്‍ ദൈവം സ്നേഹത്തോടെ മന്ത്രിക്കുന്നു,
”Ah! my fondest, blindest and the weakest!
I am He whom thou seekest.”

ഏറ്റം പ്രിയങ്കരിയായ, ഏറ്റവും അന്ധയായ, ഏറ്റവും ദുര്‍ബലയായ നീ തിരയുന്ന സ്നേഹം ഞാന്‍ തന്നെയല്ലേ, എന്റെ സ്നേഹമേ! ആവിലായിലെ അമ്മത്രേസ്യ ആത്മീയഹര്‍ഷത്തില്‍ ഇങ്ങനെ കോറിട്ടു,

”തട്ടിവീഴ്ത്തിയതും
താങ്ങിയെടുത്തതും
നീയാണ് എന്റെ സ്നേഹമേ!,
നീയാണ് എന്റെ ഈശോയേ!”
അജ്ന പറയുന്നു, ”ഈശോ
യോടൊപ്പം ഇരുന്നിരുന്ന് ഞാ
ന്‍ എന്റെ അസുഖം മറന്നുപോ
കുന്നുണ്ട്…”

ഫ്രാന്‍സിസ് അസ്സീസി ഈശോയെ ധ്യാനിച്ചു ധ്യാനിച്ച് ആശ്രമവും മറന്ന് നടന്നുപോയതിനെക്കുറിച്ച് ലിയോ കുറിച്ചുവച്ചതാണ് ഞാനോര്‍ക്കുന്നത്. ഈശോയെക്കുറിച്ചുള്ള ഓര്‍മയില്‍ സ്വയം മറന്ന് ലോകത്തെ മറികടന്ന് അജ്ന നടന്നുപോയി.

അജ്നയുടെ ഒടുക്കത്തിലാണ് അവളുടെ തുടക്കം!

(പുസ്തകം കേരളവാണി ഓഫീസിലും ജീവനാദം ഓഫീസിലും ലഭ്യമാണ്: വില 140 രൂപ)

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
ajnajesus youth

Related Articles

ആരോഗ്യദിന ചിന്തകള്‍ –  ഡോ. ഗാസ്പര്‍ സന്യാസി

                ലോകാരോഗ്യദിനം കടന്നുപോയി. ആരോഗ്യമുള്ള ജനത്തെപ്പറ്റിയും ആരോഗ്യമുള്ള സമൂഹത്തെപ്പറ്റിയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടായി. ലോകാരോഗ്യ

മലബാറിന്റെ പൂന്തോട്ടത്തിലേക്ക് നിറമനസ്സോടെ

മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിരചിതമായ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ അഥവാ ‘മലബാറിന്റെ പൂന്തോട്ടം’ സസ്യശാസ്ത്ര പഠനരംഗത്ത് നിത്യവിസ്മയമായ വിശിഷ്ഠ ഗ്രന്ഥമാണ്. അതോടൊപ്പം തന്നെ, പല കാരണങ്ങളാല്‍ ചരിത്രത്തില്‍ വിവാദങ്ങളുടെ തിരയടങ്ങാത്ത

ഈ ആത്മബലിയിൽ കുരുത്തോലകളേന്തി നിങ്ങളുമുണ്ട് ഒപ്പം

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി ജീവമാതാ ഇടവകയിലെ ഈ പ്രാവിശ്യത്തെ ഓശാന ഞായർ ഹൃദയഭേദകമായി. യേശുവിൻ്റെ ജറുസലേം പ്രവേശം ആവേശത്തോടെ അനുസ്മരിച്ച് ഓശാന പാടിയിരുന്ന മട്ടാഞ്ചേരിയുടെ തെരുവുകൾ ഇന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*