ഈ.മ.യൗ: വില്ലന്‍ ഇപ്പോഴും/അപ്പോഴും അച്ചന് തന്നെ!

Print this article
Font size -16+
റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍
സുഹൃത്താണ് പറഞ്ഞത്-താന്‍ നിര്‍ബന്ധമായിട്ടും ഈ സിനിമ കാണണമെന്ന്- ‘ഈ.മ.യൗ’ എന്ന ‘ഈശോ മറിയം യൗസേേപ്പ’. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും സംവിധായകന് എഴുതിക്കാണിക്കുന്നതുപോലെ, ലിജോ ജോസ് പെല്ലിശേരീസ് ”ഈ.മ.യൗ”. ചെകിട്ടോര്‍മയാണ് പേരിന്റെ ധ്വനി. മരണനേരത്തും സഹിക്കാനാകാത്ത സങ്കടങ്ങളുടെ നേരത്തും തീരദേശത്തെ കത്തോലിക്കാ വിശ്വാസികള്‍ നെടുവീര്‍പ്പോടെ ഉന്നതങ്ങളിലേയ്ക്ക് ഉയര്‍ത്തുന്ന പ്രാര്‍ത്ഥനയാണ് ”ഈശോ മറിയം യൗസേപ്പേ”. പി. എഫ് മാത്യൂസിന്റെ ആശയവും തിരക്കഥയും സിനിമയാക്കി പരുവപ്പെടുത്തിയിരിക്കുന്നു. ലിജോ ഷൈജു ഖാലിദിന്റെ അസാമാന്യ കൈയ്യടക്കത്തോടെയുള്ള ഛായാഗ്രഹണം കവിത പോലെ തോന്നിക്കും.
ചെല്ലാനമാണ് കഥയുടെ സ്ഥല പശ്ചാത്തലം. ഈ കുറിപ്പെഴുതുന്ന ആളുടെ ദേശവും ചെല്ലാനം തന്നെ. കഥാകാരന്റെ ഭാവനാദേശമാകാം ചെല്ലാനം-ലന്തന്‍ ബത്തേരിയെ എന്‍. എസ് മാധവന് പുതുക്കിപ്പണിതതുപോലെ. അത് കഥാകാരന്റെ സ്വാതന്ത്ര്യം. സിനിമയുടെ കാലം നിശ്ചയമില്ല. ഒരുപക്ഷേ, എല്ലാക്കാലത്തും ഈ ദേശം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നാണാവോ വിവക്ഷ. ‘ചാവുനില’ത്തിന്റെ കഥാകാരനു മാത്രമല്ലല്ലോ, മിക്കവാറും എല്ലാ എഴുത്തുകാര്‍ക്കും എല്ലാ കാലവും കലികാലം തന്നെ. കാലത്തെ കലികാലമാക്കിയാലേ സിനിമയില്‍, കഥയില്‍ നായകനും വില്ലനുമുണ്ടാകൂ.
ചവിട്ടുനാടക കലാകാരനും മരപ്പണിക്കാരനുമായ വാവച്ചന് ആശാന്റെ മരണവും തുടര്‍ന്നു നടക്കുന്ന സംഭവബഹുലമായ മരിച്ചടക്കുമാണ് സിനിമയുടെ പ്രമേയം. തീരദേശത്തെ ലത്തീന്‍ കത്തോലിക്കരില്‍ ഭൂരിഭാഗവും മീന്പിടുത്തത്തൊഴിലുമായി ബന്ധപ്പെട്ടവരാണെന്ന സാംസ്കാരിക അറിവ് കേരളത്തിന്റെ സാമൂഹ്യബോധത്തില്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞുറപ്പിച്ചിട്ടുള്ളതാണ്. തീരദേശവാസികളുടെ, പ്രത്യേകിച്ച് കൊച്ചി-ആലപ്പുഴ ദേശത്തുള്ളവര്‍ സംസാരിക്കുന്ന മലയാളത്തിന്റെ പ്രാദേശിക വഴക്കം അതുകൊണ്ടുതന്നെ തമാശപോലെ മലയാള സിനിമയില്‍ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. അതിഭാവുകത്വം നിറഞ്ഞ അത്തരം പ്രയോഗങ്ങള്‍ ഈ നാട് തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഓഖി ദുരന്തം ആഞ്ഞടിച്ച കാലത്ത്, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ തീരദേശ ജില്ലകളിലെ മനുഷ്യര്‍ മാധ്യമങ്ങളോട് സംസാരിച്ച ഭാഷ ഈ നാട് കേട്ടതാണ്. അതിലെ നീട്ടലും കുറുകലും ദുരന്തത്തിന്റേതും സങ്കടത്തിന്റേതുമായിരുന്നു. സിനിമകളുടെ തമാശയായിരുന്നില്ല അത്. ”ഈ.മ.യൗ” സിനിമയില്‍ കഥാപാത്രങ്ങളായി വരുന്നവര്‍ മീന്‍പിടിത്ത തൊഴിലില്‍ ഉള്ളവരല്ല. മീന്‍പിടുത്തക്കാരല്ലാത്ത ലത്തീനികളെ, അവരുടെ ജീവിത പരിസരങ്ങളെ അവതരിപ്പിക്കുന്നുവെന്ന അവകാശവാദം ഈ സിനിമക്കുണ്ട്.
മരപ്പണിചെയ്യുന്ന വാവച്ചനാശാന്റെ മകന് ഈശി, നാട്ടിലെ സൊസൈറ്റിയിലാണ് പണിയെടുക്കുന്നത്. പണം കൈകാര്യം ചെയ്യുന്ന സൊസൈറ്റികള്‍ക്ക് കേരളത്തില്‍ എല്ലാക്കാലത്തും രാഷ്ട്രീയ ധ്വനിയുണ്ട്. അതുകൊണ്ടുതന്നെ ലത്തീനികള്‍ക്കും രാഷ്ട്രീയമുണ്ട്. ഈശിയുടെ ഭാര്യ സബേത്തെന്ന എല്സബത്ത് ഡിഗ്രിക്കാരിയാണ്. വാവച്ചന്റെ മരണവാര്‍ത്ത പത്രക്കുറിപ്പായി കൊടുക്കാന്‍ വിവരങ്ങള്‍ നല്കുമ്പോള് സ്ഥലത്തെ വാര്‍ഡ് മെംബറായ അയ്യപ്പന് ഇക്കാര്യം പ്രത്യേകം ചോദിക്കുന്നുണ്ട്. ലത്തീനികളായ പെണ്‍കുട്ടികള്‍ പഠിച്ചു മുന്നേറുന്നുണ്ട്. പക്ഷേ, അതിനു തക്കതായ ജോലി കിട്ടുന്നുണ്ടോ? അവളുടെ വിദ്യാഭ്യാസ യോഗ്യതയൊന്നും അറിയിപ്പില്‍ കൊടുക്കേണ്ടെന്ന് ഈശി പറയുന്നു. തമാശയായിട്ടാണ് അവതരിപ്പിക്കുന്നതെങ്കിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യത, തീരദേശത്തിന്റെ അറിവിടങ്ങള്‍ നിര്‍മിക്കുന്നവര്‍ എന്നും തമസ്കരിച്ചിട്ടുള്ളതാണ്. ഈശോയുടെ അമ്മ, പെണ്ണമ്മയെന്ന മറിയം ത്രേസ്യ, ഈശോയുടെ സഹോദരി, നിസയെന്ന ആഗ്നീസ എന്നിവരാണ് സിനിമയിലെ വീട്ടുകാര്‍. പിന്നെ അയല്പക്കത്തുള്ളവര് നാനാജാതി മതസ്ഥര്‍.
വാവച്ചനാശാന് പെണ്ണമ്മയെക്കൂടാതെ മറ്റൊരു ബന്ധവുമുണ്ട്. ഈശിയ്ക്ക് അത് നേരത്തെ അറിയാം. വാവച്ചന്റെ മരണവീട്ടിലേയ്ക്ക് അവരെത്തുന്നതോടെ അടിപിടിയുണ്ടാകുന്നു. വല്ലപ്പോഴും വീട്ടിലെത്തുന്ന വാവച്ചന് ഈശിയുമൊത്ത് മദ്യപിച്ച അന്ന് രാത്രിയാണ് മരിക്കുന്നത്. ഈശി വാങ്ങിക്കൊണ്ടുവന്ന ബ്രാണ്ടിയും വാവച്ചന് തന്നെ കൊണ്ടുവന്ന വാറ്റ് ചാരായവും അകത്താക്കിയിരുന്നു. ചവിട്ടുനാടകത്തിന്റെ ശീലുകള്‍ പാടി, ചുവടുവച്ചുകൊണ്ടിരിക്കവേ, വാവച്ചനാശാന് കുഴഞ്ഞുവീഴുന്നു. തലയടിച്ച് ചോരകിനിയുന്നു. മരിക്കുന്നു. തുടര്‍ന്നാണ് മരണവീടിന്റെ പശ്ചാത്തലത്തില്‍ തീരദേശ ലത്തീനികളുടെ ജീവിത പരിസരം ആവിഷ്ക്കരിക്കപ്പെടുന്നത്; കഥയിലെ വില്ലന്‍ കഥാപാത്രം രൂപപ്പെടുന്നത്.
അധികാരവും പദവിയുമുള്ളവര്‍ വില്ലന്‍ സ്ഥാനത്ത് മാത്രമേ പ്രതിഷ്ഠിക്കപ്പെടാവൂ എന്ന് ബുദ്ധിജീവി ചമയുന്ന കലാകാരന്മാര്ക്ക് നിര്‍ബന്ധമുള്ളതുപോലെ തോന്നുന്നു. ലിജോയുടെ തന്നെ ‘ആമേന്‍’ സിനിമയില്‍ നന്മയുള്ള വട്ടോളിയച്ചന് തന്നെ അവസാനം ഗീവര്‍ഗീസ് പുണ്യാളനാണെന്നു വരുന്നു. വികാരിയച്ചന് അപ്പോഴും വില്ലന്‍ തന്നെ. ”ഈ.മ.യൗ”വിലെ പള്ളി വികാരി സക്കറിയാസച്ചന്, വാവച്ചനാശാന്റെ ശവമടക്കിന് തടസം നില്ക്കുന്ന ആളായിട്ടാണ് വരുന്നത്. മരിച്ചയാളുടെ തലയിലെ മുറിവ് അന്വേഷിക്കേണ്ടതാണെന്ന് അച്ചന് ശാഠ്യമുണ്ട്. നിയമവും സമകാലീന സാമൂഹ്യപശ്ചാത്തലവും അത് അനിവാര്യമാക്കുന്നുണ്ട്. പരാതിയിന്മേല്, അടക്കിയ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് പരിശോധിക്കേണ്ടതടക്കമുള്ള നിയമ നടപടികള്‍ക്കും വിധേയരാകേണ്ടി വന്ന വൈദികര്‍ ഈ സമൂഹത്തിലുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിന് തടസമില്ലായെന്ന പൊലീസ് വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാകുന്ന നിയമ സന്ദര്‍ഭങ്ങളില്‍ കരുണയുടെയും സ്നേഹത്തിന്റെയും സുവിശേഷങ്ങള്‍ പറയുന്ന വൈദികര്‍ നിസഹായരാണ്. ഇത് മാത്യൂസിനും ലിജോയ്ക്കും അറിയാഞ്ഞിട്ടല്ല. മരണവീട്ടില്‍ നടക്കുന്ന കോലാഹലത്തിനിടയില്‍ എത്തുന്ന അച്ചന്റെ കരണത്ത് അടി വീഴുന്നു. തുടര്‍ന്ന് അദ്ദേഹം ക്ഷുഭിതനായി തിരികെപ്പോകുന്നു. അച്ചനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്, സാധിക്കുമെങ്കില്‍ മൃതസംസ്കാര ശുശ്രൂഷ നടത്തിക്കാതിരിക്കാന്‍ കിണഞ്ഞു പണിപ്പെടുന്ന ആളായിട്ടാണ്. മരണ വാര്‍ത്തയറിഞ്ഞ് വാവച്ചനാശാന്റെ വീട്ടിലേയ്ക്കെത്തുന്ന വികാരിയച്ചന്റെ ടോര്‍ച്ച് വെളിച്ചത്തിലാണ് സിനിമയുടെ ഇടവേള. അതിമനോഹരമായ ഫ്രെയിം. അരവിന്ദന്റെ ‘എസ്തപ്പാനിലെ’ റാന്തല്‍ വെളിച്ചം പ്രതീക്ഷയുടേതാണെങ്കില്‍ ലിജോയുടെ സക്കറിയാസച്ചന്റെ ടോര്‍ച്ച് വെട്ടം ഡിറ്റക്ടീവിന്റേതാണെന്നു മാത്രം. മരണ അറിയിപ്പുമായി രാത്രിയില്‍ പള്ളിയിലെത്തുന്ന ഈശിയുടെ അയല്‍വാസി വികാരിയച്ചന്റെ കൈയിലെ പുസ്തകം നോക്കിപ്പറയുന്നുണ്ട്: അച്ചന് ഡിറ്റക്ടീവ് നോവല്‍ വായിക്കുവായിരുന്നോ എന്ന്. അതെ, കഴിയുന്നത്ര നിയമത്തിന്റെ കുരുക്കുകള്‍ പരിശോധിക്കുന്നൊരാള്‍ ഈ വൈദികന് എന്നാകാം! മാത്രമല്ല; അച്ചന് കര്‍ശനക്കാരന്‍ കൂടിയാണ്. പള്ളിയിലേക്ക് മരപ്പണിയും കയ്യടക്കത്തോടെ കൊത്തുവേലയും ചെയ്തുകൊടുത്തയാളാണ് വാവച്ചനാശാന്. നിസ അപ്പനോട് പറയുന്നുണ്ട്, ”അച്ചന് പള്ളി പുതുക്കുന്നു.; അപ്പന്റെ കൊത്തുപണിയെല്ലാം എടുത്തുമാറ്റും”. ചരിത്രത്തോടും നിര്‍മിതികളോടും പാരമ്പര്യത്തോടും തരിമ്പും സ്നേഹമില്ലാത്തവരാണ് പള്ളിയുടെ അധികാരികളെന്ന് പി. എഫ് മാത്യൂസ് ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട്. അതുമാത്രമാണോ ശരി? ദൈവാലയത്തിന്റെ ശില്പചാതുരിയുടെ ദൈവശാസ്ത്രം അറിയാത്തവരാണോ ലത്തീനികളുടെ നേതാക്കളായ വൈദികരെല്ലാം?
എല്ലാ കലകളും സാംസ്കാരിക പാഠങ്ങള്‍ നിര്‍മിക്കുന്നുണ്ട്. സമൂഹത്തിനുള്ള സമ്മാനങ്ങള്‍. അപ്പന്റെ മരണനേരത്തും അലമ്പുണ്ടാക്കുന്ന സമൂഹം, കണ്ണോക്കിന്റെ പതംപറച്ചിലുകളില്‍ സ്ത്രീധനപ്പോരെടുക്കുന്ന പെണ്ണമ്മ, ധനശേഖരാര്‍ത്ഥം തെരുവില്‍ ഗാനമേള നടത്തുന്നവന് പൈസ കൊടുക്കാതെ, ബിവറജസില്‍ ക്യൂ നിന്ന് പണം കൊടുക്കുന്ന മകന്, കരിസ്മാറ്റിക് ധ്യാനം കൂടി കെട്ടിയോന്മാര്ക്ക് കള്ളുകൂടി നിര്‍ത്താന്‍ ‘പൊടി’കൊടുക്കുന്ന വീട്ടമ്മമാര്‍, ശവപ്പെട്ടിക്ക് ധാരാളിത്തം കാണിക്കുന്ന, കെട്ട്യോളുടെ കെട്ടുതാലി പണയപ്പെടുത്തുന്ന ഈശി, നന്മയുള്ള അയല്പക്കക്കാര്, കുശുമ്പുപറയുന്നവര്‍, സിനിമ കണ്ടിറങ്ങുന്നവര്‍-ചെല്ലാനത്തെ ലത്തീനികളെ ഇങ്ങനെയെല്ലാം അടയാളപ്പെടുത്തും. ഇതാണോ ചെല്ലാനം? ഇതാണോ ലത്തീന്കാര്? കള്ള് ഉള്ളില്ച്ചെന്നാല് സ്വയം പിറുപിറുക്കുന്ന, ആകാശത്ത് റൂഹാദകദിശെയയും ഗീവര്‍ഗീസിനെയും കാണുന്ന, ബാന്‍ഡ് മേളമിഷ്ടപ്പെടുന്ന, ഗതികേടിന്റെ ആള്‍രൂപങ്ങള്‍ പോലുള്ള ജന്മങ്ങളാണോ ലത്തീന്കാര്? ആണെന്ന സാംസ്കാരിക പാഠം സിനിമ തരുന്നുണ്ട്. മാത്യൂസും ലിജോയും ചേര്‍ന്ന് ഒരുക്കിയ ആഷിക് അബു പൈസമുടക്കിയ വ്യവസായ ഉല്പന്നമായ ഈ എന്റര്ടെയ്നര് നിര്‍മിക്കുന്ന സാംസ്കാരിക പാഠത്തിനപ്പുറം ലത്തീന്‍കാര്‍ക്ക് ജീവിതമുണ്ട്. അവരുടെ വൈദികര്‍ അവരുടെ ജീവിതങ്ങളില്‍ ഇടം നേടുന്നുണ്ട്. പുതിയ കാലത്തിന്റെ ക്രൈസ്തവ ജീവിത പരിസരത്തേയ്ക്ക് നോക്കാതെ കലികാലത്തിന്റെ പഴഞ്ചാക്ക് നോട്ടവുമായി ഇവര്‍ പണം മുടക്കുകയും പണം നേടുകയും ചെയ്തുകൊണ്ടിരിക്കേ ഈ സമൂഹം മുന്നോട്ടേക്ക് ആഞ്ഞുതുഴയുക തന്നെയാണ്.
ഈ സിനിമക്കു വേണ്ടി ഛായാഗ്രഹണം നടത്തിയ ഷൈജു ഖാലിദ് നിര്‍മിച്ച ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ അവതരിപ്പിച്ച ഇസ്ലാം സമൂഹപശ്ചാത്തലം നിങ്ങള്‍ ശ്രദ്ധിച്ചോ? നന്മയുള്ള മലബാറി സമൂഹം! സിനിമ നിര്‍മിക്കുന്ന സാംസ്കാരിക പാഠങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ രാഷ്ട്രീയമുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ, ഇന്ത്യയുടെ സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തില്‍.
അപ്പന്റെ മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ കുഴിയെടുത്തു മൂടുന്ന ഈശി, ഏതു കാലഘട്ടത്തിന്റെ ലത്തീനിയാണെന്നറിയില്ല! തെമ്മാടിക്കുഴികളുടെ കാലം കഴിഞ്ഞില്ലേ? മനുഷ്യ ദുരന്തങ്ങളിലും സങ്കടങ്ങളിലും കൂടെനില്‍ക്കുന്ന, പോരായ്മകളെ തിരുത്തുന്ന, ലത്തീന്‍ സമൂഹത്തെ മുന്നോട്ടുനയിക്കുന്ന വൈദികരുടെ, അല്മായ നേതൃത്വത്തിന്റെ കാലത്തെ അടയാളപ്പെടുത്താന്‍ കലാകാരന്മാര് വിമുഖരാകുന്നതിന്റെ സാംസ്കാരിക രാഷ്ട്രീയം തള്ളിക്കളയപ്പെടേണ്ടതാണ്. ഓഖിയുടെ കാലത്ത്, കടലിരമ്പത്തോടൊപ്പം ലത്തീനികളുടെ ആത്മീയനേതൃത്വം ഉണ്ടായിരുന്നതിന്റെ ചരിത്രം അത്ര പഴയതല്ലല്ലോ! സിനിമ കണ്ടിറങ്ങുന്നവര്‍ അതും ഓര്‍മിക്കുന്നുണ്ടാകണം.
ലത്തീനികളുടെ കലയെ, സാംസ്കാരികബോധത്തെ, ജീവിതത്തെ വക്രീകരിച്ചു ചിത്രീകരിക്കുമ്പോഴും അതിമനോഹരമായ കാവ്യഭാഷപോലെ സിനിമയുടെ ദൃശ്യഭാഷ ഒഴുകുന്നുണ്ട്. ചെമ്പന്‍ വിനോദും വിനായകനും പൗളിയും ചെല്ലാനത്തെ സുതനും അഭിനയത്തിന്റെ ആകാശത്തെത്തുന്നുണ്ട്. കലയെന്ന നിലയിലെ വാഴ്ത്ത് സിനിമ അര്‍ഹിക്കുന്നു. ഒപ്പം അത് കൈകാര്യം ചെയ്യുന്ന, നിര്‍മിക്കുന്ന സാമൂഹ്യ-സാംസ്കാരിക പാഠങ്ങള്‍ നിശിതമായി വിമര്‍ശനവിധേയമാകേണ്ടതുമാണ്. കാരണം കൊച്ചിയുടെ, ചെല്ലാനത്തിന്റെ ലത്തീനികള്‍ ഇതല്ല!
Related
Related Articles
എങ്ങനേങ്കിലും പെഴച്ചോളാനെന്നും പറഞ്ഞ് ആരുമിനി വരണ്ട
കടലും കാര്‍ട്ടൂണും കവരുകയാണ് ഞങ്ങളുടെ ജീവിതങ്ങളെയെന്ന് പറയുകയാണ്. യോഗമുണ്ടെങ്കില്‍ യോഗചെയ്ത് പെഴച്ചോളാന്‍ അന്തരാഷ്ട്രയോഗദിനം പ്രഖ്യാപിച്ച് സര്‍ക്കാരും ഈ ആഴ്ചയില്‍ ഉഷാറാകുന്നുണ്ട്. കുറ്റം പറയരുതല്ലോ. മായാവാദത്തിന്റെ മഹത്തായ നാട്ടില്‍,
നീതിക്കായി ഇപ്പോഴും വിശക്കുന്നുണ്ട്
വീട്ടുമുറ്റത്ത് കടല്‍വെള്ളം കയറിയെന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു. ക്യാമ്പുകളിലേക്കു പോയാല്‍ കൊറോണ പകരുമോ എന്നു ഭയം. ചെല്ലാനത്തിന്റെ അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമമാകാന്‍ തുടങ്ങിയെന്ന് പറഞ്ഞു.
വേറിട്ട രാഷ്ട്രീയത്തിന്റെ കേരള തനിമ
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭീമമായ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ ചരിത്ര ഭാഗധേയം തിരുത്തികുറിക്കുമ്പോള്‍ കേരളത്തിന്റെ പൊതുമനസ്സ് ദേശീയ മുഖ്യധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നത് ആശ്ചര്യകരമായി തോന്നാം.
No comments
Write a comment
No Comments Yet!
You can be first to comment this post!