ഉചിതമായ സമയത്ത് പ്രതികരിക്കും – ഷാജി ജോര്‍ജ്

ഉചിതമായ സമയത്ത് പ്രതികരിക്കും – ഷാജി ജോര്‍ജ്

തിരുവനന്തപുരം: ലത്തീന്‍ സമുദായത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അവഗണിക്കുന്നതായി കെആര്‍എല്‍സിസി വൈസ ്പ്രസിഡന്റും സമുദായവക്താവുമായ ഷാജി ജോര്‍ജ് കുറ്റപ്പെടുത്തി. ശംഖുമുഖത്തു ചേര്‍ന്ന സമുദായസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ഉയര്‍ത്തിക്കാണിക്കുവാനുള്ള ശ്രമമല്ല സമുദായസമ്മേളനമെന്ന് ഷാജി ജോര്‍ജ് പറഞ്ഞു. പക്ഷേ സമുദായത്തോടുള്ള അവഗണനയെകുറിച്ച് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും ഓര്‍മപ്പെടുത്തലാണ് ലക്ഷ്യം.
നിരവധി പേരുടെ ജീവനും സ്വത്തും അപഹരിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണം ഏതാനും ദിവസം മുമ്പായിരുന്നു. ഓഖി നമ്മെ സംബന്ധിച്ചിടത്തോളം നോവുള്ള സ്മരണയാണ്. തൊഴിലെടുക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട നിരവധി പേരുടെ ബന്ധുക്കള്‍ക്ക് പകരം പലതും നല്‌കേണ്ടതുണ്ടായിരുന്നു. ഒന്നും നല്കിയിട്ടില്ല. പലരും ആ പാവപ്പെട്ടവര്‍ക്കു നേരെ കണ്ണടയ്ക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള സ്‌നേഹബന്ധത്തെക്കുറിച്ച് ആര്‍ച്ച്ബിഷപ് സൂസപാക്യം സൂചിപ്പിച്ചു. അതു വ്യക്തിപരമായ ബന്ധം മാത്രമല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനവുമായുള്ള ലത്തീന്‍ സമുദായത്തിന്റെ ബന്ധം കൂടിയാണ്. 1931ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പിന്തുണ കൊടുക്കാന്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനം പിരിച്ചുവിട്ടവരാണ് ലത്തീന്‍കാര്‍. 1938ല്‍ നെയ്യാറ്റിന്‍കരയില്‍ പൊലീസിന്റെ തോക്കിനു നേരെ വിരിമാറു കാണിച്ചുകൊടുത്ത നെയ്യാറ്റിന്‍കരയിലെ മത്സ്യത്തൊഴിലാളികളും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഇന്നു ഭരണപക്ഷത്തോടൊപ്പം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷവും ലത്തീന്‍കാരെ മറക്കുകയാണ്. ഓഖി ദുരന്തബാധിതര്‍ക്കായി 7300 കോടിരൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ട് നാളേറെയായി. ഇതുവരെ ഒരു അനുകൂല നീക്കവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭ കൂടിയപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ഒരു സംയുക്ത പ്രമേയം കേന്ദ്രത്തിന് നല്കുമെന്ന് പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല.
കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുളള കടല്‍ എന്ന സംഘടന കഴിഞ്ഞ യുപിഎ സര്‍ക്കാരിന് 
വേണമെന്നാവശ്യപ്പെട്ട് 8300 കോടി രൂപയുടെ ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും കെ. ബാബുവുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്ന മന്ത്രിസഭയായിരുന്നു അന്ന് കേരളത്തിലേത്. സംസ്ഥാന ബജറ്റിനേക്കാള്‍ വലിയ തുകയാണ് ഇതെന്നാണ് അവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇന്നിപ്പോള്‍ ഏകദേശം സമാനമായ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരിക്കുന്നത്.
ഓഖിക്കുശേഷം സംസ്ഥാനത്ത് വിനാശകരമായ പ്രളയമുണ്ടായി. പ്രളയത്തില്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 65000 പേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. അവര്‍ കേരളത്തിന്റെ രക്ഷകരാണെന്നും പൊലീസാണെന്നുമൊക്ക പറഞ്ഞവര്‍ ഇപ്പോള്‍ തിരിഞ്ഞുനില്ക്കുകയാണ്. മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്ന നിലപാടാണ് ഭരണപക്ഷവും പ്രതിപക്ഷവും സ്വീകരിക്കുന്നത്. 5000 പേരെ രക്ഷിച്ച നാവികസേനയ്ക്ക് 215 കോടി രൂപ കൊടുത്തപ്പോള്‍ 65000 പേരെ രക്ഷിച്ചവര്‍ക്ക് ഒന്നുമില്ല. ആദരവും സ്വീകരണവുമൊന്നും ഞങ്ങള്‍ക്കു വേണ്ടെന്ന പറഞ്ഞവരാണ് മത്സ്യത്തൊഴിലാളികള്‍. തൊഴിലെടുക്കാന്‍ അനുവദിക്കണമെന്നു മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. പ്രളയദുരന്തമുണ്ടായ കാലത്തു തന്നെയാണ് കപ്പല്‍ ബോട്ടിലിടിച്ച് മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിനു പോയ 9 മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായത്. ഇവരില്‍ 7 പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. ആരാണ് അവരെ അന്വേഷിച്ചത്? പട്ടിണിയിലായ അവരുടെ കുടുംബങ്ങളെ ആരു സംരക്ഷിക്കും?
സംസ്ഥാനം കേന്ദ്രത്തിനു സമര്‍പ്പിച്ച 7300 കോടിരൂപയുടെ പദ്ധതിക്കായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുവാദിക്കുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് ഏറെ നാളായി ഞങ്ങള്‍ ആവശ്യപ്പെടുന്നതാണ്. ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവരുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോവില്‍ അതു ഉള്‍പ്പെടുത്തിയതുമാണ്. 4 വര്‍ഷം കഴിഞ്ഞു. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് വരികയാണ്. ഒന്നും ഇതുവരെ നടപ്പായില്ല.
അധികാര സ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ നിന്നും ലത്തീന്‍കാര്‍ തഴയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യറിയില്‍ നിന്നും എക്‌സിക്യൂട്ടീവില്‍ നിന്നും പിന്തള്ളപ്പെടുന്നു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 4730 തൊഴിലവസരങ്ങളാണ് സമുദായത്തിന് നഷ്ടപ്പെട്ടതെന്ന് വ്യക്തമായി പറയുന്നുണ്ട്. ഈ കുറവ് പരിഹരിക്കാന്‍ ആരെങ്കിലും ശ്രമിച്ചോ?
ബിജെപി യുപി തിരഞ്ഞെടുപ്പില്‍ 19 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന് ഒരു സീറ്റു പോലും നല്കാതിരുന്നത് തെറ്റാണെന്ന് നമ്മള്‍ പറഞ്ഞു. എന്നാല്‍ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഒരു ക്രിസ്ത്യാനിപോലും ഉണ്ടായിരുന്നില്ല. ഇതു വര്‍ഗീയത പറയുന്നതല്ല. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു അത്. പാര്‍ട്ടിയിലും ഇതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലത്തീന്‍കാരെ അധികാരത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും ഞങ്ങള്‍ ക്ഷമിക്കുമെന്ന് ആരും കരുതരുത്. സമുദായം തീരെ ചെറുതായിപ്പോയിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതരുത്. അതു ഉചിതമായ സമയത്ത് പ്രയോഗിക്കുമെന്നതിന് ഒരു സംശയവുമില്ല.
കേരള ഭരണ സര്‍വീസിലെ മൂന്നില്‍ രണ്ട് നിയമനങ്ങളില്‍ സംവരണം ഒഴിവാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഭരണഘടന അനുവദിച്ചിട്ടുള്ള സംവരണത്തെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുഖ്യധാരയിലേക്കു കടന്നുവരാനുള്ള മാര്‍ഗമാണ് ഇത്തരത്തില്‍ ഇല്ലാതാക്കുന്നത്. സൂസപാക്യം പിതാവ് പറഞ്ഞതുപോലെ സമദൂരസിദ്ധാന്തം മാറ്റാന്‍ ഞങ്ങള്‍ക്കു മടിയില്ലെന്നും എല്ലാവരും ഓര്‍ക്കണമെന്നും ഷാജി ജോര്‍ജ് വ്യക്തമാക്കി.


Related Articles

ഹിജാബില്‍ നിന്ന് വര്‍ഗീയധ്രുവീകരണ കോഡിലേക്ക്

തട്ടമിട്ടതിന്റെ പേരില്‍ ഒരു മാസത്തിലേറെയായി കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ വക പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ എട്ടു മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസ്സില്‍ കയറ്റാത്തതിനെചൊല്ലി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ദേശീയതലവും കടന്ന് രാജ്യാന്തര

സ്വകാര്യ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍

രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് ട്രെയിനാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ നാലാം തീയതി ഓടിത്തുടങ്ങിയ തേജസ് എക്‌സ്പ്രസ്. ഓരോ സീറ്റിലും എല്‍ഇഡി ടിവി, വായിക്കാന്‍ മാസികകള്‍,

ഉപ്പായി തീരാന്‍, വെളിച്ചമായി തീരാന്‍ ഈ ജീവിതം ഫാ. പോള്‍ എ.ജെ

കഞ്ഞിയില്‍ ഒരു നുള്ള് ഉപ്പുപോലെ ചില ജീവിതങ്ങള്‍ അലിഞ്ഞുചേരുന്നു വേറിട്ടുനില്‍ക്കാനായി അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നിട്ടും എല്ലായിടത്തും അവരുണ്ടല്ലോ – ഒ.എന്‍.വി. കുറുപ്പ് (ഉപ്പ്) ഒരുവന്റെ ശിഷ്യത്വം ദൈവത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*