ഉജ്ജ്വല സാക്ഷ്യത്തിന്റെ ഉന്നതശക്തി

by admin | May 15, 2021 5:37 am

 

ഒറ്റ വാക്യത്തില്‍ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ സാരസംഗ്രഹം നമുക്കു കാണാനാകും: ”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (1,8). പെന്തക്കുസ്തായ്ക്കുശേഷം ജറുസലേം, യൂദയാ, സമരിയാ, ‘ഭൂമിയുടെ അതിര്‍ത്തികള്‍’ എന്നിവിടങ്ങളില്‍ നടന്ന സുവിശേഷപ്രഘോഷണമാണ് അപ്പസ്തോലപ്രവര്‍ത്തനഗ്രന്ഥത്തിന്റെ ഉള്ളടക്കവും ഘടനയും. ക്രിസ്തുസാക്ഷ്യം എങ്ങനെ പരിശുദ്ധാത്മപ്രേരിതമായിരിക്കുന്നു എന്ന അന്വേഷണമാണ് ഈ ഗ്രന്ഥത്തിന്റെ പ്രയാണപാത. ഈ പ്രഘോഷണപാതയില്‍ സഭയുടെ കൂട്ടായ്മയും സിനഡല്‍ശൈലിയും പ്രവാചകത്വവും എങ്ങനെ ആത്മപ്രചോദിതമായിരിക്കുന്നു എന്നതിനോടൊപ്പം വ്യക്തികളെ സഭയില്‍ ആത്മാവ് എങ്ങനെ നയിക്കുന്നു എന്നതിന്റെ വിവരണംകൂടിയാണത്. സഭനേരിട്ട പീഡനപര്‍വംപോലും എങ്ങനെ ദൈവാത്മാവ് സുവിശേഷപ്രഘോഷണത്വരകമായി ക്രമപ്പെടുത്തി എന്നും നാമവിടെ കാണുന്നു.

ആത്മസാക്ഷ്യത്തിന്റെ ജറുസലേം-യൂദയാ-സമരിയാ വഴികള്‍

പെന്തക്കുസ്താനുഭവത്തോടെ ആരംഭിച്ച ജറുസലെമിലെ സുവിശേഷപ്രഘോഷണം (അപ്പ 2,1-41) എത്രമേല്‍ വിജയകരമായിരുന്നുവെന്ന്, ”നിങ്ങള്‍ നിങ്ങളുടെ പ്രബോധനംകൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു” (5,28) എന്ന അപ്പസ്തോലന്മാര്‍ക്കെതിരേയുള്ള പ്രധാനപുരോഹിതന്റെ ആക്രോശത്തില്‍നിന്നുതന്നെ വ്യക്തമാണ്. സ്തേഫാനോസിന്റെ വധത്തിനുശേഷം ജറുസലേമിലെ സഭയ്ക്കെതിരേ ഉണ്ടായ പീഡനത്തോടെയാണ് മിഷന്റെ വ്യാപനം ആരംഭിക്കുന്നത്: ”അപ്പസ്തോലന്മാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി… ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു” (8,1.4). യൂദയാ, സമരിയാ, ഗലീലി എന്നിവിടങ്ങളിലെ മിഷന്‍പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപംകൊണ്ട സഭ ”ശക്തിപ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്കിയ സമാശ്വാസത്തിലും വളര്‍ന്നു വികസിച്ചു” (9,31). പീഡനംമൂലം ചിതറിക്കപ്പെട്ടവര്‍ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നിവിടങ്ങളിലേക്കു സഞ്ചരിച്ച് യഹൂദരോടു സുവിശേഷം പ്രസംഗിച്ചതായി 11,19-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. പരിശുദ്ധാത്മാവ് വിജാതീയര്‍ക്കുള്ള മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് പത്രോസിലൂടെത്തന്നെയാണ് (10,111,18).

ആത്മസാക്ഷ്യത്തിന്റെ ‘ലോകാതിര്‍ത്തി’വഴികള്‍

സൈപ്രസ്സില്‍നിന്നും കിറേനേയില്‍നിന്നുമുള്ള ചിലര്‍ അന്ത്യോക്യായില്‍വന്ന് ഗ്രീക്കുകാരോടു കര്‍ത്താവായ യേശുവിനെക്കുറിച്ചു പ്രസംഗിച്ചത് (11,20) വിജാതീയര്‍ക്കിടയിലെ മിഷന്റെ മറ്റൊരു കാഴ്ചയാണ്. അവിടേക്ക് അപ്പസ്തോലന്മാര്‍ നിയോഗിച്ച ബാര്‍ണബാസാണ് സാവൂളിനെ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടുപോന്നതും സുവിശേഷപ്രഘോഷണയത്നത്തില്‍ പങ്കാളിയാക്കിയതും. ആദ്യം യഹൂദര്‍ക്കിടയില്‍ നടന്ന ഈ മിഷന്‍ അവരുടെ പ്രതിരോധത്തിന്റെ ഫലമായി പിന്നീട് വിജാതീയര്‍ക്കുവേണ്ടിയുള്ളതായിത്തീര്‍ന്നു (13,46). വിജാതീയരുടെ ഇടയിലുള്ള പൗലോസിന്റെയും ബാര്‍ണബാസിന്റെയും ഏറെ വിജയകരമായ മിഷന്‍ തുടര്‍ന്ന് ഇക്കോണിയം, ലിസ്ത്രാ, ദെര്‍ബേ, പെര്‍ഗാ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. പതിനാറാം അധ്യായം മുതല്‍ പൗലോസിന്റെ മിഷനില്‍ കേന്ദ്രീകരിക്കുന്ന ഗ്രന്ഥം വിവിധങ്ങളായ നാടുകളില്‍ അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണവും സഭാസംസ്ഥാപനവും വിവരിച്ച് ഇരുപത്തൊന്നാം അധ്യായത്തില്‍ ജറുസലേമിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ച് പരാമര്‍ശിക്കുന്നു. യഹൂദര്‍ പൗലോസിനെ ”ബന്ധിക്കുകയും വിജാതീയര്‍ക്ക് ഏല്പിച്ചു കൊടുക്കുകയും ചെയ്യും” (21,11) എന്ന അഗാബോസിന്റെ പ്രവചനം ഏറെ നിര്‍ണായകമാണ്. വിജാതീയദേശങ്ങളുടെ കേന്ദ്രമായി യഹൂദര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന റോമാവരെ അതായത്, ‘ഭൂമിയുടെ അതിര്‍ത്തികള്‍വരെ’യുള്ള സുവിശേഷണപ്രഘോഷണ സൂചനകൂടിയാണത്. റോമായിലേക്കുള്ള പൗലോസിന്റെ യാത്രയും അവിടെയുള്ള വാസവും പ്രബോധനവും പരാമര്‍ശിച്ചുകൊണ്ട് ”അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു” എന്ന കുറിപ്പോടെ, പ്രത്യേകിച്ച് ശ്രദ്ധേയമായ ഒരു വിരാമമില്ലാതെ, അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ സമാപിക്കുമ്പോള്‍ ക്രിസ്തുപ്രഘോഷണം എന്ന ആ ദൗത്യം അവിരാമം തുടരുന്നതാണ് സഭാജീവിതം എന്ന ധ്വനിയാണ് അനുവാചകന്റെ മനസ്സില്‍ മുഴങ്ങുന്നത്.

ഭാരതസഭയും ആത്മാവിന്റെ സാക്ഷ്യവഴികളും

”ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാല്‍, ഞാനാണ് അവരെ അയച്ചിരിക്കുന്നത്” (അപ്പ:10,20) എന്ന് കൊര്‍ണേലിയൂസിന്റെ ഭവനത്തിലേക്കു പോകാന്‍ പത്രോസിനു നിര്‍ദേശം നല്കിക്കൊണ്ടു പറഞ്ഞ പരിശുദ്ധാത്മാവാണ് ക്രിസ്തുവിനെക്കുറിച്ചു പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കെത്തന്നെ അവരെല്ലാവരുടെയും മേല്‍ വന്നുനിറഞ്ഞത്. ആദിമസഭയില്‍ സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം വഹിച്ച പരിശുദ്ധാത്മാവുതന്നെയാണ് ഇന്നും നമ്മെ നയിക്കുന്നത്. പക്ഷേ, സ്ഥാപനാത്മകതയുടെ സങ്കീര്‍ണബഹളങ്ങള്‍ക്കിടയില്‍ ആത്മാവിന്റെ പ്രേഷിതത്വപ്രചോദനങ്ങളോട് ബധിരകര്‍ണം പുലര്‍ത്താന്‍ ഇന്ന് നമുക്ക് ഇടയാകുന്നില്ലേ? ഭരണഘടനനല്കുന്ന ന്യായമായ പ്രഘോഷണാവകാശം പോലും, നിര്‍ബന്ധിതമതപരിവര്‍ത്തനം എന്ന വ്യാജാരോപണത്തിനുമുന്നില്‍, തള്ളിപ്പറയാന്‍ പലപ്പോഴും ഭാരതസഭയ്ക്ക് ഇടയാകുന്നുണ്ട് എന്നതല്ലേ വാസ്തവം? ക്രിസ്തുവിനെ വേണ്ടവിധം അറിയാത്തവര്‍ക്ക് സുവിശേഷം പകര്‍ന്നുകൊടുക്കുക എന്ന സഭയുടെ മുഖ്യദൗത്യം ഒരുകാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ല. ”സഭയുടെ ആചാരങ്ങളും പ്രവര്‍ത്തനശൈലിയും സമയങ്ങളും സമയക്രമീകരണങ്ങളും ഭാഷയും സംവിധാനങ്ങളും സ്വന്തം സംരക്ഷണത്തിന് എന്നതിനെക്കാള്‍ ഇന്നത്തെ ലോകത്തിന്റെ സുവിശേഷവത്കരണത്തിനായി തിരിച്ചുവിടുന്നതിനുവേണ്ടി ഒരു പ്രേഷിതത്വതിരഞ്ഞെടുപ്പ് – എല്ലാം പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിവുള്ള പ്രേഷിതത്വപ്രചോദനം – ഞാന്‍ സ്വപ്‌നം കാണുന്നു” (സുവിശേഷത്തിന്റെ സന്തോഷം, 27) എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എത്രയോ പ്രസക്തം! ഈ അപ്പസ്തോലികാഹ്വാനത്തിന്റെ ഒന്നാം അധ്യായത്തിന്റെ ശീര്‍ഷകംതന്നെ ‘സഭയുടെ പ്രേഷിതത്വപരമായ മാനസാന്തരം’ എന്നാണ്!

ആര്‍ക്കും എതിര്‍ത്തുനില്ക്കാന്‍ കഴിയാത്ത ജ്ഞാനത്തിന്റെ ആത്മാവ് സ്തേഫാനോസില്‍ പ്രകടമായി (6,10) എന്ന തിരിച്ചറിവ് വിശ്വാസപ്രബോധനത്തിന്റെ (കെറിഗ്മ/കാറ്റെക്കേസിസ്) ആത്മവഴിയിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. സഭയുടെ വിവിധ തലങ്ങളിലുള്ള ഡോക്ട്രൈനല്‍ സമിതികളും ദൈവശാസ്ത്രപണ്ഡിതരും കാലാകാലങ്ങളില്‍ സഭനേരിടുന്ന പ്രബോധനപരമായ പ്രശ്നങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് മജിസ്തേരിയത്തിലൂടെ വിശ്വാസികള്‍ക്ക് സമയബന്ധിതമായി പ്രബോധനങ്ങള്‍ നല്കുന്നില്ലെങ്കില്‍ സഭതന്നെയാണ് ശുഷ്‌കിച്ചുപോകുന്നത്; അപ്പസ്തോലികാധികാരംതന്നെയാണ് ദുര്‍ബലമായിപ്പോകുന്നത്.

ആദിമസഭയില്‍ ജറുസലേം സൂനഹദോസ് സമയബന്ധിതമായ തീരുമാനം എടുത്തിരുന്നില്ലെങ്കില്‍ അവസ്ഥ എന്താകുമായിരുന്നു? ഇതോടൊപ്പം, വിശ്വാസസമര്‍ത്ഥനത്തിന്റെ (അപ്പോളജെറ്റിക്സ്) കാലികപാതയിലേക്കും സ്തേഫാനോസിനെ നയിച്ച ജ്ഞാനത്തിന്റെ ആത്മാവ് നമ്മെ ക്ഷണിക്കുന്നുണ്ട്. ആദ്യത്തെ ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം സഭ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത അപ്പോളജെറ്റിക്സ് ഇന്ന് സഭയില്‍ ഏറെ ആവശ്യമായി വന്നിരിക്കുന്നു. വിവിധ പെന്തക്കോസ്തുസഭകളില്‍പ്പെട്ടവര്‍ ഈ മേഖലയില്‍ മുന്നിട്ടിറങ്ങുമ്പോഴും ഇക്കാര്യത്തില്‍ കേരളകത്തോലിക്കാസഭയ്ക്ക് ഇനിയും വേണ്ടത്ര ഉണര്‍വായിട്ടില്ല. തെറ്റായ ബോധ്യങ്ങളിലേക്ക് സഭാമക്കള്‍തന്നെയും നീങ്ങാന്‍ ഈ അലംഭാവം ഇടയാക്കും.

മിഷന് അനുകൂലമായ തീരുമാനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ജറുസലേം സൂനഹദോസിന്റെ കത്തിലെ ”പരിശുദ്ധാത്മാവി
നും ഞങ്ങള്‍ക്കും തോന്നി” (15,28) എന്ന പ്രയോഗം എത്ര സുന്ദരമാണ്! സഭയുടെ കരസ്മാറ്റിക്-സ്ഥാപനാത്മകതലങ്ങളുടെ സമ്യക്കായ പ്രകാശനമാണത്. തങ്ങളോടൊപ്പം പരിശുദ്ധാത്മാവും ക്രിസ്തുസംഭവത്തിനു സാക്ഷിയാണെന്ന് (5,32) വലിയപ്രര്‍ത്ഥനാ ചൈതന്യത്തോടെ പ്രഖ്യാപിക്കുന്ന അപ്പസ്തോലന്മാരാണ് സഭയുടെ ശക്തി. അവരുടെ പരിശുദ്ധാത്മസാന്നിധ്യാനുഭവമാണ് സഭയുടെ മുതല്ക്കൂട്ട്. പരിശുദ്ധാത്മാവിന്റെ മന്ത്രണങ്ങള്‍ ധ്യാനഗുരുക്കന്മാര്‍ക്കും വരങ്ങളുള്ളവര്‍ക്കുമായി സംവരണം ചെയ്തുവയ്ക്കുന്ന അപകടകരമായ ഒരു ട്രെന്റ് ഇന്നു കേരളസഭയില്‍ കാണുന്നുണ്ടെന്നു പറയാതെവയ്യാ. അപ്പസ്തോലികസ്ഥാനീയരായ ചിലരുടെ പതനത്തിനും അതു കാരണമായിട്ടുണ്ട് എന്ന അനുഭവപരമായ യാഥാര്‍ത്ഥ്യത്തിനുനേരേ കണ്ണടച്ചതുകൊണ്ട് സഭയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാകാനുണ്ടോ?

പ്രേഷിതത്വത്തിനുള്ള പരിശുദ്ധാത്മപദ്ധതിയുടെ ഭാഗമാണ് പീഡനങ്ങള്‍. സുവിശേഷപ്രഘോഷണത്തിന് സന്നദ്ധരായ ശിഷ്യര്‍ക്ക് പ്രതിഫലമായി ലഭിച്ചത് ഭീഷണിയും പീഡനങ്ങളും കാരാഗൃഹങ്ങളും ആയിരുന്നു (4,18.21; 5,40; 7,5760; 8,1; 9,23; 12,1.2; 13,50; 14,5.19; 16,23; 19,29; 20,23; 21,11.31.36; 23,10.1215; 25,3). പത്രോസും (4,3; 12,4) യോഹന്നാനും (4,3) മറ്റ് അപ്പസ്തോലന്മാരും (5,18) വിശ്വാസികളായ സ്ത്രീപുരുഷന്മാരും (8,3) പൗലോസും (16,19; 21,33; 23,35; 24,23) സീലാസും (16,19) സുവിശേഷത്തെപ്രതി കാരാഗൃഹവാസം അനുഭവിച്ചവരാണ്. പക്ഷേ, ഈ പീഡനങ്ങളെല്ലാം സുവിശേഷത്തിന്റെ വളര്‍ച്ചയ്ക്ക് നിമിത്തമായിത്തീര്‍ന്നു. ജറുസലേമിലെ പീഡനം മൂലം ചിതറിയവരാണ് സമരിയായിലും യൂദയായിലും സുവിശേഷം പ്രഘോഷിച്ചത് എന്നതും ജറുസലേമില്‍ പൗലോസ് തടവിലാക്കപ്പെട്ടതാണ് റോമിലേക്കുള്ള യാത്രയുടെ നിമിത്തമായത് എന്നതും പരിഗണിക്കുമ്പോള്‍ 1,8-ല്‍ നാം വായിക്കുന്ന ആത്മപൂരിത പ്രേഷിതത്വത്തിന്റെ പാത പീഡനങ്ങളുടെ പാതതന്നെയാണെന്ന നിഗമനത്തിലെത്താനേ നമുക്കാവുകയുള്ളൂ.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാലത്തിന്റെ അടയാളങ്ങള്‍ ആത്മാവിന്റെ വെളിപ്പെടുത്തലുകള്‍ കൂടിയായി കാണാനുള്ള വിവേകം നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഒരു കാലത്ത് പ്രേഷിതത്വത്തിന് ഏറെ സഹായകമായിരുന്ന മാര്‍ഗങ്ങള്‍ ഇന്ന് തീരെ ആവശ്യമില്ലാത്തവയാകാം. പഴഞ്ചന്‍ ശുശ്രൂഷകളില്‍ അള്ളിപ്പിടിച്ചുകിടക്കുന്നത് വലിയ സുരക്ഷിതത്വബോധം നല്‍
കിയേക്കാമെങ്കിലും അത് ദൈവരാജ്യശുശ്രൂഷയ്ക്കും ക്രിസ്തുപ്രഘോഷണത്തിനും ഇന്ന് വലിയ തടസ്സമായിത്തീര്‍ന്നിട്ടുണ്ടാകാം. ഒപ്പം, ഇന്നിന്റെ സഭയ്ക്കായി ദൈവാത്മാവ് കരുതിവച്ചിരിക്കുന്ന വിവിധമേഖലകള്‍ ചിതലരിച്ചുപോയെന്നും വരാം

സാങ്കേതികവിദ്യകളുടെ ലോകവും മാധ്യമശുശ്രൂഷയും ജുഡീഷ്യറിപരിസരങ്ങളും സര്‍ക്കാര്‍ സര്‍വീസുകളും ചേരിനിര്‍മാര്‍ജനവും സംശുദ്ധഭക്ഷണ-ജല-വായുപരിഗണനകളും വെയിസ്റ്റു മാനേജുമെന്റും ഒന്നും പ്രേഷിതത്വത്തിന്റെ കാലികപാതകളായി കാണാന്‍ സഭയ്ക്കു കഴിയാത്തത് വിദ്യാഭ്യാസ-ആതുരശുശ്രൂഷാമേഖലകളോടുള്ള അള്ളിപ്പിടുത്തം കൊണ്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്?

പെന്തക്കുസ്താനുഭവം ആദിമസഭയ്ക്കു സമ്മാനിച്ച ഏറ്റവും പ്രകടമായ നന്മ ധൈര്യമായിരുന്നു. ‘പറേസിയ’ എന്ന ഗ്രീക്കുവാക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിദ്യാവിഹീനരായ അപ്പസ്തോലന്മാരുടെ ധൈര്യംകണ്ട് സാന്‍ഹെദ്രിന്‍സംഘം വരെ അത്ഭുതപ്പെട്ടു എന്നാണ് അപ്പ: 4,13 വ്യക്തമാക്കുന്നത്. ”അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു”എന്ന് അപ്പ: 4,31-ല്‍ കുറിച്ചിരിക്കുന്നത് ഭീഷണികളുടെ മധ്യേ പ്രാര്‍ഥിച്ചു ബലപ്പെട്ട വിശ്വാസസമൂഹത്തെക്കുറിച്ചാണ്. പൗലോസ് റോമായില്‍ ”ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു” എന്ന വാക്യത്തോടെ അവസാനിക്കുന്ന അപ്പസ്തോലപ്രവര്‍ത്തനഗ്രന്ഥം സമകാലീന കേരളസഭയ്ക്കു നല്കുന്ന ശക്തമായ സന്ദേശം ആത്മാവില്‍നിന്നു ധൈര്യം സംഭരിക്കുക എന്നതാണ്. ധൈര്യച്ചോര്‍ച്ചയ്ക്കു കാരണമാകുന്ന നിക്ഷിപ്തതാല്പര്യങ്ങളും കുറുക്കുവഴികളും ഉപേക്ഷിക്കുക എന്നതാണ് അതിനുള്ള മുഖ്യമായ പോംവഴി!

 

 

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%89%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d%e0%b4%b5%e0%b4%b2-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86/