ഉതപ്പും ചെറുത്തുനില്‍പ്പും

ഉതപ്പും ചെറുത്തുനില്‍പ്പും

പ്രളയാനന്തരം മറ്റൊരു കോളിളക്കത്തിലൂടെ കേരളത്തിലെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോള്‍, ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, വിശേഷിച്ച് ടെലിവിഷന്‍ ചാനലുകളിലെ അന്തിചര്‍ച്ചകളില്‍ സഭയ്ക്കുനേരെ സംഘാതമായി നടത്തിയ കടന്നാക്രമണങ്ങളുടെയും അസത്യപ്രചരണത്തിന്റെയും വ്യാപ്തിയും പ്രത്യാഘാതങ്ങളും അമ്പരപ്പിക്കുന്നതാണ്. ഇരയുടെയും വേട്ടക്കാരന്റെയും പരികല്പന പല്ലവിയോടെ ധാര്‍മികതയുടെയും നൈതിക മൂല്യങ്ങളുടെയും കാവലാള്‍ ചമഞ്ഞുകൊണ്ടുള്ള മാധ്യമവിചാരണ പൗരോഹിത്യത്തെയും സമര്‍പ്പിത ജീവിതത്തെയും വിശ്വാസപ്രമാണങ്ങളെയും സംബന്ധിച്ച് അവമതിപ്പും അപകീര്‍ത്തിയും നിന്ദയും പ്രകടമാക്കുന്നതായിരുന്നു. മതസ്പര്‍ധ ജനിപ്പിക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി ക്രൈസ്തവ കൂട്ടായ്മയും വിശ്വാസസ്ഥൈര്യവും തകര്‍ക്കാനും ലക്ഷ്യമിടുന്ന ആസൂത്രിത വര്‍ഗീയ അജന്‍ഡ അതിനു പിന്നിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന പല ദൃഷ്ടാന്തങ്ങളുമുണ്ട്.
വിശ്വാസവഞ്ചനയും ഭീഷണിയും മാനസികപീഡനവും ലൈംഗികാതിക്രമവും ആരോപിച്ച് ഒരു മേല്‍പട്ടക്കാരനെതിരെ പരാതി ഉന്നയിച്ച പ്രേഷിത സന്യാസിനിക്ക് നീതി നിഷേധിക്കുന്നു എന്ന മുറവിളിയുമായി കൊച്ചി നഗരത്തിലെ പ്രധാന തെരുവോര സമരചത്വരത്തില്‍ പന്തലൊരുക്കിയ ഒരുപറ്റം കന്യാസ്ത്രീകള്‍ക്ക് ലഭിച്ച ആള്‍ക്കൂട്ട സഹതാപത്തിലൂന്നിയായിരുന്നു മതദ്വേഷത്തിന്റെയും ദുരാരോപണങ്ങളുടെയും കുത്സിതവും ഏകതാനവുമായ രൗദ്ര താണ്ഡവം. സംസ്ഥാന പൊലീസ് ഉന്നതതലത്തില്‍ ഇടപെട്ട്, ഏറെ കരുതലോടെ പല സംസ്ഥാനങ്ങളിലും മൊഴിയെടുക്കലും തെളിവെടുപ്പുമായി മുന്നോട്ടുനീങ്ങുകയും കേരള ഹൈക്കോടതി ഓരോ ഘട്ടത്തിലായി അതിന്റെ പുരോഗതി നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കെ സഭയെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തി ഏകപക്ഷീയമായി കുറ്റവിചാരണ നടത്തി നിയമപാലകരെയും നീതിന്യായവ്യവസ്ഥയെയും സമ്മര്‍ദത്തിലാക്കുന്ന ജനകീയ വിധിതീര്‍പ്പു കല്പിച്ച മാധ്യമവിധിയാളന്മാരുടെ ധാര്‍ഷ്ട്യവും ഉന്മത്ത നീതിബോധവും ആരെയൊക്കെ ഹരംകൊള്ളിച്ചാലും അത് അസഹിഷ്ണുതയുടെയും സാംസ്‌കാരിക അധഃപതനത്തിന്റെയും മര്യാദകേടിന്റെയും ഔചിത്യഭംഗത്തിന്റെയും കരാളമുദ്രകളായി പൊതുസമൂഹത്തിന്റെ ബോധമണ്ഡലത്തില്‍ മുഴച്ചുനില്‍ക്കുകതന്നെചെയ്യും.
തിരിച്ചടിക്കുകയോ ആയുധമേന്തി തെരുവിലിറങ്ങുകയോ സംഘടിതമായി പ്രതിരോധം സൃഷ്ടിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാലാവാം ഒരു വിശ്വാസി സമൂഹത്തെ ഇത്ര ഹീനമായി കടന്നാക്രമിക്കുന്നത്. വ്രതബദ്ധമായ സമര്‍പ്പിത ജീവിതത്തിന്റെ പൊരുളെന്തെന്നോ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട്, സര്‍വവും ത്യജിച്ചുകൊണ്ട്, ആധ്യാത്മികജീവിതത്തിന്റെ സുകൃതപുണ്യസൗഭാഗ്യങ്ങള്‍ തങ്ങള്‍ക്കുചുറ്റുമുള്ളവരുമായി പങ്കുവച്ചും അവശരെയും നിരാലംബരെയും അനാഥരെയും കുഷ്ഠരോഗികളെയും എയ്ഡ്‌സ് ബാധിതരെയും മരണാസന്നരായ വയോധികരെയും മനോരോഗികളെയും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെയും ഒറ്റപ്പെട്ടവരെയും പരിത്യക്തരെയും കാരുണ്യപൂര്‍വം ശുശ്രൂഷിച്ചും ജീവിക്കുന്നവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉപവിയുടെയും ആഴമെത്രയെന്നോ അറിയാത്ത ചില വെളിച്ചപ്പാടുകള്‍ ഉറഞ്ഞുതുള്ളുമ്പോള്‍ ചൂട്ടുപിടിക്കുന്ന പടയണിക്കാരില്‍ സഭാവസ്ത്രം ധരിച്ചെത്തിയവരും മതചിഹ്നങ്ങള്‍ പേറുന്നവരും ബുദ്ധിജീവികളും സാംസ്‌കാരിക നേതാക്കളും ചില പൊതുപ്രവര്‍ത്തരുമുണ്ടായിരുന്നു എന്നത് ആത്യന്തികമായി നീതിയുടെയും നന്മയുടെയും പക്ഷത്തിന്റെ മുന്നേറ്റനിരയായി വ്യാഖ്യാനിക്കാനാകുമോ?
ഏറ്റവും പവിത്രമായ വ്യവസ്ഥാപിത സംവിധാനങ്ങളെ തച്ചുടയ്ക്കുന്ന, ബൃഹദാഖ്യാനങ്ങളുടെ തകര്‍ച്ചയുടെ സ്വാഭാവിക പരിണതിയാണ് ഇന്നത്തെ മാധ്യമസംസ്‌കാരത്തില്‍ പ്രതിഫലിക്കുന്നതെന്ന സാമൂഹിക അപഗ്രഥനവും വ്യാജവാര്‍ത്താനിര്‍മിതിയുടെ രാഷ്ട്രീയത്തിനു പിന്നിലെ സത്യാനന്തര പ്രതിഭാസവും നവമാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ആവിര്‍ഭാവത്തോടെ മാധ്യമധര്‍മത്തിന്റെ നിര്‍വചനത്തിലും പരമ്പരാഗതശൈലിയിലും വന്നിട്ടുള്ള മാറ്റങ്ങളുമൊക്കെ പഠനവിഷയങ്ങളാണ്. അതേസമയം മാധ്യമസംവാദത്തില്‍, പൊതുസമൂഹവുമായുള്ള പബ്ലിക് റിലേഷന്‍സ് ഇടപെടലുകളില്‍, തക്കസമയത്ത് ആധികാരിക വിശദീകരണവും പശ്ചാത്തല വിവരണവും വസ്തുനിഷ്ഠമായ വാദമുഖങ്ങളും അവതരിപ്പിക്കുന്നതില്‍ ഉണ്ടാകുന്ന ജാഗ്രതക്കുറവിനും വീഴ്ചകള്‍ക്കും അലംഭാവത്തിനും ഏകോപനമില്ലായ്മയ്ക്കും സഭയും സമുദായവും വലിയ വിലനല്‍കേണ്ടിവരും എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ട്. കാലം മാറുന്നതോടൊപ്പം ആശയവിനിമയ ഉപാധികളിലും പ്രൊപ്പഗാന്ത ശൈലിയിലും ആവിഷ്‌കാര രീതിയിലുമുണ്ടാകുന്ന അതിദ്രുത വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്കാകുന്നില്ല. പ്രത്യയശാസ്ത്രപരമായ തീവ്രവാദമോ മതമൗലികവാദമോ സ്വത്വരാഷ്ട്രീയത്തിന്റെ വൈകാരിക തീക്ഷ്ണതയോ ഇല്ലാത്തത് ഇക്കാര്യത്തില്‍ ഒരു പോരായ്മയായിതോന്നാം.
മാധ്യമ വിദ്യാഭ്യാസത്തിന്റെ അഭാവം അടിസ്ഥാനപരമായി നമ്മുടെ സാമൂഹിക പ്രതിനിധാനങ്ങളെയും സമ്പര്‍ക്കമാധ്യമങ്ങളെയും സാംസ്‌കാരിക ആഖ്യാനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. വ്യത്യസ്ത മാധ്യമങ്ങളുടെ രാഷ്ട്രീയവും ബിസിനസ് താല്പര്യങ്ങളും സ്വാധീനശേഷിയും എന്താണെന്നു തിരിച്ചറിഞ്ഞ് അവയോട് ആരോഗ്യകരമായ രീതിയില്‍ പ്രതികരിക്കാന്‍ പുതിയ തലമുറയെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. കാരണം, മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും അത്രമേല്‍ സ്വാധീനിക്കുന്നുണ്ട്. മാധ്യമങ്ങളെ ഭയന്നും അവയോട് നിരന്തരം പൊരുതിയും തന്ത്രപരമായി സമരസപ്പെട്ടും സ്വന്തം പ്രതിഛായ മിനുക്കിയും സ്വയം പരിവര്‍ത്തനത്തിനു വിധേയരായും ജീവിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരുടെ മാതൃക അനുകരിക്കണമെന്നില്ല. എന്നാല്‍ സത്യത്തിനും നീതിക്കും നിരക്കാത്ത രീതിയില്‍ നിരന്തരം ആക്രമണത്തിനു മുതിരുന്ന മാധ്യമങ്ങളുടെ തനിനിറം എന്തെന്നു തിരിച്ചറിയാനും ചെറുത്തുനില്പിന്റെ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാനും നമുക്കു കഴിയണം.
ചില മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വാദിച്ചേക്കാം. എന്നാല്‍ സ്വയംപ്രതിരോധത്തിന്റെയും സമ്മര്‍ദതന്ത്രങ്ങളുടെയും ഭാഗമായി ഉപദ്രവകാരികളായ മാധ്യമങ്ങളുടെ വരുമാനസ്രോതസായ പരസ്യദാതാക്കളുടെമേല്‍ പരോക്ഷമായി സമ്മര്‍ദം ചെലുത്തുന്നത് വളരെ ഫലവത്താകും. ടെലിവിഷന്‍ റേറ്റിംഗിന്റെ മര്‍മത്ത് അടിക്കാന്‍ പ്രൈംടൈം ചര്‍ച്ചകള്‍ പൂര്‍ണമായി ഒഴിവാക്കിയാല്‍ മതി; ബൗദ്ധികമായോ സാമൂഹികവിജ്ഞാനത്തിലോ ഒരു പ്രേക്ഷകനും ഇതുകൊണ്ട് ഒരു നഷ്ടവും വരാനില്ല. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള പരസ്യവരുമാനത്തോളം വരില്ലെങ്കിലും മിക്ക ടിവി ചാനലുകളും അച്ചടിമാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും വന്‍തോതില്‍ പണം സമ്പാദിക്കുന്നത് പലപ്പോഴും വിവാദപ്പെരുമഴയുടെ വ്യാജവാര്‍ത്താനിര്‍മിയിലൂടെയാണ്. ഇത്തരം വീഡിയോ, ഓഡിയോ, ടെക്‌സ്റ്റ്, ഗ്രാഫിക്, ബ്ലോഗ്, വ്‌ളോഗ് ചാനലും പേജുകളും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനും അണ്‍ഫോളോ ചെയ്യാനും അസഹനീയമായി കണ്ടെത്തുന്നവയ്‌ക്കെതിരെ കംപ്ലെയ്ന്റ് റിപ്പോര്‍ട്ടുചെയ്യാനും സൈബര്‍സെല്ലില്‍ പരാതി നല്‍കാനും നമുക്കാകും.
പ്രാദേശിക എഡിഷനില്‍ വല്ലപ്പോഴും ഒരു പടവും ഒരുതുണ്ടു വാര്‍ത്തയും വാഗ്ദാനം ചെയ്ത് നമ്മുടെ വിദ്യാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പില്‍ സാമൂഹിക പ്രതിഛായ വളര്‍ത്താന്‍ ശ്രമിക്കുന്ന ചില മുന്‍നിര പത്രങ്ങളുടെ പ്രലോഭനതന്ത്രങ്ങളില്‍ വീഴാതെ നമ്മുടെ സ്വന്തം പ്രസിദ്ധീകരണങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. ഇടവക ബുള്ളറ്റിന്‍ തൊട്ടുള്ള നമ്മുടെ എണ്ണമറ്റ പ്രസിദ്ധീകരണങ്ങളുടെ സംഘശക്തി പൂര്‍ണമായി ഉപയോഗിക്കാന്‍ ഇനിയെങ്കിലും നമുക്കു കഴിയണം.
നവമാധ്യമങ്ങളും സോഷ്യല്‍മീഡിയയുമാണ് അസത്യപ്രചരണത്തിനും ആക്ഷേപത്തിനും ദൂഷണത്തിനും മാനഹാനിക്കും ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. ഈ ഉപാധിതന്നെ പ്രതിമരുന്നാക്കാനുള്ള സാങ്കേതിക നൈപുണ്യം വ്യാപകമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ കരുത്തുറ്റ പ്രതിരോധനിര സൃഷ്ടിക്കാനാകും. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ട്രെന്‍ഡുകള്‍ മാറ്റുന്നതിന് ഉതകുന്ന മികവുറ്റ യുട്യൂബ് ചാനലുകളും നന്മയുടെ നല്ല ആഖ്യാനങ്ങളും കൊണ്ട് സൈബര്‍ലോകം പിടിച്ചടക്കാന്‍ നമ്മുടെ യുവപോരാളികളെ പ്രേരിപ്പിക്കണം.
ദൈവികവും മാനവികവുമായ മാനങ്ങളുള്ള സഭയില്‍ മനുഷ്യാവസ്ഥയുടെ പിഴവുകളും പരിമിതികളും കുറ്റങ്ങളും കുറവുകളുമുണ്ടാകും. പാപികളും വിശുദ്ധരും ഉള്‍പ്പെടുന്നതാണ് സഭ. വിശ്വാസവും ദൈവകൃപയുമാണ് സഭയെ നിലനിര്‍ത്തുന്നത്. സഭാശുശ്രൂഷകനോ പരികര്‍മികയോ പിഴച്ചുപോയാലും പരികര്‍മം ചെയ്യപ്പെടുന്ന കൂദാശയുടെയോ പ്രാര്‍ഥനയുടെയോ ആരാധനയുടെയോ സാധുത നഷ്ടപ്പെടുന്നില്ല എന്നാണ് നാലാം നൂറ്റാണ്ടിലെ ഡൊണാറ്റിസം എന്ന ശീശ്മയോടു പ്രതികരിച്ചുകൊണ്ട് ഹിപ്പോയിലെ മെത്രാനായ വിശുദ്ധ അഗസ്തീനോസ് പറഞ്ഞത്. ശുശ്രൂഷകന്റെ വിശുദ്ധിയെ ആശ്രയിച്ചല്ല ദൈവകൃപ വിശ്വാസികള്‍ക്ക് സംലഭ്യമാകുന്നതെന്നും, സ്വര്‍ഗത്തില്‍ മാത്രമേ സഭ പൂര്‍ണമായും പരിശുദ്ധമായിരിക്കൂവെന്നും അഗസ്തീനോസ് ഓര്‍മിപ്പിക്കുന്നുണ്ട്.


Related Articles

ബുദ്ധിമതിയായ ഭാര്യ

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം

വചനം പങ്കുവച്ച് സ്വര്‍ഗപുത്രി

എറണാകുളം: നാടകം മലയാളിയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന വികാരമാണ്. ദശാബ്ദങ്ങളായി കേരളക്കരയിലങ്ങോളമിങ്ങോളം നാടകരാവുകള്‍ സജീവമായി തുടരുന്നു. മലയാളിയുടെ രാഷ്ട്രീയ-സാമൂഹ്യജീവിതത്തെ ഇത്രമാത്രം അടയാളപ്പെടുത്തിയ മറ്റൊരു കലാരൂപവുമില്ല. ബ്രഹ്മാണ്ഡ ഡിജിറ്റല്‍ സിനിമകളും,

പറവൂര്‍ ജോര്‍ജ് അരനൂറ്റാണ്ടുകാലം അരങ്ങില്‍ നിറഞ്ഞുനിന്ന നാടകപ്രതിഭ

പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോര്‍ജ് അരങ്ങൊഴിഞ്ഞിട്ട് 2018 ഡിസംബര്‍ 16ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കര്‍മപഥങ്ങളിലേക്ക് ഒരെത്തിനോട്ടം. മലയാളത്തിലെ അമച്വര്‍ നാടകരംഗത്ത് അരനൂറ്റാണ്ടുകാലത്തോളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*