ഉത്തമമായ നിയമത്തിന് ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ വേണം

ഉത്തമമായ നിയമത്തിന്  ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ വേണം

വിവാഹബന്ധത്തിന് പുറത്ത് സ്ത്രീ പങ്കാളി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ പ്രതിയാകുന്ന പുരുഷനെ ഉള്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പുകള്‍ റദ്ദുചെയ്ത് പരമോന്നത കോടതി നടത്തിയ വിധി പ്രസ്താവം മാധ്യമങ്ങള്‍ വാര്‍ത്താ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീംകോടതിയുടെ അഞ്ചംഗ െബഞ്ച് നാല് വ്യത്യസ്ത വിധികളിലൂടെ സ്ത്രീയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതായി ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിലൂടെ ലൈംഗിക സ്വാതന്ത്ര്യം പുരുഷനും സ്ത്രീക്കും തുല്യമെന്ന് നീതിപീഠം അടിവരയിട്ട് പറഞ്ഞു. വിധി, കുടുംബബന്ധങ്ങളെ ബാധിക്കുമെന്നും വിവാഹമോചന കേസുകളുടെ എണ്ണം കൂട്ടുമെന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നുതുടങ്ങി. വിമര്‍ശനങ്ങള്‍ മുന്‍കൂട്ടിക്കണ്ടെന്ന പോലെ കോടതി വ്യക്തമാക്കി- വിധി കുടുംബം എന്ന സങ്കല്‍പ്പത്തിനെതിരെയല്ല. കുടുംബത്തിലെ ലൈംഗിക പങ്കാളികള്‍ക്കുള്ള തുല്യ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ചാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളില്‍ ഭരണകൂടമോ നിയമമോ കൈകള്‍ നീട്ടിയെത്തുന്നത് അഭിലഷണീയമല്ലായെന്ന് വിധിയില്‍ സൂചിപ്പിക്കുന്നു.
ജീവിത പങ്കാളിയോടുള്ള അവിശ്വസ്തത എന്ന അധാര്‍മിക നിലപാട് നിയമത്തിനു മുന്നില്‍ ഇനി മുതല്‍ കുറ്റകരമായ കാര്യമല്ല. എന്നിരിക്കിലും, വിവാഹ മോചനത്തിനുള്ള അടിസ്ഥാനങ്ങളിലൊന്നായി ഇത് എണ്ണപ്പെടുമെന്ന് സിവില്‍നിയമ വ്യവസ്ഥയില്‍ വിവാഹേതര ബന്ധത്തെ നിലനിര്‍ത്തിക്കൊണ്ട് കോടതി വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 497 റദ്ദുചെയ്യപ്പെട്ടത് ഭരണഘടന അനുശാസിക്കുന്ന സ്ത്രീ-പുരുഷ സമത്വത്തെയും പൗരര്‍ക്കുള്ള തുല്യാവകാശത്തെയും ഉയര്‍ത്തിപ്പിടിച്ചാണ്. വിവാഹത്തിലൂടെ ബന്ധത്തിലാകുന്ന സ്ത്രീ-പുരുഷന്‍മാര്‍ക്ക് തുല്യഅവകാശങ്ങളാണെന്നും, വിവാഹത്തിലൂടെ സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങളോ സ്വാതന്ത്ര്യമോ നിഷേധിക്കപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവിലൂടെ മാത്രമായി സാധ്യമാകുന്നതല്ല ഭാര്യയുടെ സ്വാതന്ത്രവും അവകാശവും. വിവാഹബന്ധത്തില്‍ വ്യക്തിത്വങ്ങളോ വ്യക്തിസ്വാതന്ത്രമോ അവകാശങ്ങളോ ഇല്ലാതാകുന്നില്ല. 497-ാം വകുപ്പ് പറഞ്ഞിരുന്നതുപോലെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ ഇരയായി മാത്രം എണ്ണപ്പെടുന്നത് ഭര്‍ത്താവിന്റെ സ്വത്തുപോലെ അവളെ കണക്കാക്കുന്നതുകൊണ്ടാണ്. വിവാഹേതരബന്ധത്തില്‍ കുറ്റക്കാരനായി മാറുന്ന പുരുഷന്‍ മാത്രം ശിക്ഷിക്കപ്പെടുകയും, ഇരയായി എണ്ണപ്പെടുന്ന സ്ത്രീ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്യുന്നത് സ്ത്രീയുടെ ലൈംഗികത പുരുഷന്റെ-ഭര്‍ത്താവിന്റെ അവകാശമോ കുത്തകയോ സ്വത്തോ ചരക്കോ ആയി മാത്രം കരുതുന്നതുകൊണ്ടാണ്. വേറൊരു പുരുഷനോടൊപ്പം ലൈംഗികതയിലേര്‍പ്പെടുന്ന സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്റെ അനുവാദമുണ്ടെങ്കില്‍ വേഴ്ചയിലേര്‍പ്പെടാമെന്നും, അത്തരം അവസരങ്ങളില്‍ ഭര്‍ത്താവല്ലാത്ത പുരുഷന്‍ ക്രിമിനല്‍ കുറ്റമല്ല ചെയ്യുന്നത് എന്ന നിയമഭാഗത്തിലൂടെ നോക്കുമ്പോഴാണ് സ്ത്രീയുടെ ലൈംഗികാവകാശം തീരുമാനിക്കപ്പെടുന്നത്. ഇത് ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശ വിനിയോഗ സ്വാതന്ത്ര്യത്തിനുമെതിരാണെന്നും ലിംഗവിവേചനമാണെന്നും കോടതി നിരീക്ഷിക്കുന്നു.
വിവാഹത്തിന് പുറത്ത് ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയ്‌ക്കെതിരെ സ്ത്രീക്ക് പരാതിപ്പെടാനുമാകുന്നില്ല. വിവാഹേതര ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷനും സ്ത്രീയും തുല്യമായും സ്വാതന്ത്യത്തോടെയും ക്രിമിനല്‍കുറ്റത്തില്‍ പങ്കെടുക്കുന്നുവെന്ന നിയമ ഭേദഗതിയാണ് വരുത്തേണ്ടതെന്നും, ആയതിലൂടെ ലിംഗവിവേചനം മാറ്റി സ്ത്രീ-പുരുഷ സമത്വമെന്ന ആശയം വ്യക്തമാക്കാന്‍ സാധിക്കുമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതി മുമ്പാകെ എടുത്തത്. പുരുഷന്‍ മാത്രം ശിക്ഷിക്കപ്പെടുകയും ഇരയായി എണ്ണപ്പെടുന്ന സ്ത്രീ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്യുന്നതിനു പകരം, രണ്ടുപേരും തുല്യ സ്വാതന്ത്രത്തോടെ നടത്തുന്ന കാര്യത്തിന് രണ്ടുപേര്‍ക്കും തുല്യമായ ഉത്തരവാദിത്തമാണുള്ളതെന്നും വന്നാല്‍ ക്രിമിനല്‍ കുറ്റമെന്ന സാധ്യത നിലനിര്‍ത്താനുമാകും, ഭരണഘടന നല്‍കുന്ന തുല്യത എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാനുമാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പക്ഷേ കോടതി കണക്കിലെടുത്തില്ല. വ്യക്തികള്‍ അവരുടെ സ്വകാര്യതയിലും സ്വാതന്ത്രത്തിലുമെടുക്കുന്ന തീരുമാനങ്ങളെ കുറ്റകരമായ അവസ്ഥയായി കണക്കാക്കേണ്ടതില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. ലൈംഗിക വിനിയോഗാവകാശം സ്വകാര്യതയില്‍ കുറ്റകരമാക്കുകയെന്നാല്‍ നിയമം ഇടപെടുന്നുവെന്നാണ് സൂചന. ഗാര്‍ഹികപീഡനങ്ങള്‍ പോലെയോ സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റങ്ങള്‍ പോലെയോ ക്രിമിനല്‍ നടപടിയായി ഒരാളുടെ ലൈംഗികാവകാശ വിനിയോഗത്തെ കണക്കാക്കാനാവില്ല. അതേസമയം അവിശ്വസ്തതയെന്ന അധാര്‍മികതയിലൂടെ ജീവിതപങ്കാളിയെ വൈകാരിക മാനസിക വിക്ഷോഭത്തിലേക്ക് നയിച്ച് ആത്മഹത്യ പോലുള്ള പാതകങ്ങള്‍ക്ക് ലൈംഗികാവകാശ വിനിയോഗം പ്രേരണയാകുന്നെങ്കില്‍ അത് ക്രിമിനല്‍ നടപടികളിലേക്ക് നയിക്കുന്ന കാരണമാണുതാനും.
കേന്ദ്രഗവണ്‍മെന്റ് കോടതിയിലെടുത്ത നിലപാട് കുടുംബ സംവിധാനങ്ങള്‍ തകരാറിലാകാതിരിക്കാനും സാമൂഹ്യമായി കുടുംബങ്ങള്‍ ദുര്‍ബലപ്പെടാനുള്ള സാധ്യത ദൂരീകരിക്കാനുമായിരുന്നു. വിവാഹത്തിലുള്ള വ്യക്തികളുടെ ലൈംഗികാവകാശ വിനിയോഗം സ്വകാര്യമായ കാര്യമാണെന്ന നിലപാടെടുത്ത് കോടതി അതിനെ മറികടന്നു. കുടുംബം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ പുരുഷകേന്ദ്രീകൃത കാര്യങ്ങള്‍ മാത്രമാണോയെന്നും, വ്യക്തികളുടെ സ്വാതന്ത്രത്തിലും അവകാശത്തിലും ഊന്നിയല്ലേ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതെന്നും കോടതി ചോദിച്ചു. കോടതി വിധിയുടെ ഊന്നല്‍ പ്രധാനമായും ഭരണഘടന നല്‍കുന്ന തുല്യതയിലും വ്യക്തിസ്വാതന്ത്ര്യത്തിലുമാണ്. ലൈംഗികാവകാശവും അതിന്റെ ഭാഗം തന്നെ. ഈ വിധിയിലൂടെ വിവാഹമെന്ന ആശയത്തെയും കുടുംബ സംവിധാനങ്ങളെയും കോടതി ദുര്‍ബലപ്പെടുത്തുന്നുണ്ടോ എന്നതാണ് ഉയര്‍ന്നിരിക്കുന്ന ചോദ്യവും ആശങ്കയും.
‘ഉത്തതമായ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിയമമാണ് ഉത്തമമായ നിയമമെന്ന’ ഉജ്വലമായ വാക്യം പറഞ്ഞു കൊണ്ടാണ് കെസിബിസി കോടതി വിധിയോട് പ്രതികരിച്ചത്. എന്താണ് കുടുംബത്തിലൂടെ, വൈവാഹികബന്ധത്തിലൂടെ തുല്യതയുള്ള രണ്ട് വ്യക്തികള്‍ ഒരുമിച്ചുചേര്‍ന്ന് ലക്ഷ്യം വയ്ക്കുന്നത്? വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടന അനുശാസിക്കുന്ന തുല്യതയെയും മൂല്യമുള്ളതായി കരുതുമ്പോഴും മനുഷ്യര്‍ കുടുംബമാകുന്നത്, വിവാഹമെന്ന ബന്ധത്തിലാകുന്നത്, അവരവരുടെ കാര്യം മാത്രം നോക്കാനാണോ? അല്ലായെന്നാണ് മറുപടി. വിവാഹേതരബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാകുമ്പോഴും അത് സര്‍വതന്ത്രസ്വാതന്ത്ര്യത്തിനായുള്ള ലൈസന്‍സല്ലായെന്ന് കോടതി ഓര്‍മിപ്പിക്കുന്നതും അതുകൊണ്ടു തന്നെ.
മനുഷ്യജീവിതം നൈയായിക ചട്ടക്കൂടുകള്‍ക്കുള്ളിലുള്ള പ്രകാശനം മാത്രമല്ല. ഉന്നതമായ മൂല്യങ്ങള്‍ കൊണ്ടും ആഴമുള്ള ധാര്‍മിക ബോധം കൊണ്ടും സാംസ്‌കാരിക ഔന്നത്യം കൊണ്ടും കൂടുതല്‍ കൂടുതല്‍ പ്രകാശമനുഭവിക്കുന്ന തുറവിയാണത്. ക്രൈസ്തവവിശ്വാസ ജീവിതത്തില്‍ കൗദാശികാനുഭവമെന്ന് വിവാഹം എണ്ണപ്പെടുന്നത് മനുഷ്യജീവിതത്തെ ഉന്നതമായ മൂല്യങ്ങളിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതുകൊണ്ടാണ്. ഉന്നതങ്ങളില്‍ നിന്നുള്ള പ്രകാശം കൊണ്ട് ഞങ്ങളെ സമര്‍പ്പിക്കാനും നല്‍കാനും കൃപയായി മാറാനും സഹായിക്കണമേ എന്ന പ്രാര്‍ത്ഥനയായി തുല്യഅവകാശങ്ങളും കടമകളുമുള്ള രണ്ടുപേര്‍ ആകാശത്തേയ്ക്ക് കൈകള്‍ ഉയര്‍ത്തുന്നു. സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പന്നതയിലും ദാരിദ്ര്യത്തിലും പരസ്പരം സ്‌നേഹിച്ചും ആദരിച്ചും വിശ്വസ്തതയോടെ മരണം വരെ ജീവിക്കാമെന്ന വാഗ്ദാനത്തില്‍ എല്ലാമുണ്ടല്ലോ. എന്നിട്ടും തെറ്റിപ്പോകാവുന്ന നിമിഷങ്ങളെ പ്രാര്‍ഥന കൊണ്ടും ത്യാഗംകൊണ്ടും ഓര്‍മകള്‍കൊണ്ടും മനുഷ്യര്‍ തിരികെപ്പിടിച്ച് ജീവിതത്തെ വിശുദ്ധ നിമിഷമാക്കി മാറ്റുന്നുണ്ട്. വിശുദ്ധി, സ്‌നേഹം, സമര്‍പ്പണം, ത്യാഗം തുടങ്ങിയ വാക്കുകള്‍ ചിരിച്ചുതള്ളാനോ, അറപ്പോടെ മാറ്റിനിര്‍ത്താനോ ഉള്ളവയാണോ? ‘ എന്റെ സ്വാതന്ത്രത്തില്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന എന്റെ സന്തോഷങ്ങള്‍ മാത്രമാണ് എന്റെ ജീവിതം’ എന്ന വാക്യത്തിന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുള്ള മനുഷ്യരുടെ വൈകാരികാവസ്ഥയില്‍ നിന്നും ജന്തുവാസനയില്‍ നിന്നും എന്തെങ്കിലും മാറ്റംവരുന്നതായി തോന്നുന്നുണ്ടോ? സ്വാതന്ത്ര്യം എന്ന വാക്ക് മുകളില്‍ പറഞ്ഞ വാക്യത്തിനുള്ളില്‍ മേമ്പൊടിക്ക് നില്‍ക്കുന്നുണ്ടെന്നതുമാത്രമാണ് വ്യത്യാസം. അത് വാക്യത്തെ ചെറുതായൊന്നുമല്ല മാറ്റുന്നത്. അവരവരുടെ ഓഹരി ആനന്ദങ്ങളെ തിരയുന്നതിനു മാത്രമല്ല ജീവിതമെന്ന മഹത്തായ ലക്ഷ്യങ്ങളിലേയ്ക്കുള്ള നല്‍കലും ത്യാഗവും വിട്ടുവീഴ്ചയുമെല്ലാം ചേരുന്ന മൂല്യമണ്ഡത്തിലാണ് അത് നിവര്‍ത്തിതമാകുന്നതുകൂടി മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്.
എല്ലാ പൊട്ടിത്തെറിക്കലുകളും എല്ലാ വികാരവിക്ഷോഭങ്ങളും ബന്ധശൈഥില്യങ്ങളും, എല്ലാ കന്നത്തരങ്ങളും മറികടന്ന്, അതിജീവിച്ച് നമ്മുടെ കുടുംബങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ആശ്വാസകരവും പ്രതീക്ഷ നല്‍കുന്നതുമാണ്. നാഴികയ്ക്ക് നാല്‍പ്പതു വട്ടം കുടുംബത്തിന്റെയും വൈവാഹിക ജീവിതത്തിന്റെയും മൂല്യബോധത്തെ ശിഥിലമാക്കാന്‍ പ്രേരണ നല്‍കുന്ന
നവസാങ്കേതിക വിദ്യകള്‍, പ്രലോഭനങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ ചുറ്റിലും ഉയരുമ്പോഴും മനുഷ്യര്‍ ജീവിതനൗക ഒരുമിച്ചു തുഴയുന്നുണ്ട്. എത്രയോ ഉന്നതമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് ഈ ജീവിതം എന്ന് തിരിച്ചറിയുന്നുണ്ട്. സാമൂഹ്യജീവിതം സങ്കീര്‍ണമാക്കുകയും കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയെന്നത് എളുപ്പമല്ലായെന്ന് കരുതുകയും ഇനി ഒറ്റയ്ക്ക് നീങ്ങാമെന്ന് തീരുമാനിക്കുകയും ഒരുമിച്ചായിരുന്ന വര്‍ഷങ്ങള്‍ക്കു ശേഷവും പ്രശസ്തരായവര്‍ വേര്‍പിരിഞ്ഞതിന്റെ കഥകള്‍ പറഞ്ഞ്, ദാ ഞാന്‍ പറഞ്ഞില്ലേ എന്ന് സ്വയം നീതികരിക്കുകയും ചെയ്യുന്ന അനുഭവങ്ങളെ മറികടന്നും കുടുംബങ്ങള്‍ നിലനില്‍ക്കും.
നരവംശ പഠനങ്ങളും സാമൂഹ്യശാസ്ത്രനിരീക്ഷണങ്ങളും മാത്രമല്ല കുടുംബ ജീവിതത്തിന്റെ അടിത്തറ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍. മനുഷ്യജീവിതത്തിന്റെ ആഴങ്ങളെയും ഉയരങ്ങളെയും അളക്കാന്‍ ഏത് ശാസ്ത്രത്തിനാണ് പ്രാപ്തി കൈവന്നത്? ഏത് നിയമമാണ് അതിനെ പൂര്‍ണ്ണമായി വ്യാഖ്യാനിക്കുന്നത്? ധാര്‍മിക മുല്യങ്ങളുടെ വെളിച്ചത്തില്‍ കുടുംബങ്ങള്‍ നിലനില്‍ക്കുക തന്നെ വേണം. തുല്യ അവകാശങ്ങളും കടമകളും ഉള്ള വ്യക്തികള്‍ കുടുംബങ്ങളില്‍ ഉജ്വലമായ നക്ഷത്രങ്ങളായി ശോഭിക്കുകയും സ്വാതന്ത്രത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് ജീവിതത്തെ ഉയര്‍ത്തുകയും ചെയ്യും. അന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുകയും ഒലിവുകള്‍ കായ്ക്കുകയും മൈലാഞ്ചികള്‍ പൂക്കുകയും ചെയ്യും. അവരുടെ ഹൃദയങ്ങളില്‍ ദൈവം കൂടുകൂട്ടും. സായാഹ്നത്തില്‍ ദൈവം അവരോടൊപ്പം നടക്കാനിറങ്ങിയിരുന്നുവെന്ന വേദവാക്യത്തിന്റെ തിളക്കത്തില്‍ സമൂഹം കുറേക്കൂടി പ്രകാശമുള്ളതാകും.


Related Articles

ശ്രീലങ്കയിലെ ആക്രമണങ്ങളില്‍ കെസിബിസി അതീവ ദുഃഖം രേഖപ്പെടുത്തി

എറണാകുളം: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 250ലേറെ പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതി അതീവദുഃഖവും നടുക്കവും രേഖപ്പെടുത്തി. മനുഷ്യത്വരഹിതവും പൈശാചികവുമായ ഈ ഹീനകൃത്യം

താലികെട്ടിനു ശേഷം അനുവും ആൽബിയും എത്തി രക്തദാനത്തിനായി

കാര കർമല മാതാ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്ത്വത്തിൽ എറണാകുളം ലൂർദ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നവദമ്പതികൾ കല്യാണ മണ്ഡപത്തിൽ നിന്നും രക്തദാനം നടത്താൻ എത്തി.

സമഗ്ര വികസനത്തിന്റെ ബോധന ദൗത്യം

‘പള്ളികള്‍ തോറും പള്ളിക്കൂടം’ എന്ന വിപ്ലവാത്മക കല്പനയിലൂടെ മലയാളമണ്ണില്‍ എല്ലാ കരകളിലും ഇടവകകളിലും പ്രാഥമിക വിദ്യാലയ ശൃംഖലയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ‘ഉത്സാഹമൊക്കെയോടും താല്പര്യത്തോടുകൂടെയും ശിക്ഷകളുടെ കീഴിലും പ്രമാണിക്കുകയും’

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*