ഉത്ഥിതന്റെ യഥാര്‍ത്ഥ സാന്നിധ്യം

ഉത്ഥിതന്റെ യഥാര്‍ത്ഥ സാന്നിധ്യം
തന്റെ എല്ലാ ശിഷ്യന്മാരുമൊത്തുള്ള ഉത്ഥിതന്റെ അനുഭവമാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്. ‘നിങ്ങള്‍ക്കു സമാധാനം’ എന്ന് ആശംസിച്ചുകൊണ്ട് അപ്പസ്‌തോലന്മാര്‍ക്കു മുന്നില്‍ യേശു പ്രത്യക്ഷനാകുന്ന ആ മുറിയിലേക്ക് ഒരിക്കല്‍കൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന സുവിശേഷഭാഗം ഇത് എടുത്തുകാട്ടുന്നു. നമുക്കു സമാധാനം പ്രദാനം ചെയ്യുന്നതാണ് ‘നിങ്ങള്‍ക്കു സമാധാനം’  എന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ ആശംസ. ആന്തരികവും ഒപ്പം വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ സംജാതമാകുന്നതുമായ സമാധാനമാണ് ഇത്. ഉത്ഥാനം എന്ന യാഥാര്‍ത്ഥ്യത്തിന് ഏറെ ഊന്നല്‍ നല്കുന്നതാണ് ലൂക്കാ സുവിശേഷകന്‍ നല്കുന്ന സംഭവ വിവരണം. യേശു ഒരു ഭൂതമല്ല. വാസ്തവത്തില്‍ യേശുവിന്റെ ആത്മീയമായ ഒരു പ്രത്യക്ഷീകരണമല്ല മറിച്ച്, അവിടുത്തെ ഉത്ഥിത ശരീരത്തോടുകൂടിയ യഥാര്‍ത്ഥ സാന്നിധ്യമാണ് അവിടെ ഉണ്ടായത്.
തന്നെ ദര്‍ശിച്ച ശിഷ്യര്‍ അസ്വസ്ഥരാണെന്നും, അവര്‍ പരിഭ്രാന്തരാണെന്നും യേശുവിനു മനസിലായി. കാരണം ഉത്ഥാനം എന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അഗ്രാഹ്യമായിരുന്നു. ഒരു ഭൂതത്തെയാണ് തങ്ങള്‍ കാണുന്നതെന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ ഉത്ഥാനം ചെയ്ത യേശു ഒരു ഭൂതമല്ല, ആത്മാവും ശരീരവുമുള്ള ഒരു മനുഷ്യനാണ്. ഈ വസ്തുത അവരെ ബോധ്യപ്പെടുത്തുന്നതിന് അവിടുന്ന് അവരോടു പറയുന്നു: ‘എന്റെ കരങ്ങളും പാദങ്ങളും കാണുക.’ അവിടുന്ന് മുറിവുകള്‍ അവരെ കാണിച്ചുകൊടുക്കുന്നു; എന്നിട്ടു പറയുന്നു: ഇതു ഞാന്‍ തന്നെയാണെന്നു മനസിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ. (ലൂക്കാ 24:39-40). ശിഷ്യരുടെ അവിശ്വാസത്തെ ജയിക്കാന്‍ ഇതു മാത്രം മതിയാകുമായിരുന്നില്ല എന്നു തോന്നുന്നു. സുവിശേഷം ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. യേശു തങ്ങളുടെ മുന്നില്‍ നില്ക്കുന്നു എന്നു വിശ്വസിക്കാന്‍ കഴിയാത്തവിധം അത്രയധികം ആന്തരികാനന്ദം അവര്‍ക്കുണ്ടായി. എന്നാല്‍ യേശു അവരെ വിശ്വസിപ്പിക്കുന്നതിനായി അവരോടു ചോദിക്കുന്നു: ‘ഇവിടെ ഭക്ഷിക്കാന്‍ വല്ലതുമുണ്ടോ?’ ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. യേശു അതെടുത്ത് അവരുടെ മുന്നില്‍വച്ചു ഭക്ഷിച്ചു. അത് അവരെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു.
തന്റെ ഉത്ഥാനമെന്ന യാഥാര്‍ത്ഥ്യത്തിന് യേശു നല്കുന്ന ഊന്നല്‍ ശരീരത്തെ സംബന്ധിച്ച ക്രൈസ്തവ വീക്ഷണത്തെ പ്രകാശിപ്പിക്കുന്നു. അതായത് ശരീരം ഒരു പ്രതിബന്ധമോ ആത്മാവിന്റെ തടവറയോ അല്ല. ദൈവമാണ് ശരീരത്തിന്റെ സൃഷ്ടികര്‍ത്താവ്. ആത്മശരീരങ്ങളുടെ ഐക്യത്തിന്റെ അഭാവത്തില്‍ മനുഷ്യന് പൂര്‍ണ്ണതയുണ്ടാകില്ല. മരണത്തെ ജയിച്ച് ആത്മവോടും ശരീരത്തോടും കൂടി ഉയിര്‍ത്തെഴുന്നേറ്റ യേശു നമുക്കു മനസിലാക്കിത്തരുന്നത് നമ്മുടെ ശരീരത്തെക്കുറിച്ച് ഭാവാത്മകമായ ഒരു ആശയം നമുക്കുണ്ടായിരിക്കണം എന്നാണ്. ശരീരം പാപത്തിന് ഒരു അവസരമോ ഉപകരണമോ ആയി ഭവിക്കാം, എന്നാല്‍ ശരീരമല്ല പാപത്തിനു കാരണമാകുന്നത്. പ്രത്യുത, നമ്മുടെ ധാര്‍മികമായ ബലഹീനതയാണ് പാപഹേതു. ദൈവത്തിന്റെ വിസ്മയകരമായ ഒരു ദാനമാണ് ശരീരം. ഈ ശരീരം ആത്മാവുമായി ഐക്യത്തിലായിരിക്കുകയും ദൈവവുമായുള്ള ഛായയും സാദൃശ്യവും പൂര്‍ണമായി ആവിഷ്‌ക്കരിക്കുകയും വേണം. ആകയാല്‍ നമ്മുടെയും മറ്റുള്ളവരുടെയും ശരീരത്തെ ഏറെ ആദരിക്കാനും പരിപാലിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ അയല്‍ക്കാരന്റെ ശരീരത്തെ ഉപദ്രവിക്കുകയോ മുറിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ അത് സ്രഷ്ടാവായ ദൈവത്തെ നിന്ദിക്കലാണ്. ശാരീരികമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികളെയും സ്ത്രീകളെയും വൃദ്ധജനത്തെയും ഞാന്‍ പ്രത്യേകം ഓര്‍ക്കുകയാണ്. അവരുടെ ശരീരത്തില്‍ നാം ക്രസ്തുവിന്റെ, വ്രണിതനും പരിഹാസ്യനും നിന്ദിതനും അവമാനിതനും ചാട്ടവാറടിയേറ്റവനും ക്രൂശിതനുമായ ക്രിസ്തുവിന്റെ, ശരീരം കാണുന്നു. യേശു നമ്മെ പഠിപ്പിച്ചത് സ്‌നേഹമാണ്. പാപത്തെയും മരണത്തെയുംകാള്‍ ശക്തവും നമ്മുടെ ഈ കാലഘട്ടത്തിന്റെ അടിമത്തങ്ങള്‍ തങ്ങളുടെ ശരീരത്തില്‍ അനുഭവിച്ചറിയുന്നവരെ വീണ്ടെടുക്കാന്‍ അഭിലഷിക്കുന്നതുമായ ഒരു സ്‌നേഹമാണ് അതെന്ന് യേശുവിന്റെ ഉത്ഥാനത്തില്‍ വെളിപ്പെട്ടു.
കൂടുതല്‍ ബലഹീനരായവരുടെ മേല്‍ അധികാരഭാവം മിക്കപ്പോഴും പ്രബലപ്പെടുകയും ഭൗതികവാദം ആത്മാവിനെ ഞെരുക്കുകയും ചെയ്യുന്ന ഒരു ലോകത്തില്‍ ഈ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് ഉത്ഥിതനായ കര്‍ത്താവിനെ കണ്ടുമുട്ടിയതിലുള്ള വിസ്മയത്താലും മഹാനന്ദത്താലും നിറഞ്ഞവരായി ആഴത്തിലേക്കു നോക്കാന്‍ കഴിവുള്ള വ്യക്തികളായിരിക്കാനാണ്. പുതിയ ആകാശങ്ങളും പുതിയ ഭൂമിയും ലക്ഷ്യം വയ്ക്കാന്‍ ചരിത്രത്തെ പ്രാപ്തമാക്കുന്നതിന് അതില്‍ കര്‍ത്താവ് വിതയ്ക്കുന്ന ജീവന്റെ പുതുമ ഉള്‍ക്കൊള്ളാനും അതിനെ വിലമതിക്കാനും അറിയുന്ന വ്യക്തികളായി മാറാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നു. ഈ യാത്രയില്‍ പരിശുദ്ധ കന്യകാമറിയം നമ്മെ തുണയ്ക്കട്ടെ.

Related Articles

ത്രികാലപ്രാര്‍ത്ഥനയ്ക്ക് വര്‍ദ്ധിച്ച ജനപങ്കാളിത്തം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം സ്വീകരിക്കുവാനും പാപ്പായെ നേരില്‍ കാണുവാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ കൂടുതല്‍ പേര്‍ സംബന്ധിച്ചു. ആദ്യം പാപ്പാ

ക്രിസ്തുമസ് സമ്മാനമായി പാരസെറ്റാമോള്‍ നല്‍കി പാപ്പ.

വത്തിക്കാന്‍: വത്തിക്കാനിലെ 4000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ക്രിസ്തുമസ് സമ്മാനമായി നല്‍കി ഫ്രാന്‍സിസ് പാപ്പ. ഓരോരുത്തര്‍ക്കും അഞ്ച് പെട്ടി വീതമാണ് നല്‍കുന്നത്.

ഫ്രത്തെല്ലി തൂത്തി: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പാത

ആമുഖം ആകാശവും ഭൂമിയും കീഴടക്കി, മനുഷ്യന്‍ കണ്ടുപിടുത്തങ്ങളുടെ കൊടുമുടിയില്‍ 5ജി കണക്ഷനെ കുറിച്ച് ചിന്തിക്കുന്ന കാലത്തായിരുന്നു പെട്ടെന്ന് ചൈനയിലെ ഒരു കുഞ്ഞു നഗരത്തില്‍ പൊട്ടി പുറപ്പെട്ട വൈറസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*