ഉദയംപേരൂരില്‍ ഉദിച്ച നവോത്ഥാനം

ഉദയംപേരൂരില്‍ ഉദിച്ച നവോത്ഥാനം

ശരത് വെണ്‍പാല

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് (എസ്ഇആര്‍ടി) തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകം വിവാദമായിരിക്കുകയാണ്. നവോത്ഥാന നായകരുടെ കൂട്ടത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ഇല്ല എന്നതാണ് പരാതി. പുസ്തകം ഇറങ്ങിയിട്ട് എട്ടു വര്‍ഷമായി, എന്നിട്ട് ഇപ്പോഴാണോ പരാതിയുണ്ടായതെന്നു പുസ്തകത്തെ അനുകൂലിക്കുന്നവരും ഇപ്പോഴാണ് ഉണ്ടായതെങ്കിലും അങ്ങനെയൊരു പരാതി ഉണ്ടെങ്കില്‍ അടുത്ത റിവിഷനില്‍ ശ്രദ്ധിക്കണമെന്നു പരാതി ഉയര്‍ത്തിയവരും പറയുന്നു.

പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ എട്ടാം അധ്യായമാണ് പരാമര്‍ശ വിഷയം. കുമാരനാശാന്റെ ദുരവസ്ഥയിലെ ”തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവര്‍ കെട്ടില്ലാത്തവര്‍, തമ്മിലുണ്ണാത്തവരിങ്ങനെയൊട്ടല്ലോ ജാതി കോമരങ്ങള്‍” എന്ന വരികളിലാണ് പാഠം തുടങ്ങുന്നത്. വൈകുണ്ഠ സ്വാമികള്‍ (1809-1851), ചട്ടമ്പി സ്വാമികള്‍ (1853-1924), ശ്രീനാരായണ ഗുരു (1856-1928), അയ്യങ്കാളി (1863-1941), കുമാരഗുരു (1879-1939) എന്നിവരുടെ ചിത്രങ്ങളോടുകൂടിയ വിവരണങ്ങളും വാഗ്ഭടാനന്ദന്റെ (1885-1939) ചിത്രമില്ലാതെയുള്ള വിവരണവും പ്രധാനഭാഗത്തുണ്ട്.

കണ്ടക്കൈ കുഞ്ഞാക്കമ്മ, വി.ടി ഭട്ടതിരിപ്പാട്, ആര്യാപള്ളം, ദേവകി നരിക്കാട്ടിരി, പാര്‍വ്വതി നെന്മേനിമംഗലം തുടങ്ങി
യവരെയും അവരുടെ സമുദായപരിഷ്‌കരണ പരിശ്രമങ്ങളെയും അടുത്തഘട്ടമായി വിവരിക്കുന്നു. അവസാനഭാഗത്ത് ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്നു. പ്രത്യേകിച്ച് ലണ്ടന്‍ മിഷനറി സൊസൈറ്റി, ചര്‍ച്ച് മിഷനറി സൊസൈറ്റി, ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ എന്നിവ പ്രത്യേകം എടുത്തുപറയുന്നു. സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ എന്നിവരുടെ പേരുകൂടി ചേര്‍ത്ത് പാഠം സമാപിക്കുന്നു. പാഠപുസ്തകത്തിന്റെ 92-ാം പേജു മുതല്‍ 101-ാം പേജു വരെ പത്തുപേജില്‍ വിവരിക്കുന്ന നവോത്ഥാന ചരിത്രത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസച്ചന്‍ ഇല്ല എന്നതാണ് പുതിയ വിവാദം.

ആണ്ടുകള്‍ അപ്രത്യക്ഷമാകുന്ന ചരിത്രം

ഈ പാഠത്തിന്റെ അന്ത്യത്തിലായി ചേര്‍ത്തിരിക്കുന്ന, മിഷണറിപ്രവര്‍ത്തനമാണ് സമുദായ പരിഷ്‌കരണത്തിന് ആക്കം കൂട്ടിയതെന്ന സത്യം മറച്ചുപിടിക്കുന്നു. മുകളില്‍ കൊടുത്തിരിക്കുന്ന നായകരുടെ ജീവിതകാലം മിഷണറിപ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം മാത്രമാണെന്നും എല്ലാ സമുദായങ്ങള്‍ക്കും പരിഷ്‌കാര പ്രചോദനമായത് ക്രിസ്ത്യന്‍ മിഷണറിമാരുടെ പരിഷ്‌കരണ യത്‌നങ്ങളായിരുന്നെന്നുമുള്ള സത്യം ദഹിക്കാത്തത് ആര്‍ക്കാണ്? പുസ്തകരചനയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ള ചരിത്രം പറയുമ്പോള്‍ അങ്ങനെയാവുക സ്വാഭാവികം. കാലഗണനകള്‍ പരിഗണിക്കാന്‍ മറക്കുന്ന ചരിത്രം മുടന്തുള്ളതാണ്.

തുടക്കം സമുദായ പരിഷ്‌കരണം

കൗതുകകരമായ കാര്യം, നവോത്ഥാനം എന്ന വാക്കുകൊണ്ടു വിശേഷിപ്പിക്കാവുന്ന നായകര്‍ അടിസ്ഥാനപരമായി തങ്ങളുടെ സമുദായത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചവരായിരുന്നു എന്നതാണ്. ഒരാള്‍ പോലും സ്വന്തം സമുദായത്തിനപ്പുറത്ത് തങ്ങളുടെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്നില്ല. അതിനു പറ്റിയ അന്തരീക്ഷം അന്ന് ഉണ്ടായിരുന്നില്ലതാനും. സമുദായങ്ങള്‍ ഏകദേശം ഒരേസമയം പരിഷ്‌കരിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ അതിന്റെ അനുരണനമുണ്ടാവുകയും അതു നവോത്ഥാനമായി മാറുകയും ചെയ്തു എന്നതാണ് സത്യം.

തിരുത്ത് ഒന്ന് – പള്ളിക്കൊപ്പം പള്ളിക്കൂടം

1805-ല്‍, വൈകുണ്ഠ സ്വാമികളെക്കാള്‍ നാലുവര്‍ഷം മുന്‍പ് ജനിച്ച ചാവറയച്ചന്‍ എന്ന സമുദായപരിഷ്‌കര്‍ത്താവിനെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകതന്നെ വേണം. പക്ഷേ അതിനായി ആ പേരിനൊപ്പം ചേര്‍ത്തുവച്ച പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയം അദ്ദേഹത്തിന്റേതല്ല. അത് അദ്ദേഹത്തിന്റെ മേലധികാരിയായിരുന്ന വരാപ്പുഴ വികാരി അപ്പസ്തോലിക്ക ആര്‍ച്ച്ബിഷപ് ബര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ ഇടയലേഖനമാണെന്നു പലവട്ടം തിരുത്തിയിട്ടും വീണ്ടും അത് ഉന്നയിക്കുന്നത് ചരിത്രത്തിനെതിരാണ്. സീറോ മലബാര്‍ വിശ്വാസികളുടെ വികാരി ജനറലായിരുന്ന ചാവറ അച്ചന്‍, ആ ആശയം നടപ്പിലാക്കാന്‍ അക്ഷീണം പരിശ്രമിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. പക്ഷേ ആശയം ബര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടേതുതന്നെയാണ്.

തിരുത്ത് രണ്ട് – ഉദയംപേരൂര്‍ സൂനഹദോസ്

കുമാരനാശാന്റെ കവിതയില്‍ പറഞ്ഞതുപോലെയുള്ള അനീതികള്‍, ഉച്ചനീചത്വങ്ങള്‍, തൊട്ടുകൂടായ്മകള്‍, ജാതിചിന്തകള്‍, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ ഇവയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് – കാനോനകളില്‍ വ്യക്തമായി എഴുതിവച്ചിരിക്കുന്നത് ഉദയംപേരൂര്‍ സൂനഹദോസില്‍ വച്ച്. ഒരു സമുദായത്തിന്റെ മാത്രം പരിഷ്‌കരണമായി, നവോത്ഥാനമായി അതിനെക്കാണുന്നത് ചരിത്രത്തോടുള്ള കൂറില്ലായ്മയാണ്. കേരളത്തിന്റെ നവോത്ഥാനം ആരംഭിക്കുന്നത് 1599-ലെ ഉദയംപേരൂര്‍ സൂനഹദോസോടൂകൂടിയാണ് എന്നും അതിന്റെ അലയൊലികളിലായിരുന്ന സഭയിലാണ് ചാവറ അച്ചന്‍ പിറന്നത് എന്നതും സത്യമാണ്. കാനോനകളില്‍ പറഞ്ഞ വിജ്ഞാപനം നടപ്പിലാക്കാന്‍ ശ്രമിച്ച കത്തോലിക്കാ മിഷണറിമാരുടെ പ്രചോദനമാണ് അദ്ദേഹത്തെ നയിച്ചത്. ആശയഭിന്നതയിലായിരുന്ന സഭാസമൂഹത്തില്‍ റോമന്‍ കത്തോലിക്കാ സഭയ്ക്കുവേണ്ടി നിലകൊണ്ട് ശീശ്മകളെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് ചാവറ അച്ചനുള്ളത് എന്നതു ചരിത്രമാണ്. അതാണ് അദ്ദേഹത്തെ വിശുദ്ധനാക്കി മാറ്റി ഉയര്‍ത്തിയതും. വാല്‍ക്കഷണമായി പറയാനുള്ളത് ഡോ. സ്റ്റീവ് മൊറെബലിയുടെ വാക്കുകളാണ്: ”നിങ്ങളുടെ ചരിത്രം നിങ്ങളുടെ ഭാഗധേയത്തില്‍ ഇടപെടാതിരിക്കട്ടെ!”

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Related Articles

ആര്‍ച്ച്ബിഷപ്പ് അന്തോണിസാമിയെ വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിധിയിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ.

  മദ്രാസ്‌മൈലാപ്പൂര്‍ അതിരൂപതീദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് അന്തോണിസാമിയെയും മറ്റ് അഞ്ചുപേരെയും വിശ്വാസപ്രചരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ ഉപദേശകസമിതി അംഗമായി നിയമിച്ചു. കത്തോലിക്കാ സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഏകേപിപ്പിക്കുന്ന സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള

കാമ്പസില്‍ ചോരക്കളി രാഷ്ട്രീയമെന്തിന്?

ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം നെടുകെ പിളര്‍ന്ന് എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്കേ ഗേറ്റിനടുത്ത് മരിച്ചുവീണ ഇരുപതുകാരനായ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ ദാരുണാന്ത്യം ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. പിറ്റേന്ന്

ഉചിതമായ സമയത്ത് പ്രതികരിക്കും – ഷാജി ജോര്‍ജ്

തിരുവനന്തപുരം: ലത്തീന്‍ സമുദായത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അവഗണിക്കുന്നതായി കെആര്‍എല്‍സിസി വൈസ ്പ്രസിഡന്റും സമുദായവക്താവുമായ ഷാജി ജോര്‍ജ് കുറ്റപ്പെടുത്തി. ശംഖുമുഖത്തു ചേര്‍ന്ന സമുദായസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*