Breaking News
സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍
അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍
...0മലയോര ജനപദങ്ങളുടെ ആവാസവ്യവസ്ഥയോ?
രാജസ്ഥാനിലെ ഒരു വന്യജീവിസങ്കേതത്തിലെ ഖനനത്തില്‍ നിന്നു തുടങ്ങി നീലഗിരിയിലെ വനസംരക്ഷണപ്രശ്നത്തില് വരെ എത്തിയ നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സംരക്ഷിത വനങ്ങളിലെ വന്യജീവിസങ്കേതങ്ങള്‍ക്കും
...0മലബാറിന്റെ പുണ്യ മഹാമേരു
പോര്‍ച്ചുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടിനൊടുവില്‍ മലബാറിലെത്തുമ്പോള്‍, ജറുസലേമില്‍ നിന്നു കുടിയേറിയ യഹൂദക്രൈസ്തവരായ എസ്സീന്യരും ബാബിലോണ്‍ കുടിയേറ്റക്കാരായ നസ്രാണികളും പേര്‍ഷ്യയില്‍ നിന്നു കുടിയേറിയ മാര്തോമാക്രിസ്ത്യാനികളും
...0തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0നവകേരളത്തിന്റെ വിശാല മാനിഫെസ്റ്റോ
രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി
...0
ഉന്മത്ത ലഹരിയുടെ കിരാതവാഴ്ചയില്‍

മദ്യാസക്തിയില്‍ മുങ്ങിത്തുടിക്കുകയാണ് കേരളം. ലഹരിയുടെ ഉന്മത്ത വിഷപ്രളയത്തില് ആറാടുന്ന അഭിശാപത്തിന്റെ ഈ വന്‍ തുരുത്തില്, പിഴച്ചുപോയ ഒരു രാഷ്ട്രീയ അടവുനയമായി മദ്യനിയന്ത്രണത്തെ തള്ളിപ്പറഞ്ഞ നാം മദ്യവിമുക്തിയുടെ പ്രത്യാശയില്‍ ഇനിയും ആരെയാണ് കാത്തിരിക്കുന്നത്?
ഏറ്റവുമൊടുവില്‍, നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തില്‍ സംസ്ഥാന ഗവണ്മെന്റിനു തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി `വ്യക്തത’ വരുത്തിയതോടെ, ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ദൂരപരിധിയുടെ പേരില്‍ കേരളത്തില്‍ പൂട്ടേണ്ടിവന്ന 10 ബാറുകളും 170 ബിയര്‍-വൈന്‍ പാര്‍ലറുകളും 500 കള്ളുഷാപ്പുകളും യഥാസ്ഥാനത്ത് വീണ്ടും തുറക്കാനുള്ള വഴിതെളിഞ്ഞിരിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ കുറയ്ക്കാനാണ് ഹൈവേകളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകളോ അവയുടെ പരസ്യബോര്‍ഡുകളോ കണ്ടുപോകരുതെന്ന് 2016 ഡിസംബര്‍ 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഉത്തരവിട്ടത്. തുടര്‍ന്ന് 14 മാസത്തിനിടെ, ഒരു പുന:പരിശോധനാ ഹര്‍ജി പോലുമില്ലാതെതന്നെ ആ ഉത്തരവില്‍ മൂന്നു തവണയായി `വ്യക്തത’ വരുത്തി സുപ്രീം കോടതി തന്നെ ആ വിധി പാടേ അപ്രസക്തമാക്കി. ഇരുപതിനായിരമോ അതില്‍ താഴെയോ ജനസംഖ്യയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ മദ്യശാലകള്‍ക്ക് ദൂരപരിധി 220 മീറ്ററായി കുറച്ചുകൊണ്ട് 2017 മാര്‍ച്ച് 31ന് ഇളവ് അനുവദിച്ചു. നഗരമേഖലകളിലെ പാതയോര മദ്യശാലകള്‍ക്ക് ദൂരപരിധി നിയന്ത്രണം ഒഴിവാക്കി 2017 ജൂലൈ 11ന് അടുത്ത ഭേദഗതിയുണ്ടായി. ഗ്രാമം, നഗരം എന്ന വേര്‍തിരിവില്ലാതെ ഒരൊറ്റ നഗരപ്രദേശമാണ് കേരളം എന്നാണ് നമ്മുടെ സര്‍ക്കാര്‍ പരമോന്നത കോടതിയില്‍ ബോധിപ്പിച്ചത്. പഞ്ചായത്ത് മേഖലയിലെ പാതയോര മദ്യശാലകളുടെ കാര്യത്തില്‍ ദൂരപരിധി നിയന്ത്രണം നീക്കാനുള്ള അധികാരം സംസ്ഥാനം ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് വീണ്ടെടുത്തു. അങ്ങനെ എല്ലാം പഴയപടിയാക്കാനും വിനോദസഞ്ചാര മേഖലയുടെയും മദ്യവില്പനശാലകളിലെ തൊഴിലാളികളുടെ ജീവിതഭദ്രതയുടെയും ഗുരുതര പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞു എന്ന് കൊട്ടിഘോഷിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.
മദ്യനയത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ 2018ലെ സംസ്ഥാന ബജറ്റില്‍, 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില്‍പ്പന നികുതി 200 ശതമാനമായും 400 രൂപയ്ക്കുമേലുള്ളതിന് 210 ശതമാനമായും ഉയര്‍ത്തി. എന്നാല്‍ സര്‍ചാര്‍ജ്, സാമൂഹികസുരക്ഷ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ ഒഴിവാക്കി തത്തുല്യമായി വില്പന നികുതി നിരക്ക് പരിഷ്കരിക്കുന്നതുകൊണ്ട് മദ്യത്തിന്റെ മൊത്തവില്പന വിലയില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ലെന്ന് ധനമന്ത്രിതന്നെ വ്യക്തമാക്കി. ബിയറിന് 70 ശതമാനമായിരുന്ന നികുതി 100 ശതമാനമായി; വിദേശനിര്‍മിത മദ്യത്തിന് 78 ശതമാനവും, വൈനിന് 25 ശതമാനവുമായി നിശ്ചയിച്ചു. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വിപണനം നിയന്ത്രിക്കുന്ന സംസ്ഥാന ബിവറേജസ് കോര്പറേഷന് ഇനി വിദേശനിര്‍മിത മദ്യം കൂടി വില്‍ക്കും. ചുരുക്കത്തില്‍, മദ്യലഭ്യതയില്‍ ഒരു കുറവിനും ഇടവരുത്തുകയില്ല. ദോഷം പറയരുതല്ലോ, ലഹരിവിമുക്തിക്കായി പത്ത് ഡി-അഡിക്ഷന് സെന്ററുകള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ 2014ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കി മദ്യമേഖലയ്ക്കു തഴച്ചുവളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനുള്ള ബദ്ധപ്പാടിലാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ മറ്റെല്ലാ മദ്യശാലകളും നിരോധിച്ചിരുന്നിടത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ത്രീ സ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കെല്ലാം ബാര്‍ അനുവദിച്ചുകൊടുത്തു. 150 ബാറുകളും 585 ബിയര്‍-വൈന്‍ പാര്‍ലറുകളും വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കി. ബിവറേജസ് വില്പനശാലകള് 10 ശതമാനം വീതം വര്‍ഷംതോറും അടച്ചുപൂട്ടാനുള്ള യുഡിഎഫ് തീരുമാനം എല്‍ഡിഎഫ് വന്നപാടേ റദ്ദാക്കി. ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ജനത്തിന് അധികാരം നല്കുന്ന പഞ്ചായത്ത്രാജ്-നഗരപാലികാ ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദുചെയ്യുകയായിരുന്നു അടുത്ത നടപടി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാന പാതയോരങ്ങളില്‍ നിന്നു മദ്യശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള ആസൂത്രിത നീക്കത്തെ ജനം ചെറുത്തുതോല്പിക്കുമെന്നായപ്പോഴായിരുന്നു സര്‍ക്കാരിന്റെ ഈ കുതന്ത്ര പ്രതികാരം.
ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും 200 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്പന പാടില്ലെന്ന നിയമം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നിലവിലുള്ളതായിരുന്നു. എന്നാല്‍ മദ്യക്കച്ചവടക്കാരുടെ താല്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആ ദൂരപരിധി 50 മീറ്ററായി ചുരുക്കി. പവിത്ര സങ്കേതങ്ങള്‍ പോലും ബാക്കിവയ്ക്കാതെ ലഹരിപ്രളയം തീര്‍ക്കുകയാണിവിടെ. ഈ കൊച്ചു സംസ്ഥാനത്ത് ഇപ്പോള്‍ 306 വിദേശമദ്യ ചില്ലറ വില്പന കേന്ദ്രങ്ങളും, 815 ബിയര്‍-വൈന്‍ പാര്‍ലറുകളും, 30 മുന്തിയ ബാറുകളും, 5185 കള്ളുഷാപ്പുകളുമുണ്ട്. മദ്യം വാങ്ങികഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആയിരുന്നത് 23 ആയി ഉയര്‍ത്തി, മദ്യവില്പന സമയം 12.30 മണിക്കൂറായിരുന്നത് (രാവിലെ 9.30 മുതല്‍ രാത്രി 10 വരെ) 12 മണിക്കൂറായി ക്രമപ്പെടുത്തി (രാവിലെ 11 മുതല്‍ രാത്രി 11 വരെ), ത്രീ സ്റ്റാറും അതിനും മുകളിലുമുള്ള ബാറുകളില്‍ കള്ളും അനുവദിക്കും തുടങ്ങിയ `വന്‍ പരിഷ്കാരങ്ങള്‍’ അവതരിപ്പിച്ചവര്‍ അടിവരയിട്ടു പറഞ്ഞുകൊണ്ടിരുന്നത് യുഡിഎഫ് നടപ്പിലാക്കാന്‍ ശ്രമിച്ച മദ്യനിയന്ത്രണം നിഷ്ഫലമായിരുന്നുവെന്നു മാത്രമല്ല ഏറെ ദോഷകരവുമായിരുന്നു എന്നാണ്. നിയന്ത്രണം വന്നതിനുശേഷം വിദേശമദ്യ വില്പനയില് ഏഴു ശതമാനം മാത്രമാണ് കുറവുണ്ടായത്; എന്നാല്‍ ബിയര്‍ വില്പനയില് 80 ശതമാനം വര്‍ധനയുണ്ടായി. മദ്യലഭ്യത കുറയുമ്പോള്‍ കഞ്ചാവു മുതല്‍ കൊക്കെയ്ന്‍ വരെയുള്ള നിയമവിരുദ്ധ ലഹരിപദാര്‍ത്ഥങ്ങളുടെയും വ്യാജമദ്യത്തിന്റെയും ഉപയോഗം പതിന്മടങ്ങ് ഉയരുന്നു എന്നതിനും എക്സൈസ് വകുപ്പിന് തെളിവുകളേറെയുണ്ട് നിരത്താന്‍. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം ഉദാരമാക്കിയതിനുശേഷവും കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 99 ശതമാനം വര്‍ദ്ധനയുണ്ടായി എന്നത് ഓര്‍ക്കേണ്ടതുണ്ട്. രാജ്യാന്തര ബന്ധമുള്ള ലഹരിമരുന്നു കള്ളക്കടത്തിന്റെ പ്രധാന ഇടത്താവളമായി കേരളം മാറിയെങ്കില്‍ അതിന് യുഡിഎഫിന്റെ മദ്യനിയന്ത്രണ നയത്തെയല്ല പഴിക്കേണ്ടത്.
മദ്യ ഉപയോഗത്തിന്റെ ദേശീയ ശരാശരി അനുപാതത്തില്‍ മുന്‍പന്തിയിലെത്തിയ കേരളത്തില്‍ ഒരു ദിവസം 8,49,000 ലിറ്റര്‍ മദ്യം വില്‍ക്കുന്നു. 2016-17 വര്‍ഷം സംസ്ഥാനത്തെ എക്സൈസ് വരുമാനം 2397.36 കോടി രൂപയായിരുന്നു. മൊത്തം ജനങ്ങളില്‍ 54 ശതമാനം വലിയ തോതില്‍ മദ്യം ഉപയോഗിക്കുന്നവരും ആറു ശതമാനം പൂര്‍ണമായും മദ്യത്തിന് അടിമകളുമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന സംസ്ഥാനത്ത് മദ്യവര്‍ജനമാണ് സമ്പൂര്‍ണ ലഹരിവിമുക്ത സമൂഹത്തിലേക്കുള്ള മാര്‍ഗമെന്ന് ശഠിക്കുന്ന ഭരണകൂടം മദ്യാസക്തിയെ പരിപോഷിപ്പിക്കുന്നതിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളുമൊരുക്കി മദ്യക്കച്ചവടക്കാര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് എത്രകാലം നാം ഇങ്ങനെ കണ്ടുകൊണ്ടിരിക്കും?
കേരള കത്തോലിക്കാ സഭ ഫെബ്രുവരി 18 മദ്യവിരുദ്ധ ഞായറായി ആചരിക്കുകയാണ്. മദ്യവിരുദ്ധ സഭയും സമൂഹവും എന്ന ലക്ഷ്യത്തിലേക്ക് പ്രതിബദ്ധതയോടെ മുന്നേറാനാണ് നോമ്പുകാലത്തെ ഈ പ്രത്യേക ദിനാചരണത്തില്‍ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ മദ്യവിരുദ്ധ കമ്മീഷന് ആഹ്വാനം നല്‍കുന്നത്. മനുഷ്യന്റെയും സമൂഹത്തിന്റെയും നന്മയും സമാധാനവും ശ്രേയസും ആഗ്രഹിക്കുന്ന സന്മനസുള്ളവരെല്ലാം മദ്യമെന്ന തിന്മയ്ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പോരാടാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചുനില്‍ക്കേണ്ട സമയമാണിത്.
Related
Related Articles
വന്‍സ്രാവുകള്‍ വിഴുങ്ങട്ടെ ആ ദേശീയ നയം
കൊച്ചി മത്സ്യബന്ധന തുറമുഖം ലോകനിലവാരമുള്ള സാമ്പത്തിക ഹബായി വികസിപ്പിക്കും, ഉള്‍നാടന്‍ ജലപാതകളിലും നദീതീരങ്ങളിലും ഫിഷിംഗ് ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും പണിതീര്‍ക്കും എന്ന കേന്ദ്ര ബജറ്റിലെ
ഒഡിഷയില്‍ നിന്നു കേരളം പഠിക്കേണ്ടത്
പ്രചണ്ഡ സംഹാരശക്തിയില്‍ നാലാം കാറ്റഗറിയില്‍ പെട്ട ഫോനി എന്ന അതിതീവ്ര ചുഴലിക്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കൊടിയ നാശനഷ്ടങ്ങളുടെ ഇരുണ്ട ഇടനാഴി തീര്‍ത്ത് കഴിഞ്ഞ വെള്ളിയാഴ്ച കടന്നുപോയപ്പോള്‍
ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന് അപ്പടി വേണം
കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ