Breaking News

ഉപ്പായി തീരാന്‍, വെളിച്ചമായി തീരാന്‍ ഈ ജീവിതം ഫാ. പോള്‍ എ.ജെ

ഉപ്പായി തീരാന്‍, വെളിച്ചമായി തീരാന്‍ ഈ ജീവിതം  ഫാ. പോള്‍ എ.ജെ

കഞ്ഞിയില്‍ ഒരു നുള്ള് ഉപ്പുപോലെ
ചില ജീവിതങ്ങള്‍ അലിഞ്ഞുചേരുന്നു
വേറിട്ടുനില്‍ക്കാനായി അവര്‍ ഇഷ്ടപ്പെടുന്നില്ല
എന്നിട്ടും എല്ലായിടത്തും അവരുണ്ടല്ലോ
– ഒ.എന്‍.വി. കുറുപ്പ് (ഉപ്പ്)

ഒരുവന്റെ ശിഷ്യത്വം ദൈവത്തിന്റെ അസ്തിത്വത്തോട് സാരൂപ്യം പ്രാപിക്കുന്നതാണ് പൗരോഹിത്യം. പൗലോസ് അപ്പസ്തോലനെപ്പോലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി ക്രിസ്തുവാകുന്ന പുതിയ മനുഷ്യനെ ധരിച്ച് മറ്റൊരു ക്രിസ്തുവായി ജീവിക്കുവാന്‍ അദമ്യമായി ആഗ്രഹിക്കുന്നവന്‍. ആവശ്യങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് ദൈവഹിതത്തിന് പൂര്‍ണമായും വിട്ടുകൊടുത്തുകൊണ്ട് ജീവിക്കുന്ന ദൈവത്തിന്റെ നിസ്വനാണവന്‍. ഒരു കുടുംബം ഉപേക്ഷിച്ച് ഒരായിരം കുടുംബങ്ങളില്‍ അപ്പനായി, സഹോദരനായി, സുഹൃത്തായി, വഴികാട്ടിയായി പുരോഹിതന്‍ ജീവിക്കുന്നു.
സൈമണ്‍ പീറ്റര്‍ അച്ചന്‍ കോഴിക്കോട് രൂപതയുടെ അഭിമാനമാണ്. താന്‍ സേവനം ചെയ്തിരുന്ന ദേവാലയത്തിനുമുന്നില്‍ കഞ്ഞിക്കട നടത്തിയിരുന്ന മുജീബ് എന്ന മുസ് ലിം സഹോദരന് തന്റെ വൃക്ക നല്‍കി ക്രിസ്തുവിന്റെ പരിമളം പരത്തിയ ആള്‍ത്തേര്‍ ക്രിസ്തു. എന്റെ മൈനര്‍ സെമിനാരി പഠനകാലത്ത് ഞങ്ങളുടെ റീജന്റ് ബ്രദറായിരുന്നു അദ്ദേഹം. പിന്നീട് വൈദികനായി മൈനര്‍ സെമിനാരിയില്‍ അച്ചനോടൊപ്പം ശുശ്രൂഷ ചെയ്യുവാനും എനിക്ക് സാധിച്ചു. അച്ചനോട് പലപ്പോഴായ ഞാന്‍ ചോദിച്ചിട്ടുള്ളതും ചോദിക്കാന്‍ ആഗ്രഹിച്ചിട്ടുള്ളതുമായ ചോദ്യങ്ങളും, കേള്‍ക്കാന്‍ ആഗ്രഹിച്ച ഉത്തരങ്ങളും ഇവിടെ പങ്കുവയ്ക്കുകയാണ്.

അച്ചന്‍ നടത്തിയ പങ്കുവയ്ക്കലിനെക്കുറിച്ച് പറയാമോ?

കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്ന, ഇപ്പോള്‍ സുല്‍ത്താന്‍പേട്ട് രൂപതയില്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് സെന്റ് ജെയിംസ് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന സമയത്താണ് മുജീബ് എന്ന സഹോദരനെ കണ്ടുമുട്ടുന്നത്. എന്റെ പള്ളിയുടെ തൊട്ടുമുമ്പില്‍ത്തന്നെ ഒരു കഞ്ഞിക്കട നടത്തിയിരുന്നു മുജീബ്. അക്കാലത്ത് ഞാന്‍ തന്നെയാണ് എന്റെ ഭക്ഷണം പാകംചെയ്തിരുന്നത്. പലപ്പോഴും മുജീബിന്റെ കടയില്‍ പോയി കഞ്ഞി കുടിക്കുക പതിവായിരുന്നു. വളരെ സ്നേഹത്തോടും താല്പര്യത്തോടും കൂടെയാണ് മുജീബ് അവിടെ വരുന്നവര്‍ക്ക് കഞ്ഞി വിളമ്പിക്കൊടുത്തിരുന്നത്. എങ്കിലും അദ്ദേഹത്തിന് എന്തോ ഒരു ശാരീരിക അസ്വസ്ഥത ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു. അതുകൂടാതെ ആഴ്ചയില്‍ രണ്ടുദിവസം ഈ കഞ്ഞിക്കട അടച്ചിടുന്നതും കാണാമായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, എന്താണ് ഇടയ്ക്കിടെ ഇങ്ങനെ കഞ്ഞിക്കട അടച്ചിടുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ? അപ്പോഴാണ് താന്‍ കിഡ്നി രോഗബാധിതനാണെന്നും ആഴ്ചയില്‍ രണ്ടുതവണ കോഴിക്കോട് ഡയാലിസിസിനായി പോകേണ്ടതുണ്ടെന്നും മുജീബ് പറയുന്നത്.
പിന്നീട് ഞാന്‍ മുജീബിനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചു. അദ്ദേഹത്തിന് ആ സമയത്ത് എന്റെതന്നെ പ്രായമായിരുന്നു: 42 വയസ്സ്. മുജീബിന് മൂന്നു ചെറിയ കുഞ്ഞുങ്ങളായിരുന്നു. മുജീബിന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കാരണം, ഈ ചെറുപ്പക്കാരനെ ആശ്രയിച്ചാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. എന്തുകൊണ്ടാണ് കിഡ്നി മാറ്റിവയ്ക്കാന്‍  പരിശ്രമിക്കാതിരുന്നത് എന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ഒന്നാമതായി അതിന് വലിയൊരു തുക ആവശ്യമായിവരും. അത് സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട്. പിന്നീട് ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആരെങ്കിലും കിഡ്നി തരാന്‍ തയ്യാറാവണമല്ലോ. ആരെങ്കിലും തന്നാലല്ലേ മാറ്റാനായിട്ട് സാധിക്കുകയുള്ളൂ. മുജീബിന്റെ മറുപടി എന്റെ മനസ്സില്‍ തറക്കുന്നതുപോലെ തോന്നി. എസ്എസ്എല്‍സിക്ക് പഠിക്കുന്ന സമയത്ത് ടോബി അച്ചന്‍ നയിച്ച സിഎല്‍സി ക്ലാസ്സിലെ ഒരു ചിന്ത എന്റെ മനസ്സിലേക്ക് വന്നു. ഒരു തീരുമാനം എടുക്കാന്‍, ഒരു കാര്യം ചെയ്യാന്‍ മടിയോ ഉത്സാഹക്കുറവോ തോന്നുമ്പോള്‍ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കണം: 1. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍? 2. ഇവിടെ അല്ലെങ്കില്‍ പിന്നെ എവിടെ? 3. ഞാനല്ലെങ്കില്‍ പിന്നെ ആര്? അതുപോലെതന്നെ യേശുവിന്റെ വചനം നമ്മുടെ ഹൃദയത്തില്‍ ഉണ്ടല്ലോ. സ്നേഹതിര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല (യോഹന്നാന്‍ 15:13).
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങള്‍ എല്ലാ ടെസ്റ്റുകളും നടത്തുക. ആരും നിങ്ങള്‍ക്ക് കിഡ്നി നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഈ പള്ളി അടുത്തുതന്നെയാണല്ലോ… അവിടേക്ക് വന്നാല്‍ മതി, ഞാന്‍ അവിടെയുണ്ടാകും. പിന്നീട് ആറു മാസങ്ങള്‍ക്കുശേഷം ഞാന്‍ പള്ളിപ്പെരുന്നാളിന്റെ തിരക്കില്‍ ആയിരുന്നപ്പോള്‍ മുജീബിന്റെ രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹം കിടപ്പിലാകുകയും ചെയ്തു. കഞ്ഞിക്കട അടച്ചു. ഒരു ദിവസം വൈകുന്നേരം മുജീബിന്റെ ഉമ്മയും സഹോദരിമാരും കൂടി എന്റെ അടുത്തുവന്ന് ചോദിച്ചു, കുറച്ചുനാളുകള്‍ക്കു മുമ്പ് മുജീബിനോടു പറഞ്ഞത് കാര്യമായിട്ടാണോ എന്ന്. മുജീബിനോട് പറഞ്ഞത് കാര്യമായിട്ടുതന്നെയാണ് എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ മുജീബിന് കിഡ്നി നല്‍കാന്‍ തയ്യാറാണ് എന്നു പറഞ്ഞു. അങ്ങനെയാണ് മുജീബിന്, എന്റെ സഹോദരന്, ഞാന്‍ കിഡ്നി നല്‍കിയത്.

ഒരാള്‍ ഒരു കാരണവുമില്ലാതെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ?

ഒന്നും ഞാന്‍ നേടിയെടുത്തതല്ല, എനിക്കുള്ളതെല്ലാം നല്‍കപ്പെട്ടതാണ് എന്നു തിരിച്ചറിയുമ്പോഴാണ് സ്നേഹത്തിനും കരുതലിനും ഒരു പുതിയ മാനം ലഭിക്കുന്നത്. ഒരാള്‍ ഒരു കാരണവുമില്ലാതെ മറ്റൊരാളെ സ്നേഹിച്ചതിന് വലിയ മാതൃക യേശുനാഥന്‍ തന്നെയാണ്. നിബന്ധനകള്‍ സ്നേഹത്തിന്റെ മാറ്റു കുറയ്ക്കും. ക്രിസ്തുവിന്റെ സ്നേഹമാണ് പൗരോഹിത്യം എന്ന് വായിച്ചതോര്‍ക്കുന്നു. ഞാന്‍ കിഡ്നി നല്‍കാന്‍ തയ്യാറാണ് എന്നു പറഞ്ഞപ്പോള്‍ മുജീബിന്റെ ഉമ്മയും സഹോദരിമാരും എന്നോടു ചോദിച്ചത് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നാണ്. അവര്‍ ചോദിച്ച ചോദ്യത്തിന്റെ അര്‍ത്ഥം ഞാന്‍ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെ ഒരവസ്ഥ എന്റെ കുടുംബാംഗങ്ങള്‍ക്കോ സഹോദരങ്ങള്‍ക്കോ ആയിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്യുമായിരുന്നോ അതുതന്നെയാണ് ഞാന്‍ ഇവിടെയും ചെയ്യുന്നത്. മുജീബ് എന്റെ സഹോദരനാണ്. അവനവനു വേണ്ടിയല്ലാതെ ഒരാളെ നാം സ്നേഹിക്കുമ്പോള്‍, സഹായിക്കുമ്പോള്‍ അത് വലിയ സംതൃപ്തി നല്‍കുന്നു. എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത് (മത്തായി 25:40).

അനുഭവിച്ചറിഞ്ഞ സ്നേഹമാണ് നാം നല്‍കാറുള്ളത് എന്നു പറയാറുണ്ട്. അച്ചന്റെ ഓര്‍മ്മയിലെ പങ്കുവയ്ക്കലിന്റെ അനുഭവങ്ങള്‍ എന്തെല്ലാമാണ്?

ഞങ്ങള്‍ എറണാകുളത്തെ വൈപ്പിനില്‍ നിന്ന് വയനാട്ടിലെ കല്‍പ്പറ്റയില്‍ എമിലിയിലെ ഫാത്തിമ നഗറിലേക്ക് കുടിയേറിയവരാണ്. ഞങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്ത് എല്ലാ മതവിഭാഗക്കാരും താമസിക്കുന്നുണ്ട്. ഇവിടെ എല്ലാവരും അന്നും ഇന്നും വളരെ സ്നേഹത്തോടുകൂടിയാണ് കഴിഞ്ഞുവരുന്നത്. എന്റെ ചെറുപ്പം മുതല്‍ ഇവരുടെയൊക്കെ മതപരമായിട്ടുള്ളതും കുടുംബപരമായിട്ടുള്ളതുമായ ആഘോഷങ്ങളില്‍ ഞങ്ങളെല്ലാവരും പങ്കെടുക്കുമായിരുന്നു. പിന്നീട് പഠിക്കുന്ന സമയത്ത് കാപ്പിത്തോട്ടത്തില്‍ കാപ്പിക്കുരു പെറുക്കാന്‍ പോയിരുന്നപ്പോഴും മറ്റും ഇവരുടെയൊക്കെ സ്നേഹവും പങ്കുവയ്ക്കലും അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ഞങ്ങളുടെ കുടുംബം ഒരു കൂട്ടുകുടുംബമാണ്. ചാച്ചനും അമ്മയും മൂന്നു ചേട്ടന്മാരും പിന്നെ ഞാനും.
ഏറ്റവും ഇളയ ആളായിരുന്നതുകൊണ്ട് ഇവരുടെയെല്ലാം സ്നേഹവും കരുതലും അനുഭവിച്ചുതന്നെയാണ് ഞാന്‍ വളര്‍ന്നുവന്നത്. കൂടാതെ രണ്ട് അനുഭവങ്ങള്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റെ ചേട്ടന്മാര്‍ കൂടരഞ്ഞിയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിയിരുന്ന സമയത്ത് അവിടെ അവരെ സഹായിക്കുവാന്‍ പോകുക പതിവായിരുന്നു. ഒരു ദിവസം വൈകുന്നേരം പള്ളിക്കൂടത്തിനു മുന്നില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ഒരു കുട്ടി തന്റെ കൂട്ടുകാരുടെ അടുത്തേക്ക് ഓടിവന്ന് അവന്റെ കൈയ്യിലെ പൊതി അഴിച്ചിട്ട് അതില്‍നിന്ന് എല്ലാവര്‍ക്കും മിഠായി നല്‍കാന്‍ തുടങ്ങി. അവന്‍ എന്നെയും കണ്ടു. അപ്പോള്‍ അവന്‍ എന്റെ അടുത്തേക്ക് ഓടിവന്ന് പൊതിയിലെ അവസാനമുണ്ടായിരുന്ന മിഠായി എനിക്കുതന്നു. അപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു, നിനക്ക് മിഠായി വേണ്ടേ എന്ന്. അവന്റെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മതബോധന ക്ലാസ്സില്‍ അവന്റെ ടീച്ചര്‍ പറഞ്ഞിട്ടുണ്ടത്രേ, തൊണ്ടയില്‍ നിന്നിറങ്ങിയാല്‍ പിന്നെ മിഠായിക്ക് മധുരമില്ലായെന്ന്. എന്നാല്‍ ആ മിഠായി നീ പങ്കുവച്ചാല്‍ ഇരട്ടിമധുരം ലഭിക്കുമെന്ന്. ഈ ഒരു സംഭവം എപ്പോഴും എന്റെ മനസ്സില്‍ ഓര്‍മ്മയായുണ്ട്.
അതുപോലെതന്നെ ഉണ്ടായ മറ്റൊരു അനുഭവം ഇങ്ങനെയാണ്: പലപ്പോഴും ഭിക്ഷക്കാരെയും മറ്റും കാണുമ്പോള്‍ എനിക്ക് അവരോട് വളരെ സഹതാപം തോന്നുമായിരുന്നു. അവരെ കാണുമ്പോള്‍ എന്റെ കൈയ്യിലെ പൈസ ഞാന്‍ അവര്‍ക്കു നല്‍കും. ഒരിക്കല്‍ ഒരു തിയേറ്ററിനു മുമ്പില്‍ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടു. ആ ചേട്ടനുനേരെ എന്റെ കൈയ്യില്‍ ഉണ്ടായിരുന്ന അഞ്ചുരൂപ നോട്ട് ഞാന്‍ നീട്ടി. കുറെനേരം ഞാനത് നീട്ടിപ്പിടിച്ചിട്ടും അത് ആ ചേട്ടന്‍ വാങ്ങുന്നില്ല. ആ ചേട്ടന്റെ ഭാര്യ എന്നോട് പറഞ്ഞു, മോനേ ചേട്ടന് കണ്ണു കാണില്ല. അതെനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു. അദ്ദേഹത്തിന് മുന്നിലേക്ക് വച്ചുനീട്ടീയ ആ അഞ്ചു രൂപ നോട്ടുപോലും അദ്ദേഹത്തിന് കാണാന്‍ സാധിക്കുന്നില്ല. സ്വന്തം മുഖം കാണാന്‍ പറ്റുന്നില്ല, ഭാര്യയുടെ മുഖം കാണാന്‍ പറ്റുന്നില്ല, മക്കളെ കാണാന്‍പറ്റില്ല, വച്ചുവിളമ്പുന്ന ചോറ് കാണാന്‍ പറ്റില്ല, ഒന്നും കാണാന്‍ പറ്റില്ല. എനിക്കുള്ളതെല്ലാം എനിക്ക് അര്‍ഹതയുണ്ടായതുകൊണ്ടല്ല എന്ന ചിന്ത അന്നുമുതല്‍ എന്നില്‍ വളരാന്‍ തുടങ്ങി. അപ്പോള്‍ മുതല്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും നല്‍കാന്‍ സാധിക്കുന്ന അവസരം ഞാന്‍ നഷ്ടപ്പെടുത്താറില്ല.

അനുഭവിച്ചറിഞ്ഞ സ്നേഹമാണ് നാം നല്‍കാറുള്ളത് എന്നു പറയാറുണ്ടല്ലോ. അച്ചന്റെ ഓര്‍മ്മയിലെ പങ്കുവയ്ക്കലിന്റെ മറ്റ് അനുഭവങ്ങള്‍ എന്തെല്ലാമാണ്?

പത്താം ക്ലാസ്സ് പഠനത്തിനുശേഷം അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ സെമിനാരിയില്‍ ചേരുന്നത്. ചെറുപ്പത്തില്‍ ഒരിക്കലും എനിക്ക് അച്ചനാകണം എന്ന ചിന്ത ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി ദൈവവിളി സ്വീകരിക്കുന്നത് എന്റെ രണ്ട് കസിന്‍ സിസ്റ്റേഴ്സാണ്. ആ സമയത്ത് അവരെ ഏറ്റവും കൂടുതല്‍ നിരുത്സാഹപ്പെടുത്തിയതും ഞാന്‍ തന്നെയായിരുന്നു. എന്റെ ചേട്ടന്‍ ഡെന്നി അച്ചന്‍ ചെറുപ്പം മുതലേ അച്ചനാകണം എന്ന ആഗ്രഹം പറഞ്ഞിരുന്ന ഒരാളായിരുന്നു. എനിക്കാണെങ്കില്‍ വലിയൊരു സംഗീത കോളജില്‍ ചേര്‍ന്ന് പഠിക്കണമെന്നായിരുന്നു ആഗ്രഹം. ഡെന്നി അച്ചന്‍ ദൈവവിളി ക്യാമ്പില്‍ പങ്കെടുത്തുവന്നതിനുശേഷം അതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പറഞ്ഞ ഒരു കാര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് ജോയ് പൈനാടത്തച്ചന്‍, ചമ്മട്ടിയടിയേല്ക്കുന്ന യേശുവിനെക്കുറിച്ച് പറഞ്ഞതായിരുന്നു. ചമ്മട്ടിയടിയേല്‍ക്കുന്ന ഗുരു ശരീരം മുഴുവന്‍ വേദനിക്കുന്ന പീഢനത്തിലൂടെ കടന്നുപോകുന്നു. അതേസമയത്തുതന്നെ യേശുവിന്റെ ശിഷ്യന്‍ ശരീരസുഖം അനുഭവിച്ചുകൊണ്ട് തീകായുന്ന വിരോധാഭാസം. ശിമയോന്‍ പത്രോസ് ചെയ്ത ആ കാര്യം അതേ പേരുകാരനായ, സൈമണ്‍ പീറ്ററായ ഞാനും ചെയ്യുകയാണല്ലോയെന്നുതോന്നി. ചെറിയ സുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്നാലെ പോകുന്ന ഒരാളാണല്ലോ ഞാന്‍ എന്ന ചിന്ത എനിക്ക് പുതിയ വെളിച്ചം നല്‍കി. അപ്പോഴാണ് അച്ചനാകണം എന്ന ആഗ്രഹം എനിക്ക് ഉണ്ടാകുന്നതും. സംഗീത കോളജില്‍ ചേര്‍ന്ന് പഠിക്കണം എന്ന എന്റെ വലിയ ആഗ്രഹം ത്യജിക്കാനുള്ള ഒരു അദൃശ്യശക്തി എനിക്ക് ലഭിച്ചു. ഞാന്‍ അത് അപ്പിച്ചിയോട് പറയുകയും അപ്പിച്ചിയും എന്റെ അമ്മയും സഹോദരങ്ങളും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഞാന്‍ സെമിനാരിയില്‍ വൈദികപരിശീലനത്തിനായി ചേരുന്നതും പിന്നീട് വൈദികനായതും.

പൗരോഹിത്യം പോസിറ്റീവായും നെഗറ്റീവായും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ അച്ചന്റെ കാഴ്ചപ്പാടില്‍ എന്തുകൊണ്ടാണ് ഒരു യുവാവ് വൈദികനാകാന്‍ തീരുമാനിക്കുന്നത്?

തീര്‍ച്ചയായും ഈ കാലഘട്ടം എന്നത്തേക്കാളുമുപരിയായി പൗരോഹിത്യത്തെയും സന്ന്യാസജീവിതത്തെയും വളരെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നുണ്ട്. ദൈവവിളിയുടെ അസ്തിത്വത്തെതന്നെ ചോദ്യം ചെയ്യുന്ന പലരും നമുക്കു ചുറ്റും ഉണ്ട്. എന്നിട്ടും യുവതീയുവാക്കള്‍ ഈ സമര്‍പ്പണജീവിതം ഏറ്റെടുക്കുന്നത് അവരെ ദൈവം വിളിക്കുന്നതുകൊണ്ടാണ്. ഒരു വ്യക്തിയുടെ തീരുമാനം അല്ല ദൈവവിളിയെന്നുപറയുന്നത്. ഒരാളുടെ മനസ്സില്‍ ആര്‍ക്കും പിന്തിരിപ്പിക്കാന്‍ പറ്റാത്ത ഒരു തോന്നല്‍, ഒരു ആഗ്രഹം രൂപപ്പെടുന്നതാണ് ദൈവവിളി. പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ഞാന്‍ എന്തുകൊണ്ടാണ് വൈദികന്‍ ആയത് എന്ന്. എനിക്ക് പലപ്പോഴും തൃപ്തികരമായ ഒരു ഉത്തരം നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ എന്നെ നയിക്കുന്ന ബോധ്യം ഈശോയുടെ തന്നെ വചനം ആണ്. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് എന്ന്. ഈയൊരു തിരിച്ചറിവ്, യേശുവിന്റെ സ്നേഹമാണ് എന്നെ നയിക്കുന്നതെന്ന ആഴമേറിയ ബോധ്യമാണ് എന്റെ ദൈവവിളിയെയും പൗരോഹിത്യജീവിതത്തെയും നയിക്കുന്നത്. ദൈവവിളി ഒരിക്കലും ഒരു വ്യക്തിയുടെ തീരുമാനം അല്ല, മറിച്ച് അത് ദൈവത്തിന്റെ തീരുമാനം, തെരഞ്ഞെടുപ്പാണ്.

മണ്‍പാത്രത്തിലെ നിധിയെന്നാണ് ദൈവവിളിയെക്കുറിച്ച് പരിശീലകര്‍ പഠിപ്പിച്ചുതന്നിട്ടുള്ളത്. ഇന്ന് അച്ചനും ഞാനും ഉള്‍പ്പെടുന്ന വൈദികര്‍ നിധി നഷ്ടപ്പെട്ട് കൈയ്യില്‍ മണ്‍പാത്രം മാത്രമായി നടക്കുന്നവരാണോ?

2 കൊറിന്തോസ് 1:7-ല്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്ന വാക്കുകളാണിത്. ഈ നിധി മണ്‍പാത്രങ്ങളിലാണ് നമുക്കു ലഭിച്ചിരിക്കുന്നത്. തീര്‍ച്ചയായും പൗരോഹിത്യജീവിതം ദൈവം ഒരുവന്റെ കൈയ്യിലേക്ക് മണ്‍പാത്രത്തില്‍ നല്‍കുന്ന നിധി തന്നെയാണ്. ആ നിധിയുടെ സൂക്ഷിപ്പുകാരാകണം ഓരോ വൈദികനും. വൈദികരായ നമ്മള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മള്‍ നമ്മുടെ കൈയ്യിലെ വലിയ നിധിയെക്കുറിച്ച് കൂടുതല്‍ ജാഗരൂകരാകണം. ഇത് വൈദികരുടെ കാര്യത്തില്‍ മാത്രമല്ല. എല്ലാ ജീവിതാന്തസ്സിലും ഉള്ളവര്‍ അവരുടെ വിളിയെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണ്. വളരെ പ്രത്യേകമായി ഈ കാലത്ത് വിവരസാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും അതിപ്രസരം നമ്മുടെ ജീവിതത്തെ താളംതെറ്റിക്കുമ്പോള്‍ വൈദികരും സമര്‍പ്പിതരും അല്മായരും ഉള്‍പ്പെടുന്ന വിശ്വാസസമൂഹം നമ്മള്‍ ആരാണെന്ന് മറന്നുപോകരുത്. ഈ മറവി ചിലര്‍ക്കെങ്കിലും തിരുത്താന്‍ പറ്റാത്ത വീഴ്ചയായി മാറിയിട്ടുണ്ട്. ആര്‍ക്കും അവര്‍ക്ക് ദൈവം നല്‍കിയ നിധിയാകുന്ന ദൈവവിളി നഷ്ടപ്പെട്ടിട്ടല്ല, മറിച്ച് അവര്‍ അതിനെക്കുറിച്ച് മറന്നുപോയിരിക്കുന്നു, അല്ലെങ്കില്‍ അതിനെക്കാള്‍ മറ്റു പലതിനും വിലകൊടുക്കുന്നു എന്നുള്ളതാണ്.

വൃക്കദാനം അച്ചന്റെ പൗരോഹിത്യത്തില്‍ കൊണ്ടുവന്ന പ്രത്യേകതയെന്താണ്?

ഓപ്പറേഷന്റെ തലേദിവസം വൈകുന്നേരം ആശുപത്രി മുറിയില്‍ എന്റെ അപ്പിച്ചിയോടും ചേട്ടനോടുമൊപ്പം ഞാന്‍ അര്‍പ്പിച്ച ദിവ്യബലി എനിക്കൊരു പ്രത്യേക അനുഭവമായിരുന്നു. സ്തോത്രയാഗ പ്രാര്‍ത്ഥനയുടെ സമയത്ത് അപ്പമെടുത്ത്, എല്ലാവരും ഇതില്‍ നിന്നു വാങ്ങി ഭക്ഷിക്കുവിന്‍; എന്തെന്നാല്‍ ഇത് നിങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കാനിരിക്കുന്ന എന്റെ ശരീരമാകുന്നു… എന്നു പറഞ്ഞപ്പോള്‍ ആ വാക്കുകളുടെ പൂര്‍ണമായ അര്‍ത്ഥം മനസ്സിലാക്കി ആ പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്കു സാധിച്ചു. കാരണം അപ്പോള്‍ എന്റെ ശരീരത്തിന്റെ ചെറിയൊരു ഭാഗം യഥാര്‍ത്ഥത്തില്‍ ഞാനെന്റെ ഒരു സഹോദരന് നല്‍കുവാന്‍ പോകുകയായിരുന്നുവല്ലോ. യേശു നടത്തിയ വലിയ പങ്കുവയ്പ്പിന്റെ ഒരു ചെറിയ അനുകരണം എനിക്കും ചെയ്യാന്‍ സാധിക്കുന്നു എന്ന തിരിച്ചറിവ് വലിയൊരു ദൈവാനുഭവമാണ് എനിക്കു നല്‍കിയത്. അപ്പോഴും ഇപ്പോഴും വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ യേശുവിന്റെ ആത്മസമര്‍പ്പണത്തോട് എന്റെ ബലിയും ചേര്‍ത്തുവയ്ക്കുവാന്‍ എനിക്കു സാധിക്കുന്നു. ഇതൊരു ദൈവാനുഗ്രഹമായി ഞാന്‍ കരുതുകയും വിശ്വസിക്കുകയുമാണ്.

വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയെപ്പോലെ വിശുദ്ധിയുടെ പരിമളം പരത്തുവാനും നിത്യപ്രകാശമായ ക്രിസ്തുവിനെ നോക്കി സ്വയം പ്രകാശിതനാകാനും ദൈവസ്നേഹത്താല്‍ നിറഞ്ഞ് മറ്റുള്ളവരെ പ്രകാശിതരാക്കുവാനും സൈമണ്‍ പീറ്റര്‍ അച്ചന് സാധിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


Related Articles

ചികിൽസയിലൂടെ വേർപിരച്ച ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി.

സംയോജിത തലയുമായി പിറന്ന് വത്തിക്കാനിലെ പീഡിയാട്രിക് ആശുപത്രിയിൽ ചികിൽസയിലൂടെ വേർപിരിഞ്ഞ ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി. ഫ്രഞ്ച് പൗരത്വമുള്ള മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുൻമന്ത്രി

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതലയം

  മുഖത്തെപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടല്ലോ… അത് ദൈവം നല്കിയതാണ്. എല്ലാം ദൈവം നല്കിയതുതന്നെ. ഇതുവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. സന്തോഷവും സംതൃപ്തിയുമാണ് ജീവിതത്തിലെപ്പോഴുമുള്ളത്. അതുകൊണ്ട്

സ്വവര്‍ഗരതി: കോടതിവിധി നിയമപരവും ധാര്‍മികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും-കെസിബിസി

എറണാകുളം: പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി നിര്‍ണായകമാണ്. ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപകഫലങ്ങളുണ്ടാക്കുമെന്ന് കെസിബിസി നിരീക്ഷിച്ചു. വ്യക്തികള്‍ പരസ്യമായോ രഹസ്യമായോ ഏര്‍പ്പെടുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*