ഉയരങ്ങളില്‍ പറക്കാന്‍ സഹായിക്കുക നമ്മള്‍

ഉയരങ്ങളില്‍ പറക്കാന്‍ സഹായിക്കുക നമ്മള്‍

വിജയികളുടെ പടം കൊണ്ട് പത്രത്താളുകള്‍ നിറയുകയാണ്. ഫുള്‍ എ പ്ലസുകാര്‍. നല്ല കാര്യം. ജീവിതത്തിലും ഭാവിയിലും അവര്‍ വിജയത്തിന്റെയും നേട്ടങ്ങളുടെയും കതിരുകള്‍ ഇനിയും കൊയ്യട്ടെ. വിവിധ വിദ്യാഭ്യാസ ബോര്‍ഡുകള്‍ നടത്തിയ പത്താം തരത്തിന്റെയും പന്ത്രണ്ടാം തരത്തിന്റെയും വിജയശതമാനം ഏറിയിരിക്കുന്നു. പല നിലയിലുള്ള ബിരുദ വിദ്യാഭ്യാസത്തിനായി എത്തുന്നവരുടെ എണ്ണം കൂടുമെന്ന് അര്‍ത്ഥം. എന്തായിരിക്കണം ഭാവിയിലേക്ക് സ്വീകരിക്കേണ്ട ചുവടുവയ്പ് എന്നതിനെപ്പറ്റി ഉത്ക്കണ്ഠയുള്ള കുമാരി -കുമാരന്‍മാര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കി നയിക്കാന്‍ മാതാപിതാക്കള്‍ക്ക്, അധ്യാപകര്‍ക്ക്, നേതൃനിരയിലുള്ളവര്‍ക്കെല്ലാം കടമയുണ്ട്. ഉന്നത പഠനം നടത്താനെത്തുന്നവരുടെ താല്പര്യങ്ങള്‍ ചോദിച്ചറിയുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഭാവികരുപ്പിടിപ്പിക്കുകയെന്നാല്‍ സാമ്പത്തിക ഭദ്രത കണ്ടെത്തുന്ന തൊഴില്‍ നേടുക എന്നുതുടങ്ങി നിരവധി ഘടകങ്ങളാല്‍ പ്രചോദിതമാകേണ്ട വസ്തുതയാണല്ലോ.
നമ്മുടെ യുവാക്കള്‍ക്ക്, യുവതികള്‍ക്ക് പഠനരംഗത്തേയ്ക്ക് വഴിതുറന്നുനല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്ഡസ്‌ക് ഓരോ ഇടവകയിലും ഉണ്ടായിരിക്കുന്നത് നല്ല കാര്യമല്ലേ? പത്താം തരത്തില്‍ നിന്ന് പന്ത്രണ്ടാം തരത്തിലേയ്ക്കും അവിടെ നിന്ന് ബിരുദതലത്തിലേയ്ക്കും ബിരുദാനന്തരതലത്തിലേയ്ക്കും നീങ്ങുന്നവര്‍ക്ക് ഏതു വിഷയങ്ങളിലൂടെ നീങ്ങണമെന്ന നിര്‍ദ്ദേശം നല്‍കി പ്രചോദിപ്പിക്കുന്ന, എങ്ങനെയാണ് ഓരോ വിഷയത്തിന്റെയും ഭാവി സാധ്യതകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് എന്ന കാര്യം വ്യക്തമാക്കികൊടുത്ത്, അവയുടെ പഠനം സാധ്യമാക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്, അവയിലേയ്ക്കുള്ള പ്രവേശന നടപടികള്‍ എങ്ങനെയെല്ലാമാണ് എന്നുതുടങ്ങി നിരവധിയായ കാര്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞ് മനസിലാക്കികൊടുക്കുന്നതില്‍, അവരുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നതില്‍ ഈ ഹെല്‍പ്ഡസ്‌ക്കുകള്‍ക്ക് സഹായിക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും സഭയോട് ചേര്‍ന്നുനിന്നുപ്രവര്‍ത്തിക്കുന്ന, സഹായിക്കാന്‍ മനസുള്ള, കഴിവും കാര്യപ്രാപ്തിയുമുള്ള കുറച്ചുപേര്‍ എല്ലാ ഇടവകകളിലുമുണ്ടാകും. അവരെ ഒരുമിച്ചുകൂട്ടി ഈ ഹെല്‍പ്ഡസ്‌ക്കുകള്‍ രൂപീകരിക്കാം. ചെറിയ ഇടവകകള്‍ ഫൊറോനതലത്തിലോ, അയല്‍പക്ക ഇടവകകളുടെ ഒത്തുചേരലായോ മാറി ഇവയ്ക്ക് രൂപം കൊടുക്കാവുന്നതാണ്.
പ്രൊഫഷണല്‍ കൗണ്‍സലിംഗ്, ഉന്നതപഠന ദിശാബോധം നല്‍കല്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ പഠന പരിശീലന കേന്ദ്രങ്ങള്‍ നല്‍കുന്ന കോഴ്‌സുകളും വലിയ തുകകള്‍ നല്‍കി അതില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന മാതാപിതാക്കളും ഉള്ള നമ്മുടെ നാട്ടില്‍ അവരെ സഹായിക്കാന്‍ ഇത്തരം ഇടവക പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. ഉദാരമായ മനസ്സും കാര്യപ്രാപ്തിയുമുള്ള ഏതാനും പേര്‍ ഉണ്ടായാല്‍ മാത്രം മതി. ജോലി സാധ്യതയോടൊപ്പം സാമൂഹ്യ-സാമുദായിക പരിഗണനകളെപ്പറ്റിയും പറയാന്‍ നമുക്ക് ബാധ്യതയുണ്ട്. ഒരാള്‍ക്ക് ലഭിക്കുന്ന ജോലിയും തൊഴില്‍ സാധ്യതയും സാമൂഹ്യ-സാമുദായിക ഉണര്‍വിന്റെ അടയാളമായിക്കാണാന്‍, പിന്നാലെ വരുന്നവര്‍ക്കുള്ള വെളിച്ചമായ് തിരി തെളിച്ചുവയ്ക്കാന്‍ നമ്മുടെ യുവജനങ്ങളെ പരിശീലിപ്പിക്കണം.
ഗവണ്‍മെന്റ്-ഗവണ്‍മെന്റിതര മേഖലകളിലുള്ള തൊഴില്‍ സാധ്യതകള്‍ മനസിലാക്കുന്നതോടൊപ്പം അവയുടെ സാമൂഹ്യപ്രസക്തിയും തിരിച്ചറിയണം. അത് വിദ്യാലയങ്ങളിലെയും കോളജുകളിലെയും വിഷയ പഠനങ്ങള്‍ കൊണ്ടുമാത്രം വിദ്യാര്‍ഥികള്‍ ആര്‍ജിക്കുന്ന ഒന്നല്ല. മനഃപൂര്‍വ്വമായി അവരിലേയ്ക്ക് പരിശീലനമെന്ന നിലയില്‍ നല്‍കേണ്ട ഒന്നാണത്. ഞാന്‍ രക്ഷപ്പെട്ടാല്‍ മാത്രം പോരാ, എന്നിലൂടെ എന്റെ കുടുംബവും സമുദായവും സമൂഹവും മുന്നേറേണ്ടതുണ്ട് എന്ന ചിന്ത അവരില്‍ നാമ്പിടണം. തൊഴിലിന്റെ സാമൂഹ്യമാനം തിരിച്ചറിയാന്‍ യുവജനങ്ങള്‍ പ്രാപ്തരാകണം. ലത്തീന്‍ സമുദായത്തിന്റെ ഉന്നതിക്ക് ഇത്തരത്തിലുള്ള അവബോധ നിര്‍മ്മിതി അത്യാവശ്യമാണ്.
എ പ്ലസുകാര്‍ക്ക് കിട്ടുന്ന ശ്രദ്ധയും സാമൂഹ്യസമ്മതിയും മാത്രം പോരാ സമുദായനിര്‍മിതിക്കെന്നും കൂട്ടത്തില്‍ തിരിച്ചറിയണം. മാര്‍ക്ക് കുറഞ്ഞുപോയതുകൊണ്ട് പിന്നോക്കം പോകുന്ന ചെറുപ്പക്കാരുടെ കാര്യത്തിലുള്ള ശ്രദ്ധയും പ്രധാനപ്പെട്ടതാണ്. വൈവിധ്യമുള്ള തൊഴില്‍ തലങ്ങളെ പരിചയപ്പെടുത്തുകയും അവരുടെ അഭിരുചികള്‍ക്കനുസരിച്ച് നയിക്കുകയും വേണം. സാധ്യതകള്‍ പരിചയപ്പെടുത്തുകയെന്നത് നിസാര കാര്യമല്ല. കൂടെ നിന്ന് അതിലേയ്ക്ക് കൈ പിടിച്ചുയര്‍ത്തി വിടുകയെന്നത് അതിലും ശ്രമകരം തന്നെ. കൈത്തൊഴില്‍ പരിശീലനം മുതലിങ്ങോട്ട് വൈവിധ്യമാര്‍ന്ന മേഖലകളിലേയ്ക്ക് ശ്രദ്ധയൂന്നാന്‍ അവര്‍ക്ക് സാധിക്കണമെങ്കില്‍ കൂടെ നിന്ന് നയിക്കാന്‍ ആരെങ്കിലുമൊക്കെയുണ്ടാകണം.
ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതമായ വിദ്യാകേന്ദ്രങ്ങളെപ്പറ്റിയും അവയിലേയ്ക്ക് പ്രവേശനം നേടുന്നതിനുള്ള വഴികളെപ്പറ്റിയുമെല്ലാം. നമ്മുടെ യുവജനത്തിന് ധാരണകള്‍ ഉണ്ടാക്കിയെടുക്കേണ്ടതല്ലേ? അറിവുകള്‍ പങ്കുവയ്ക്കപ്പെടുന്ന ലോകത്ത് ഈ കാലത്തും ഇത്തരം കാര്യങ്ങളെപ്പറ്റി ചെറുപ്പക്കാര്‍ അറിയാതെ പോകുന്നുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കേണ്ടതുതന്നെയാണ്. ഉന്നതവിദ്യാഭ്യാസം ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കാനുള്ള സാമ്പത്തികമായ പിന്തുണയും ഭദ്രതയും എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളിലാണ് സര്‍ക്കാര്‍, സര്‍ക്കാരിതര സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചുള്ള അറിവ് പ്രസക്തമാകുന്നത്. ഇതിനെക്കുറിച്ചെല്ലാം. അറിവും ധാരണയുമുള്ളവര്‍ സമൂഹത്തിലുണ്ടാകും. അവരെ കണ്ടെത്തി, സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി അവരുടെ കഴിവുകളെ പ്രയോജനപ്പെടുത്തുമ്പോഴാണ് സാമൂഹ്യമായ മുന്നേറ്റങ്ങള്‍ സംഭവിക്കുന്നത്.
ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന യുവജന-അല്മായ സംഘടനകളുടെ സഹകരണത്തോടെ ഇത്തരം സംരംഭങ്ങളെ വിജയത്തിലെത്തിക്കാനാകും. ആത്മീയമായ ഉണര്‍വ്വും ആരാധനയും സാമൂഹ്യവിമോചനം തന്നെയെന്ന വചനത്തിന്റെ ഉള്‍ക്കാഴ്ചയോടെ ഈ സംരംഭങ്ങളുമായി നമ്മള്‍ മുന്നോട്ടു നീങ്ങണം. അവസരങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ലായെന്നും, കൃത്യമായി അത് കണ്ടെത്തുകയും നേടാനായി പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കാണ് അത് ലഭ്യമാകുന്നതെന്നുമുള്ള എന്നത്തേയ്ക്കുമുള്ള പാഠം ഇനിയും നമ്മള്‍ പഠിച്ചെടുക്കേണ്ടതായുണ്ട്. അത് നേടിയെടുക്കാന്‍, ഉയരങ്ങളിലേക്ക് കണ്ണുകളുയര്‍ത്താന്‍ നമ്മുടെ സമൂഹം പരിശീലനം നേടട്ടെ.


Related Articles

രാജ്യത്ത് മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്തണം

-കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്‌ബെനൗളിമിന്‍, ഗോവ: രാജ്യത്തെ മതനിരപേക്ഷതയും ഐക്യവും അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്

ടീച്ചേഴ്സ് ഗിൽഡ് സെക്ട്രേയ്റ്റ് ഉപവാസ ധർണ്ണ നടത്തി

ടീച്ചേഴ്സ് ഗിൽഡിന്റെയുംKCBC വിദ്യാഭ്യാസ കമ്മീഷന്റേയും ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ധർണ്ണ സംഘടിപ്പിച്ചു. പോലീസ് ആക്റ്റ് 144 നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപക-മാനേജ്മെൻറ് പ്രതിനിധികളാണ് കോവിഡ് പ്രോട്ടോകോൾ

മൂല്യബോധന പരിപാടി ‘വൈകാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു

കൊച്ചി: കൊച്ചി രൂപതയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മതബോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നയിച്ച മതബോധന പരിപാടി ‘വൈ ക്യാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു. രൂപത വികാരി ജനറല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*