Breaking News

ഉള്‍ക്കാമ്പും ദാര്‍ശനിക ലാവണ്യവും – ബോണി തോമസ്

ഉള്‍ക്കാമ്പും ദാര്‍ശനിക ലാവണ്യവും – ബോണി തോമസ്

ഇന്ത്യ സ്വതന്ത്ര്യമാകുന്നതിന് ഒരു കൊല്ലം മുമ്പ് എറണാകുളം കായലിലെ മുളവുകാട് ദ്വീപിലെ പോഞ്ഞിക്കരയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മുമ്പില്‍ ഒരു ദിവസം രാവിലെ വിശ്വാസികള്‍ തടിച്ചുകൂടി. അവര്‍ ഒരു ജാഥയായി റോഡിലുടെ നീങ്ങി. ജാഥ പള്ളിയില്‍നിന്ന് ഏതാണ്ട് 100-150 മീറ്റര്‍ തെക്ക് എഴുത്തുകാരന്‍ പോഞ്ഞിക്കര റാഫിയുടെ അക്കാലത്തെ വീടിനു മുമ്പിലെത്തി. അവിടെ മുട്ടുകുത്തി ജാഥാംഗങ്ങള്‍ പ്രാര്‍ഥനയാരംഭിച്ചു. പോഞ്ഞിക്കര റാഫിക്ക് മാനസാന്തരം വരുത്തണമേ എന്നായിരുന്നു ജാഥാംഗങ്ങളുടെ പ്രാര്‍ത്ഥന! അക്കാലത്ത് പോഞ്ഞിക്കര റാഫി എഴുതിയ ‘പാപികള്‍’ എന്ന നോവല്‍ ക്രിസ്തുസഭയെ അപമാനിക്കുന്നതായിരുന്നുവെന്ന് സഭയ്ക്കു തോന്നിയിരുന്നു. അതിന്റെ ഫലമായിരുന്നു പ്രാര്‍ത്ഥനജാഥയും പ്രതിഷേധവും. പള്ളിയും പോഞ്ഞിക്കര റാഫിയും തമ്മിലുള്ള ബന്ധം നന്നായിരുന്നില്ല. അങ്ങിനെയുള്ള പോഞ്ഞിക്കര റാഫിയുടെ മണവാട്ടിയായി സെബീനാ റാഫി പോഞ്ഞിക്കരയിലെത്തി.

അതൊരു പ്രേമവിവാഹമായിരുന്നു! സെബീനാ റാഫി ക്രിസ്തുമത വിശ്വാസിയായിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍, പള്ളിയുമായി നല്ല ബന്ധത്തിലല്ലായിരുന്ന പോഞ്ഞിക്കര റാഫിയെ പ്രണയിക്കുന്നതിലും പോഞ്ഞിക്കര റാഫിയുടെ ജീവിതസഖിയാകുന്നതിലും സെബീനാ റാഫി അരുതായ്മ കണ്ടില്ല. എന്തുകൊണ്ടെന്നാല്‍ സെബീനാ റാഫി വലിയ സ്വാതന്ത്ര്യബോധമുള്ള ആളായിരുന്നു.
പോഞ്ഞിക്കര റാഫിയുടെ ഔദ്യോഗിക വിദ്യാഭ്യാസം ആറാം സ്റ്റാന്‍ഡേര്‍ഡ് വരെ. സെബീന റാഫിക്ക് ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം; പിന്നെ ബിഎഡ്. അധ്യാപികയുടെ ജോലി. പോഞ്ഞിക്കര റാഫി എഴുത്ത് പണിയായി സ്വീകരിച്ച ആള്‍. കാര്യമായ വരുമാനം ഇല്ല. ഉണ്ടായിരുന്ന ജോലികള്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിച്ചതിനാല്‍ നഷ്ടമായി. സാമ്പത്തിക പ്രയാസത്താലാണ് പോഞ്ഞിക്കര റാഫി പഠനം ആറാം ക്ലാസില്‍ അവസാനിപ്പിച്ചത്. സെബീനാ റാഫി ജനിച്ചതും വളര്‍ന്നതും നല്ല സാമ്പത്തിക ചുറ്റുപാടിലായിരുന്നു. മറ്റൊന്നുകൂടി – പോഞ്ഞിക്കര റാഫിയെക്കാള്‍ പ്രായം കൂടുതലായിരുന്നു സെബീനാ റാഫിക്ക്. ഇത്യാദി കാരണങ്ങളാല്‍ അക്കാലത്ത് അസാധാരണ വിവാഹമായിരുന്നു റാഫിമാരുടേത്. പോഞ്ഞിക്കര റാഫിയെ വിവാഹംചെയ്തത് സെബീനാ റാഫി കാണിച്ച തോന്ന്യാസമായിരുന്നെന്ന് അക്കാലത്ത് ആളുകള്‍ പറഞ്ഞിരിക്കാം.

എന്നാല്‍, പോഞ്ഞിക്കര-സെബീനാ റാഫിമാരുടെ ജീവിതം തെളിയിച്ചു അവരുടെ പ്രണയവും ദാമ്പത്യജീവിതവും ക്രിയാത്മകങ്ങളായ അനേകം അര്‍ത്ഥങ്ങളുള്ളതായിരുന്നെന്ന്. അത് തെളിയിക്കുന്ന കൃതികള്‍ തിരുശേഷിപ്പുകളായി നമുക്ക് നല്‍കിക്കൊണ്ടാണ് ഇരുവരും ജീവിതം കടന്നുപോയത്.
1958ല്‍ പോഞ്ഞിക്കര റാഫിയുടെ നോവല്‍ ‘സ്വര്‍ഗ്ഗദൂതന്‍’ പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തില്‍ ആദ്യമായി ബോധധാര സമ്പ്രദായത്തില്‍ എഴുതിയ കൃതിയെന്ന് സ്വര്‍ഗ്ഗദൂതന്‍ വാഴ്ത്തപ്പെട്ടു. ബോധധാര അഥവാ Stream of Consciounsess സമ്പ്രദായം ലോകസാഹിത്യത്തിന്റെ ഉന്നതങ്ങളിലുള്ള ജെയിംസ് ജോയ്സും വെര്‍ജീനിയ വുള്‍ഫും മാര്‍സല്‍ പ്രൂസ്റ്റുമൊക്കെ നടന്ന സര്‍ഗവഴിയാണ്. അതേവഴിയില്‍ കേരളത്തിലെ പോഞ്ഞിക്കര എന്ന ഒറ്റപ്പെട്ട കൊച്ചുദ്വീപിലെ ആറാംക്ലാസ് വിദ്യാഭ്യാസക്കാരന്‍ നടക്കുന്നു. ഒരുപക്ഷെ, ബോധധാര എന്തെന്ന് അറിയാതെ പോഞ്ഞിക്കര റാഫി ബോധധാരയുടെ സര്‍ഗവഴിയില്‍ നടക്കുകയായിരുന്നെന്ന് കരുതാവുന്നതാണ്. ഈ ക്രിയാത്മകതയുടെ ഔന്നത്യം സെബീനാ റാഫിക്ക് മനസിലാകുമായിരുന്നു.

പോഞ്ഞിക്കര റാഫിയുടെ ക്രിയാത്മകബുദ്ധിക്ക് സെബീനാ റാഫി നല്‍കിയ അംഗീകാരമായിരുന്നു പ്രണയം. സെബീനാ റാഫി ഗോതുരുത്ത് ദ്വീപില്‍ ജനിച്ചു. ഹൈസ്‌ക്കൂള്‍ പഠനത്തിന് ഗോതുരുത്തില്‍നിന്ന് അക്കരെ
പോയി. ബിരുദാനന്തരബിരുദ പഠനത്തിന് മദ്രാസില്‍ പോയി. ഒന്നല്ല, രണ്ടു ബിരുദാനന്തരബിരുദം നേടി. ഒരു കൊച്ചുദ്വീപിന്റെ പരിധിയില്‍നിന്ന് ലോകവിസ്താരത്തിലേക്ക് വളര്‍ച്ച. ഈ വളര്‍ച്ചയും സെബീനാ റാഫിയുടെ സ്വാതന്ത്ര്യബോധം വ്യക്തമാക്കുന്നു. സ്ത്രീവിദ്യാഭ്യാസം പിന്നോക്കമായിരുന്ന കാലത്ത് മദ്രാസില്‍ ബിരുദാനന്തരബിരുദം പഠിച്ചുവന്ന സെബീനാ റാഫിയുടെ പഠനം തുടര്‍ന്നു. അനൗദ്യോഗിക പഠനം. ചവിട്ടുനാടകത്തെക്കുറിച്ച് സെബീനാ റാഫിയുടെ പഠനമാണ് നമുക്കു ലഭിക്കുന്ന ആധികാരികഗ്രന്ഥം.

ചവിട്ടുനാടകത്തെക്കുറിച്ചുള്ള സാംസ്‌കാരിക ചരിത്ര പഠനം തയ്യാറാക്കുക മാത്രമല്ല, വല്ലാതെ ക്ഷയിച്ചിരുന്ന ചവിട്ടുനാടകത്തെ ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു സെബീനാ റാഫി. അതായത്, ചവിട്ടുനാടകകലയെ സിദ്ധാന്തത്താലും പ്രയോഗത്തിലും നന്നാക്കാനുള്ള ശ്രമം. പുരുഷമേധയുള്ള ചവിട്ടുനാടകരംഗത്തെ ക്ഷയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീ എന്നു വിശേഷിപ്പിക്കാം സെബീനാ റാഫിയെ.
പോഞ്ഞിക്കര റാഫി ജീവിതപങ്കാളി മാത്രമായിരുന്നില്ല, കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായിരുന്നു സെബീനാ റാഫിക്ക്. സ്വര്‍ഗ്ഗദൂതന് മറ്റൊരു വാല്യം എഴുതണമെന്നു തോന്നി. അതിനായി രണ്ടു റാഫിമാരും പഠിച്ചു. അതിന്റെ ഫലമായിരുന്നു ‘കലിയുഗം’ എന്ന പുസ്തകം. നോവല്‍ അല്ല, ലോകത്തെക്കുറിച്ച് ഒരു വിജ്ഞാന-പഠനഗ്രന്ഥമാണ് എഴുതേണ്ടതെന്ന നിഗമനത്തിലെത്തുകയായിരുന്നു റാഫിമാര്‍.
ജ്ഞാനം സ്വാതന്ത്ര്യമാണ്. കലിയുഗം വൈജ്ഞാനിക പഠനമാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം മനുഷ്യന്‍ അനുഭവിച്ച അര്‍ത്ഥരാഹിത്യത്തെയും ശൂന്യതയെയും ജ്ഞാനത്താല്‍ വിശകലനംചെയ്യുന്ന കൃതി. പോഞ്ഞിക്കര ദ്വീപില്‍ ജീവിച്ച് ലോകത്തെ പഠിക്കാനുള്ള ശ്രമം. പോഞ്ഞിക്കര ദ്വീപിലെ റാഫിമാരുടെ മനസുകള്‍ കായലും കടലുകളും കരകളും കടന്ന് ലോകമാകെ വ്യാപിക്കുന്നത് കലിയുഗത്തിന്റെ പേജുകളില്‍ കാണാം.
ജീവിതാന്ത്യം വരെ പഠനമായിരുന്നു. റാഫിമാര്‍ ഒരുമിച്ച് പഠിച്ച് ‘ശുക്രദശയുടെ ചരിത്രം’ എഴുതി. കാമുകി-കാമുകന്‍മാരായിരിക്കെ പോഞ്ഞിക്കര റാഫിയോട് സെബീനാ റാഫി പറഞ്ഞു: ‘സൈന്ധവ നാഗരികതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതണം!’ ഇക്കാര്യം പോഞ്ഞിക്കര റാഫി കുറിച്ചിട്ടുണ്ട്. സാധാരണ കാമുകി-കാമുകന്‍മാര്‍ക്ക് അനേകം പ്രണയകാര്യങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍, റാഫിമാരുടെ പ്രണയത്തിന് ബുദ്ധിപരമായ തലമാണുണ്ടായിരുന്നത്. സൈന്ധവ നാഗരികതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതാമെന്ന് സെബീനാ റാഫിക്ക് പോഞ്ഞിക്കര റാഫി നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ശുക്രദശയുടെ ചരിത്രം.

കേരളത്തിന്റെ തീരദേശത്തെ ചവിട്ടുനാടക കലയെക്കുറിച്ച് പഠിച്ചു, തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധാനന്തര കാലത്തെ മനുഷ്യന്റെ ശൂന്യതാബോധത്തെക്കുറിച്ച് പഠിച്ചു, തുടര്‍ന്ന് സൈന്ധവ കാലത്തെക്കുറിച്ച് പഠിച്ചു! മൂന്ന് വ്യത്യസ്ത മേഖലകളില്‍ ആഴത്തിലും പരപ്പിലും പഠിച്ചു ജീവിച്ച സെബീനാ റാഫി 1987ല്‍ ഒരു ദിവസം പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന്റെ മുറ്റത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കളോട് അഭ്യര്‍ത്ഥിച്ചു: ‘കളി കഴിഞ്ഞ് ഞങ്ങളുടെ വീട്ടില്‍ ഒരു മീറ്റിംഗുണ്ട്. അതില്‍ പങ്കെടുക്കണം!’ മീറ്റിംഗില്‍ സെബീനാ റാഫി അഭിപ്രായപ്പെട്ടു: ‘നമ്മുടെ ദ്വീപിനെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന പാലം വേണം. നമ്മള്‍ സമരത്തിനിറങ്ങണം. പാലം പണി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കണം!’ ദ്വീപിനെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലം വേണമെന്ന് ആവശ്യപ്പെട്ട് സമരമുണ്ടായി. സമരത്തിന്റെ ആദ്യ തീപ്പൊരി സെബീനാ റാഫിയുടെ സംഭാവനയായിരുന്നു. ദ്വീപ് ഇന്ന് പാലത്തില്‍ നഗരവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പുസ്തകത്തില്‍ ഒതുക്കുന്ന ജീവിതമായിരുന്നില്ല സെബീനാ റാഫിയുടേത്. സാമൂഹ്യബോധത്തോടെ ജീവിച്ച ബുദ്ധിജീവിയായിരുന്നു സെബീനാ റാഫി. റാഫിമാരുടെ പോഞ്ഞിക്കരയിലെ വീട്ടില്‍ ചെന്നെത്തുകയെന്നാല്‍ ബൈബിളിലെ പഴയനിയമത്തില്‍ കടന്നുചെല്ലുന്നതുപോലെയായിരുന്നു. റാഫിമാരുടെ വീടിന്റെ പേര് അഞഗ! ആര്‍ക്ക് എന്നാല്‍ പെട്ടകം. നോഹയുടെ പെട്ടകം ഓര്‍ക്കുക. പ്രളയത്തില്‍നിന്ന് ജീവജാലങ്ങളെ രക്ഷിക്കാന്‍ നോഹയുണ്ടാക്കിയ പെട്ടകം. സെബീനാ റാഫിയുടെ പോഞ്ഞിക്കരയിലെ പെട്ടകത്തില്‍ പട്ടി, പൂച്ച, കോഴി, താറാവ്, അണ്ണാന്‍, ആമ, കാക്കയുള്‍പ്പെടെ പലതരം മൃഗങ്ങളും പക്ഷികളും. സമീപത്തെ തോട്ടിലെ ഞണ്ടുകള്‍, മീനുകള്‍ എന്നിവയെ തീറ്റിപ്പോറ്റി. തൊടിയില്‍ പലയിനം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. ഗോതുരുത്ത്, പോഞ്ഞിക്കര എന്നീ ദ്വീപുകളില്‍ ജീവിച്ച സെബീനാ റാഫി എന്ന പബ്ലിക്ക് ഇന്റലക്ച്വലിന്റെ വലിയ ലോകജീവിതത്തെക്കുറിച്ച് വൈകിയാണെങ്കിലും അന്വേഷണങ്ങളും പഠനങ്ങളുമുണ്ടാകും!

അടിക്കുറിപ്പ്: ശുക്രദശയുടെ ചരിത്രത്തിന്റെ രണ്ടാം വാല്യത്തിന്റെ കൈയ്യെഴുത്ത് പൂര്‍ത്തീകരിച്ചുവെന്ന് പോഞ്ഞിക്കര റാഫി ഒരിക്കല്‍ പറഞ്ഞു. ആ കൈയ്യെഴുത്തുപ്രതിക്ക് റാഫിമാരുടെ മരണാനന്തരം എന്തു സംഭവിച്ചാവോ!


Tags assigned to this article:
chavittunadakamponjikkara rafisabina rafi

Related Articles

കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം

കുമ്പളങ്ങി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് കാര്‍ലോയുടെ അമ്മ അന്തോണിയാ ഒരു സന്ദേശം അയച്ചുതന്നു. ആ സന്ദേശം ചുവടെ ചേര്‍ക്കുന്നു. കാര്‍ലോയുടെ ദര്‍ശനങ്ങളില്‍ ചിലത് നമുക്കിവിടെ വ്യക്തമായി കാണാവുന്നതാണ്.

ജപമാലയിലെ രഹസ്യങ്ങൾ

എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും

ചിത്രകലയിലെ മോഹനമുദ്ര

  സിനിമയ്ക്കു മുന്നോടിയായി ട്രെയിലറും ടീസറുമൊക്കെ വരും മുമ്പുള്ള കാലം. മലയാള സിനിമയില്‍ പരസ്യകലയുടെ കുലപതിയായി എസ്.എ നായര്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. ഏതാണ്ടതേ പ്രഭയോടെ സംവിധായകരായ പി.എന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*