Breaking News

എംപിമാരെയും എംഎല്‍എമാരെയും ഇല്ലാതാക്കാം, എന്നാല്‍ ‘ഇന്ത്യന്‍’ എന്ന പേരു നിലനില്‍ക്കും – ഡെറക് ഒബ്രയന്‍ എംപി

എംപിമാരെയും എംഎല്‍എമാരെയും ഇല്ലാതാക്കാം, എന്നാല്‍ ‘ഇന്ത്യന്‍’ എന്ന പേരു നിലനില്‍ക്കും  – ഡെറക് ഒബ്രയന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ പരിരക്ഷ എടുത്തുകളയുന്നതിന് ഇത്ര കുടിലവും വഞ്ചനാപരവും പൈശാചികവുമായ രീതി അവലംബിക്കേണ്ടിയിരുന്നോ എന്ന് രാജ്യസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറക് ഒബ്രയന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ചോദിച്ചു. 72 വര്‍ഷത്തെ ചരിത്രത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക എംപിയാണ് ഒബ്രയന്‍.
പട്ടികജാതി-വര്‍ഗ വിഭാഗത്തിന്റെ നിയമനിര്‍മാണ സഭയിലെ സംവരണം 10 വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ ഇതേ ഭരണഘടനാ വകുപ്പിലെ രണ്ടാം ഖണ്ഡികയില്‍ പറയുന്ന ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ നോമിനേഷനെക്കുറിച്ച് കേന്ദ്ര നിയമമന്ത്രി നിഗൂഢമായ മൗനം പാലിക്കുന്നതിനെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഈ ബില്ല് പട്ടിക ജാതി-വര്‍ഗ വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ചായതിനാല്‍ അതില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ പോലുമാവില്ല. ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന്‍ വ്യവസ്ഥ തുടരുന്നതിനുള്ള പഴുതടച്ചുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം തീരുന്ന ദിനത്തില്‍ ഇത് അവതരിപ്പിക്കുന്നത്. ഒരു ഓര്‍ഡിനന്‍സിനു പോലും സാധ്യതയില്ല എന്നതു വ്യക്തമാണ്.
ബില്ലില്‍ പറയുന്ന കാര്യം നല്ലതാണ്. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 10 വര്‍ഷമല്ല, ഇരുപതോ മുപ്പതോ വര്‍ഷം കൂടി സംവരണം തുടരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് ഇത്രയും വക്രതയും കുടിലതയും കാണിക്കേണ്ടിയിരുന്നില്ല.
രാജ്യത്ത് ഒരു സമുദായത്തിന്റെ പേരില്‍ തന്നെ ‘ഇന്ത്യന്‍’ എന്നുള്ളത് ആംഗ്ലോ ഇന്ത്യനില്‍ മാത്രമാണ്. രണ്ട് ലോക്‌സഭാ എംപിമാരെയും 13 എംഎല്‍എമാരെയും നിങ്ങള്‍ എടുത്തുകൊള്ളൂ, എന്നാല്‍ ഈ സമുദായത്തിലെ ‘ഇന്ത്യന്‍’ എന്നത് ഞങ്ങള്‍ എന്നും കാത്തുപരിപാലിക്കും.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ദേശീയ ഭരണനേതൃത്വം ആംഗ്ലോ ഇന്ത്യക്കാര്‍ക്കായി ആന്‍ഡമാന്‍ ദ്വീപ് മുഴുവനായും വിട്ടുതരാന്‍ സന്നദ്ധത അറിയിച്ചതാണ്. അവര്‍ക്ക് സ്വന്തമായി ഒരു ഭരണപ്രദേശം നല്‍കണമെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ മഹാരാജ്യത്തുതന്നെ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു സമുദായത്തിന്റെ നിലപാട്. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഫ്രാങ്ക് ആന്റണി പറഞ്ഞത്, നിങ്ങള്‍ എത്രത്തോളം ഇന്ത്യയെ സ്‌നേഹിക്കുകയും ഇന്ത്യയോടു കൂറുകാണിക്കുകയും ചെയ്യുന്നുവോ ഇന്ത്യ നിങ്ങളെ അത്രത്തോളം സ്‌നേഹിക്കുകയും വിശ്വസ്തത പുലര്‍ത്തുകയും ചെയ്യും എന്നാണ്.
ഏറ്റവും ചെറിയ സമുദായമാണെങ്കിലും എന്നും പുരോഗമനാത്മകമായ നിലപാടുള്ളവരാണ് ആംഗ്ലോ ഇന്ത്യക്കാര്‍. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങള്‍ നടത്തി ലക്ഷകണക്കിന് പൗരന്മാര്‍ക്ക് ജീവിതപുരോഗതി സമ്മാനിച്ചവരാണവര്‍. റെയില്‍വേയില്‍ വീരേതിഹാസം രചിച്ചവര്‍. ഇന്ത്യ-പാക് യുദ്ധത്തില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്നു പരംവീര്‍ചക്ര നേടിയ വീരയോദ്ധാക്കളെ സമ്മാനിച്ച സമുദായം. റിപ്പബ്ലിക് ദിന പരേഡിലെ ഫ്‌ളൈപാസ്റ്റില്‍ വിമാനം പറത്തിയവര്‍. സ്‌പോര്‍ട്‌സില്‍ രാജ്യാന്തര മെഡലുകള്‍ രാജ്യത്തിനായി വാരിക്കൂട്ടിയവര്‍.
ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചും മറ്റിടങ്ങളിലെ ന്യൂനപക്ഷപീഡനത്തെക്കുറിച്ചൊന്നും ഇവിടെ ആരും അധികമൊന്നും പറയേണ്ട. പൗരത്വ ഭേദഗതി നിയമ ബില്ലിനെ സംബന്ധിച്ച് താന്‍ സംസാരിച്ചപ്പോള്‍ നാത്‌സി കോപ്പി ബുക്കിനെ അനുകരികുന്നവരാണ് ഇവിടത്തെ ഭരണനേതൃത്വം എന്നു പറഞ്ഞത് തെറ്റായിപ്പോയെന്നു തോന്നുന്നു. നാത്‌സികളെ അതിശയിക്കുന്ന മട്ടിലാണ് ഇവിടെ കാര്യങ്ങള്‍ നീങ്ങുന്നത്. ബിജെപി പിന്താങ്ങി നടക്കുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളും ബംഗാളി ഹിന്ദുക്കളുമെല്ലാം അവരുടെ തനിനിറം മനസിലാക്കിക്കൊണ്ടിരിക്കയാണ്.
ആംഗ്ലോ ഇന്ത്യക്കാരുടെ എണ്ണത്തെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നത് അവര്‍ 296 പേര്‍ മാത്രമാണെന്നാണ്. അദ്ദേഹത്തിന്റെ കണക്കുപ്രകാരം ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും ഒരു ആംഗ്ലോ ഇന്ത്യന്‍ പോലുമില്ല. അങ്ങനെയെങ്കില്‍ ആ സംസ്ഥാനങ്ങളില്‍ മൂന്നു കൊല്ലം മുന്‍പ് നാമനിര്‍ദേശം ചെയ്ത ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എമാര്‍ മറ്റുവല്ല സമുദായക്കാരുമാകുമോ? രാജ്യത്തെ മൂന്നര ലക്ഷത്തോളമുള്ള ആംഗ്ലോ ഇന്ത്യക്കാരെ കേന്ദ്രമന്ത്രി ഇങ്ങനെ അപമാനിക്കരുത്.
പട്ടികജാതി-വര്‍ഗക്കാരുടെ ക്ഷേമത്തിനായി ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഗവണ്‍മെന്റ് അസംബ്ലിയില്‍ അവതരിപ്പിച്ച എസ്‌സി-എസ്ടി ബില്ലില്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരിക്കയാണ്. അതിനാല്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ആരും നോക്കേണ്ട. പട്ടികജാതി-വര്‍ഗ സംവരണത്തിന്റെ മറപറ്റി ആംഗ്ലോ ഇന്ത്യക്കാരുടെ ഭരണഘടനാ പരിരക്ഷ ഇല്ലാതാക്കുന്നതിലൂടെ ബിജെപി ഗവണ്‍മെന്റിന്റെ കാപട്യത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കയാണ്. ഈ രാജ്യത്തെ മുസ്‌ലിമിനും ക്രൈസ്തവര്‍ക്കും എന്തു നീതിയാണ് ലഭിക്കുന്നതെന്ന് നമുക്കറിയാം. വടക്കുകിഴക്കന്‍ മേഖലയില്‍ തീപടരുകയാണ്. ജമ്മു-കശ്മീര്‍ അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ക്രിസ്മസ് ദിനത്തില്‍ നല്ലഭരണദിനം ആചരിക്കാനാണ് തീരുമാനം.
ആംഗ്ലോ ഇന്ത്യന്‍ നാമനിര്‍ദേശം പുനഃസ്ഥാപിക്കാന്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ഒബ്രയന്‍ നിര്‍ദേശിച്ചു.


Related Articles

നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ

റോമൻ കത്തോലിക്ക സഭക്ക് 13 പുതിയ കർദ്ദിനാള്ന്മാർ

ഫ്രാൻസീസ് പാപ്പാ ഇന്ന്  13 അർത്ഥികളെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തി. ഇതോടെ ആഗോളസഭയിലെ ആകെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയർന്നു. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ

സമുദായദിന സമ്മേളനം വന്‍ വിജയമാക്കണം – സിഎസ്എസ്

കൊച്ചി: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷണലിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റെയ്‌ഞ്ചേഴ്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സിഎസ്എസ് ചെയര്‍മാന്‍ പി. എ ജോസഫ് സ്റ്റാന്‍ലി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*