എങ്ങനേങ്കിലും പെഴച്ചോളാനെന്നും പറഞ്ഞ് ആരുമിനി വരണ്ട

എങ്ങനേങ്കിലും പെഴച്ചോളാനെന്നും പറഞ്ഞ് ആരുമിനി വരണ്ട

കടലും കാര്‍ട്ടൂണും കവരുകയാണ് ഞങ്ങളുടെ ജീവിതങ്ങളെയെന്ന് പറയുകയാണ്. യോഗമുണ്ടെങ്കില്‍ യോഗചെയ്ത് പെഴച്ചോളാന്‍ അന്തരാഷ്ട്രയോഗദിനം പ്രഖ്യാപിച്ച് സര്‍ക്കാരും ഈ ആഴ്ചയില്‍ ഉഷാറാകുന്നുണ്ട്. കുറ്റം പറയരുതല്ലോ. മായാവാദത്തിന്റെ മഹത്തായ നാട്ടില്‍, എല്ലാം മായാക്കാഴ്ചകള്‍ തന്നെയെന്ന് പറഞ്ഞ് ആശ്വസിക്കാനുള്ള വഹകള്‍ കാര്‍ന്നോമ്മാരായിട്ട് പറഞ്ഞുവച്ചിട്ടുണ്ട്. പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും പ്രകൃതിദുരന്തങ്ങളും കൊടിപിടിച്ചെത്തുമ്പോള്‍, ജനസമൂഹങ്ങള്‍ നിശ്ചലരായി നിന്ന് പ്രാണനെ ഉള്ളിലേയ്ക്ക് വഹിക്കും. പിന്നെ പറയും, സാരമില്ല. ഇതിലും വലുതേതാണ്ട് വരാനിരുന്നതാണ്! ബാക്കിയാകുന്നത് യോഗികളെപ്പോലും വെല്ലുന്ന നിര്‍മ്മമതയുടെ മന്ദഹാസം മാത്രം. അങ്ങനെയാണ് ഭരിക്കുന്നവരേ, ഞങ്ങള്‍ തീരദേശവാസികള്‍ കഴിഞ്ഞുകൂടുന്നത്. ജൂണ്‍ മാസമെത്തുമെന്നും മണ്‍സൂണ്‍ വരുമെന്നും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമെന്നും കടല്‍ കലികയറി തുള്ളുമെന്നും കടല്‍ത്തീരത്ത് വസിക്കുന്ന ഞങ്ങള്‍ രായ്ക്കുരാമാനം ജീവനും കൈയിലെടുത്ത് ഓടേണ്ടിവരുമെന്നും ആര്‍ക്കാണ് ഇനിയും അറിഞ്ഞുകൂടാത്തത്? എന്നിട്ടും ഓര്‍മപ്പെടുത്താന്‍ ഞങ്ങള്‍ ഭരണകൂടത്തിന്റെ ചിന്തേര് തള്ളുന്നവരുടെ സന്നിധാനത്ത് എത്തിയിരുന്നു. സമരത്തിന്റെ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാരും പ്രദേശത്തുള്ള നന്മയുള്ളവരും അച്ചന്മാരും സിസ്റ്റേഴ്‌സുമൊക്കെ ചേര്‍ന്നു ഞങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ പറഞ്ഞ വാക്കുകളെക്കാള്‍ പഴഞ്ചാക്കായി മാറിയ ബാഗുകളില്‍ മണ്ണുനിറച്ച് ഞങ്ങള്‍ കടലിന്റെ കലിയോട് ഇപ്പോള്‍ പൊരുതുകയാണ്. പത്രക്കാര്‍ ചോദിച്ചാല്‍ എന്തുപറയുമെന്ന് ജാള്യതപ്പെട്ടതുകൊണ്ടാകും കടല്‍ കാണാന്‍ ചിലര്‍ വന്നിരുന്നു. ഭരണകൂടസംവിധാനങ്ങളിലെ വേണ്ടപ്പെട്ടവര്‍ തന്നെ. കോളുകൊണ്ട കടല്‍ കണ്ട് അവര്‍ പോയി, കടല്‍ തൂത്തെറിഞ്ഞ ഞങ്ങളെക്കാണാന്‍ കൂട്ടാക്കാതെ. ഇതുതന്നെയാണ് മന്ത്രിയുടെ വരവിലും നടന്നത്. ഞങ്ങള്‍ ക്ഷുഭിതരാകും, അതുകേട്ട് കരയാന്‍ ആരും ഇങ്ങോട്ടുവരേണ്ട. കാര്യപ്രാപ്തിയുണ്ടെങ്കില്‍ മാത്രം വരിക, കാര്യങ്ങള്‍ ചെയ്യുക. ഇത് അപേക്ഷയല്ല, പൗരബോധമുള്ളവരുടെ അവകാശത്തിന്റെ ക്ഷോഭമാണ്.
ഇപ്പോള്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ നന്നായി മനസിലായി തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഒരു സമൂഹം അരികിലേക്ക് തള്ളിനീക്കപ്പെടുന്നതെന്ന് ഞങ്ങളെ ആരും ഇപ്പോള്‍ പഠിപ്പിച്ചുതരേണ്ടതില്ല. അനുഭവമായി ഞങ്ങളത് അറിയുന്നു. ബലമില്ലാത്ത ഒരു സമൂഹത്തെ, ഒരു ഭാഷയെ, ഒരു പോരാട്ടത്തെ സിസ്റ്റമാറ്റിക്കായി തുടച്ചുനീക്കേണ്ടതെങ്ങിനെയെന്ന് ഭരണകൂടങ്ങള്‍ക്കിപ്പോള്‍ നന്നായിട്ടറിയാം. പൊതുസമൂഹങ്ങളില്‍ നിന്ന് പാര്‍ശ്വവത്കൃതര്‍ രൂപപ്പെടുന്നതും, സാവകാശത്തില്‍ പൊതുബോധത്തില്‍ നിന്ന് അവരില്ലാതാകുന്നതുമെങ്ങിനെയെന്ന് ആരേക്കാളും നന്നായി ഞങ്ങളിന്നറിയുന്നു. തീരദേശവാസികളും വനവാസികളുമൊക്കെ ഈ ദേശത്തുനിന്ന് തുടച്ചുനീക്കപ്പെടാന്‍ ഇനിയും അധികാകാലം ബാക്കിയുണ്ടാകുമോ? മഴക്കാലത്തിന്റെ പനിവാര്‍ത്തകള്‍പോലെ, കടല്‍ക്ഷോഭ ദുരിതങ്ങളും വാര്‍ത്താചാനലുകള്‍ സീസണ്‍ വാര്‍ത്തകള്‍ മാത്രമായി ചുരുക്കുന്നു; ഞങ്ങളുടെ നിലവിളികള്‍ പാഴാകുന്നു.
ജനായത്ത ഭരണക്രമത്തിന്റെ, പ്രത്യേകിച്ച് നിയോലിബറല്‍ സാമ്പത്തിക താല്പര്യങ്ങള്‍ ജനാധികാരത്തിനുമേല്‍ ആധിപത്യമുറപ്പിക്കുന്ന കാലത്ത്, വനങ്ങള്‍, പുഴകള്‍, മലകള്‍ എല്ലാം സ്വകാര്യസ്വത്തായി തീറെഴുതപ്പെടുന്ന രാഷ്ട്രീയത്തില്‍, കടല്‍ത്തീരവും വമ്പന്‍ സാധ്യതയായി എണ്ണപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ടൂറിസത്തിന്റെയും വ്യവസായത്തിന്റെയും കടലോര വിനോദത്തിന്റെയും കൊതിപ്പിക്കുന്ന സാധ്യതകള്‍ക്ക് തടസമുള്ള എന്തിനെയും സമരകോലാഹലങ്ങളില്ലാതെ ഒഴിപ്പിക്കാനായാല്‍ എല്ലാം വിറ്റുപെറുക്കിപ്പോകാനുള്ള പഴുത് അടയ്ക്കാതിരുന്നാല്‍ അനതിവിദൂരഭാവിയില്‍ വരാന്‍പോകുന്ന വമ്പന്‍ ലോട്ടറിയെ ഇരുകൈയും നീട്ടി നിങ്ങള്‍ക്ക് സ്വീകരിക്കാമല്ലോ അല്ലേ? അപ്പോള്‍ പിന്നെ ഞങ്ങളെന്ത് ചെയ്യും? ഞങ്ങളുടെ വീട്, നാട്, വേരുകള്‍, വിശ്വാസങ്ങള്‍, ബന്ധങ്ങള്‍, തൊഴില്‍ എല്ലാറ്റിനും എന്തു സംഭവിക്കും? ഇതൊക്കെ ഞങ്ങളിപ്പോള്‍ ഭയക്കുന്നവ മാത്രമാണ്. ഞങ്ങളുടെ ഭയമൊക്കെ സത്യമാകുമോ? അല്ലെങ്കില്‍ ജനാധിപത്യക്രമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ എന്തിനാണ് വിഴിഞ്ഞം തുറമുഖനിര്‍മാണത്തോടു ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത്? അല്ലെങ്കില്‍ പിന്നെ എന്തിനാണ് കോടികള്‍ പ്രഖ്യാപിച്ചിട്ട് അത് വകമാറ്റി ചിലവഴിക്കുന്നത്? അല്ലെങ്കില്‍ പിന്നെ എന്തിനാണ് കടല്‍ക്ഷോഭകാലത്തു മാത്രം നിങ്ങള്‍ മുതലക്കണ്ണീരുമായി തീരദേശവാസികളെക്കുറിച്ചു പറയുന്നത്? അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഞങ്ങളുടെ സമരപോരാട്ടങ്ങളെ നിങ്ങള്‍ ക്രൂരമായ നിസംഗതയോടെ നേരിട്ടത്? പഴയ വിപ്ലവകാലങ്ങളുടെ ഓര്‍മ, മറവിയുടെ ഇരുട്ടിലേയ്ക്ക് പൂര്‍ണമായും മറഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ ഓര്‍ത്തെടുക്കണേ, വിപ്ലവം ഈ മണ്ണില്‍നിന്ന് തുടച്ചുനീക്കാന്‍ ഭരണക്കൂടങ്ങള്‍ നടത്തിയിട്ടുള്ള വേട്ടയാടലുകളെപ്പറ്റി. വെള്ളപ്പൊക്കക്കാലത്ത് നാട്ടിലെ നല്ലൊരു ഭാഗം ജനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്നു. അവര്‍ക്കിന്നറിയാം എന്താണ് ക്യാമ്പുകളിലേക്ക് ഓടിപ്പോകുന്നവരുടെ മാനസിക-ശാരീരിക സംഘര്‍ഷങ്ങള്‍ എന്ന്. എല്ലാവര്‍ഷവും ഞങ്ങളിത് അനുഭവിക്കാറുള്ളതാണ്. ദാ, ഇക്കൊല്ലവും ഞങ്ങളോടുകയാണ്. തിരിച്ചെത്തുമ്പോള്‍ വീടില്ല. തടുത്തുകൂട്ടിയതും സ്വരൂക്കുട്ടിയതുമെല്ലാം കടല്‍കവര്‍ന്നു. ഞങ്ങളിനി എന്താണ് ചെയ്യേണ്ടത്? എവിടെയ്ക്കാണ് പോകേണ്ടത്? വികസനം വന്ന നാടുകളില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട മനുഷ്യര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആരാണിവിടെ എന്നെങ്കിലും ചോദിച്ചിട്ടുള്ളത്? ഖനികള്‍ക്കുവേണ്ടി, കല്‍ക്കരി ഖനനത്തിനുവേണ്ടി, എണ്ണയ്ക്കുവേണ്ടി, ചെമ്പുശുദ്ധീകരണത്തിനുവേണ്ടി, തുറമുഖത്തിനുവേണ്ടി, റെയില്‍വേ ട്രാക്കിനുവേണ്ടി, റോഡിനുവേണ്ടി, വിമാനത്താവളത്തിനുവേണ്ടിയൊക്കെ വേരറുത്ത് നാടുവിടേണ്ടിവന്നവരൊക്കെ ഇപ്പോള്‍ എവിടെയാണ്? കേള്‍ക്കാന്‍ സുഖമുള്ള വാക്കാണ് പുനരധിവാസ പാക്കേജ്. ഞങ്ങള്‍ക്കധികം സുഖസൗകര്യങ്ങളൊന്നും വേണ്ട; ഉള്ള നിലത്ത് കിടക്കാന്‍ ഞങ്ങള്‍ക്കറിയാം. എന്നിട്ടും ആര്‍ക്കൊക്കെയോവേണ്ടി ഞെരുങ്ങിഞെരുങ്ങി ഒടുവില്‍ കാല്‍ച്ചുവട്ടിലെ മണ്ണെല്ലാം ഒലിച്ചുപോകുമ്പോള്‍, ഞങ്ങള്‍ എഴുന്നേറ്റുനില്‍ക്കുക തന്നെ വേണമല്ലോ? പ്രാദേശിക സമൂഹമെന്ന നിലയില്‍, സമുദായമെന്ന നിലയില്‍, ജനിച്ചുവളര്‍ന്ന നാട്ടില്‍ കഴിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിചാരിച്ചിരുന്നു. പൊടുന്നനെ കടക്ക് പുറത്തെന്ന് ഭരണകൂടങ്ങള്‍ പലവിധേനയും പറയാന്‍ തുടങ്ങിയ കാലത്ത് ഞങ്ങള്‍ പരിഭ്രാന്തരായി. പക്ഷേ, പോരാടാന്‍ തന്നെ തീരുമാനിക്കുകയാണ് ഞങ്ങള്‍. ജനകീയ സമരങ്ങള്‍ നിശ്ചലമാക്കപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥ ഈ നാട്ടിലുണ്ടെന്നറിയാം. വര്‍ഷങ്ങളോളം നീളുന്ന ആദിവാസി ഭൂസമരങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നുണ്ട്. നിശബ്ദത കൊണ്ടും കുപ്രചാരണങ്ങള്‍ കൊണ്ടും രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ടും ചാനല്‍ ചര്‍ച്ചകള്‍ കൊണ്ടും ആഭ്യന്തരമായി നടത്തുന്ന വിലക്കുകള്‍ കൊണ്ടും അവയൊക്കെ പൊതുബോധത്തിന്റെ ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നിട്ടും പിന്നെയും ഈ നാട്ടില്‍ സമരങ്ങള്‍ പൊട്ടിമുളയ്ക്കുന്നത് ജനായത്ത സംവിധാനങ്ങളില്‍ ഇപ്പോഴും ജനങ്ങള്‍ തന്നെയാണ് പ്രധാനപ്പെട്ടത് എന്നതുകൊണ്ടാണ്.
ഇടവവും കര്‍ക്കിടകവും ഒഴിഞ്ഞുപോകുമെന്നും കടല്‍ക്കോള് കുറയുമെന്നുള്ള നിങ്ങളുടെ അറിവ്, അടുത്ത വര്‍ഷത്തേയ്ക്ക് തുറക്കാനുള്ള ഫയലായി ഞങ്ങളുടെ ജീവിതങ്ങളെ മാറ്റിവയ്ക്കാന്‍ നിങ്ങള്‍ക്ക് ഇടനല്‍കുന്നതിന് ഞങ്ങളിനി സമ്മതം മൂളില്ല. കടല്‍ കലികയറി തുള്ളുന്ന കാലത്തു മാത്രമല്ല, അല്ലാത്തപ്പോഴും ജീവിതങ്ങളില്‍ കടല്‍ക്കോള് അറിയുന്നവരാണ് ഞങ്ങള്‍. പഠനങ്ങള്‍ക്കൊന്നും ഇവിടെ യാതൊരു പഞ്ഞവുമില്ല. പരിസ്ഥിതിപഠനങ്ങളും വികസന ആഘാത പഠനങ്ങളുമൊക്കെ നമുക്ക് പൊടിതട്ടിയെടുക്കാം, പ്രവര്‍ത്തിച്ചു തുടങ്ങാം. കടലോരവാസികളെന്ന പൗരസമൂഹത്തെ ഇനിയും അവഗണിക്കാന്‍ ആര്‍ക്കും സമ്മതമില്ല. കാരണം കരയിലിരുന്നു മാത്രമല്ല, കടലിലിരുന്നും ഞങ്ങള്‍ കടല്‍ കണ്ടിട്ടുണ്ട്.


Related Articles

തിരുവനന്തപുരം അതിരൂപതയില്‍ സിനഡിന് പ്രൗഢപ്രാരംഭം

  തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സിനഡിന് അതിരൂപതാതലത്തില്‍ തുടക്കമായി. പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍ യേശുവാകുന്ന വഴിയിലൂടെ കൂട്ടായ്മ,

ആണ്ടുവട്ടം രണ്ടാം ഞായര്‍: 17 January 2021

ആണ്ടുവട്ടം രണ്ടാം ഞായര്‍ R1: 1 Sam 3:3b-10, 19 R2: 1 Cor 6:13b-15a, 17-20 Gospel: Jn 1:35-42 ‘വിശ്വാസം കേള്‍വിയില്‍ നിന്നു ആരംഭിക്കുന്നു

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*